Thursday, September 20, 2012

സ്വപ്നങ്ങള്‍ക്ക് കൂട്ടായെത്തുന്നവര്‍


നമ്മുടെ ജീവിതത്തെ , നമ്മുടെ സ്വപ്നങ്ങളെ  മറ്റാരെക്കാളും നമ്മള് എല്ലാ അര്‍ത്ഥത്തിലും സ്നേഹിക്കുമ്പോഴാണ് ഓരോ ദിവസവും ഒരു പുതിയ അനുഭവമായി മാറുന്നത് ..കോട്ടും സൂട്ടും ഇട്ട കുളാന്ടെഴ്സ്‌ കാലില്‍ കാലു കയറ്റി വച്ചിരുന്നു അവരുടെ പാഷനായി കോര്‍പ്പറേറ്റ്‌ സ്വപ്നങ്ങളും ഇന്‍റലക്ച്വല്‍ ഹോബികളും എഴുന്നള്ളിക്കുമ്പോഴും കുക്കിംഗ് ആണ് എന്‍റെ പാഷന്‍ എന്നും സ്വന്തമായി ഒരു തട്ടുകടയാണ് എന്‍റെ സ്വപ്നമെന്നും തുറന്നു പറയാന്‍ എനിക്ക് മടിയില്ലാതെ വരുന്നതും അതുകൊണ്ടാണ് ..പൈപ്പ് റിന്ച്ചും ലാഡറും തോളിലേറ്റി കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ ജോലി ചെയ്തു ,  പൊടിക്കാറ്റില്‍ ഒരു കൈ മറവച്ചു മരത്തണലില്‍ ഇരുന്നു ഭക്ഷണം കഴിച്ചു ഈച്ചയെ പേടിച്ചു മുഖത്ത് ഒരു ടവല്‍ മറച്ചിട്ടു കത്തുന്ന സൂര്യന് താഴെ ഉച്ച മയക്കവും മയങ്ങി ജീവിച്ച ഇന്നലെകളും ആഗ്രഹിക്കുന്ന സ്വപ്നങ്ങള്‍ എന്തും കയ്യെത്തിപ്പിടിക്കാം എന്ന് സ്വപ്നം കാണാവുന്ന ഇന്നും ഒരുപോലെ വ്യത്യാസമില്ലാതെ ഞാന്‍ ഇഷ്ടപ്പെടുന്നതും അതുകൊണ്ട് തന്നെയാണ് ..

അടയ്ക്കാ കിളി കൂട് കൂട്ടുന്നത്‌ പോലെ എന്‍റെ പാഷന് വേണ്ടി ഞാന്‍ ചകിരി നാരുകള് സംഭരിക്കുകയാണ്..ഒരു ഹോട്ടലില്‍ പോയാല്‍ വ്യത്യസ്തമായ ഒരു ഭക്ഷണം കഴിച്ചാല്‍ അടുക്കളയില്‍ ഇടിച്ചു കയറി കുക്കിനോട് റെസീപ്പി ചോദിക്കാന്‍ ശ്രമിക്കാറുണ്ട് ..ഇന്നലെ നടന്ന ഒരു ട്രെയിനിംഗ് ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ ആയിരുന്നു ..ഓട്സ് കൊണ്ട് പ്രത്യേകമായി ഉണ്ടാക്കിയ ഒരു വിഭവം ഇഷ്ടപ്പെട്ടു അടുക്കളയില്‍ കയറാന്‍ നോക്കിയപ്പോള്‍ ഫ്ലോര്‍ മാനേജരുടെ അനുവാദം വേണം എന്നായി .. തിരുവനനന്തപുരം കാരന്‍ സയീദ്‌ എന്നെ തുറിച്ചു നോക്കി ചോദിച്ചു ടൈം ആന്‍ഡ്‌ പ്രയോരിറ്റി മാനേജ്മെന്റ് ട്രെയിനിംഗ് നു വന്ന നിങ്ങളെന്തിനാ അടുക്കളയില്‍ പോകുന്നത് ..എന്‍റെ പാഷനും സ്വപ്നങ്ങളും തുറന്നു പറഞ്ഞപ്പോള്‍ തോളില്‍ കയ്യിട്ടു എന്നെ അടുക്കളയിലേക്കു കൂട്ടിക്കൊണ്ടു പോയി ..ഷെഫിനെ പരിചയപ്പെടുത്തി ..റെസീപ്പി വാങ്ങി തന്നു ..നിങ്ങള്‍ ആഗ്രഹിക്കണം ഭായി ..ആഗ്രഹിച്ചാല്‍ നടക്കാത്തത് ഒന്നുമില്ല..ഞാന്‍ തന്നെയാണ് ഏറ്റവും വലിയ തെളിവ് എന്ന് സയീദ്‌ എന്നോട് പറയുമ്പോള്‍ റോട്ടാനയിലെ ഫ്ലോര്‍ മാനേജര്‍ ആയിരുന്നോ അവന്റെ സ്വപ്നം എന്ന് ചോദിയ്ക്കാന്‍ ആഗ്രഹിച്ചില്ല ..

