Thursday, May 26, 2011

മലനിരകളില്‍ മഞ്ഞു പെയ്യുമ്പോള്‍ - രണ്ട്

ഭാഗം രണ്ട്


വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു യു എന്‍ ക്യാമ്പിലേക്ക് ഒരുപാട് ദൂരമുണ്ടോ .ഇടിഞ്ഞു പൊളിഞ്ഞ ഒരു കൊട്ടാരം കാണിച്ചു തന്നിട്ട് അഭിഷേക് എന്ന മെയിന്‍ കൊണ്ട്രക്ടര്‍ പ്രധിനിധി എന്നോട് പറഞ്ഞു ആ കൊട്ടാരത്തിന്റെ കോമ്പൌണ്ടില്‍ ആണ് യു എന്‍ ക്യാമ്പ് .പക്ഷെ നമ്മള്‍ താമസിക്കുന്നത് ദൂരെയാണ് .എന്‍റെ ഉള്ളില്‍ ബാക്കിയുണ്ടായിരുന്ന ഇത്തിരി ധൈര്യവും പോടാ പുല്ലേ എന്ന് പറഞ്ഞു സ്ഥലം വിട്ടു .പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുമ്പോള്‍ തീവ്രവാദി ആക്രമണം പേടിക്കാതെ സുഖമായി ഉറങ്ങാം എന്ന് സ്വപ്നം കണ്ട ഞാന്‍ എന്നെ പറഞ്ഞു വിശ്വസിപ്പിച്ച മാനേജരെ മനസ്സില്‍ വിളിക്കാന്‍ തക്ക കനമുള്ള തെറികള്‍ കിട്ടാതെ വീര്‍പ്പുമുട്ടി.

വാഹനം ഒരുപാട് ദൂരം ഓടി .ഞങ്ങളുടെ ഡ്രൈവര്‍ അഫ്ഗാനി ആയിരുന്നു .അവന്‍ യാതൊന്നും സംസാരിക്കുന്നത് കണ്ടില്ല .എന്‍റെ സഹായി മടക്കി വച്ച ഒരു കാലന്കുട പോലെ വണ്ടിയില്‍ ഇരുന്നു ഉറങ്ങുന്നു .ഇത്രയും ആത്മസന്ഘര്‍ഷത്തിനിടയിലും ഇങ്ങനെ ഉറങ്ങണമെങ്കില്‍ ഇവന് ജീവിതം തീര്‍ച്ചയായും മടുത്തിരിക്കും .അവന്‍റെ മൊട്ടത്തലയ്ക്ക് ഒരു കിഴുക്കു കിഴുക്കണം എന്ന് കരുതി എങ്കിലും അവന്‍റെ മസിലുകള്‍ കണ്ടു ഞാന്‍ പിന്‍വാങ്ങി .ഇടയ്ക്ക് വണ്ടി ഒരിടത്ത് നിന്നു.ഒരു സൂപ്പര്‍മാര്‍ക്കറ്റ്‌ പോലെ ഒരു സ്ഥലം .അകത്ത് കയറിയപ്പോള്‍ ഇംപോര്‍ട്ടഡായ സാധനങ്ങള്‍ വില്‍ക്കുന്ന ഒരു സ്ഥലം ആയിരുന്നു അത് .അഭിഷേക്‌ ആരെയോ ഫോണില്‍ വിളിച്ചു എന്തൊക്കെയോ അന്വേഷിച്ചു .പിന്നെ കുറെ സാധനങ്ങള്‍ ട്രോളിയിലേക്ക് എടുത്തിട്ടു .ചീസ്‌ , ചിക്കന്‍ , മുട്ട തുടങ്ങി ഒരുപാട് സാധങ്ങള്‍ .ഒരേയൊരു തര്‍ക്കം അവര്‍ തമ്മില്‍ ഫോണില്‍ നടത്തിയത് വാങ്ങേണ്ട മദ്യത്തിന്‍റെ ബ്രാന്‍ഡിനെപ്പറ്റി ആയിരുന്നു .കുറ്റം പറയരുതല്ലോ ബാക്കി എല്ലാ കാര്യത്തിലും അവര്‍ തമ്മില്‍ ഭയങ്കര യോജിപ്പായിരുന്നു .അഫ്ഗാനികള്‍ക്ക് അവിടെ നിന്നു മദ്യം വാങ്ങാന്‍ അനുവാദമില്ല .അതിനു വേണ്ടി നമ്മുടെ പാസ്പോര്‍ട്ട് കാണിക്കണം .എന്‍റെ പാസ്പോര്‍ട്ട് കാണിച്ചും വാങ്ങി ഒരു ഫുള്ള് .അത് കണ്ടപ്പോള്‍ മനസ്സില്‍ ലഡു പൊട്ടി .ഇത് എന്‍റെ പാസ്പോര്‍ട്ടില്‍ വാങ്ങിയതാ ഒഴിയടെ രണ്ടെണ്ണം എന്ന് അധികാരത്തോടെ പറയാമല്ലോ .രണ്ടെണ്ണം അടിക്കാതെ ഉറങ്ങാന്‍ സാധിക്കും എന്ന് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു .അത് നമ്മുടെ അഫ്ഗാനി ഡ്രൈവര്‍ക്ക് വേണ്ടി ആയിരുന്നു എന്ന് പിന്നീടാണ്  മനസ്സിലായത്‌ .അതോടെ നമ്മടെ ലഡുവില്‍ മീന്ചാര്‍ ഒഴിച്ചപോലെ ആയി .

