Monday, May 30, 2011

മലനിരകളില്‍ മഞ്ഞു പെയ്യുമ്പോള്‍ - മൂന്ന്

ഒന്നാം ഭാഗം 


രണ്ടാം ഭാഗം 


മൂന്നാം ഭാഗം 


യു എന്‍ ക്യാമ്പിനു തൊട്ടടുത്തുള്ള അഫ്ഗാന്‍ ചെക്ക്‌പോസ്റ്റില്‍ വണ്ടി നിര്‍ത്തി .ഞാനും സഹായിയും അഭിഷേകും ഇറങ്ങി . ഞങ്ങളെ പരിശോധിക്കാന്‍  രണ്ട് അഫ്ഗാന്‍ പട്ടാളക്കാര്‍ വന്നു .സ്ഥിരം കാണുന്നത് കൊണ്ട് അഭിഷേകിനെ അവര്‍ക്ക് നല്ല പരിചയം .മുറി ഹിന്ദി ഒക്കെ പറയുന്നുണ്ട് .എന്‍റെ സഹായി സയീദിയോട്  ബോധം കെടരുത് എന്ന് അറിയാവുന്ന ഭാഷയില്‍ പറഞ്ഞും പടം വരച്ചും ഞാനും അഭിഷേകും മുന്നേ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു.ശരീരം മുഴുവന്‍ തപ്പിയപ്പോള്‍ ബാക്ക് പോക്കറ്റില്‍ നിന്ന് എന്‍റെ പഴ്സ് കിട്ടി .അതെടുത്ത് അവന്‍ തിരിച്ചും മറച്ചും നോക്കി .പിന്നെ എനിക്ക് പുറം തിരിഞ്ഞു നിന്ന് നിവര്‍ത്തി നോക്കി .എന്നിട്ട്  എന്നോട് ക്യാബിനിലേക്ക് വരാന്‍ പറഞ്ഞു  .പരമ ദരിദ്രമായ എന്‍റെ പേഴ്സില്‍ എന്ത് ഭീകരത ആണ് ഒളിച്ചിരിക്കുന്നത് എന്നോര്‍ത്ത് ഞാന്‍ അവന്‍റെ പിന്നാലെ ക്യാബിനിലേക്ക് പോയി .ഇനി അവന്‍ എങ്ങാന്‍ ..തോക്ക് ചൂണ്ടി ..ഛെ ..ഛെ ..അതൊന്നും ആവില്ല ..എന്നാലും ഒരു ഭയം ...അവന്‍ എന്‍റെ പേഴ്സ് എടുത്തു നിവര്‍ത്തി മേശപ്പുറത്തെക്ക് കുടഞ്ഞു ..പത്താം ക്ലാസ്സില്‍ റ്റാറ്റ പറഞ്ഞു പോയ സന്ധ്യ മുതല്‍ പല ഹെയര്‍ സ്റ്റയിലോടെയും  പല തരം പുഞ്ചിരിയോടും അത് വരെ പ്രേമിച്ച എല്ലാ ലലനാമണികളും പാസ്പോര്‍ട്ട് സൈസില്‍ മേശപ്പുറത്തേക്ക് ചാടി .