ആറാം ക്ലാസ് വരെ പഠിച്ച സയീദിന് തമ്പാനൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ പിന്നും സ്ലേഡും വില്പ്പനയായിരുന്നു ..തിരക്കില്‍ ആളുകള്‍ സമയവും വാരിപ്പിടിച്ചു പായുമ്പോള്‍ തന്റെ ശരീരത്തില്‍ കൊളുത്തിയിട്ട തന്റെ അന്നവുമായി സയീദ്‌ അവരിലേക്ക് ഇടിച്ചു കയറും ..വ്യാജ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കി അനിയനെക്കൊണ്ട് ഫോണ്‍ ഇന്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യിച്ചു രോട്ടാനയുടെ അടുക്കളകളില്‍ ഒന്നിലേക്ക് സയീദ്‌ വന്നു കയറുന്നത് വെറും മൂന്നു വര്ഷം മുന്‍പാണ് ..സ്കൂളില്‍ പഠിച്ചതൊക്കെ എന്ത് ഭായീ ജീവിതത്തിലെ പഠിപ്പാണ് പഠിപ്പ്..ഇവിടെ നമ്മള്‍ക്ക് താങ്ങായി എത്തുന്ന നല്ല മനുഷ്യരാണ് പടച്ചവന്‍ ..എന്ന് അതിലെ കടന്നു പോയ എച്ച് ആര്‍ അസിസ്റ്റന്റ് മാഗിയെ കാട്ടി സയീദ്‌ പറഞ്ഞപ്പോള്‍ തലയാട്ടാതിരിക്കാനായില്ല ..തിരിഞ്ഞു നോക്കുമ്പോള്‍ ഒരു സങ്കടവുമില്ല ഭായീ ..അന്നത്തെ ജീവിതത്തോട് വെറുപ്പുമില്ല..അന്ന് അതായിരുന്നു അന്നം തന്നിരുന്നത് ..ഇന്ന് ഇതും ..എല്ലാം സംഭവിച്ചു പോകുന്നതാണ് ..


ട്രെയിനിങ്ങിന്റെ ഇടവേളകളില്‍ വരുന്ന ഗസ്റ്റുകളോട് മണിമണി ആയി ഇംഗ്ലീഷ്‌ പറയുന്ന എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സയീദ്‌ എന്ന ആറാം ക്ലാസുകാരനെ പല തവണ കണ്ടു ..അയാള്‍ക്ക്‌ ചിരിക്കാതിരിക്കാന്‍ ആവില്ല ..കാരണം അയാള്‍ അയാളുടെ ജീവിതത്തെ സ്നേഹിക്കുന്നു ..നോവിന്‍റെ ഇന്നലെകളെയും സുഖത്തിന്റെ ഇന്നുകളെയും ഒരുപോലെ തന്നെ ..

എന്‍റെ ജീവിതമാണ് ശരിയെന്നു ഓര്‍മ്മ്പെടുത്താന്‍ , എന്‍റെ സ്വപ്നങ്ങള്‍ക്ക് സാധ്യതകള്‍ ഉണ്ടെന്നു എനിക്കാത്മവിശ്വാസം തരാന്‍  സയീദുമാര്‍ ഇനിയും വരും ..ഒരര്‍ത്ഥത്തില്‍ ഞാനുമൊരു സയീദാണല്ലോ..


