നമ്മുടെ ജീവിതത്തെ , നമ്മുടെ സ്വപ്നങ്ങളെ മറ്റാരെക്കാളും നമ്മള് എല്ലാ അര്‍ത്ഥത്തിലും സ്നേഹിക്കുമ്പോഴാണ് ഓരോ ദിവസവും ഒരു പുതിയ അനുഭവമായി മാറുന്നത് ..കോട്ടും സൂട്ടും ഇട്ട കുളാന്ടെഴ്സ് കാലില്‍ കാലു കയറ്റി വച്ചിരുന്നു അവരുടെ പാഷനായി കോര്‍പ്പറേറ്റ് സ്വപ്നങ്ങളും ഇന്‍റലക്ച്വല്‍ ഹോബികളും എഴുന്നള്ളിക്കുമ്പോഴും കുക്കിംഗ് ആണ് എന്‍റെ പാഷന്‍ എന്നും സ്വന്തമായി ഒരു തട്ടുകടയാണ് എന്‍റെ സ്വപ്നമെന്നും തുറന്നു പറയാന്‍ എനിക്ക് മടിയില്ലാതെ വരുന്നതും അതുകൊണ്ടാണ് ..പൈപ്പ് റിന്ച്ചും ലാഡറും തോളിലേറ്റി കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ ജോലി ചെയ്തു , പൊടിക്കാറ്റില്‍ ഒരു കൈ മറവച്ചു മരത്തണലില്‍ ഇരുന്നു ഭക്ഷണം കഴിച്ചു ഈച്ചയെ പേടിച്ചു മുഖത്ത് ഒരു ടവല്‍ മറച്ചിട്ടു കത്തുന്ന സൂര്യന് താഴെ ഉച്ച മയക്കവും മയങ്ങി ജീവിച്ച ഇന്നലെകളും ആഗ്രഹിക്കുന്ന സ്വപ്നങ്ങള്‍ എന്തും കയ്യെത്തിപ്പിടിക്കാം എന്ന് സ്വപ്നം കാണാവുന്ന ഇന്നും ഒരുപോലെ വ്യത്യാസമില്ലാതെ ഞാന്‍ ഇഷ്ടപ്പെടുന്നതും അതുകൊണ്ട് തന്നെയാണ് ..
അടയ്ക്കാ കിളി കൂട് കൂട്ടുന്നത് പോലെ എന്‍റെ പാഷന് വേണ്ടി ഞാന്‍ ചകിരി നാരുകള് സംഭരിക്കുകയാണ്..ഒരു ഹോട്ടലില്‍ പോയാല്‍ വ്യത്യസ്തമായ ഒരു ഭക്ഷണം കഴിച്ചാല്‍ അടുക്കളയില്‍ ഇടിച്ചു കയറി കുക്കിനോട് റെസീപ്പി ചോദിക്കാന്‍ ശ്രമിക്കാറുണ്ട് ..ഇന്നലെ നടന്ന ഒരു ട്രെയിനിംഗ് ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ ആയിരുന്നു ..ഓട്സ് കൊണ്ട് പ്രത്യേകമായി ഉണ്ടാക്കിയ ഒരു വിഭവം ഇഷ്ടപ്പെട്ടു അടുക്കളയില്‍ കയറാന്‍ നോക്കിയപ്പോള്‍ ഫ്ലോര്‍ മാനേജരുടെ അനുവാദം വേണം എന്നായി .. തിരുവനനന്തപുരം കാരന്‍ സയീദ് എന്നെ തുറിച്ചു നോക്കി ചോദിച്ചു ടൈം ആന്‍ഡ് പ്രയോരിറ്റി മാനേജ്മെന്റ് ട്രെയിനിംഗ് നു വന്ന നിങ്ങളെന്തിനാ അടുക്കളയില്‍ പോകുന്നത് ..എന്‍റെ പാഷനും സ്വപ്നങ്ങളും തുറന്നു പറഞ്ഞപ്പോള്‍ തോളില്‍ കയ്യിട്ടു എന്നെ അടുക്കളയിലേക്കു കൂട്ടിക്കൊണ്ടു പോയി ..ഷെഫിനെ പരിചയപ്പെടുത്തി ..റെസീപ്പി വാങ്ങി തന്നു ..നിങ്ങള്‍ ആഗ്രഹിക്കണം ഭായി ..ആഗ്രഹിച്ചാല്‍ നടക്കാത്തത് ഒന്നുമില്ല..ഞാന്‍ തന്നെയാണ് ഏറ്റവും വലിയ തെളിവ് എന്ന് സയീദ് എന്നോട് പറയുമ്പോള്‍ റോട്ടാനയിലെ ഫ്ലോര്‍ മാനേജര്‍ ആയിരുന്നോ അവന്റെ സ്വപ്നം എന്ന് ചോദിയ്ക്കാന്‍ ആഗ്രഹിച്ചില്ല ..