ഛെ ഇവന്‍ എന്നെ തെറ്റിദ്ധരിച്ചു കാണുമോ .ഡേയ് ഇതൊക്കെ എന്‍റെ പഴയ കാമുകിമാര്‍ ആണെന്ന് പറയാന്‍ വന്നപ്പോഴേക്കും അവന്‍ അതിനുള്ളില്‍ നിന്ന് നാലായി മടക്കിയ ഒരു കടലാസ്എടുത്തു പറഞ്ഞു ഇതെനിക്ക് വേണം .ഞാന്‍ ആ കടലാസു വാങ്ങി നോക്കി .റാണി മുഖര്‍ജി ഇത്തിരിപ്പോന്ന ട്രൌസറും കുഞ്ഞ്യേ കുപ്പായവും  ഇട്ടു ഒരു വല്ലാത്ത ചിരിയുമായി നില്‍ക്കുന്നു.
അമ്പട ചുള്ളാ ഇതിനാണോ നീയെന്നെ ഇത്രേം ടെന്ഷനാക്കിയത്.എങ്കിലും  നാലായി മടക്കിയതിനുള്ളിലൂടെ നോക്കി ഇവന്‍ ഇത്  കണ്ടു പിടിച്ചല്ലോ എന്നോര്‍ത്തു നില്‍ക്കുമ്പോള്‍ പിടിച്ചതിലും വലുതാണ്‌ അളയില് എന്ന മട്ടില്‍  മേശ വലിപ്പ് തുറന്ന് ഗഡി മൂപ്പരുടെ കളക്ഷന്‍ എടുത്തു പുറത്തിട്ടു .കുറ്റം പറയരുതല്ലോ ഒരുമാതിരി അക്കാലത്ത്  ഉറക്കം കളഞ്ഞിരുന്ന എല്ലാ സിനുമാ നടികളും ടൂ പീസില്‍ ചുള്ളന്റെ കയ്യില്‍ ഉണ്ട് .ഹോ എന്‍റെ പേഴ്സില്‍ ഇരുന്നു ബോറടിക്കുന്നതിനെക്കാള്‍ റാണി മോളേ നീ ഇവന്‍റെ കളക്ഷനില്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും എന്ന് ആശംസിച്ചുകൊണ്ട് ഇനിയെനിക്ക് പോകാമല്ലോ എന്ന് ഞാന്‍ ചോദിച്ചു .നിനക്ക് തീര്‍ച്ചയായും പോകാം എന്ന് മറുപടി പറഞ്ഞു അവന്‍ കുര്‍ബ്ബാന കഴിഞ്ഞു കുരിശു മുത്തുന്നത് പോലെ റാണി മുഖര്‍ജിയെ ആഞ്ഞു മുത്തുന്നതും കണ്ടു ഞാന്‍ അവന്‍റെ രക്തം ഇനിയും ചൂട് പിടിക്കുന്നതിനു മുന്‍പ് ഓടി രക്ഷപ്പെട്ടു .