Monday, March 19, 2012

ക്രിക്കറ്റ്‌ എന്ന സവര്‍ണ്ണ ഫാസിസ്റ്റ്‌ മുതലാളിത്ത മഹാമഹം

ഒരു ദേശീയ വിനോദം എന്ന നിലയ്ക്ക് നമ്മള്‍ അറിയുന്ന ക്രിക്കറ്റ്‌ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയവും ആകുലതകളും ചര്‍ച്ച ചെയ്യപ്പെടേണ്ട കാലഘട്ടം അതിക്രമിച്ചു കഴിഞ്ഞു .തീജ്വാലയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ഈയാം പാറ്റകളെപ്പോലെ രാജ്യത്തെ യുവതലമുറ ഈ അധമ
ലഹരിയില്‍ വീണടിയുന്നത് നമ്മള്‍ കാണുന്നു ..ക്രിക്കറ്റ്‌ മുന്നോട്ടു വയ്ക്കുന്ന മുതലാളിത്ത അജണ്ടയും സവര്‍ണ്ണ ഫാസിസ്റ്റ്‌ രാഷ്ട്രീയവും വിശകലനം ചെയ്യുമ്പോള്‍ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ വിനോദമായ ഫുഡ്ബോളുമായി വേണം താരതമ്യം ചെയ്യപ്പെടാന് .

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍  റബ്ബര്‍ മരത്തിന്റെ കറ കൊണ്ട് ഉണ്ടാക്കിയ പന്ത് തട്ടിക്കളിച്ചു    കുട്ടികള് തുടങ്ങിയ വിനോദമാണ് ഫുഡ്‌ ബോള്‍ എങ്കില് സമ്പന്നതയുടെ ദുര്മ്മേദസ്സ് അടിഞ്ഞു കൂടിയ സായിപ്പുമാര്‍ കൊളോണിയല്‍ ഫ്യൂഡല്‍ ചിന്താഗതിയുമായി മൂന്നാം ലോക രാജ്യങ്ങളിലേക്ക് പറിച്ചു നട്ട ഒന്നാണ് ക്രിക്കറ്റ്‌ എന്ന് വിസ്മരിക്കപ്പെടെണ്ടതല്ല.

പതിനൊന്നു പേരടങ്ങിയ രണ്ടു ടീമാണ് രണ്ടു വിനോദങ്ങളിലും ഉള്പ്പെട്ടിട്ടുള്ളത് എങ്കിലും ഫുട്ബോളില്‍ ഒരേസമയം എല്ലാവര്ക്കും പന്ത് തട്ടാന്‍ അവസരം കിട്ടുന്നുണ്ട്‌. .എല്ലാവര്ക്കും തുല്യ പ്രാധാന്യവും സമത്വവും ഉള്ള ഒരു കളിയാണ് ഫുട്ബോള്‍ എന്ന് കാണാം  .ക്രിക്കറ്റില്‍ പതിനൊന്നു പേര് എതിരാളികളായ രണ്ടുപേര്‍ക്ക് ചുറ്റും നിന്ന് ആക്രമിച്ചു പീഡിപ്പിക്കുന്ന ക്രൂരതയാണ് നമ്മള്‍ കാണുന്നത് . ക്രിക്കറ്റിലെ കളിക്കാരെ ബൌളര്‍ , ബാറ്റ്സ്മാന്‍, കീപ്പര്‍ എന്നിങ്ങനെ വിഭജിച്ചു ചില ജോലികള്‍ ചിലര്‍ക്ക് മാത്രം പ്രാപ്യമാക്കുന്നത് പൌരാണിക കാലത്ത് നിലനിന്നിരുന്ന ചാതുര്‍വര്‍ണ്യത്തിന്റെ പുതിയ പകര്‍പ്പാണ് .കീപ്പര്‍മാരെ ബൌള്‍ ചെയ്യാന്‍ അനുവദിക്കാത്തത് കീഴ്ജാതികളെ ക്ഷേത്രത്തിനകത്ത് കടക്കാന്‍ അനുവദിക്കാതിരുന്ന പഴയ സവര്‍ണ്ണ ഫാസിസ്റ്റ്‌ ആചാരങ്ങളുടെ പുതിയ പതിപ്പാണ് . ഫു ട്ബോളില്‍ റഫറി എന്ന മേല്‍നോട്ടക്കാരന്‍ കളിക്കാര്‍ക്ക് ഒപ്പം ഓടുമ്പോള്‍ ക്രിക്കറ്റിലെ അമ്പയര്‍ ഒരിടത്ത് മേലനങ്ങാതെ നിന്ന് ബാക്കി എല്ലാവരെയും നിയന്ത്രിക്കുകയും ശാസിക്കുകയും ആണ് ചെയ്യുന്നത് .സോഷ്യലിസം നിലവിലുള്ള ഒരു തൊഴില്‍ രംഗവും മുതലാളിത്ത വ്യവസ്ഥയും തമ്മിലുള്ള വ്യകതമായ അവസ്ഥാന്തരങ്ങള്‍ ആണ് ഇവിടെ നമുക്ക് കാണാന്‍ സാധിക്കുന്നത്‌ .മുട്ടോളമെത്തുന്ന ഒരു ട്രൌസരുമിട്ടു ഒരു ഗോളാകൃതിയില്‍ ഉള്ള ഒരു പന്തും തട്ടി ആര്‍ക്കു വേണമെങ്കിലും ഫുട്ബോള്‍ കളിക്കാം എന്നിരിക്കെ ക്രിക്കറ്റിന്റെ ആടയാഭരണങ്ങള്‍  ശ്രദ്ധിക്കുക.കയ്യിലും കാലിലും തലയിലും എന്തിനു പ്രത്യുത്പാദന ഉപാധികളെ വരെ പടച്ചട്ടയിട്ടു സംരക്ഷിച്ചുകൊണ്ട് തീര്‍ത്തും വരേണ്യമായി നടത്തുന്ന ഒരു വിനോദമാണ് ക്രിക്കറ്റ്‌ .ഫുട്ബോളില്‍ വിശാലമായ ഒരു ഗോള്‍ പോസ്റ്റ്‌ ലക്‌ഷ്യം വച്ചുകൊണ്ട് ഒരു കൂട്ടായ്മ , ഒരു മുന്നേറ്റം നമ്മള്‍ കാണുമ്പോള്‍ ന്യൂനപക്ഷമായ രണ്ടു പേര് തങ്ങളുടെ ജീവിതമാകുന്ന മൂന്ന് വടികളെ ഭൂരിപക്ഷത്തില്‍ നിന്ന് സംരക്ഷിച്ചു നിലനിര്‍ത്താനുള്ള തത്രപ്പാട് ക്രിക്കറ്റില്‍ വീക്ഷിക്കാനാകും.തങ്ങളുടെ ലിമിറ്റഡ്‌ സ്പേസില്‍ അവരെ തളച്ചിടാന്‍ ആണ് ചുറ്റുമുള്ള ഭൂരിപക്ഷം ശ്രമിക്കുന്നത് .അവര്‍ അതില്‍ നിന്ന് വ്യതിചലിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ സംരക്ഷിച്ചു വച്ചിരിക്കുന്ന വിക്കറ്റ്‌ തട്ടിമറിച്ച് ഔട്ട്‌ ആക്കി അവരെ പുറംതള്ളുന്നു.പത്തു പേര് പുറത്താക്കപ്പെടുമ്പോള്‍ പതിനൊന്നാമന് അവസരം നിഷേധിക്കുന്ന കാട്ടുനീതിയാണ് ഇവിടെ നടപ്പിലാക്കപ്പെടുന്നത് എന്ന് കാണാം .

