Friday, November 18, 2011

സദാചാരം കുട്ടികളിലേക്കും

ഫേസ്‌ ബുക്കില്‍ മൂവായിരത്തിലതികം ലൈക്ക്‌ കിട്ടുകയും രണ്ടായിരത്തോളം പേര്‍ റീഷെയര്‍ ചെയ്യുകയും ചെയ്ത അഗസ്റ്റിന്‍ ജോസഫ്‌ എഴുതിയ കുട്ടികളെ മാദക നര്‍ത്തകികള്‍ ആക്കരുത്  എന്ന പോസ്റ്റ്‌ കണ്ടപ്പോള്‍  ചില എതിര്‍പ്പുകള്‍ തോന്നി എങ്കിലും അതിലെ ചില കമന്റുകള്‍ കണ്ടപ്പോള് മലയാളിയുടെ സാമൂഹ്യ നിലവാരത്തെ ഓര്‍ത്ത്‌ സഹതാപം തോന്നി ..

 ഒരു  റിയാലിറ്റി ഷോയില്‍ പത്തു വയസ്സുള്ള കുട്ടി ധരിച്ചിരുന്ന വസ്ത്രം സദാചാരത്തിന് നിരക്കുന്നതല്ല എന്നും ലൈംഗിക ചേഷ്ടകള്‍ കാണിച്ചു കുട്ടി നൃത്തമാടി എന്നും അതിനെ ജഡ്ജ് ആയ നവ്യാ നായര്‍ അടക്കമുള്ളവര്‍ പ്രോത്സാഹിപ്പിക്കുന്നു എന്നുമാണ് അഗസ്റ്റിന്‍ ജോസഫ്‌ ഉന്നയിക്കുന്ന ആരോപണം ..കുട്ടികള്‍ ഇങ്ങനെ വസ്ത്രം ധരിക്കുന്നത് ശരിയല്ല എന്ന് പക്ഷെ മറ്റൊരു വേദിയില്‍  ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞുവത്രേ ..( ലക്ഷ്മി ഗോപാലസ്വാമി ആണല്ലോ നൃത്തത്തിന്റെയും സദാചാരത്തിന്റെയും അവസാന വാക്ക് ..യേത് )


അനുകൂലമായി ആഞ്ഞു ലൈക്കിയ ജനങ്ങള്‍ ആത്മരോഷം കൊണ്ട് നിറയ്ക്കുകയാണ് അവിടെ ..നവ്യാ നായരെപ്പറ്റി അവളോ വെടിയായി ഇനി പിള്ളേരെയും അങ്ങനെ ആക്കാന്‍ ആണ് ശ്രമം എന്ന് വരെ വിശേഷിപ്പിച്ച മഹാത്മാക്കള്‍ അവരിലുണ്ട്..ആരെങ്കിലും സിനുമയിലോ സീരിയലിലോ അഭിനയിച്ചാല്‍ ഓ അവള് പെഴയാണ് എന്ന് സദാചാരം വിസര്‍ജ്ജിക്കുന്ന മലയാളിയുടെ ഒരു പകര്‍പ്പ് മാത്രമാണ് അവിടെ കണ്ടത് ..

റിയാലിറ്റി ഷോ കളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ അറിയാതെയല്ല ..ആവരുടെ രീതികളോട് എതിര്‍പ്പുമുണ്ട്  എങ്കിലും ചിലതൊക്കെ കാണുമ്പോള്‍ ചിലത് പറയാതെ വയ്യ 


എന്ന് മുതലാണ്‌  നമ്മുടെ  കുട്ടികളൊക്കെ ഇങ്ങനെ മൂടിപ്പുതച്ചു നടന്നു തുടങ്ങിയത് ..? ഹൈസ്കൂള്‍ ക്ലാസ്സിലെ കുട്ടികളും പെറ്റി കോട്ട് മാത്രം ഇട്ടു നടന്നിരുന്ന ഒരു കാലഘട്ടം കടന്നു പോയിട്ട് അധികമായില്ലല്ലോ  ..അനാവശ്യമായ ഭീതി അവരിലേക്ക് തള്ളിക്കയറ്റി നമ്മളുണ്ടാക്കിയതല്ലേ ഇതൊക്കെ ..ആണ്‍കുട്ടിയും പെണ്‍കുട്ടിയും സംസാരിച്ചാല്‍ കുറ്റം ..ഒന്നാം ക്ലാസ്‌ മുതല്‍ അവരെ വേറെ ഇരുത്തി തമ്മില്‍ ഇടപഴകിയാല്‍ എന്തോ തെറ്റാണ് എന്ന് അവരറിയാതെ ഒരു ബോധം അവരുടെ ഉള്ളിലേക്ക് ഫീഡ് ചെയ്യുക ..ഒരു പത്തു വയസ്സുകാരിയുടെ വയറു കണ്ടാല്‍ അസ്വസ്ഥത ഉണ്ടാകുന്ന സമൂഹത്തിനല്ലേ ചികിത്സ വേണ്ടത് ..അത് ലൈംഗികമായ ഒന്നാണ് എന്ന് പ്രചരിപ്പിക്കുമ്പോള്‍  പെണ്‍കുട്ടികള്‍ മാത്രമല്ലല്ലോ ആണ്‍കുട്ടികള്‍ കൂടി ഉള്‍പ്പെട്ട ഒരു സമൂഹമല്ലേ ഇത് ഏറ്റെടുക്കുന്നത് ...അവരറിയാതെ തന്നെ ഇതൊരു ലൈംഗിക ഉദ്ദീപനമായി അവരിലേക്ക് പകര്‍ന്നു നല്‍കുന്നത് നമ്മളൊക്കെ തന്നെയല്ലേ ..?