ക്യാമ്പ് ജൂലിയന്‍ 


അഫ്ഗാന്‍ പട്ടാളത്തിന്‍റെ ചെക്ക്‌ പോസ്റ്റില്‍ നിന്ന് നൂറു മീറ്റര്‍ നടന്നാല്‍ ക്യാമ്പ് ജൂലിയന്റെ ഗേറ്റില്‍ എത്താം .അവിടെ ആയിരുന്നു മെയിന്‍ ചെക്കിംഗ് .ഒരു നിമിഷം ഞാന്‍ നമ്മുടെ കേരളത്തിലെ പോലീസ്‌ ലോക്കപ്പിലാണോ എന്ന് ഓര്‍ത്ത്‌ പോയി .കാരണം ലോക്കപ്പിലെ യൂണിഫോമില്‍ നിര്‍ത്തിയായിരുന്നു ചെക്കിംഗ്.ചെക്കിംഗ് കഴിഞ്ഞു അകത്ത് കയറിയപ്പോള്‍ മുതല്‍ ഫുള്‍ യൂണിഫോമില്‍ ശരീരം നിറയെ ആയുധങ്ങളുമായി ഒരു സെന്റ്രി ഞങ്ങള്‍ക്ക് അകമ്പടി സേവിച്ചു തുടങ്ങി .ഭൂരിപക്ഷവും കനേഡിയന്‍സ് ആണ് പട്ടാളക്കാര്‍ .പിന്നെ അല്‍പ്പം അമേരിക്ക , ഫ്രെഞ്ച് , സ്വിസ്സ് , ബെല്‍ജിയം .നിരനിരയായി നിരത്തിയിട്ട ടാങ്കുകള്‍ , ഹെലിക്കോപ്റ്ററുകള്‍, ട്രക്കുകള്‍ .റിപ്പബ്ലിക്‌ പരേഡ്‌നു ടീവിയില്‍ കണ്ടിട്ടുള്ളതല്ലാതെ ഇതൊക്കെ ഇത്രയും അടുത്തു കാണുന്നത് ആദ്യമായാണ്‌ .തോമസ്‌ എന്ന് പരിചയപ്പെടുത്തിയ ക്യാമ്പിലെ എഞ്ചിനീയര്‍ നെ കാണാന്‍ ആണ് ആദ്യം പോയത് .അങ്ങേരും കൂടി ചെയ്യേണ്ട ജോലിയെപ്പറ്റി വിശദീകരിക്കാന്‍ ക്യാമ്പിനകത്തെ അടുക്കളയിലേക്കു നടന്നു .നിരനിരയായി നിരന്നു കിടക്കുന്ന പത്തു കിച്ചണ്‍ ഹുഡ്കള്‍ .ഓരോന്നിലും ആറു ഫര്‍ണസ് വീതം .അതിനകത്ത്‌ ഓട്ടോമാറ്റിക് തീകെടുത്തല്‍ സംവിധാനം സ്ഥാപിക്കണം എന്നതാണ് ജോലി .എല്ലാം കണ്ടപ്പോള്‍ എനിക്ക് രണ്ടു കാര്യം മനസ്സിലായി ഒന്ന് ഇവന്മാര്‍ക്ക് തീറ്റി ആണ് മെയിന്‍ പണി .രണ്ടാമത് പണി അറിയാവുന്ന വേറെ പണിക്കാരനെ കൊണ്ട് വന്നു സ്വന്തം ചെലവില്‍ എന്‍റെ കമ്പനി ഈ ജോലി തീര്‍ക്കേണ്ടി വരും .ഇത് എന്നെക്കൊണ്ട് കൂട്ടിയാല്‍ കൂടൂല്ല മൊതലാളീ  എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് കയ്യിലിരുന്ന പുസ്തകത്തില്‍ ഇല്ലാത്ത ജാഡയോടെ ഞാന്‍ ചുമ്മാ കുത്തിക്കുറിക്കാന്‍ തുടങ്ങി. മീറ്റര്‍ കൊണ്ട് ചുമ്മാ അളവെടുത്ത് വിരലുകള്‍ മടക്കിയും മൊബൈലില്‍ കാല്‍ക്കുലേറ്റര്‍ ഓണ്‍ ആക്കിയും  ചുമ്മാ തല ചൊറിഞ്ഞും എന്തൊക്കെയോ എഴുതി .ആദ്യ ദിവസം പണിയെടുക്കുന്നത് സ്റ്റാന്‍ഡേര്‍ഡ് പാര്‍ട്ടികള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല എന്ന് അറിയാവുന്നത് കൊണ്ട് സൈറ്റ്‌ വിസിറ്റ് എന്ന ഓമനപ്പേരില്‍ അവിടം മുഴുവന്‍ കറങ്ങി .അടുക്കളയില്‍ പണിക്ക് വന്നവന്‍ ജിമ്മിലും ബാറിലും എത്തി നോക്കുന്നത് എന്തിനെന്ന് കൂടെയുള്ള സെന്റ്രി ചോദിച്ചില്ല ഭാഗ്യം .