ആറാം ക്ലാസ് വരെ പഠിച്ച സയീദിന് തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ പിന്നും സ്ലേഡും വില്പ്പനയായിരുന്നു ..തിരക്കില്‍ ആളുകള്‍ സമയവും വാരിപ്പിടിച്ചു പായുമ്പോള്‍ തന്റെ ശരീരത്തില്‍ കൊളുത്തിയിട്ട തന്റെ അന്നവുമായി സയീദ് അവരിലേക്ക് ഇടിച്ചു കയറും ..വ്യാജ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി അനിയനെക്കൊണ്ട് ഫോണ്‍ ഇന്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യിച്ചു രോട്ടാനയുടെ അടുക്കളകളില്‍ ഒന്നിലേക്ക് സയീദ് വന്നു കയറുന്നത് വെറും മൂന്നു വര്ഷം മുന്‍പാണ് ..സ്കൂളില്‍ പഠിച്ചതൊക്കെ എന്ത് ഭായീ ജീവിതത്തിലെ പഠിപ്പാണ് പഠിപ്പ്..ഇവിടെ നമ്മള്‍ക്ക് താങ്ങായി എത്തുന്ന നല്ല മനുഷ്യരാണ് പടച്ചവന്‍ ..എന്ന് അതിലെ കടന്നു പോയ എച്ച് ആര്‍ അസിസ്റ്റന്റ് മാഗിയെ കാട്ടി സയീദ് പറഞ്ഞപ്പോള്‍ തലയാട്ടാതിരിക്കാനായില്ല ..തിരിഞ്ഞു നോക്കുമ്പോള്‍ ഒരു സങ്കടവുമില്ല ഭായീ ..അന്നത്തെ ജീവിതത്തോട് വെറുപ്പുമില്ല..അന്ന് അതായിരുന്നു അന്നം തന്നിരുന്നത് ..ഇന്ന് ഇതും ..എല്ലാം സംഭവിച്ചു പോകുന്നതാണ് ..
ട്രെയിനിങ്ങിന്റെ ഇടവേളകളില്‍ വരുന്ന ഗസ്റ്റുകളോട് മണിമണി ആയി ഇംഗ്ലീഷ് പറയുന്ന എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സയീദ് എന്ന ആറാം ക്ലാസുകാരനെ പല തവണ കണ്ടു ..അയാള്‍ക്ക് ചിരിക്കാതിരിക്കാന്‍ ആവില്ല ..കാരണം അയാള്‍ അയാളുടെ ജീവിതത്തെ സ്നേഹിക്കുന്നു ..നോവിന്‍റെ ഇന്നലെകളെയും സുഖത്തിന്റെ ഇന്നുകളെയും ഒരുപോലെ തന്നെ ..
എന്‍റെ ജീവിതമാണ് ശരിയെന്നു ഓര്‍മ്മ്പെടുത്താന്‍ , എന്‍റെ സ്വപ്നങ്ങള്‍ക്ക് സാധ്യതകള്‍ ഉണ്ടെന്നു എനിക്കാത്മവിശ്വാസം തരാന്‍ സയീദുമാര്‍ ഇനിയും വരും ..ഒരര്‍ത്ഥത്തില്‍ ഞാനുമൊരു സയീദാണല്ലോ..