മാല്‍ഗുഡി 


അതായിരുന്നു ആ വീടിന്‍റെ പേര് .ഇവര്‍ ആര്‍ കെ ലക്ഷമണ്‍ നെ വായിച്ചിട്ടുണ്ടോ എന്ന് ചോദിക്കണം എന്ന് കരുതി .പിന്നെ നമുക്ക് ഇത്തരം ദുശ്ശീലങ്ങള്‍ ഒക്കെ ഉണ്ടെന്നു എന്തിനാ അവരെ അറിയിക്കുന്നത് എന്നോര്‍ത്ത് മിണ്ടിയില്ല.വീടിന്‍റെ വാതില്‍ക്കല്‍ തന്നെ ഒരു വാച്ച്മാന്‍ റൂം ഉണ്ടായിരുന്നു .തോക്ക് പിടിച്ച ഒരു അഫ്ഗാനി ചുരിദാറും ഇട്ടു വന്നു ഗേറ്റ് തുറന്നു .നല്ല പൂന്തോട്ടം എല്ലാം ഉള്ള മനോഹരമായ ഒരു വീടായിരുന്നു അത് .രണ്ട് മുറികളും ഒരു ഓഫീസ്‌ മുറിയും ഉള്ള ഓടിട്ട മനോഹരമായ വീട് .അപ്പോള്‍ സമയം ഏതാണ്ട് വൈകിട്ട് അഞ്ചുമണി കഴിഞ്ഞിരുന്നു .ഇരുട്ട് പരന്നു തുടങ്ങി.തണുപ്പ് വീണ്ടും കൂടുന്നു .മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്ന ഒരു അടുപ്പ് വീടിന്‍റെ പുറത്തു ഉണ്ടായിരുന്നു .അതിന്‍റെ ചൂടുള്ള പുക ഇരുമ്പ് പൈപ്പുകള്‍ വഴി എല്ലാ മുറികളിലൂടെയും കടന്നു പോയി അവസാനം വീടിന്‍റെ മറ്റൊരു വശത്തു കൂടി പുറത്തു പോകും  .അങ്ങനെ ആയിരുന്നു മുറികള്‍ ചൂടാക്കി നിലനിര്‍ത്തിയിരുന്നത്.നല്ല കാപ്പിയും വെണ്ണയില്‍ മൊരിയിച്ച ബ്രെഡ്ഡും ഓംലെറ്റും കൊണ്ടുവന്നു അഫ്ഗാന്കാരന്‍ തന്നെ ആയ കുക്ക് .

