Wednesday, February 15, 2012

ഇനിയും വറ്റാത്ത കരുണയുടെ ഉറവകള്‍

രണ്ടാഴ്ച മുന്പ് dubai cares സംഘടിപ്പിച്ച walk for children education എന്ന പരിപാടിക്ക് വളണ്ടിയര്‍ ആയി പോയിരുന്നു...പല രാജ്യങ്ങളിലെ അടിസ്ഥാന വിദ്യാഭ്യാസ സൌകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്ക്  വിദ്യാഭ്യാസത്തിനുള്ള സഹായം എത്തിച്ചു  കൊടുക്കുക ..അതായിരുന്നു ഉദ്ദേശ്യം...വളണ്ടിയര്‍ അല്ലാതെ അനുഭാവം പ്രകടിപ്പിച്ചു കൂടെ നടന്നു പങ്കെടുക്കുന്നതിനു ഒരാള്‍ മുപ്പതു ദിര്ഹംസ് തന്നു രജിസ്റ്റര്‍ ചെയ്യണം..
മുപ്പതു രെജിസ്ട്രേഷന്‍ കൌണ്ടര്‍ ഉണ്ടായിട്ടും ഭയങ്കര തിരക്ക്...
വെള്ളിയാഴ്ചയുടെ ആലസ്യം ഒന്നുമില്ലാതെ രാവിലെ ഏഴുമണിക്ക് വിവിധ രാജ്യക്കാര്‍..... ... അധികവും കുട്ടികള്‍...
ഞാന്‍ ഇന്‍ഫോര്‍മേഷന്‍ കൌണ്ടറില്‍ ഇരിക്കുകയായിരുന്നു..എന്റെ കൂടെ നദീന്‍ അലാനി എന്ന ഒന്പതാം ക്ലാസ്സുകാരി...മനസ്സിന്റെ നന്മ കൊണ്ട് അവള്‍ എത്രയോ മേലെ ആണെന്ന് സംസാരത്തില്‍ നിന്നും മനസ്സിലായി..
ഒരു വെള്ളിയാഴ്ച പോലും മുടങ്ങാതെ വളണ്ടിയര്‍ ഇന്‍ ദുബായ്‌ എന്ന സംഘടനയിലൂടെ സേവനത്തിനു സമയം കണ്ടെത്തുന്ന മിടുക്കി..
എന്താണ് ഈ പരിപാടിക്ക് വന്നത് എന്ന എന്റെ ചോദ്യത്തിന് അവളുടെ മറുപടി “ഞാനടക്കം എന്റെ കൂട്ടുകാര്‍ ഇവിടെ ക്ലാസ്സ്‌ റൂമിലെ എയര്കണ്ടീഷനരിനു തണുപ്പ് പോര എന്ന് പരാതി പറയുമ്പോള്‍ ലോകത്തിന്റെ മറ്റിടങ്ങളില്‍ എന്താണ് ക്ലാസ്സ്‌ റൂം എന്നറിയാത്ത കുട്ടികള്‍ പഠിക്കുന്നു എന്ന തിരിച്ചറിവ് കാരണം തന്നെ എന്ന് ..
ആ മറുപടിയിലെ കാരുണ്യവും ആത്മാര്‍ത്ഥതയും കണ്ടു ബഹുമാനം തോന്നി ആ പെണ്‍കുട്ടിയോട് .(എന്നെ വളണ്ടിയര്‍ ഇന്‍ ദുബായ്‌ എന്ന സംഘടനയിലേക്ക് നയിച്ചത് ആ പെണ്‍കുട്ടിയാണ് എന്ന് പറയട്ടെ ..എന്‍റെ ജീവിതം തന്നെ മാറ്റി മറിച്ച നല്ല തീരുമാനം .) .

