Tuesday, January 18, 2011

രഹസ്യം

എന്‍റെ കണ്ണുകള്‍ക്ക്‌ വജ്രത്തിന്റെ മൂര്‍ച്ചയാണെന്ന്
എന്‍റെ കണ്‍പോളകളില്‍ ചുംബിച്ചുകൊണ്ട് അവള്‍ പറഞ്ഞു ..

എന്‍റെ അധരങ്ങളില്‍ വിരലോടിച്ച് എന്‍റെ വാക്കുകള്‍ക്ക്
പ്രണയത്തിന്‍റെ കടും മധുരമാണെന്ന് മൊഴിഞ്ഞു ..

എന്‍റെ നെഞ്ചില്‍ തലചെര്‍ത്തു അവളിരുന്നു ..

ഒരു ദീര്‍ഘനിശ്വാസത്തിനപ്പുറം
എന്‍റെ ഹൃദയമിടിപ്പിന് അവളുടെ താളമാണെന്ന് ഞാന്‍ കേട്ടു...

എന്‍റെ കൈകള്‍ക്ക് മാതൃത്വത്തിന്‍റെ വാത്സല്യമാണെന്ന്
അവളുടെ കണ്ടെത്തലുകളായിരുന്നു..

എന്‍റെ ചുമലുകളില്‍ കൈകോര്‍ത്ത്
എന്‍റെ ശരീരത്തിന് മാറിടത്തിന്റെ ഇളം ചൂടാണെന്ന്
അവള്‍ രഹസ്യം പറഞ്ഞു ...

ഒടുവില്‍

എന്‍റെ ഹൃദയത്തില്‍ നിന്നും അകന്നു പോകുന്ന
നിലാവെളിച്ചമാണ് അവളെന്ന്
എന്നെ മിഴിനീരില്‍ കുതിര്‍ത്ത് ആരോ പറഞ്ഞു ..

അവളറിയുന്നുണ്ടാകുമോ ..?

ഇന്നും ..

അവളെനിക്ക് നഷ്ടപ്പെട്ടു എന്ന്

ഞാന്‍ വിശ്വസിച്ചു തുടങ്ങിയിട്ടില്ല എന്ന് .......

സ്വപ്നം

അന്ന്

അവളെന്നെ വിളിച്ചുണര്‍ത്തി ..

നനുത്ത വിരലുകളാല്‍ എന്‍റെ മുടിയിഴകള്‍ മാടിയൊതുക്കി

എന്‍റെ മിഴികളില്‍ ചൂടുള്ള നിശ്വാസങ്ങള്‍ പതിപ്പിച്ച് ....

അത് അവളായിരുന്നില്ലേ..??

എന്നെയുണര്‍ത്തിയ വെള്ളത്തുള്ളികള്‍ക്ക്

അവളുടെ ഗന്ധമായിരുന്നില്ലേ ..?

അകന്നു പോകുന്ന കൊലുസിന്റെ കിലുക്കങ്ങള്‍

അവളുടെതായിരുന്നില്ലേ ..??

അറിയില്ല ...

ഇനിയും

ഒരു കൊടുംകാറ്റ് പോലെ അവള്‍ക്കു പാഞ്ഞുകയറിയെത്താനും

ഞാന്‍ തെളിച്ചുയര്‍ത്തിയ ആശ്വാസത്തിന്റെ ഇത്തിരിവെട്ടമണച്ചു

തിരിച്ചിറങ്ങിപ്പോകാനും

എന്‍റെ മനസ്സിന്‍റെ പടിവാതില്‍ ഇനിയും

മലര്‍ക്കെ തുറന്നിട്ടിരിക്കുന്നതെന്തേ ..??

Monday, January 17, 2011

നിറമുള്ള കുപ്പിച്ചില്ലുകള്‍

നഷ്ടപ്രണയത്തിന്റെ വളപ്പൊട്ടുകള്‍ 


പ്രണയലേഖനങ്ങള്‍ 

രണ്ട്


---------------------------------------------------------------------------------------------------------------------------------------
ദുബായ്‌   ജനുവരി 13

ഇന്ന് നിന്‍റെ എഴുത്ത് വന്നു...

പഴയ കാലഘട്ടത്തിന്‍റെ സുവര്‍ണ്ണ സ്മൃതികളിലേക്ക് എന്നെയവ പറിച്ചുനട്ടു ..

അണയാത്ത ആവേശത്തിന്‍റെ , പ്രണയത്തിന്‍റെ ലോകത്തേക്ക്

സ്നേഹത്തിന്‍റെ അപൂര്‍വ്വതയില്‍ അതിരുകളില്ലാതെ സ്വയം മറന്നു നമ്മള്‍  ..

വിദൂരതയില്‍ നിന്ന് ഒഴുകിയെത്തുന്ന ഓരോ എഴുത്തും ഗൃഹാതുരമാണ് .

ഹൃദയം നുറുങ്ങുന്ന വേദനകള്‍ പ്രദാനം ചെയ്യുന്നവ .

അകന്നിരിക്കുമ്പോഴാണ് സ്നേഹം കൂടുതലറിയുന്നത്

സ്നേഹിക്കപ്പെടാനും സ്നേഹിക്കുവാനുമുള്ള ത്വര നുരഞ്ഞു പൊന്തുന്നത്..

നടന്നു തീരത്ത വഴിത്താരകളില്‍ നഷ്ടപ്പെടാതെ കാത്തുസൂക്ഷിച്ച വളപ്പൊട്ടുപോലെ

നമ്മുടെ പ്രണയം ...

വീശുന്ന കാറ്റത്തും പെയ്യുന്ന മഴയത്തും ഇളകാതെ

ഹൃദയത്തിനകത്ത് ഒളിച്ചുവച്ച നമ്മുടെ മയില്‍പ്പീലി ..