ഉച്ചഭക്ഷണം അവിടെ നിന്നായിരുന്നു .ഹോ ഫൈവ്‌ സ്റ്റാര്‍ ത്രീ കോഴ്സ് ഫുഡ്‌.എല്ലാതരം ഇറച്ചികളും ഉള്‍പ്പെട്ട ഭക്ഷണം .പതിനഞ്ചോളം വ്യത്യസ്ത ഡസെര്ട്ടുകള്‍.എല്ലാം കണ്ടപ്പോള്‍ ഒന്ന് തീരുമാനിച്ചു , ഈ അടുക്കള ഞാന്‍ ഒരു വഴിക്ക് ആക്കിയെ പോകൂ .എന്‍റെ സഹായിക്കു വായില്‍ നാക്കും പല്ലും ഒക്കെയുണ്ടെന്നു എനിക്ക് ബോധ്യപ്പെട്ടത് ഒരു ആടിന്കാലുമായി അവന്‍ നടത്തുന്ന മല്ലയുദ്ധം കണ്ടപ്പോഴാണ് .ഭക്ഷണം കഴിഞ്ഞപ്പോള്‍ സ്വാഭാവികമായും ഒരു യുദ്ധം കഴിഞ്ഞാല്‍ എന്ന പോലെ നമ്മള്‍ ക്ഷീണിക്കുമല്ലോ .അതുകൊണ്ട് അന്ന് തിരിച്ചു പോയി നാളെ മുതല്‍ ജോലി തുടങ്ങാം എന്ന് തീരുമാനിച്ചു .പോരാത്തതിന് പണി ആയുധങ്ങള്‍ എടുത്തിട്ടും ഇല്ലായിരുന്നു .അത്യാവശ്യത്തിനു ടൂള്‍സ് സ്റ്റോറില്‍ നിന്ന് വാങ്ങി തരാം എന്ന അഭിഷേകിന്‍റെ സഹായ അഭ്യര്‍ഥന തള്ളുമ്പോള്‍ ആദ്യം എല്ലാം ഡ്രോയിംഗ് വരച്ചു പ്ലാന്‍ ചെയ്യണം എന്ന് ന്യായം പറഞ്ഞെങ്കിലും അവനെന്നെ നോക്കിയ നോട്ടം രൂപ എണ്ണി തരുന്നില്ലേ നാറീ പണി എടുത്തൂടെ എന്നാണെന്ന് എനിക്ക് മനസ്സിലായി .എല്ലാ ഒന്നാം തിയതിയും സാലറി സ്ലിപ് ഒപ്പിടുമ്പോള്‍ കമ്പനിയില്‍ വച്ച് മാനേജര്‍ നോക്കുന്നത് ഇതേ നോട്ടമായത് കൊണ്ട് നമുക്ക് അതൊക്കെ വെറും പുല്‍സ് ആയിരുന്നു .ഞങ്ങളെ തിരിച്ചു കൊണ്ട് പോകാനുള്ള വാഹനത്തിനു  വേണ്ടി വെയിറ്റ്‌ ചെയ്യുന്ന സമയം നമുക്ക് സ്റ്റോറില്‍ പോയി ഇരിക്കാം എന്ന് പറഞ്ഞു അഭിഷേക് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി .അപ്പോഴും ബോബനും മോളിയിലെയും പട്ടിയെപ്പോലെ സെന്റ്രി കൂടെയുണ്ട് .അവിടെ വച്ചാണ് സ്റ്റോര്‍ കീപ്പര്‍ ആയ ബ്രൂസിനെ പരിചയപ്പെടുന്നത് .ബ്രൂസ് വഴി മരിയയെയും .എന്‍റെ ജീവിതത്തില്‍ ഒരിക്കലും  മറക്കാന്‍ സാധിക്കാത്ത രണ്ടു മുഖങ്ങളായി  അവര്‍ മാറിയത് വളരെ പെട്ടെന്നാണ്  .പ്രത്യേകിച്ച് ഇന്ത്യയെ ഒരുപാട് ഇഷ്ടപ്പെടുന്ന , തന്‍റെ വെക്കേഷന് മുടങ്ങാതെ ഇന്ത്യയില്‍ എത്തുന്ന മരിയ .

(തുടരും .)