കുട്ടികളെ കുട്ടികളായി കാണാന്‍ സാധിക്കാത്തവര് ചെയ്യുന്ന തെറ്റുകള്‍ക്ക് കുട്ടികള്‍ എന്ത് പിഴച്ചു ...നമ്മളൊക്കെ ആസ്വദിച്ച സൌഹൃദവും സ്വാതന്ത്ര്യവും നല്ല ബന്ധങ്ങളും നമ്മുടെ കുട്ടികളില്‍ നിന്ന് ഒളിച്ചു പിടിച്ചു അവരെ വളര്‍ത്തുന്ന ഒരു തരം സാഡിസ്റ്റ് ആളുകളാണ് നമ്മള്‍ ..ഒരുമിച്ചു ഉണ്ണി പ്പെര വച്ച് കളിച്ചു , ഒരുമിച്ചു പൂ നുള്ളാന്‍ പോയി ജീവിച്ച നമ്മള്‍ എത്ര പേര് കുട്ടികള്‍ക്ക് ആ സ്വാതന്ത്ര്യം നല്‍കുന്നുണ്ട് ..?സമൂഹത്തെ മാറ്റാതെ നമ്മുടെ കുട്ടികളെ ഒളിച്ചു പിടിച്ചു വളര്‍ത്താന്‍  തുടങ്ങുന്നത് അപകടകരമാണ് ..ഇനി അവരെ മുറിക്കുള്ളില്‍ മാത്രമിട്ട് വളര്‍ത്തുമോ ..?

ഈ പ്രായത്തില്‍ ഇങ്ങനെ ചെയ്‌താല്‍ പതിനാറും പതിനേഴും വയസ്സില്‍ എന്താവും എന്ന ചിന്തയാണ് ചിലര്‍ പങ്കു വയ്ക്കുന്നത്  .വയറ് കാണിക്കുന്നത് അശ്ലീലമാണ് എന്ന് കുട്ടികള്‍ക്കറിയില്ല ..അവര്‍ക്ക് കയ്യും കാലും വെളിയില്‍ കാണുന്നത് പോലെയേ ഉള്ളു ..ആരാണ് ഇതില്‍ അശ്ലീലം കണ്ടെത്തുന്നവര് ..? അവര് വളര്‍ന്നു വരുമ്പോള്‍ തുണി അഴിച്ചു തുള്ളും എന്ന്  ആരാണ് തീരുമാനിക്കുന്നത്  ..? പണ്ട് കിടക്കപ്പായയില്‍ മുള്ളുന്നവര് ഇപ്പോഴും ചെയ്യുന്നുണ്ടോ ..? പ്രായത്തിനനുസരിച്ച് അല്ലെ തിരിച്ചറിവുകള്‍ വരുന്നത് ...? പെണ്ണുങ്ങളുടെ വസ്ത്രം അല്‍പ്പം ഇറങ്ങി കിടന്നാലും ആണുങ്ങളുടെ ജീന്‍സ്‌ അല്‍പ്പം താഴ്ന്നു കിടന്നാലും കേരളത്തില്‍ അശ്ലീലമായി ..എന്നിട്ട് ഇതൊക്കെ മൊബൈല്‍ ക്യാമറയില്‍ എടുത്തു ലോകം മുഴുവന്‍ എത്തിക്കും ..ഇത്തരം ചിന്തയുള്ള സമൂഹത്തിനു ചികിത്സ വേണമെന്ന് ആരും പറയുന്നില്ല ..അത്തരം സമൂഹത്തെ പേടിച്ചു നമ്മള്‍ ഒതുങ്ങി ജീവിക്കണം എന്നാണു ഭാഷ്യം ..പുറത്തു ഗോവിന്ദ ചാമിമാരുണ്ട് എന്ന് പേടിച്ചു പെണ്മക്കളെ പുറത്തിരക്കരുത് എന്ന വാദത്തെക്കാള് അവരെ നേരിടാന്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടത് ..ശക്തമായ പ്രതികരണങ്ങള്‍ ഉയര്‍ന്നു വരും എന്ന് പ്രതീക്ഷയുള്ള പുതിയ തലമുറയെ ഇങ്ങനെ പേടിപ്പിച്ചു വളര്‍ത്തരുത് എന്ന് ആരും പറയാത്തതെന്ത് ..?


മുണ്ടും ബ്ലൌസും ഇട്ടു സ്ത്രീകള്‍ ജോലിക്ക് സ്വന്തന്ത്രമായി നടന്നിരുന്ന നാട്ടില്‍ നിന്നും ഇന്ന് ഫുള്‍ കൈ ഷര്‍ട്ട് ഇട്ടു പണിക്ക് വരുന്ന അവസ്ഥയിലേക്ക് എത്തിച്ചതില് , പാടത്ത് പണിയും  കഴിഞ്ഞു പലചരക്ക് കടയില്‍ നിന്ന് സാധനങ്ങളും വാങ്ങി വൈദ്യുതി എത്താത്ത നാട്ടിന്‍പുറങ്ങളിലെ ഇടവഴികളിലൂടെ പോലും സ്വതന്ത്രമായി സ്ത്രീകള്‍ സഞ്ചരിച്ചിരുന്ന ഒരു അവസ്ഥയില്‍ നിന്നും മെട്രോ നഗരങ്ങളില്‍ പോലും വൈകുന്നേരമായാല്‍ സ്ത്രീകള്‍ പുറത്തു ഇറങ്ങാത്ത ഒരു രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് നമ്മള്‍ തന്നെയല്ലേ ....അടുത്ത സ്റ്റെപ് എന്താണ് ..?പര്‍ദ്ദ അല്ലെ ..?എന്നിട്ട് സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ കുറയുന്നുണ്ടോ ..? എന്തുകൊണ്ട് സമൂഹം മാറാന്‍ നമ്മള് ചെറു വിരല്‍ അനക്കുന്നില്ല ..? പിന്നെയും പിന്നെയും നമ്മുടെ സ്വകാര്യതകളിലേക്ക് കടന്നുകയറാന്‍ അന്യനു കൂടുതല്‍ സ്വാതന്ത്ര്യം കൊടുക്കുകയല്ലേ നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ..? വസ്ത്രധാരണത്തിലെ കുഴപ്പം കൊണ്ടാണോ കൃഷ്ണപ്രിയയും , അനഘയും , സൗമ്യയും പീഡിപ്പിക്കപ്പെട്ടത്‌ ..?

ചോദ്യങ്ങള്‍ അനവധിയാണ് ..നമ്മള്‍ ഹിന്ദി ചാനലില്‍ ഇതൊക്കെ കണ്ടു കയ്യടിക്കുകയും തലയില്‍ മുണ്ടിട്ടു ഷക്കീല പടത്തിനു കയറുകയും ചെയ്യും ..എന്നിട്ട് പുറത്തു വന്നു ഷക്കീലക്കില്ലാത്ത അപരാദവും അപവാദവും പറയും ..ഒരാള് അപകടത്തില്‍ പെട്ട് മരിയ്ക്കാന്‍ കിടന്നാല്‍ പോലും സഹായിക്കാന്‍ നില്‍ക്കാതെ മൊബൈലില്‍ ഷൂട്ട്‌ ചെയ്യും ..എന്നിട്ട് ഇറോം ശര്മ്മിലയുടെ ദുരിതത്തെ പറ്റി ഘോരഘോരം പ്രസംഗിക്കും ..ഹിപ്പോക്രസിയുടെയും ഇരട്ടത്താപ്പിന്റെയും ഒരു കടന്നല്‍ കൂടായി മലയാളി സമൂഹം മാറിയിരിക്കുന്നു ...

വരും തലമുറ എങ്കിലും ഈ മുഖംമൂടികള്‍ പൊളിച്ചെറിഞ്ഞു മനുഷ്യരായി ജീവിക്കും എന്ന് സ്വപ്നം കാണാം..അതിനീ ചങ്ങലകളുമായി നടക്കുന്ന മാതാപിതാക്കള്‍ അനുവദിച്ചാല്‍ ..






Saturday, November 12, 2011

ഗൂഗിള്‍ ബസുകള്‍ക്ക് ഒരു ശ്രദ്ധാഞ്ജലി അഥവാ ണക്ക ണക്ക ണാ

ഗൂഗിള്‍ ബസ്സുകള് ഒരു ലോകമായിരുന്നു..എങ്ങുമെത്താത്ത രാഷ്ട്രീയ തല്ലുകള് , എവിടെയോ തുടങ്ങി എവിടെയോ എത്തുന്ന ചര്‍ച്ചകള്‍ , ശാസ്ത്രം മുതല് ഭക്ഷണം വരെ നീളുന്ന അറിവിന്റെ പുതിയ വഴികള് , അര്മ്മാധിക്കാന്‍ ഒരുപാട് കൂട്ടുകാര് ,അശ്ലീല ആഭാസ  പ്രൈവറ്റ്‌ ബസ്സുകള്..

പെട്ടെന്ന് ഗൂഗിള് ബസ്‌ സര്‍വീസ്‌ നിര്‍ത്തുകയാണ് എന്ന് കേട്ടപ്പോള്‍ ഹൃദയം പൊട്ടി വയറ്റില് വീണു ..ഇനിയീ പൊട്ടത്തരങ്ങള്‍ ഒക്കെ എവിടെ വിളിച്ചു പറയും എന്നോര്‍ത്ത് ഹൃദയം വിങ്ങി .. ഒരു ബസ്‌ മീറ്റ്‌ നേരത്തെ പ്ലാന്‍ ചെയ്തത് ആണെങ്കിലും ഈ സാഹചര്യത്തില്‍ അത്  ലാസ്റ്റ്‌ ബസ്‌ മീറ്റ്‌ ആയി കരുതി അര്മ്മാദിക്കാന്‍ തീരുമാനിച്ചു..

ഓര്‍ഗനൈസിംഗ് എന്നത് നല്ല ക്ഷമ വേണ്ട ഒരു കലയാണ്‌ ..നമ്മുടെ കയ്യില്‍ ഇല്ലാത്ത മറ്റു കലകളെപ്പോലെത്തന്നെ ആയിരുന്നു ഇതും..പിന്നെ വേണേല്‍ വന്നു അലമ്പിയിട്ട് പോടെയ്‌ ലൈന്‍ ആയിരുന്നതുകൊണ്ട് ആരേം വിളിച്ചു കാലുപിടിക്കാന്‍ ഒന്നും നിന്നില്ല..എന്നെ ഫോളോ ചെയ്യാത്ത ഒന്നുരണ്ടുപേരെ വിളിച്ചു അറിയിച്ചതൊഴിച്ചാല്‍ ..