മുറികളില്‍ നിന്നു ഓഫീസ്‌ മുറിയിലേക്ക് കടക്കുന്ന വരാന്തക്ക് വശങ്ങളില്‍ ചുമരില്ല .അത്രയും ദൂരം ഞാന്‍ കടന്നു പോയിരുന്നത് കണ്ണടച്ച് തുറക്കുന്ന സ്പീഡില്‍ ആയിരുന്നു .അത്രയും തണുപ്പ് .ഓഫീസ്‌ മുറിയോട് ചേര്‍ന്ന് തന്നെ ആയിരുന്നു അടുക്കള .എന്‍റെ സഹായി വാഹനത്തില്‍ ഇരുന്നു ചെയ്തിരുന്ന ഉറക്കം എന്ന ജോലി പൂര്‍വ്വാധികം ഭംഗിയായി നിര്വ്വഹിക്കുന്നുണ്ടായിരുന്നു .
എട്ടു മണി കഴിഞ്ഞതോടെ അഭിഷേകും സുഹൃത്തും കൂടി ബോട്ടില്‍ എടുത്തു മേശപ്പുറത്ത് വച്ച് അടി തുടങ്ങി .എന്നെ ക്ഷണിച്ചു എങ്കിലും ആദ്യ ദിവസം തന്നെ ഇവന്മാരുടെ കപ്പാസിറ്റി അറിയാതെ നമ്മളും കൂടി കുടിച്ചു അവസാനം ആര്‍ക്കും ഒന്നും ആവാത്ത അവസ്ഥ വേണ്ട എന്ന് കരുതി ശബരിമലയ്ക്ക് മാലയിട്ട പോലെ ഞാന്‍ മനസ്സില്‍ ശരണം വിളിച്ചു പ്രതിരോധിച്ചു .ഒരുമണിക്കൂര്‍ കൊണ്ട് അവന്മാര്‍ ആ കുപ്പി കാലിയാക്കി ദൂരെ കളയുന്നത് കണ്ടപ്പോള്‍ നാളെ ഒരു ഫുള്ള് കൂടുതല്‍ വാങ്ങണം എന്ന് അവന്മാരെ ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ കയ്യിലിരുന്ന മൊബൈലില്‍ സിമ്മില്ലേലും രിമൈന്‍ഡര്‍ വച്ചു.

നല്ല അഫ്ഗാനി പുലാവും കോഴിക്കറിയും സമൃദ്ധമായി കഴിച്ചു വൈക്കോല്‍ തുറുവിട്ട പോലെയുള്ള പുതപ്പിനടിയിലേക്ക് നൂണ്ടുകയറി ഉറങ്ങാന്‍ ഒരു വിഫല ശ്രമം തുടങ്ങി .അന്ന് രാത്രി കണ്ട സ്വപ്‌നങ്ങള്‍ അത്യന്തം ഭീകരങ്ങള്‍ ആയിരുന്നു .മണല്‍ അരിക്കുന്ന അരിപ്പ പോലെ തുള വീണ എന്‍റെ ബനിയനും കെട്ടിപ്പിടിച്ചു ആരൊക്കെയോ കരയുന്നതെല്ലാം ഞാന്‍ കണ്ടു .ക്ഷീണത്തില്‍ എപ്പോഴോ മയങ്ങിപ്പോയി .രാവിലെ കാപ്പിയും കൊണ്ട് കുക്ക് വന്നു വിളിച്ചപ്പോള്‍ ആണ് എഴുന്നേറ്റത് . കുളിക്കാന്‍ കുളിമുറിയില്‍ കയറിയപ്പോള്‍ ആയിരുന്നു രസം .ഹീറ്ററില്‍ നിന്നു വരുന്ന വെള്ളം ഷവറില്‍ നിന്നു നമ്മുടെ ശരീരത്തില്‍ എത്തുന്ന സമയം കൊണ്ട് തണുക്കുന്നു .വെള്ളം തുറന്നിട്ട്‌ ഞാന്‍ ആദ്യം ജല ധാരയെ നാല് പ്രദക്ഷിണം വച്ചു .പിന്നെ അറിയാത്ത പോലെ കൈ ഒന്ന് അതിനു നേരെ നീട്ടി .പിന്നെ രണ്ടും കല്‍പ്പിച്ചു കണ്ണുകള്‍ അടച്ചു തൃശൂര്‍ സ്വരാജ് റൌണ്ട് ക്രോസ് ചെയ്യുന്ന പശുക്കളെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും രണ്ട് റൌണ്ട് ഓടി.തൊട്ടുകുളി , തളിച്ചുകുളി , നനച്ചുകുളി , സങ്കല്പ്പക്കുളി അങ്ങനെ കുളി ജനറല്‍ ആയി നാല് തരമുണ്ടത്രേ ( ഇതില്‍ വരാനിടയുള്ള കുളികളെക്കുറിച്ചുള്ള സംശയങ്ങള്‍ ഞാന്‍ കാണുന്നുണ്ട് ).അതില്‍ ഏതാണ് നിര്‍വ്വഹിച്ചത് എന്ന് ഓര്‍മ്മയില്ല .കിഡ്നി ചേട്ടന്‍ പുറത്തേക്കു തള്ളിവിടുന്ന ജലം ബഹിര്‍ഗമിപ്പിക്കുന്ന കുഴലുപോലും തപ്പിയെടുക്കേണ്ട അത്ര തണുപ്പുള്ള അന്തരീക്ഷത്തില്‍ അത്രയും തന്നെ ധാരാളം .