ഗൂഗിള്‍ ബസ്‌ കമന്‍റുകള്‍ ഇവിടെ 

Saturday, May 28, 2011

ചില തലവെയ്പ്പ് ചിന്തകള്‍




സമര്‍പ്പണം : തലവെയ്പ്പു എന്തെന്നറിയാതെ തന്നെ ഇതൊക്കെ ചെയ്തോണ്ടിരുന്ന  അഗ്രുക്കയ്ക്കും ചുമ്മാ വന്നു കല്യാണം ഉറപ്പിച്ച തലവെച്ചു തന്ന ഹരി നെടുങ്ങാടിക്കും !!! 

ഒരുത്തനെക്കൊണ്ട് ചെലവ് ചെയ്യിച്ചു അവന്‍റെ കളസം കീറുന്ന കലാരൂപത്തെ ആണ് തലയടി അഥവാ തലവെയ്പ്പ് എന്ന് പറയുന്നത് .


ഒരാളുടെ ജീവിത ചക്രത്തില്‍ അയാള്‍ പലവിധ തലവെയ്പ്പുകള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കും .സ്കൂള്‍ -കോളേജ്‌ പഠന കാലത്ത് തുടങ്ങുന്ന ഈ തലവെയ്പ്പ് മരിക്കുന്നത് വരെ ഒരാളെ പിന്തുടര്‍ന്നുകൊണ്ടിരിക്കും.


  ക്യാമ്പസ്

ഇവിടെ സ്ഥിരമായി തലവെയ്പ്പിനു ഇരയാവുന്നവര്‍ കാമുകന്മാര്‍ ആണ്

1. ഒരുത്തന് ഒരുത്തിയോടു പ്രണയം തോന്നിയാല്‍ അത് അവതരിപ്പിക്കാന്‍ ഉള്ള ഐഡിയ പ്ലാന്‍ ചെയ്യാന്‍ കൂട്ടുകാര്‍ ഒരുമിച്ചു കൂടി ആദ്യം അവന്‍റെ തല വയ്ക്കുന്നു .

2.കഷ്ടകാലത്തിന് അത് എങ്ങാനും സക്സസ് ആയാല്‍ ആ സന്തോഷത്തിനു  വേണ്ടി ഒരിക്കല്‍ കൂടി അവന്‍റെ തലവയ്ക്കും

3.ഇനി അവള്‍ക്കു വേറെ പ്രേമം ഉണ്ടെന്നു തുറന്നു പറഞ്ഞാല്‍ ആദ്യം അവന്‍റെ നിരാശ തീര്‍ക്കാന്‍ കൂട്ടം കൂടി ഒരു തലവെയ്പ്പ് .ശോക ഗാന സദസ്സ് .ഇതായിരിക്കും ഏറ്റവും കൂടുതല്‍ നടക്കുന്നതും ചിലവേറിയതും ആയ ഒരിനം .

4.പിന്നെ അവളുടെ നിലവിലെ പ്രേമം പൊളിച്ചു ആ സ്ഥാനത്ത്  അവനെ പ്രതിഷ്ടിക്കുന്നതിനായി ഒരു ഗൂഡാലോചന.അന്നും അവന്‍റെ തല വയ്ക്കും.

5.ഈ വിവരം അവളുടെ നിലവിലെ കാമുകന്‍ അറിഞ്ഞാല്‍ അവന്‍ വന്നു കൊപ്രമൈസ്‌ ചെയ്യാന്‍ വേണ്ടി ഒരു പാര്‍ട്ടി നടത്തും .അങ്ങനെ ആ തലയും നമുക്ക് .

6.ഇനി ഈ വിവരം ആ പെണ്‍കുട്ടി അറിഞ്ഞു സംഗതി കോമ്പ്രമൈസ് ആക്കിയതില്‍ നമ്മളോടുള്ള സ്നേഹം കൊണ്ട് അവളുടെ തലയും നമ്മക്ക് തരും

7.ഇനി നന്നായി മുന്നോട്ടു പോകുന്ന ഒരു പ്രേമത്തില്‍ എങ്ങാനും ഒരു തെറ്റിധാരണ ഉണ്ടായാല്‍ പെണ്‍കുട്ടിയെ സത്യം പറഞ്ഞു ബോധിപ്പിക്കാന്‍ വേണ്ടി നമ്മള്‍ കാമുകന്‍റെ തലവെയ്ക്കും

8. ഇനി ഒരു പ്രശനവും ഇല്ലാതെ സുഗമമായി പോകുന്ന പ്രണയം ആണെങ്കില്‍ ചിലപ്പോള്‍ കാമുകനോ കാമുകിക്കോ ഒഴിവാകണം എന്ന് തോന്നുന്നു എങ്കില്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ സംഗതി തീര്‍ത്ത്‌ കൊടുക്കുന്നതിനു രണ്ടു പേരില്‍ ആര്‍ക്കാണ് ആവശ്യകത എന്നതനുസരിച്ച് അവരുടെ തലവെയ്ക്കും .

9. അടുത്തുള്ള അമ്പലത്തില്‍ ഉത്സവം , പള്ളിപ്പെരുന്നാള്‍ , ആണ്ട് ജാറം നേര്ച്ച എന്നിവ വന്നാല്‍ ജാതി മത ഭേദമെന്യേ സകലരും കൂട്ടത്തോടെ വന്നു തലയടിച്ചു കുടുംബം മുടിപ്പിക്കും .

10.സഹോദരിയുടെയോ സഹോദരന്റെയോ വിവാഹം ഈ സമയത്ത് നടന്നാല്‍  തലവെയ്പ്പ് ഫണ്ടിലെക്കായി വന്‍ അഴിമതി നടത്തേണ്ടി വരും .

അക്കാദമിക്‌ തലവെയ്പ്പുകള്‍ 

മുകളില്‍ മറ്റുള്ളവരുടെ തലവച്ചുകൊണ്ടിരുന്ന സ്ഥിരം ടീമിനാണ് ഈ അവസരത്തില്‍ പണി കിട്ടുക
1. റെക്കോര്‍ഡും അസ്സൈന്മെന്റും എഴുതുന്നതിനു പകരമായി ജൂനിയെഴ്സും ക്ലാസിലെ  ഗേള്‍സും അവരുടെ തലയടിക്കും .

2. പ്രാക്ടിക്കല്‍  പരീക്ഷക്ക്‌ ചെറിയ ടിപ്സ് തന്നു സഹായിക്കാന്‍ വേണ്ടി ലാബ് അസിസ്റ്റന്റ് എന്ന വിഭാഗം അവരെ തലയടിക്കും .

3.പരീക്ഷാ സമയത്ത് എഴുതിക്കഴിഞ്ഞ തുണ്ടുകള്‍ പാസ്‌ ചെയ്യുന്ന കഴുവേറികള്‍ അതിന്‍റെ പേരില്‍ തലയടിക്കും .

4.സര്‍ക്കാര്‍ ധനസഹായം കിട്ടുന്ന അന്ന് കിട്ടുന്നവന്മാരുടെ തലവെയ്പ്പ്  കിട്ടുന്ന തുകയുടെ വലിപ്പച്ചെറുപ്പം അനുസരിച്ച് .

5. റിസല്‍റ്റ് വരുമ്പോള്‍ ജയിച്ചവര്‍ വക കൂട്ടത്തലവെയ്പ്പ് .

ജനറല്‍ തലവയ്പ്പ്

 ഒരുത്തന്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചാല്‍ അവന്‍റെ കഷ്ടകാലം തുടങ്ങി

1.ആദ്യം പെണ്ണ് കാണാന്‍ കൂട്ട് പോകുന്നവര്‍ അവന്‍റെ തലവയ്ക്കും

2.കഷ്ടകാലത്തിന് കല്യാണം ഉറച്ചാല്‍ അതിനു കൂട്ടുകാരും ബ്രോക്കറും വക  തലവെയ്പ്പ് .

3. പെണ്ണിനെ അമ്പലത്തില്‍ വച്ചോ ഇടവഴിയില്‍ വച്ചോ പിന്നീട് രഹസ്യമായി സന്ധിക്കുന്നതിനു ഒത്താശ ചെയ്തു കൊടുക്കുന്നതിനു ചെറുക്കന്റെ കൂട്ടുകാരനും പെണ്ണിന്‍റെ കൂട്ടുകാരിയും വക തലവെയ്പ്പ് .

4.കല്യാണ തലേന്നത്തെ തലവയ്പ്പാണ് ഏറ്റവും മാരക ശക്തിയുള്ളത് .പിറ്റേന്ന് കവറില്‍ അമ്പത്തോന്നു വയ്ക്കാന്‍ ഉദ്ദേശം ഉള്ളവന്‍ പോലും നാല് പെഗ്ഗും വയറു നിറച്ചു ഫുഡ്‌ഡും അടിച്ച് പറ്റിയാല്‍ ചെറുക്കന്റെ ബന്ധുക്കളെ ആരെയെങ്കിലും ചൊറിഞ്ഞു അലമ്പ് ഉണ്ടാക്കിയെ പോകൂ .

5. ദൈവസഹായം കൊണ്ട് പെണ്ണെങ്ങാനും ഗര്‍ഭിണിയായാല്‍ അതിന്‍റെ സന്തോഷം പങ്കു വയ്ക്കാന്‍ ഒരു പാര്‍ട്ടി നടത്തിച്ചു തലവെയ്പ്പ്

6.കുഞ്ഞു ജനിച്ചാല്‍ ആണാണെങ്കില്‍ വലിയ തലവെയ്പ്പും പെണ്ണാണെങ്കില്‍ ചെറിയ തലവെയ്പ്പും .

7.ആ കൊച്ചിന്റെ പേരിടല്‍ , ചോറൂണ് , ഒന്നാം പിറന്നാള്‍ തലവെയ്പ്പുകള്‍ പിന്നാലെ വരും .

8. പെണ്‍കൊച്ച് വയസ്സറിയിച്ചാല്‍ അതിന്‍റെ തലവെയ്പ്പ്

9.കൊച്ച് പരീക്ഷ പാസായാല്‍ അതിന്‍റെ തലവെയ്പ്പ് .

10 . എന്‍ട്രന്‍സ്‌ പരീക്ഷ കഴിഞ്ഞു അഡ്മിഷന്‍ കിട്ടിയാല്‍ അന്യായ തലവെയ്പ്പ് നാട്ടുകാരും കൂട്ടുകാരും പോരാതെ കോളേജ്‌ മാനേജ്മെന്റ് വകയും .

11.മകളുടെയോ മകന്റെയോ കല്യാണത്തിനു പഴയ കല്യാണത്തലയുടെ റീപ്ലേ .

12.ജോലിയില്‍ നിന്നുള്ള റിട്ടയര്‍മെന്റിന്റെ തലയടി .

13. കൊച്ചുമക്കള്‍ ഉണ്ടായാല്‍ മുത്തശ്ശന്‍ ആയതിന്റെ സന്തോഷ തലവെയ്പ്പ് .

14.അറുപതു വയസ്സ് ആയാല്‍ ഷഷ്ടിപൂര്‍ത്തി തലയടി .

15.കഷ്ടകാലത്തിന് പിന്നേം ജീവിചിരുന്നാല്‍ സപ്തതി . ശതാഭിഷേകം പിന്നെ നവതി അങ്ങനെ പോകും തലവെയ്പ്പുകള്‍ .

16. ഇനി ഇതിനിടയ്ക്ക് മരിച്ചു പോയാല്‍ അടിയന്തിരത്തലേന്നു മക്കളുടെ തലവെയ്ക്കും .

തലയടികളോംക്കാ സിന്ധഗി ജോ കഭി നഹി ഖതം ഹോ  ജാത്തി ഹെ !!!!!.


ഗൂഗിള്‍ ബസ്‌ കമന്‍റുകള്‍ ഇവിടെ