മീറ്റിനു വിശിഷ്ടാതിഥികളായി ഇതര രാജ്യങ്ങളില്‍നിന്ന് എത്തുമെന്ന് പറഞ്ഞത് മൂന്നുപേരാണ് നട്ടപ്പിരാന്തനും ഫൈസല്‍ പോലിയില്‍ പിന്നെ നമ്മുടെ ഈണം ഫെയിം നിശിയും..

തലേ ദിവസം വൈകിട്ട് വരും എന്ന് പറഞ്ഞ നട്സിനെ കാത്ത് ഞാന്‍ ഏഴു മണിക്കേ എയര്‍പോര്‍ട്ടില്‍ പോയി നില്‍പ്പായി ..എല്ലാ ഫ്ലൈറ്റില്‍ നിന്നും ഇഷ്ടം പോലെ മൊട്ടത്തലകള്‍ മാത്രം പുറത്തിറങ്ങി വരുന്നു ..ദേവ്യേ ഇതെന്താ മൊട്ടത്തലകളുടെ സംസ്ഥാന സമ്മേളനം  ആണോ എന്ന് സംശയമായി ..എല്ലാത്തിനും നട്ടിന്റെ ച്ഛായ..ആറരയ്ക്ക് ലാന്‍ഡ്‌ ചെയ്ത ഫ്ലൈറ്റ്‌ ആണ് ..സമയം എട്ടര ആയിട്ടും ഇങ്ങേരെ കാണുന്നില്ല..
കണ്ണടയും ഹിപ്പി മുടിയും പഴുതാര മീശയുമായുള്ള പടം പാസ്പോര്‍ട്ടില്‍ വചെച്ചു ഇത് താന്‍ ഞാന്‍ അണ്ണാ എന്ന് നല്ല പതിനെട്ടാം പട്ട കരിക്ക് ചെത്തിയ പോലുള്ള തലയുമായി നിന്ന് ഇങ്ങേരു പറഞ്ഞാല്‍ അവര് സമ്മതിച്ചു കൊടുക്കണ്ടേ ..? അവസാനം അകത്ത് കയറ്റി തിരിച്ചു നിര്‍ത്തി തിരിച്ചറിയല്‍ പരേഡ്‌ നടത്തിയാണ് രക്ഷപ്പെട്ടത് എന്ന് കേട്ട്..അല്ല അങ്ങേരു അക്കാര്യത്തില്‍ ഒരു വിദഗ്ദന്‍ ആണ് ..


പത്തുമണിക്ക് മീറ്റ്‌ തുടങ്ങാന്‍ തീരുമാനിച്ചത് തന്നെ നമ്മള് മലയാളികളുടെ കൃത്യനിഷ്ഠ ആലോചിച്ചാണ് .ഒരു പതിനൊന്നിന് തുടങ്ങാന്‍ എങ്കിലും പറ്റും എന്ന് പ്രതീക്ഷിച്ചു..എന്‍റെ പ്രതീക്ഷകളെ കവച്ചു വച്ചുകൊണ്ട് പതിനൊന്നരയ്ക്ക് പോലും തുടങ്ങാന്‍ പറ്റിയില്ല ..
സാധാരണ മീറ്റുകളുടെ പോലെ ചര്‍ച്ച ,  സെമിനാര്‍ തുടങ്ങിയ അജണ്ടകള്‍ ഒന്നും ഉണ്ടായിരുന്നില്ല.എല്ലാവരും കണ്ടു കത്തിവച്ചു ഫുഡ്‌ അടിച്ചു  പിരിയുക ..അത്രയെ പ്ലാനില്‍ ഉണ്ടാര്‍ന്നുള്ളൂ ..മിക്കവരും ബസ്സില്‍ സ്ഥിരമായി സംവദിക്കുന്നവര്‍ ആയതുകൊണ്ട് വലിയ മഞ്ഞുരുക്കല്‍ സെഷന്‍ ഒന്നും വേണ്ടി വരില്ല എന്ന് അറിയാമായിരുന്നു..

കൃത്യം പത്തിന് തന്നെ പായയും തലയണയും ഉണ്ണിയപ്പവുമായി വല്യമ്മായി ആന്‍ഡ്‌ തറവാടി ഹാജരായി ..മീറ്റിനു അലമ്പ് ഉണ്ടാക്കുന്നവരുടെ അണ്ണാക്കില്‍ തള്ളാന്‍ മനപ്പൂര്‍വ്വം ഉണ്ടാക്കിയ ഉണ്ണിയപ്പം ആണെന്ന് ആദ്യ കടിയിലെ മനസ്സിലായി ..കടിച്ചവന്‍ പിന്നെ കമാന്ന് ഒരക്ഷരം മിണ്ടില്ല .എന്നാലും ഇനിയും നാലും മൂന്നും ഏഴു പല്ല് ബാക്കിയുള്ള എന്നോട് ഈ ചതി വേണ്ടാര്‍ന്നു വല്യമ്മായീ ..

കിച്ചുത്ത വന്നത് ഉത്സവപ്പറമ്പില്‍ നാടകം കാണാന്‍ പോകുന്ന പോലെ ഫ്ലാസ്ക്കും കട്ടന്‍ കാപ്പിയും എല്ലാമായിട്ടായിരുന്നു ..നല്ല കിടിലന്‍ ചുക്ക് കാപ്പി..ആലുവ ശിവരാത്രിക്ക് കാപ്പി കച്ചോടം ആയിരുന്നോ ഇവിടെ വരുന്നതിനു മുന്‍പ് എന്ന് ആരേലും ചോദിച്ചാല്‍ തെറ്റ് പറയാന്‍ പറ്റൂല്ല..

കൈപ്പിള്ളി വന്നപ്പോള്  ആളുകള്‍ ചുറ്റും കൂടി ..ആരോ പറഞ്ഞു കൈപ്പ്സ് സന്തോഷ്‌ പണ്ഡിറ്റ്‌ന്‍റെ സിനുമ പോലാണ് ..സംഗതി തറയാണ് എന്ന് എല്ലാര്ക്കും അറിയാം ..എന്നാലും ആളുകള്‍ കയറി സൂപ്പര്‍ ഹിറ്റാക്കും എന്ന് ..ഇത് പറഞ്ഞത് ഞാനല്ല ..എന്‍റെ അഭിപ്രായം ഇങ്ങനല്ല എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു ..

പാഞ്ഞു വന്ന് എല്ലാര്ക്കും കപ്പയും ഒടുക്കത്തെ എരുവുള്ള മുളക് ചതച്ചതും തന്നിട്ട് പോയ സിമിയെയും കുടുംബത്തെയും  ഈ ഘട്ടത്തില്‍ സ്മരിക്കുന്നു ..വേഗം പോയത് നന്നായി ..അല്ലേല്‍ സന്തോഷ്‌ പണ്ഡിറ്റ്‌ നോട് കലിപ്പുള്ള ആരേലും അതെടുത്ത് കണ്ണില്‍ തെച്ചേനെ ..പണ്ഡിറ്റ്‌ നു ഇമ്മാതിരി ഉടായ്‌പ്പ് ഐഡിയകള്‍ ഉപദേശിച്ചു കൊടുക്കുന്നത് സിമിയാണ് എന്ന് ഒരു ആരോപണം നിലവിലുണ്ട് ...മീറ്റിനു വരേണ്ട എന്ന് കരുതിയിട്ടും അയ്യോ ഇന്ന് വെള്ളിയാണല്ലോ കുടുംബത്ത് ഇരുന്നു അനുഭവിക്കെണ്ടേ ..അതിലും ഭേദം ഇതാ എന്ന സത്യം ഭീതിയോടെ ഓര്‍ത്ത്‌ ഓടിവന്ന പുള്ളിപ്പുലിയുടെ ആത്മാര്‍ത്തതയ്ക്ക് നമോവാകം

അമരത്തിലെ മുരളിയെപ്പോലെ ( മമ്മൂട്ടി എന്ന് വിളിച്ചാല് ഒരുപാടങ്ങ് ഓവറാവും ) തലേല് വട്ടത്തോപ്പിയോക്കെ വച്ച് അതുല്യാമ്മ വന്ന് ..കുരിശിനെ ഇവിടെ കൊണ്ടുവന്നു തള്ളിയ സന്തോഷത്തില്‍ നിങ്ങ അനുഭവി മക്കളെ എന്നും പറഞ്ഞു ഒരു മൂളിപ്പാട്ടും പാടി ശര്‍മ്മാജി വണ്ടി വിട്ട്...വന്ന ഉടനെ കയ്യിലെ സഞ്ചി തുറന്നു കുറെ മിടായി എടുത്ത്‌ വീശുന്നുണ്ടായിരുന്നു ..


ഈ സമയത്ത് രിഫ്രെഷ്മെന്റുകള്‍ കൊണ്ടുവരുന്നതിനും അവിടെ ബാക്കി എന്തൊക്കെ ഫുഡ്‌ ഐറ്റംസ് ഉണ്ടായിരുന്നോ അതെല്ലാം തീര്‍ക്കുന്നതിലും സ്തുത്യര്‍ഹമായ ( ഹമ്മേ ...) സേവനം കാഴ്ചവച്ച റിനോഷ് ( ഓന്‍ നമ്മടെ റൂം മെറ്റാ ) , ഹരി നെടുങ്ങാടി , പെനകം കുറുക്കന്‍ , അഭിമന്യു എന്നിവരെ അവന്മാര്‍ തിന്നു തീര്‍ത്ത എണ്ണമറ്റ ഉണ്ണിയപ്പത്തിന്റെ പേരിലും എന്‍റെ സ്വന്തം പേരിലും അഭിനന്ദിക്കുന്നു ..


ബിരിയാണി പന്ത്രണ്ടു മണി കഴിഞ്ഞപ്പോള്‍ വന്നു ..പിന്നെ വോട്ടെണ്ണാന്‍ പെട്ടി തുറക്കാന്‍ കാത്തിരിക്കുന്നത് പോലുള്ള ഒരു ആകാംഷ അവിടെ നിഴലിച്ചു ..ബിരിയാണി തിന്നു കഴിഞ്ഞാല്‍ എല്ലാം സ്ഥലം വിട്ടാലോ എന്ന ഫയ ഫക്തി ബഹുമാനം എനിക്ക് ഉള്ളതുകൊണ്ട് ബോക്സ് തുറക്കാതെ പരമാവധി വെയിറ്റ്‌ ചെയ്യിക്കാന്‍ ആയിരുന്നു പ്ലാന്‍ ..