വ്യക്തികളെ ആരാധനാപാത്രങ്ങള്‍ ആക്കി ബിംബവല്‍ക്കരിക്കുന്ന ഒരു സന്ഘി രാഷ്ട്രീയം ക്രിക്കറ്റില്‍ ഉടനീളം കാണാന്‍ സാധിക്കും .സച്ചിനെ പോലുള്ള കളിക്കാരെ ദൈവം എന്നാണു വിശേഷിപ്പിക്കുന്നത് .ദൈവം എന്നത് പോലും ശാസ്ത്രീയമായ തെളിവുകള്‍ ഇല്ലാത്ത ഒരു മിത്ത് ആണെന്ന് ഇരിക്കെ ആള്‍ദൈവങ്ങളെ വളര്‍ത്തിയെടുത്തു പൌരാണിക ഭാരത സങ്കല്‍പ്പങ്ങളെ കൂട്ട് പിടിച്ചു നടത്തപ്പെടുന്ന ഒരു രഹസ്യ അജന്‍ഡയുടെ ഭാഗമാണ് ഇതെന്നു മനസ്സിലാക്കാന്‍ സാധിക്കും .നമ്മള്‍ കൊടുക്കുന്ന നികുതിപ്പണം എടുത്തു കോടിക്കണക്കിനു രൂപയുടെ സമ്മാനങ്ങള്‍ ക്രിക്കറ്റ്‌ കളിക്കാര്‍ക്ക് നല്‍കുമ്പോള്‍ ലയണല്‍ മെസ്സിയെ പോലുള്ള ഫുട്ബോള്‍ കളിക്കാര്‍ തങ്ങളുടെ അസ്ഥിരോഗത്തിനു ചികിത്സ തേടിയാണ് ബാര്‍സലോണ പോലുള്ള ക്ലബ്ബിലേക്ക് കളിക്കാന് എത്തിയത് എന്ന് കാണാം.സച്ചിന്‍ സെഞ്ചുറി അടിച്ചതുകൊണ്ടോ ഇന്ത്യ ക്രിക്കറ്റില്‍ ജയിച്ചതുകൊണ്ടോ നമ്മുടെ നാട്ടിലെ പട്ടിണി മാറുന്നില്ല എന്നത് ഓര്‍ക്കണം .അടിസ്ഥാന സൌകര്യ വികസനത്തിന് ചിലവഴിക്കേണ്ട നികുതിപ്പണമാണ് ഇത്തരത്തില്‍ ധൂര്‍ത്തടിക്കപ്പെടുന്നത് .സ്ത്രീകളെ വെറും വില്പ്പനച്ഛരക്കാക്കുന്ന അവസ്ഥയാണ് ചിയര്‍ ഗേള്‍സ്‌ എന്ന പുതിയ സംവിധാനം ക്രിക്കറ്റില്‍ ആവിഷ്ക്കരിക്കുക വഴി ചെയ്തിരിക്കുന്നത് .

അമിത ദേശീയത എന്ന സന്ഘി രാഷ്ട്രീയമാണ് ക്രിക്കറ്റ്‌ മുന്നോട്ടു വയ്ക്കുന്നത് .ഒരു ഫുട്ബോള്‍ മത്സരം തുടങ്ങുമ്പോള്‍ ടീം ക്യാപറ്റന്‍മാര്‍ പരസ്പരം രാജ്യത്തിന്റെ പതാകകള്‍ കൈമാറുകയും കളിക്കാര്‍ തമ്മില് കൈ കൊടുത്തുകൊണ്ട് സ്നേഹത്തോടെ മല്‍സരം ആരംഭിക്കുകയും ചെയ്യുന്നു .എന്നാല്‍ ക്രിക്കറ്റില്‍ മത്സരങ്ങള്‍ പലപ്പോഴും യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കപ്പെടുന്നു .ഇന്ത്യാ പാക്കിസ്ഥാന്‍ മല്‍സരങ്ങള്‍ നടക്കുമ്പോള്‍ രണ്ടു രാജ്യങ്ങളിലെയും ആരാധകര്‍ കളിക്കാരെ പരസ്പരം യുദ്ധം ചെയ്യുന്ന സൈനികരായി ആണ് സംകല്പ്പിക്കുന്നത് .മനുഷ്യ മനസ്സുകളില്‍ വിദ്വേഷത്തിന്റെ വിഷവിത്തുകള്‍ പാകുവാന്‍ അല്ലാതെ ക്രിക്കറ്റ്‌ എന്ന കളികൊണ്ട് യാതൊരു സാമൂഹ്യ നന്മയും ഇല്ലെന്നു കാണാം .സന്ഘികളുടെ രാഷ്ട്രീയ പ്രചാരണായുധമായ വന്ദേമാതരം എല്ലാ മത്സരങ്ങളിലും മുഴങ്ങി കേള്പ്പിക്കുവാനും സ്റ്റേഡിയത്തിനു അകത്തും പുറത്തും ആരാധകരെക്കൊണ്ട് നിര്‍ബന്ധമായി വിളിപ്പിക്കുവാനും ക്രിക്കറ്റ്‌ വഴി വയ്ക്കുന്നു എന്നത് അവഗണിക്കുവാന്‍ ആവാത്ത ഒരു രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നുണ്ട് .ഇത്തരത്തില്‍ ക്രിക്കറ്റിലൂടെ ഒളിച്ചു കടത്തുന്ന ഒരു രാഷ്ട്രീയം തിരിച്ചറിയാതെ ഇന്നത്തെ യുവതലമുറ ഇതിന്‍റെ ലഹരിയില്‍ വശംവദരായി തങ്ങളുടെ ചുമതലകളും അവകാശങ്ങളും വിസ്മരിക്കപ്പെട്ടു പോകുന്ന ഈ അവസ്ഥക്ക്  എതിരെ നമുക്ക് പൊരുതേണ്ടതുണ്ട് .തെരുവുകളില്‍ നിന്ന് കുറ്റികളും മരക്കഷണങ്ങളും ഒഴിഞ്ഞു പോകുകയും കാല്‍പ്പന്തുകളിക്കാരെക്കൊണ്ട് നിറയുകയും ചെയ്യുന്ന ഒരു നല്ല നാളെക്കായി നമുക്ക് തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാം .