Monday, August 22, 2011

എളുപ്പവഴി

കട്ടിലിനു കീഴെയുള്ള വെള്ളം കുപ്പിക്കായി പരവേശത്തോടെ പരതുമ്പോള്‍ അരവിന്ദന്‍ ഓര്‍ത്തു..ഇന്നിത് മൂന്നാം തവണയാണ്..സുകു വിളിക്കുന്നത്‌ പോലെ തോന്നി താന്‍ ഉണരുന്നത്.നേരം വെളുക്കാന്‍ ഇനിയും സമയമെത്ര ബാക്കി..

സുകുവിന്റെ മകളുടെ വിവാഹത്തിനു സഹായിക്കാന്‍ വേണ്ടി മുതലാളിയോട് സാലറി അഡ്വാന്‍സ്‌ ചോദിക്കാന്‍ നില്‍ക്കുമ്പോഴാണ് ഷാര്‍ജയിലെ ക്ലിനിക്കില്‍ നിന്ന് സുകുമാരന്‍റെ സുഹൃത്തല്ലേ എന്ന് ചോദിച്ചു ഫോണ്‍ വന്നത്..തൊണ്ടയില്‍ വേദനക്ക് ഡോക്റ്ററെ കാണാന്‍ വന്നവനോട് സ്കാന്‍ ചെയ്തു റിപ്പോര്‍ട്ട് കൊണ്ടുവരാന്‍ പറഞ്ഞപ്പോഴേ തനിക്കെന്തോ സംശയം തോന്നിയതാണ് ..കാന്‍സര്‍ ആണെന്ന് തുറന്നു പറയാന്‍ ഡോക്ടര്‍ക്കും പേടി കാണും.തന്നോട് വിവരം പറഞ്ഞപ്പോള്‍ അവരുടെ ഭാഗം ക്ലിയര്‍ ആയി.

താനോ.. .തനിക്ക് പറയാതെ വയ്യായിരുന്നല്ലോ..

അവനും ഒന്നും പറഞ്ഞില്ല ..കരഞ്ഞില്ല ..എക്സ്ചേഞ്ചില്‍ പോയി പണം അയച്ചിട്ട് വന്നു..എനിക്കിഷ്ടപ്പെട്ട മീന്‍കറി  വച്ചു..ഞാന്‍ ഒരുപാട് വിലക്കിയിട്ടും പക്ഷെ ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ഒരു വഴി അവന്‍ കണ്ടു വച്ചിരിക്കും എന്ന് ഞാന്‍ ഓര്‍ത്തില്ല ..ആളൊഴിഞ്ഞു ആ ശരീരം ഒറ്റയ്ക്ക് കിട്ടിയാല്‍ ചെപ്പയ്ക്കടിച്ചു ചോദിക്കണം എന്ന് കരുതിയതാണ് ..കാത്തിരുന്ന മകളുടെ വിവാഹമെങ്കിലും കാണാന്‍ നില്‍ക്കാമായിരുന്നില്ലേ നിനക്ക് എന്ന് ..

വായില്‍ അപ്പോഴും കൊടംപുളിയിട്ടു പറ്റിച്ചു വച്ച മീന്‍കറിയുടെ രുചി പടരുന്നത് പോലെ..മനം പിരട്ടി ഒരു ഓക്കാനം വന്നു ..പുറത്താരോ ഉഴിഞ്ഞു തരുന്നുണ്ടോ ..അരവിന്ദേട്ടാ സുലൈമാനി എടുക്കട്ടെ എന്ന് ചോദിച്ചു ചുറ്റുപാടും അവനുണ്ടോ ..? വാതില്‍ പൂട്ടി അരവിന്ദന്‍ നഗരത്തിലെ തിരക്കിലേക്കിറങ്ങി..ഒരുമാസമായുള്ള പതിവ്‌ രാത്രികളുടെ തുടര്‍ച്ചയെന്നോണം..






Friday, August 19, 2011

വാടിപ്പോയ ചെമ്പകപ്പൂക്കള്‍

ഷോപ്പിംഗ്‌ മാളിലെ തിരക്കില്‍ കാലിടറി വീണുപോയ ആ  കുസൃതിക്കുടുക്കയെ വാരിയെടുത്തപ്പോള്‍ പിന്നില്‍ ആകുലതയാര്‍ന്ന മോളെ വിളിയുമായി
ഒരമ്മയെത്തി..
കാലം നീണ്ട പതിനെട്ടു വര്‍ഷത്തെ തിരശീലയിട്ടു ഞങ്ങളെ പരസ്പരം മറച്ചു പിടിച്ചിരുന്നു എങ്കിലും ഒരു വിദൂരക്കാഴ്ച മതിയായിരുന്നു പരസ്പരം മനസ്സിലാവാന്‍..

പെന്‍സില്‍ ബോസ്കിനകത്ത് അവള്‍ ദിവസവും സമ്മാനിച്ചിരുന്ന ചെമ്പകപ്പൂവിന്റെ മണമായിരുന്നു അവള്‍ക്കെന്നും..

എന്നത്തെയും പോലെ ആ മുടിയിഴകള്‍ എടുത്തു മുഖത്തോട്  ചേര്‍ക്കാന്‍ മനസ്സ് തുടിച്ചുവോ ..?

ഉള്ളം കയ്യില്‍ ആരുമറിയാതെ പേരിന്‍റെ ആദ്യാക്ഷരങ്ങള്‍  മൈലാഞ്ചിയിട്ട , ആകാശം കാണാതെ മയില്‍പ്പീലികള്‍ സൂക്ഷിച്ച, അമ്പലത്തില്‍ വച്ച് ആ മുടിയില്‍ തുളസിക്കതിര്‍ വച്ചുകൊടുത്ത  കഥകള്‍ പറഞ്ഞു ഞങ്ങള്‍ ചിരിച്ചു ..

എന്നും അവള്‍ അങ്ങിനെയായിരുന്നു..

യാത്രപറഞ്ഞു പോകുന്ന ദിവസം എനിക്കായി മിട്ടയികള്‍ നീട്ടിയപ്പോഴാകണം ഞാനാ മിഴികള്‍ ആദ്യമായി നിറഞ്ഞു കണ്ടത് ..

പക്ഷെ അതിനു ശേഷം ഞാനെന്തേ അവളെ പാടെ വിസ്മരിച്ചു പോയി ..?

ഏഴാം ക്ലാസ്സുകാരുടെ ലോകത്ത് ഓര്‍മ്മകള്‍ക്ക് , പ്രണയത്തിന് ഒരു മിട്ടായിക്കടലാസിനെക്കാള്‍ മൂല്യമില്ലേ ..?

ഉണ്ടായിരുന്നെങ്കില്‍ ഈ പതിനെട്ടു വര്‍ഷങ്ങളില്‍ ഒരിക്കലെങ്കിലും ഞാനവളെ ഓര്‍ത്തെനെ ..

ചെമ്പകപ്പൂ കാണുമ്പോഴെങ്കിലും..