ഇതിനിടയ്ക്ക് നിശി വന്നു..ഞാനാണ് മറ്റേ ഗാനരചന ,  സംഗീതം  , ആലാപനം ഒക്കെ ചെയ്തത് ഇനിയും നിങ്ങള്ക്ക് എന്നെ ഒരു സൂപ്പര്‍സ്റ്റാര്‍ ആയി പ്രഖ്യാപിച്ചുകൂടെ എന്നെല്ലാം ചോദിക്കുന്നുണ്ടായിരുന്നു..പ്രഫുല്ല് വരെ കവിത ചൊല്ലുന്ന കാലമാണ് ഒന്ന് പോടാപ്പാ എന്ന് പറഞ്ഞു ആളുകള്‍ ആദ്ദേഹത്തെ മനോരമയില്‍ ഇന്‍റര്‍വ്യൂ വിനു വന്ന സന്തോഷ്‌ പണ്ഡിറ്റ്‌ ആക്കി മാറ്റാന്‍ ശ്രമം നടത്തി..അതില്‍ പ്രതിഷേധിച്ചുകൊണ്ടാണോ എന്തോ ബിരിയാണി വേണ്ടെന്നു പ്രഖ്യാപിച്ചു മൂപ്പര് സ്ഥലം വിട്ട് ..

അബുദാബിയില്‍നിന്നും ഐറിസും ഫാമിലിയും പി ഡി യെയും വഹിച്ചുകൊണ്ട് കടന്നു വന്നു ..അല്‍പ്പം കഴിഞ്ഞു നേരത്തെ പുറപ്പെട്ടിട്ടും അബുദാബി-ഷാര്‍ജ റൂട്ടിലെ എല്ലാ വഴിയും മനപ്പാടമാക്കും എന്ന വാശിയോടെ എക്സിറ്റ്കളായ എക്സിറ്റ്‌ മുഴുവന്‍ കയറിയിറങ്ങി ബിജോയും ഫാമിലിയും  നേരം വൈകി തന്നെ എത്തി..

ഫോട്ടോഗ്രാഫര്‍മാരുടെ നിരയിലെ വൈകി വന്ന വസന്തം മൂത്താപ്പ തലങ്ങും വിലങ്ങും ക്ലിക്കുന്നതും പിന്നീട് ശരിയായില്ല കോപ്പ് എന്ന് പറഞ്ഞു ഡിലീറ്റ്‌ ചെയ്യുന്നതും കാണാമായിരുന്നു..അല്ലേലും ഞെക്കി ഞെക്കി ഡിലീറ്റ്‌ ബട്ടന്‍ തേഞ്ഞു പോയ ക്യാമറയായി ഉടനെ അത് മാറും..
നാല് ബലൂണും കൊണ്ട് വയറ്റിപ്പിഴപ്പിനു വില്‍ക്കാന്‍ വന്ന ഒരു പാവത്തെ ഒരു മോഡലിനെ കിട്ടിയ സന്തോഷത്തോടെ പിടിച്ചു നിര്‍ത്തി ഫോട്ടോ എടുക്കാന്‍ തുനിഞ്ഞത് പണിയായി ..ഒരേ നില്‍പ്പ് അരമണിക്കൂര്‍ നില്‍ക്കേണ്ടി വന്ന ആയാള്‍ വീട്ടില്‍ പോയി  നല്ല പിണ്ഡതൈലം ഇട്ടു തിരുമ്മിയാണ് കാലു നേരെ ആക്കിയത്  എന്ന് സ്ഥിതീകരിക്കാത്ത വാര്‍ത്തകള്‍ ഉണ്ട് ..ഇത് ശെരിയാവില്ല എന്ന് മനസ്സിലാക്കി വലിയാന്‍ നോക്കിയ മൂത്താപ്പയെ അയാള് തല്ലാതെ വിട്ടത് പ്രിയാജി പിള്ളേരെ പറ്റിക്കാന്‍ എന്തോ വാങ്ങിയപ്പോഴാണ്..

ആര്‍ ആര്‍ എന്ന രവീഷ് എന്ന രണ്ടുണ്ടയും കുടുംബസമേതം വന്നിരുന്നു ..രണ്ടുണ്ടയുടെ കയ്യില്‍ സില്മകളുടെ ഒരു കമനീയ ശേഖരം ഉണ്ടെന്നു പറഞ്ഞിരുന്നെലും അധികവും രജനികാന്ത് പടങ്ങള്‍ ആണെന്ന് തോന്നുന്നു ..അല്ലെങ്കില്‍ രണ്ടുണ്ടയുടെ ചെക്കന്‍ പാര്‍ക്കിലൂടെ ഓടുന്ന മോണോ റെയില്‍  ട്രെയിന് തടഞ്ഞു നിര്‍ത്തിക്കളയാം എന്ന് തോന്നേണ്ട വല്ല കാര്യവുമുണ്ടോ ..ബാക്കി പിള്ളേര് ചെപ്പും പന്തും കളിക്കുമ്പോള്‍ ലിവന്‍ തെലുങ്ക് പടത്തിലെ ആന്ഗ്രി യന്ഗ് മാന്‍ സ്റ്റൈലില്‍ റെയില്‍ പാളത്തിന്റെ ഒരു കഷണം ഇളക്കിയെടുത്ത് കൊണ്ടുവന്നാണ് കളിച്ചിരുന്നത് ..രണ്ടുണ്ട ജോലിക്ക് പോകുന്നെന് മുന്‍പ് വണ്ടിയുടെ വീല് നാലും അവിടെത്തന്നെ ഇല്ലേ എന്ന് ഉറപ്പു വരുത്തേണ്ടതാണ് എന്ന് അങ്ങേരോട് സ്നേഹമുള്ള പ്രവാസി സുഹൃത്തുക്കള്‍ക്ക് വേണ്ടി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു ..അല്ലേലും മത്ത കുത്തിയാല്‍ കുമ്പളം മൊളയ്ക്കില്ല ..അത് കാലങ്ങളായി കുമ്പളത്തിന്റെ ശീലാ..