പ്രാതലും കഴിച്ചു ജാക്കറ്റ്‌ എല്ലാം ധരിച്ചു യാത്രക്ക് തയ്യാറായി .തലേ ദിവസത്തെ ടെന്‍ഷനില്‍ സ്ഥലങ്ങള്‍ ഒന്നും ശ്രദ്ധിക്കാന്‍ സാധിച്ചിരുന്നില്ല .ഇരു വശങ്ങളിലെയും കാഴ്ചകള്‍ അപ്പോള്‍ ആണ് ശ്രദ്ധിച്ചത് .ആന്ധ്രയിലേയോ തമിള്‍ നാട്ടിലെയോ ഒരു ഗ്രാമത്തിലൂടെ കടന്നു പോകുന്ന ഒരു ഫീലിംഗ്.

 .
                                         ഒരു വ്യൂ ..ചിത്രത്തിനു കടപ്പാട് ഗൂഗിള്‍


ഇടയ്ക്ക് വണ്ടി പെട്രോള്‍ അടിക്കാന്‍ നിര്‍ത്തി .ഒരു ചാക്കില്‍ അഫ്ഗാന്‍ കറന്‍സി കുടഞ്ഞിട്ടിട്ടാണ് ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചത് .ആഭ്യന്തര യുദ്ധങ്ങള്‍ തകര്‍ത്ത ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കുറിച്ചുള്ള ആദ്യത്തെ സൂചന .
വാഹനം കുറെ ഓടി .വഴിയില്‍ യുദ്ധത്തിന്റെ മാരക രൂപം വെളിവാക്കുന്ന ആ കാഴ്ച കണ്ടു .വെടിയുണ്ടകള്‍ ഏറ്റു തകര്‍ന്നു തരിപ്പണമായ കൊട്ടാരം .


ഇത് പഴയ ഭരണാധികാരിയുടെ താമസ സ്ഥലം ആയിരുന്നത്രേ .ഇതുപോലെയുള്ള മറ്റൊരു കൊട്ടാരം ആയിരുന്നു അദ്ദേഹത്തിന്റെ ഭരണ കേന്ദ്രം .ആ ഭരണകെന്ദ്രത്തിന്റെ കോമ്പൌണ്ടില്‍ ആണ് യു എന്‍ ക്യാമ്പ്‌ സെറ്റ്‌ ചെയ്തിരിക്കുന്നത് .അവിടെ എത്തുന്നതിനു മുന്‍പ് അഫ്ഗാന്‍ പട്ടാളത്തിന്‍റെ ചെക്ക്‌ പോസ്റ്റ്‌ കടന്നു പോകേണ്ടതുണ്ട് .ദുരിതത്തിന്റെ ഒഴിയാബാധകള്‍ അവിടെ തുടങ്ങുകയായി .

(തുടരും )

ഗൂഗിള്‍ ബസ്‌ കമന്റ്സ് ഇവിടെ 

ആദ്യ പോസ്റ്റ്‌ ഇവിടെ ക്ലിക്കി വായിക്കാം

4 comments:

കടലാസുപുലി said...

രണ്ടാം ഭാഗം അങ്ങ്ട് ഗുമ്മായില്ല..രണ്ടാമത് വായിച്ചു നോക്കി എഡിറ്റ്‌ ചെയ്യുന്ന സ്വഭാവം ഇല്ലാത്തത് കൊണ്ട് അങ്ങനെ തന്നെ പൂശുന്നു ...:-))

ഭായി said...

ആദ്യഭാഗം ഗംഭീരമായി ചിരിപ്പിച്ചു!!! ഇത് സീരിയസ്സായി..!!
അടുത്ത ഭാഗം സ്വരാജ് രൗണ്ടെബൗട്ട് കറങി വരുന്ന അത്രയും സമയം ചിരിപ്പിക്കും എന്നു കരുതി കാത്തിരിക്കുന്നു!! :))

(ചിരിയേയും, ചിരിപ്പിക്കുന്നവരേയും അത്രക്കും ഇഷ്ടമാണു..!!) :)))

ഷമീര്‍ തളിക്കുളം said...

വായിച്ചു.

ajith said...

നല്ല രസമുള്ള എഴുത്ത്. സ്വരാജ് റൌണ്ടിലെ പശു ചിരിപ്പിച്ചു നല്ലോണം

Post a Comment