വാക്ക്‌  തുടങ്ങിയപ്പോള്‍ ഞങ്ങള്‍ രെജിസ്ട്രേഷന്‍ നിര്ത്തി ..
കുറച്ചു കഴിഞ്ഞപ്പോള്‍ ഒരമ്മ തന്റെ രണ്ടു മക്കളെയും കൊണ്ട് ഓടി വന്നു ..
രെജിസ്ട്രേഷന്‍ അവസാനിച്ചു എന്ന എന്റെ മറുപടിക്ക് അറിയാത്ത രാജ്യങ്ങളിലെ പാവപ്പെട്ട കുട്ടികളെ സഹായിക്കാന്‍ വേണ്ടിയാണ് താന്‍ വന്നത് എന്നവര്‍ പറഞ്ഞു..
ചാരിറ്റി ബോക്സ്‌ അവരുടെ മുന്പിലേക്ക് നീക്കി വെച്ച് ഞാന്‍ പറഞ്ഞു
സംഭാവന ഇതില്‍ ഇട്ടേക്കുക...അതും ഈ പ്രവര്‍ത്തനത്തിന് വേണ്ടി തന്നെയാണ് ഉപയോഗിക്കുന്നത് ..

എനിക്കിതില്‍ പണം ഇടുന്നത് കൊണ്ട് വിരോധമില്ല പക്ഷെ ഞാന്‍ എന്റെ
മക്കളെയും കൊണ്ട് വന്നത് ആ പാവപ്പെട്ട കുട്ടികള്‍ അനുഭവിക്കുന്ന വേദനയുടെ ഒരംശമെങ്കിലും എന്‍റെ മക്കള്‍ മനസ്സിലാക്കണം എന്ന് കരുതിയാണ്..ഒരിക്കലെങ്കിലും ഈ മൂന്നു കിലോമീറ്റര്‍ നടക്കുന്നതിലൂടെ നിത്യവും അതിന്റെ അനേകം മടങ്ങുകള്‍ നടന്നു വിദ്യ അഭ്യസിക്കുന്ന  കുട്ടികളോട് അവര്ക്ക് ദയയും സ്നേഹവും തോന്നണം..ഞാന്‍ ജോലി ചെയ്തു സമ്പാദിച്ച പണം ഈ പെട്ടിയില്‍ ഇടുന്നതിലൂടെ അവര്‍ അത് മനസ്സിലാക്കുമോ..?

ആ അമ്മയുടെ ചോദ്യത്തിന് മുന്പില്‍ എണീറ്റ്‌ നിന്ന് ഒരു സല്യൂട്ട് ..അതെ എനിക്ക് നല്കാന്‍ ഉണ്ടായുള്ളൂ..
രെജിസ്ട്രേഷന്‍ കൌണ്ടര്‍ തുറപ്പിച്ചു , മുന്നേ നടന്നു പോയ കൂട്ടത്തിനോപ്പം എത്താന്‍ ആദ്യം ഓടിയും പിന്നെ അവസാനം വരെ നടന്നും തിരിച്ചെത്തിയ അഹമ്മദ്‌ എന്ന ആ നാല് വയസ്സുകാരന്‍ അവന്റെ അമ്മ ഉദ്ദേശിക്കുന്ന അര്ത്ഥത്തില്‍ ഇപ്പോള്‍ അത് മനസ്സിലാക്കിയോ എന്ന് എനിക്കറിയില്ല..
പക്ഷെ ഒന്നറിയാം..
ഈ അമ്മയുടെ ചിറകിനടിയില്‍ വളരുന്ന അവന്‍ നാളെ ഒരു ഉദാത്ത മനുഷ്യസ്നേഹി ആയി മാറും...
ഒരിക്കല്‍ കൂടി പേരറിയാത്ത ആ അമ്മയ്ക്കും നദീന്‍ അലാനി എന്ന ഒന്‍പതാം ക്ലാസ്സുകാരിക്കും എന്‍റെ ആദരവില്‍ കുതിര്ന്ന നമസ്കാരം..