ഇതിനിടയ്ക്ക് വിശാലേട്ടന്‍ വന്നു ..എന്നെ ഗൂഗിള്‍  ബസ്സില്‍  കൈ പിടിച്ചു കയറ്റുക എന്ന പാതകം ബാക്കിയുള്ളവരോട് ചെയ്ത മഹാനുഭാവനാണ് അദ്ദേഹം ..എന്നിട്ട് അദ്ദേഹം ബസ്‌ ഉപേക്ഷിക്കുകയും ചെയ്തു ..അനുഭവിക്കെണ്ടതൊക്കെ എല്ലാവരും അനുഭവിച്ചല്ലോ അല്ലെ..?

നേരത്തെ ഹാജര്‍ വയ്ക്കാതിരുന്ന പലരും വരുന്നത് കണ്ടു എന്‍റെ ചങ്ക് കത്തി ..എന്നെക്കാള്‍ കത്തലുള്ളവര്‍ ഉണ്ടെന്നു മനസ്സിലായത്‌ ആള്‍ക്കാരുടെ എണ്ണമെടുത്തു വേണ്ടപ്പെട്ടവര്‍ ആരോ മരിച്ച വാര്‍ത്ത എന്നോട് പറയുന്നതുപോലെ വേദനിപ്പിക്കാതെ രഹസ്യമായി എന്നോട് വിവരം പറഞ്ഞ ഹരിയേം കുറുക്കനെയും ഐറിയെം കണ്ടപ്പോഴാണ് ..എന്നേക്കാള്‍ ആത്മാര്‍ഥത അവര്‍ക്ക് ഇക്കാര്യത്തില്‍ ഉള്ളതുകൊണ്ട് ഞൊടിയിടയില്‍ പിന്നേം ബിരിയാണി വന്നു ..
ബിരിയാണി തിന്ന എല്ലാ പഹയ്ന്മാരെയും കുത്തിനു പിടിച്ചു കാശ് വാങ്ങിയ പകല്കിനാവന്റെ സേവനം ഇവിടെ സ്മരിക്കുന്നു (ദുഷ്ടന്‍ സംഘാടകന്‍ ആയ എന്നോടുപോലും ഒരു പരിഗണന കാണിച്ചില്ല )

ബിരിയാണി കഴിഞ്ഞപ്പോള്‍ ആയിരുന്നു അര്മ്മാദം ശരിക്കും തുടങ്ങിയത് ..ഇവരൊക്കെ വിശന്നിട്ടു മിണ്ടാതിരിക്കുകയാണ് എന്ന് പറഞ്ഞാലല്ലേ അറിയൂ ..ഭക്ഷണം കഴിഞ്ഞപ്പോള്‍ എല്ലാവരും ഉഷാറായി ..പടോഗ്രാഫര്‍മാര്‍ പല പല ആംഗിളില്‍ ആളുകളെ പടത്തിലാക്കുന്ന ജോലിയില്‍ വ്യാപൃതരായി..അപ്പോഴാണ്‌ ഷാരുവും മുനീറും ഇമ്മിണി ബെല്യെ കേക്കുമായി വന്നത് ..
പിന്നെ അവരുടെ വിവാഹ വാര്‍ഷികത്തിന്റെ കേക്ക് മുറിക്കുന്ന കര്‍മ്മത്തില്‍ ഏര്‍പ്പെട്ടു ..ആരും ഇടപെട്ടു നിയന്ത്രം ഏറ്റെടുക്കാതിരിക്കാന്‍ വേണ്ടി ഞാന്‍ തന്നെയാണ് കിച്ചുത്തയുടെ സഹായത്തോടെ കേക്ക് പങ്കു വച്ചത് .എത്ര പങ്കു വയ്ച്ചാലും പകുതിയോളം ബാക്കി വരും എന്ന ചീത്തപ്പേര് എനിക്ക് പണ്ടേ ഉള്ളതാ ..അത് ഞാന്‍ ഇവിടെയും നിലനിര്‍ത്തി..ഇടയ്ക്കിടയ്ക്ക് സഹായിക്കണോ  എന്ന ചോദ്യവുമായി മുനീര്‍ വന്നെങ്കിലും അങ്ങനെ നമ്മടെ കേക്കില്‍ ഒരുത്തനെയും തൊടീക്കരുത് എന്ന് കിച്ചുത്തയുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നതുകൊണ്ട് ഞാന്‍ സമ്മതിച്ചില്ല.വിവാഹം രജിസ്റ്റര്‍ ചെയ്ത സ്ഥലം കാണാന്‍ പോകണം എന്ന മുനീറിന്റെ ഒരേ വാശി കണ്ടപ്പോള്‍ എനിക്ക് സഹതാപം തോന്നി ..ഓര്‍മ്മ ദിവസം ഒരു പൂ അവിടെ സമര്‍പ്പിക്കണം എന്ന ആഗ്രഹം ആയിരിക്കും പാവം ..

തമന്നു  - സജിത്ത് (പോസ്റ്റ്‌ മാന്‍ ) ടീമിന്‍റെ ഗാനമേളയായിരുന്നു അടുത്ത ഐറ്റം..എന്‍ പി റ്റി , നൗഷാദ്‌ ജി ഡി , ഐറിസ്‌ തുടങ്ങിയവര്‍ ക്യാമറ താഴെ വച്ച് മൈക്ക് കയ്യിലെടുത്തതോടെ  ശല്യമുണ്ടാക്കാതിരിക്കാന്‍ ഇവര്‍ക്കാരോ പിരിവിട്ടു ക്യാമറ വാങ്ങിക്കൊടുത്തതാണ് എന്ന എന്‍റെ സംശയം ബലപ്പെട്ടു ..അമ്മാതിരി സമുണ്ട് ആയിരുന്നു ..

തമന്നുവിന്റെ പള്ളിക്കെട്ട് കേട്ട് അപ്പുറത്തിരുന്ന സിറിയാനി അമ്മൂമ്മയുടെ ചെവിക്കല്ല് ഇളകി..കഠിന വേദനയോടെ അവര് ചോദിച്ചു മക്കളെ ഒന്ന് നിര്‍ത്തുമോ ..? ഹും ..ഒരുമാതിരി തമാശ നമുക്കിഷ്ടമല്ലല്ലോ..നമ്മള് നിര്‍ത്തീല്ല ..പിന്നെ അവര് കലിപ്പായി..നമ്മള് നമ്മുടെ മുന്നണിപ്പോരാളി അതുല്യാമ്മയെ ഇറക്കിവിട്ടു ..കമ്പ്ലെയിന്‍ എന്നോ കൊമ്ബ്ലാന്‍ എന്നോ അതുല്യാമ്മ പറയുന്നത് എന്തൊക്കെയോ ഞാന്‍ കേട്ട് ..അഭിലാഷങ്ങള് ഓടണോ കുന്നിന്റെ മുകളില്‍ നിന്ന് എടുത്തു ചാടണോ എന്നറിയാതെ പകച്ചു നില്‍ക്കുന്നുണ്ടായിരുന്നു ..പിന്നെ നോക്കിയപ്പോള്‍ അന്യായ സ്പീഡില്‍  വിരിപ്പില്‍ ഇരുന്നവരെ  തട്ടിയെറിഞ്ഞു കിച്ചുത്താ ഷീറ്റ് മടക്കുന്ന രംഗമാണ് കണ്ടത് ..ഹല്ലാ പിന്നെ ..നമ്മളോടാ കളി..നമ്മള് പിന്നേം അപ്പുറത്ത് വിരിച്ചു .

പഴമ്പൊരിയും ചായയും കൊണ്ടുവരാന്‍ പോയ കുറുക്കനെയും ഹരിയേം കാണാനില്ല എന്നത് ആശങ്ക ഉണ്ടാക്കി ..ബിരിയാണി തിന്നിട്ടു ഏതാണ്ട് ഒന്നര മണിക്കൂര്‍ ആയി ..ലവനോക്കെ അത്രേം ഗ്യാപ്‌ മതി ..ആ സമയം കൊണ്ട് പോയി പൊറോട്ടയും ഇറച്ചിയും തിന്നുകളയും ..കാത്തിരിപ്പിനൊടുവില്‍ അവന്മാര് വന്നെത്തി ..

ഫുട്ബോള്‍ ലോകകപ്പിന് വക്കാ വക്കാ എന്ന തീം സോംഗ് പോലെ ലാസ്റ്റ്‌ ബസ്‌ മീറ്റിന്റെ തീം സോംഗ് ആയ ണക്ക ണക്ക ണ അപ്പോഴാണ്‌ ശ്രീമാന്‍ തമന്നു റിലീസ്‌ ചെയ്തത് ..കേട്ടിട്ട് മീറ്റിലെ അവശേഷിക്കുന്ന സകലരും ഹര്‍ഷ പുളകിതരായി ..അങ്ങനെ പഴമ്പൊരിയും ചായയും  കഴിഞ്ഞല്ലോ ഇനിയൊന്നും ഇല്ലല്ലോ എന്ന ആത്മഗതത്തോടെ പലരും പോകാനിറങ്ങി ..സുല്ലിക്ക ഗാനാലാപനത്തിലേക്ക് കടന്നതോടെ കുടുംബത്ത് പോയിട്ട് യാതൊരു തിരക്കും ഇല്ലാത്തവര് പോലും ചാടി എഴുന്നേറ്റ്‌ യാത്ര പറഞ്ഞു ..അല്‍പ്പനേരം കൂടെ എല്ലാം സഹിച്ചു കത്തിവച്ചിരുന്നു ഞങ്ങളെല്ലാം ഇറങ്ങി ..പുള്ളിപ്പുലിയുടെ ശകടത്തില്‍ നട്സിനേം തള്ളിക്കയറ്റി  ഇനി ബസ്‌ മീറ്റ് അല്ലാതെ മറ്റേതെങ്കിലും മീറ്റിനു കാണാം എന്ന പ്രതീക്ഷയോടെ കുടുംബത്തെക്ക് യാത്രയായി..

GOOD BYE GOOGLE BUZZ..WE R GONA MISS U...

വാല്‍ക്കഷണം : ഇതിലെ ഉള്ളടക്കം തമാശക്ക് വേണ്ടി മാത്രമാണ് ..ഇത് ആരെ എങ്കിലും വേദനിപ്പിച്ചു എങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി...