Wednesday, July 28, 2010

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ

ലോകത്ത്‌ മഹാത്ഭുതങ്ങള്‍ സംഭവിക്കുമ്പോള്‍ പേമാരി പെയ്യുകയും കൊടുംകാറ്റ് വീശുകയും ചെയ്യും....പ്രളയവും ഇടിവെട്ടും ഉണ്ടാകും......

പുരാണത്തില്‍ യേശുക്രിസ്തു, ശ്രീകൃഷ്ണന്‍ എന്നിവര്‍ ജനിച്ചപ്പോള്‍ അങ്ങിനെ സംഭവിച്ചു എന്ന് ഇന്നലെയുംകൂടി സീരിയലില്‍ കണ്ടതെ ഉള്ളൂ.......

അല്ലെങ്കിലും തീവ്രവാദം , വര്ഗ്ഗീയത എന്നൊക്കെ പറഞ്ഞു തമ്മിലടിക്കുന്ന ജനങ്ങള്‍ മലയാളം സീരിയല്‍ കണ്ട് പഠിക്കണം...

.എല്ലാ മതത്തില്പെട്ട ദൈവങ്ങളുടെ ഒരു സംസ്ഥാന സമ്മേളനമാണ് അവിടെ നടക്കുന്നത്....എല്ലാവരും തോളില്‍ കയ്യിട്ടു ഒറ്റക്കെട്ടായിനിന്ന് പൊതുശത്രുവിനെതിരെ പോരാടുന്നു....തിരക്കഥാകൃത്ത് എന്ന മഹാനെ വല്ല പത്മഭൂഷണ്‍ ഒക്കെ കൊടുത്ത് ആദരിക്കണം....

യേശുവും മുഹമ്മദും കൃഷ്ണനും ഒരേ അഗനവആടിയില്‍ ഒരേ മഞ്ഞ ഉപ്പുമാവ് കഴിച്ച് ഒരുമിച്ചു പഠിച്ചവരാണ് എന്നുവരെ ഇവര്‍ പറഞ്ഞുകളയും......

റിയാലിറ്റി ഷോ എന്ന ഭീഷണി നേരിടാന്‍ നിങ്ങളൊക്കെ ഒന്നിച്ചു നിന്നേ പറ്റൂ എന്ന് ദൈവങ്ങള്ക്കും ഇവര്‍ പറഞ്ഞുകൊടുതിട്ടുണ്ടാകും......

മധുര മനോജ്ഞ കേരളം......

ഇതൊക്കെ സത്യമാണോ എന്ന് സാക്ഷ്യം പറയാന്‍ തല്ക്കാലം ഇവരൊന്നും നേരിട്ട് വരാത്തത് ഭാഗ്യം...ഇല്ലെങ്കില്‍ നമ്മുടെ അന്തോണീസ്‌ പുണ്യാളന്‍ കുന്തമെടുത്ത്‌ കുത്തുന്നത് ഈ മെഗാ സീരിയല്‍ കഥാക്രിതിനെയാവും......

ഇതൊക്കെ കണ്ടു കുരിശുവരയ്ക്കാനും നാമം ചൊല്ലാനും മലയാളികള്‍ തയ്യാറായിരിക്കുന്നിടത്തോളം ഇവര്ക്കൊംന്നും അരി വാങ്ങാന്‍ ഒരു ബുദ്ധിമുട്ടും വരില്ല.

പറഞ്ഞു വന്നത് അതല്ല .......
.
ഞങ്ങളുടെ റിസല്ട്ട്ത വന്ന ദിവസവും അതുപോലെ എന്തൊക്കെയോ സംഭവിച്ചു ......
ഇടിവെട്ടിയത് ഞങ്ങളുടെ ഹൃദയത്തില്‍ ആയിരുന്നു....

എന്നും ഔട്സൈടെഴ്സ് ആയിരുന്ന ഞങ്ങള്‍ പാസായി .....
ക്ലാസിലിരുന്നു പുസ്തകം രാവുകയും ലാബില്‍ പുലിക്കുട്ടികള്‍ പോലെ ഓടി നടക്കുകയും ചെയ്ത പല അവന്മാരും തോറ്റു.....
അവിടെ കണ്ണുനീരിന്റെ പ്രളയം......

ഈ ബുദ്ധി ബുദ്ധി എന്നുപറയുന്നത് സംഗീതം പോലെ ജന്മസിദ്ധമായ ഒരു വാസന ആണെന്ന് ഞങ്ങള്‍ പണ്ടേ പറയുന്നതാണ്.......ആരു കേള്ക്കാന്‍...

അവര്‍ തോറ്റതില്‍ അല്ല ഞങ്ങള്‍ ജയിച്ചതില്‍ ആണ് ഏറ്റവും സങ്കടം ഉണ്ടായത്‌ എന്ന് അതിലോരുത്തന്‍ എന്നോട് നേരിട്ട് പറയുകയും ചെയ്തു....

വെറുത അല്ല ഇവനൊക്കെ തോറ്റു പോകുന്നത് .....
ഇതല്ലേ മനസ്സിലിരുപ്പ്....

അമ്പലങ്ങളില്‍ ഞങ്ങള്‍ കയറിയിറങ്ങുന്നത് വായില്നോക്കാനാണെന്ന് അപവാദം പറഞ്ഞവര്ക്ക്പ ദൈവം തമ്പുരാന്‍ നേരിട്ട് കൊടുത്ത ശിക്ഷ എന്നേ ഇതിനെപ്പറ്റി പറയാനുള്ളൂ ...

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്നൊരു പത്രപരസ്യം കൊടുക്കണം എന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല.....

എല്ലാ ദൈവങ്ങളും ദിവസം തുടങ്ങുന്നത് കട്ടന്ചായയും കുടിച്ച്‌ നാല് പത്രവും വയിച്ചുകൊണ്ടാണ് എന്നുള്ളതുകൊണ്ട് ഈ പരസ്യങ്ങള്‍ എല്ലാം അവര്‍ വരവ് വയ്ക്കുന്നുണ്ടാകും......

ധനകാര്യമന്ത്രി എന്നും നമ്മുടെ ബജറ്റ് കമ്മിയാക്കി വച്ചിരിക്കുന്നതുകൊണ്ട് കടം വാങ്ങി ഒപ്പിച്ച ചില്ലറകൊണ്ട് ഹാന്സ് വാങ്ങി ബാക്കി തുക ഭണ്ടാരത്തിലും നേര്ച്ച്പ്പെട്ടിയിലും ഇട്ടു ഞങ്ങള്‍ നന്ദി പ്രകടിപ്പിച്ചു ...

അതു തന്നെ സകലമാന ദൈവങ്ങളെയും ഞെട്ടിച്ചിട്ടുണ്ടാകും....

കയ്യാലപ്പുറത്തെ തേങ്ങപോലെ കാറ്റത്ത് അകത്തേക്ക്‌ ഉരുണ്ട് വീണതുകൊണ്ട് ക്യാമ്പസ്‌

ഇന്റര്‍വ്യുകള്ക്ക് ഒന്നും ഞങ്ങള്‍ പരിഗണിക്കപ്പെട്ടില്ല.....

ഇവന്മാരൊന്നും അങ്ങനെ നന്നാവേണ്ട എന്ന് ടീച്ചര്മാര്‍ തീരുമാനിച്ചു......
ഞങ്ങളത് പണ്ടേ തീരുമാനിച്ചതാ....

നാലാളെക്കൊണ്ട് നല്ലത് പറയിപ്പിക്കാന്‍ ആര്ക്കും പറ്റും...പക്ഷെ വെടക്ക് എന്ന് പറയിപ്പിക്കാന്‍ ഇത്തിരി റിസ്ക്‌ ഉണ്ട്.....ഞങ്ങളാ റിസ്ക്‌ ഏറ്റെടുത്തു....

അല്ലെങ്കിലും ബൂര്ഷ്വാ കുത്തക മുതലാളിമാരുടെ കീഴില്‍ അടിമപ്പണി ചെയ്യാന്‍ ഞങ്ങളുടെ പട്ടി പോകും......പട്ടി കേള്ക്കേണ്ട......അത് പോലും പൊറുക്കില്ല...ഞങ്ങളുടെയല്ലേ പട്ടിയും......

സ്വന്തമായി ഒരു ബിസിനെസ്സ്‌ സാമ്രാജ്യം അതായിരുന്നു ഞങ്ങളുടെ സ്വപ്നം...
ഒരു ഒന്നൊന്നര സ്വപ്നമായി നിങ്ങള്ക്ക് തോന്നാമെങ്കിലും ഞങ്ങളുടെ കഴിവില്‍ ഞങ്ങള്ക്കുതന്നെ ഭയങ്കര വിശ്വാസമായിരുന്നു.....

വിശ്വാസം അതല്ലേ എല്ലാം.....

ഞങ്ങള്‍ ഓരോരുത്തരും ടാറ്റയും ബിര്ളയും ആകുന്നതു ഞങ്ങള്‍ സ്വപ്നം കണ്ടു ...

ഇന്നായിരുന്നെങ്കില്‍ സാക്ഷാല്‍ വിജയ്‌ മല്ല്യ ആകുമായിരുന്നു ഞങ്ങളുടെ റോള്‍ മോഡല്‍ .....
കാഷ്‌ ഉണ്ടായാല്‍ പോര അത് ചുമ്മാ ബാങ്കില്‍ കൂട്ടിവയ്ക്കാതെ അത് കൊണ്ട് അര്മമാദിക്കുകയും വേണം എന്ന ഞങ്ങളുടെ പോളിസിക്ക് പറ്റിയ കക്ഷിയാണ് മൂപ്പര്‍........

പിന്നെ ജനത്തിന്‌ ഏറ്റവും അത്യാവശ്യമുള്ള നിത്യോപയോഗസാധനങ്ങള്‍ നിര്മ്മി ച്ച്‌ വിതരണം ചെയ്തുകൊണ്ട് ഒരു സാമൂഹ്യ സേവനമല്ലേ മൂപ്പര് നടത്തുന്നത് .....

ഈ വയസ്സുകാലത്തും എന്താ ഒരു ശുഷ്കാന്തി........

അങ്ങിനെ ഞങ്ങള്‍ പിച്ചവെച്ചു പയറ്റിത്തെളിഞ്ഞ തൃപ്രയാറിന്റെ ഏതാണ്ടു കിഡ്നി ഭാഗത്തായി ഞങ്ങളുടെ സ്ഥാപനം തുടങ്ങി ...

ഹൃദയഭാഗമോക്കെ പണ്ടേ വേറെ ആണുങ്ങള്‍ കൈയടക്കിയിരുന്നു.....

കിഡ്നി എങ്കില്‍ കിഡ്നി.......നല്ല വിലയുള്ളതും കിട്ടാനില്ലാത്തതുമായ ഒരു സംഗതിയാണല്ലോ അതും.....

ഞങ്ങളുടെ ഓഫീസ് അത് വരെയുള്ള എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ചു.....

ചെറിയ റിസപ്ഷനും കര്ട്ടയന്‍ ഇട്ടു മറച്ച വലിയ ഗ്രീന്‍ റൂമും.....

ചെറിയ മേശയും കുന്നുകൂടാന്‍ പോകുന്ന പണം സൂക്ഷിക്കാന്‍ വലിയ സേഫും ......

കൂടുതല്‍ ബുദ്ധിമുട്ടുള്ള ജോലികളായ ഫുഡ്‌ അടി , ഉറക്കം , സ്മാള്‍ അടി തുടങ്ങിയവക്ക് കൂടുതല്‍ സ്ഥലം ആവശ്യമുള്ളതുകൊണ്ട് ഗ്രീന്‍ റൂം വലുത് വേണം എന്ന കാര്യത്തില്‍ ഞങ്ങള്ക്ക് എകാഭിപ്രായമായിരുന്നു.......

ഓസിനു കിട്ടിയ പല പെയിന്റ് മിക്സ്‌ ചെയ്തു ഞങ്ങള്‍ രൂപപ്പെടുത്തിയ ഒരു പുതിയ കളര്‍ ഞങ്ങള്‍ തന്നെ വാരിവലിച്ചു ചുമരിലടിച്ചു.....ലോകത്ത്‌ ഒരു കമ്പ്യുട്ടെരിനും ആ പാറ്റേന്‍ ഉണ്ടാക്കാനാവില്ല.....

പിന്നെ സ്വന്തമായി ഒരു കമ്പ്യൂട്ടര്‍....

അതും സി ഡി ഇട്ടു കാണാന്‍ പറ്റുന്നത്....

കുറ്റം പറയരുതല്ലോ ..ലോക ക്ലാസ്സിക്‌ സിനുമകള്‍ എന്ന് കേട്ടിട്ടുണ്ടായിരുന്നതല്ലാതെ ഇതിനുമാത്രം പടങ്ങള്‍ ഈ ലോകത്ത്‌ ഇറങ്ങിയിട്ടുണ്ട് എന്ന് മനസ്സിലായത്‌ അന്നാണ്......

മാര്ക്കറ്റിംഗ് , കമ്പ്യൂട്ടര്‍ ഹാര്‌്വെയര്‍,ഡി.ടി.പി. തുടങ്ങിയ പല അഭ്യാസങ്ങളും ആരംഭ കാലത്ത്‌ ഞങ്ങള്‍ അവിടെ പൊതു ജനങ്ങള്ക്കായി കാഴ്ചവെച്ചു.....

ഞങ്ങളുടെ മാര്ക്കറ്റിംഗ് ശാഘ മാത്രം വളര്ന്നു ശ്രീരാമ പോളി , നാട്ടിക എസ് എന്‍ , അഥീന കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പടര്ന്നു പന്തലിച്ചു വലിയ മരമായി ആഴത്തില്‍ വേരിറങ്ങി ...

ഏതെങ്കിലും കുട്ടികള്‍ ക്ലാസ്സില്‍ വരാതിരുന്നാല്‍ അടുത്ത കൂട്ടുകാരികള്‍ അറിയുന്നതിനുമുന്പേ ഞങ്ങള്‍ അറിയുന്ന ഒരു സ്ഥിതിവിശേഷം വന്നു ചേര്ന്നു .....മാര്ക്കറ്റിങ്ങിന്റെ ഒരു സാധ്യതകള്‍...

സമയക്രമം പാലിക്കാത്ത ബസ്സുകാര്‍ യാത്രക്കാരെ കൃത്യ സമയത്ത് എത്തിക്കാത്തതുകൊണ്ട് വിവിധ ജങ്ക്ഷന്ക‍ളിലെ ഞങ്ങളുടെ അപ്പോയിന്റ്മെന്റ് ക്ലാഷ് ആവാന്‍ തുടങ്ങി....

ഞങ്ങളുടെ പല ക്ലൈന്റ്സും പിറ്റേന്ന് കാണുമ്പോള്‍ മുഖം വീര്പ്പിച്ചു നടക്കാനും അത് ഒത്തുതീര്പ്പാ്ക്കാന്‍ വേണ്ടി പല ഐസ്ക്രീം പാര്‍ലറുകളിലും വച്ച് ബിസിനെസ്സ്‌ മീറ്റിങ്ങുകള്‍ നടത്താനും നിര്ബന്ധിതരായി........

ഇങ്ങനെ പോയാല്‍ കമ്പനി നഷ്ടതിലാവും എന്ന് തിരച്ചറിഞ്ഞ ഞങ്ങള്‍ സുഹൃത്തുക്കളായ ചില വിദ്യാര്ത്ഥി കളെക്കൊണ്ട് ഈ ബസ്സുകാര്ക്കെതിരെ സമരം നടത്താന്‍ ചില ഗൂഡാലോചന നടത്തി എങ്കിലും ഇക്കാര്യത്തില്‍ ഞങ്ങളുടെ അത്ര ശുഷ്കാന്തി അവന്മാര്ക്ക് ഇല്ലാത്തത് കൊണ്ട് ഒന്നും നടന്നില്ല...

ഇതിനിടക്ക് ചെമ്മാപ്പിള്ളി ഷാപ്പിലെ ആണോ കുറുക്കന്തര ഷാപ്പിലെ ആണോ കള്ള് നല്ലത് എന്ന ഞങ്ങളുടെ തര്ക്കം ഒരു തീരുമാനമാകാതെ നീണ്ടു പോയി ....

എങ്കിലും എല്ലാ ദിവസവും ഈ രണ്ടു സ്ഥലത്തും പോയി സാമ്പിള്‍ ടെസ്റ്റ്‌ നടത്താന്‍ ഈ തിരക്കിനിടയിലും ഞങ്ങള്‍ സമയം കണ്ടെത്തി .....എന്നെങ്കിലും യാഥാര്ത്ഥ്യം ഞങ്ങള്‍ കണ്ടുപിടിക്കും എന്ന വാശി.....

അങ്ങിനെ എല്ലാ കോളേജിലെ വിദ്യാര്ത്ഥിതകളെയും ക്ലാസ്സില്‍ കൊണ്ട് ചെന്ന് എത്തിച്ചു കഴിഞ്ഞാല്‍ ഞങ്ങള്‍ ഫ്രീ ആകുമായിരുന്നു...

പിന്നെ ഞങ്ങളുടെ പഴയ സഹപാടി ഇക്ക കണ്ടക്ടറായ മിഷ ബസ്സില്‍ കിളികളായി സൌജന്യ സേവനം അനുഷ്ഠിക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു....മുന്നിലും പിന്നിലും രണ്ടു വീതം കിളികള്‍.....

കണ്ടക്ടര്‍ ആവാനും ഞങ്ങള്‍ റെഡി ആയിരുന്നെങ്കിലും സ്വന്തം കഞ്ഞിയില്‍ കൂടുതല്‍ മണ്ണ് ഇടുവാന്‍ അവന് ആഗ്രഹാമില്ലാതതുകൊണ്ട് സമ്മതിച്ചില്ല ....

ഞങ്ങളാവട്ടെ സിംഗിളിനു പകരം ഡബ്ബിള്ഉം ഡബ്ബിളിനുപകരം ത്രിബിളും അടിച്ചു ഡ്രൈവര്‍ മോഹനേട്ടന്റെ ബുദ്ധി തെറ്റിക്കുകയും ചെയ്തു.....

അവസാനം യാത്രക്കര്ക്കൊപ്പം ഞങ്ങളും കൂടി ബസ്സില്‍ കയറിയോ എന്ന് ഉറപ്പുവരുത്തേണ്ട ചുമതല കൂടി അവന്റെ തലയിലായത്തോടെ അവന്റെ ഇക്ക മനോഭാവം മാറി മൂത്താപ്പയുടെതായി.....

സിംഗിള്‍ അടിച്ചു വണ്ടി നിര്തി ഞങ്ങളെ വഴിയില്‍ ഇറക്കി ആ ദുഷ്ടന്‍ ഡബ്ബിള്‍ അടിച്ചു വണ്ടി വിടുകയും ചെയ്തു.....അതോടെ വെറുതെ കിട്ടിക്കൊണ്ടിരുന്ന നാരങ്ങാവെള്ളവും ഉള്ളിവടയും നഷ്ടമായി .....

അന്യം നിന്നുകൊണ്ടിരിക്കുന്ന ഗ്രാമീണ കലകളെ പരിപോഷിപ്പിക്കാന്‍ ഞങ്ങളൊരു പദ്ധതി തയ്യാറാക്കി .....
വൈകുന്നേരങ്ങളില്‍ നാടന്‍ പാട്ടുകള്‍ അഭ്യസിക്കുക എന്നതായിരുന്നു അത്......

ഞങ്ങളോട് ഐക്യദാര്ഢ്യം പ്രഘ്യാപിച്ചുകൊണ്ട് വൈകുന്നേരം കുടുംബത്ത് ചെല്ലണം എന്ന് നിര്ബയന്ധമില്ലാത്ത കൂടുതല്‍ സുഹൃത്തുക്കളും രംഗത്തുവന്നു......ആളുകള്‍ കൂടുംതോറും ഷെയര്‍ കുറച്ചിട്ടാല്‍ മതിയല്ലോ....

ഇതിലൊക്കെ അസൂയമൂത്ത ഞങ്ങളുടെ അടുത്ത സ്പെയര്‍ പാര്ട്ട് ‌ കടക്കാരന്‍ ഞങ്ങള്‍ വൈകുന്നേരം മദ്യപിച്ചു ബഹളമുണ്ടാക്കുന്നു എന്ന് ബില്ഡിംഗ് ഓണരോട് പരാതിപ്പെട്ടു.......

കലാബോധമില്ലാത്ത ഓണര്‍ ലാസ്റ്റ്‌ വാണിങ്ങും തന്നു....

പ്രത്യുപകാരമായി പരാതിക്കാരന്റെ കടയിലെക്കുള്ള വാട്ടെര്ലൈംനില്‍ മരത്തിന്റെയ ആപ്പ് അടിച്ചുകയറ്റി അവന്റെ ജീവിതകാലം മുഴുവനുള്ള വെള്ളം കുടി ഞങ്ങള്‍ മുട്ടിച്ചു .......

പിന്നെ അവിടത്തെ പാര്ട്സ് മുഴുവന്‍ ഡ്യൂപ്ലിക്കേറ്റ്‌ ആണെന്ന് നാട് മുഴുവന്‍ പറഞ്ഞുപരത്തി.....

രണ്ടു ഫുള്ളും കൊണ്ട് ഞങ്ങളെ വിലക്ക് വാങ്ങാന്‍ വന്ന അവനെ എല്ലാം കോമ്പ്രമൈസ് ആയെന്നുപറഞ്ഞു ആശ്വസിപ്പിച്ചു.....

പിന്നെ സത്യം മൂടിവെക്കാന്‍ അവന്‍ ഞങ്ങള്ക്ക് ഫുള്ള് വാങ്ങി തന്ന കഥ കൂടി ചേര്ത്ത് വീശിയപ്പോള്‍ അവന്‍ കച്ചോടം നിര്ത്തി കടയും പൂട്ടി ദുബായ്ക്ക് നാടുവിട്ടു......


മാസങ്ങള്ക്ക് ശേഷം ഞങ്ങള്ക്ക് ഓഫീസ് ഒഴിയാനുള്ള നോട്ടീസ്‌ വന്നു...

പുതിയ ബില്ഡിംഗ് ഓണറിനെ അന്വേഷിച്ചുചെന്ന ഞങ്ങള്ക്ക് മുന്പില്‍ പഴയ സ്പെയര്പാ‍ര്ട്സ് കടക്കാരന്‍....ദുബായില്‍ നിന്നും വന്ന അവന്‍ ചെയ്ത ആദ്യത്തെ കാര്യം ആ ബില്ഡിംഗ് വാങ്ങുകയായിരുന്നു....

ഞങ്ങള്‍ മൂലമാണ് ഗതി പിടിച്ചത് എന്ന് പോലും ഓര്ക്കാതെ ആ ദുഷ്ടന്‍ നിഷ്കരുണം ഞങ്ങളെ പുറത്താക്കി....

ഇന്നത്തെ കാലത്ത്‌ ഒരുത്തനും നന്നാവാന്‍ നമ്മള്‍ വഴിയോരുക്കരുത്...

അവന്‍ കാലന്പാമ്പായി വന്നു നമ്മളെ തന്നെ കടിക്കും....

ഇതാണോ ഈശ്വരാ ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ....????

Monday, July 19, 2010

പാടൂരിലെ പഠനകാലം

പരീക്ഷയുടെ ടൈംടേബിള്‍ വന്നപ്പോഴാണു സിലബസ്‌ എന്ന പേരില്‍ ഒരു ബസ്സുണ്ടെന്നും അതില്‍ കയറിയാണു പരീക്ഷാപേപ്പര്‍ വരുന്നത്‌ എന്നും നമ്മള്‍ക്ക്‌ മനസ്സിലായത്‌.

മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ മലര്‍ന്നു കിടന്നവര്‍ക്ക്‌ പെട്ടെന്നൊരാശ....പരീക്ഷ പാസാവണം....ഒരു ചാക്കില്‍ ലൈബ്രറി പുസ്തകങ്ങളും മണ്ണെണ്ണ സ്റ്റവും ചട്ടിയുമെടുത്ത്‌ പാടൂര്‍ക്ക്‌ ബസ്‌ കയറി..എന്തിനാ..കമ്പയിണ്റ്റ്‌ സ്റ്റഡിക്ക്‌...

പാടൂറ്‍..ഇനിയും വരാത്ത പാലവും കാത്തിരിക്കുന്ന നാട്ടുകാരും പാലം ഒരിക്കലും വരല്ലേ എന്നു പ്രാര്‍ത്ഥിക്കുന്ന കടത്ത്കാരനും ഞങ്ങള്‍ ക്രിത്യമായി വാടക കൊടുക്കും എന്ന് പ്രതീക്ഷിക്കുന്ന ഹൌസ്‌ ഓണറുമുള്ള നാട്‌...

അഡ്വാന്‍സ്‌ വയ്ക്കാന്‍ പറഞ്ഞ അവിടത്തെ കടക്കാര്‍ക്ക്‌ മുന്‍പില്‍ ഞങ്ങള്‍ വിലപ്പെട്ട ആ സാധനം എടുത്ത്‌ വീശി....പറ്റ്‌ പുസ്തകം....

മാങ്ങാ ചമ്മന്തിയാണു ലോകത്ത്‌ ഏറ്റവും രുചിയുള്ള സംഗതിയെന്നും മണ്ടരി ബാധിച്ചാലും ഇല്ലെങ്കിലും ആ പറമ്പിലെ തേങ്ങക്ക്‌ മൂന്ന് രൂപയേ വിലയുള്ളൂ എന്നും നമ്മള്‍ കണ്ടു പിടിച്ചു.

നമ്മള്‍ വാടക കൊടുത്താലും ഇല്ലെങ്കിലും നമ്മള്‍ താമസിക്കുന്ന ഭൂമിയുടെ എല്ലാ അവകാശവും നമ്മള്‍ക്കുണ്ടെന്നു വൈക്കം മുഹമ്മദ്‌ ബഷീര്‍ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്‌...അവിടത്തെ തേങ്ങ വിറ്റ്‌ കിട്ടിയ കാശുകൊണ്ട്‌ ഞങ്ങള്‍ പോസ്റ്റ്‌ ഓഫീസില്‍ ഒരു എസ്‌ ബി അക്കൌണ്ട്‌ തുടങ്ങി...അവിടന്നു താമസം മാറിയാലും ജീവിക്കണമല്ലോ...

ആ ഗ്രാമത്തിലെ എല്ലാ വിവാഹങ്ങളിലും ചെറുക്കണ്റ്റെ കൂട്ടരായോ പെണ്‍വീട്ടുകാരായോ രണ്ടായിപകുത്ത്‌ ഇവറ്‍ രണ്ട്‌ കൂട്ടരുമായോ ഞങ്ങള്‍ അവതരിച്ചു..

ഒരു അടിയന്തിര സദ്യക്ക്‌ ഞങ്ങളിലൊരുത്തന്‍ വാച്ച്‌ നോക്കി കുടുംബത്തെ പ്രധാന കാരണവരോട്‌ ചെറുക്കണ്റ്റെ കൂട്ടരെ ഇത്‌ വരെ കണ്ടില്ലല്ലോ എന്ന് അക്ഷമയോടെ ചോദിച്ചത്‌ അദ്ദേഹം പൊറുത്തു എങ്കിലും പപ്പടം വിളമ്പിയില്ല എന്ന് പരാതി പറഞ്ഞപ്പോള്‍ അദ്ദേഹം ജുബ്ബയുടെ കൈകള്‍ തെരുത്തു കയറ്റി..

കൈ കഴുകാന്‍പോലും നില്‍ക്കാതെ ഓടുന്നതിടയില്‍ അടിയന്തിരത്തിനു പപ്പടമുണ്ടാവില്ലെന്ന വിലപ്പെട്ട ജീവിത പാഠം ഞങ്ങള്‍ സ്വായത്തമാക്കി...

അന്നോടിയ ഓട്ടം തോപ്പ്‌ സ്റ്റേഡിയത്തില്‍ ഓടുകയായിരുന്നെങ്കില്‍ സംസ്ത്ഥാന പോളിടെക്നിക്ക്‌ കായിക മേളയില്‍ കുറഞ്ഞ പക്ഷം റിലേയ്ക്കെങ്കിലും സമ്മാനം പുറത്തു കൊടുക്കേണ്ടി വരില്ലായിരുന്നു....

Saturday, July 17, 2010

പോളിടെക്നിക്കിലെ ടെക്നിക്കുകള്‍

ഇമ്മിണി പഴയ കഥയാണിത്‌....

നാഷനല്‍ ഹൈവേയുടെ ഇരുവശത്തുമുള്ള തട്ടുകടകള്‍ പോലെ എണ്‍ജിനീയറിംഗ്‌ കോളേജുകളും തോമസ്‌ മാഷിണ്റ്റെ എണ്റ്റ്രന്‍സ്‌ റ്റൂഷ്യന്‍ ഫീസ്‌ താങ്ങാന്‍ കുടുംബത്തിനു ശേഷിയും ഇല്ലാതിരുന്ന കാലം...

എന്തിനു മൊബൈല്‍ ഫോണ്‍ പോലും കേരള ജനത കണ്ടിട്ടില്ലാത്ത കാലഘട്ടം...

നാട്ടിക എസ്‌ എന്‍ കോളേജിലെ സംഭവബഹുലമായ പ്രീഡിഗ്രിക്കു ശേഷം എന്ത്‌ എന്ന ചോദ്യത്തിനു ജോലിയില്ലാതെ തെണ്ടിത്തിരിഞ്ഞു നടക്കുന്ന ഡിഗ്രിക്കാറ്‍ ഉത്തരം തന്നു...

പാവങ്ങളുടെ ( അല്‍പ്പം ഓര്‍മ്മശക്തി കുറഞ്ഞവരുടെയും) എണ്‍ജിനീയറിംഗ്‌ ആയ പോളിടെക്നിക്‌ ഡിപ്ളോമ.
ബുദ്ധിയല്ല ഓര്‍മ്മശക്തിയാണു എണ്റ്റ്രന്‍സ്‌ പരീക്ഷകളില്‍ അളക്കുന്നത്‌ എന്ന ഞങ്ങളുടെ വാദം മുട്ട വിരിഞ്ഞാണു കോഴി ഉണ്ടായത്‌ എന്ന വാദം പോലെ ഉറച്ചതാണു.
അല്ലെങ്കില്‍ ഞങ്ങളെന്നേ എണ്‍ജിനീയര്‍മാരായേനെ.

അസയ്ന്‍മെണ്റ്റും റെക്കോര്‍ഡും എഴുതിക്കാന്‍ ജൂനിയേഴ്സിനു പിന്നാലെയും സെക്ഷന്‍ മാര്‍ക്കിനു വേണ്ടി ടീച്ചര്‍മാരോടും ടിക്കറ്റിനായി നൂണ്‍ഷോ കാണാന്‍ വരുന്നവരോടും മല്ലടിച്ച മൂന്ന് വര്‍ഷങ്ങള്‍..
ഈ സമയത്തൊരിക്കലും പഠനം ഒരു തലവേദനയായി മാറാതിരിക്കാന്‍ ഞങ്ങള്‍ ആ ഭാഗത്തേക്കു തിരിഞ്ഞ്‌ നോക്കിയില്ല....

പുതിയ അഡ്മിഷനും ചാന്‍സ്‌ ഇണ്റ്റര്‍വ്യുവും നടക്കുന്നതിണ്റ്റെ തലേ ദിവസം മാത്രം ഞങ്ങള്‍ ലൈബ്രറിയിലേക്ക്‌ ഇരച്ച്‌ കയറും..കിട്ടാവുന്നതില്‍ ഏറ്റവും വലിയ രണ്ട്‌ പുസ്തകങ്ങള്‍ സംഘടിപ്പിക്കും.തണ്റ്റെ കുട്ടിക്ക്‌ അവസരം കിട്ടുമോ എന്ന് ആകാംഷയോടെ നില്‍ക്കുന്ന രക്ഷാകര്‍ത്താക്കളുടെയും സംഘര്‍ഷത്തോടെ നില്‍ക്കുന്ന കുട്ടികളുടെയും മുന്‍പിലൂടെ ആദ്യമായി ഫുള്‍ യൂണിഫോമില്‍ വന്ന് ഉലാത്തും... ഞങ്ങളെ ഉറ്റ്‌ നോക്കുന്ന അവരുടെ കണ്ണില്‍ ആദരവ്‌..... കൈകളിലെ പുസ്തകങ്ങള്‍ കണ്ട്‌ അമ്പരപ്പ്‌.. ഞങ്ങളെ കാണുന്ന ടീച്ചര്‍മാര്‍ ഞങ്ങളുടെ യൂണിഫോമിലേക്കും പുസ്തകത്തിലേക്കും നോക്കി സ്വയം നുള്ളി സംശയനിവാരണം നടത്തുന്നു....


താന്‍പാതി ദൈവം പാതി എന്ന ചൊല്ലില്‍ ഞങ്ങള്‍ക്ക്‌ അങ്ങേയറ്റം വിശ്വാസമുണ്ടായിരുന്നു.അതുകൊണ്ട്‌ തന്നെ എന്നും രാവിലെ നവഗ്രഹ ക്ഷേത്രത്തിലെത്തി മനമുരുകി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.ഞങ്ങള്‍ കോപ്പറേറ്റിവിലെയും വിമലയിലെയും പെണ്ണുങ്ങളെ വായില്‍ നോക്കാന്‍ നില്‍ക്കുകയായിരുന്നു എന്ന് അസൂയാലുക്കള്‍ പറഞ്ഞേക്കാം.പാറമേക്കാവ്‌ ക്ഷേത്രത്തില്‍ പോകുന്നതിനെപ്പറ്റിയും സ്വപ്ന ബസ്സ്റ്റോപ്പില്‍ വെറുതെ ഉപ്പുസോഡ കുടിക്കാന്‍ നില്‍ക്കുന്നതിനെപ്പറ്റിയും അപവാദ കഥകളുണ്ടാക്കുന്നത്‌ ഈ അസൂയാലുക്കളാണു.ഇതിനെല്ലാമടുത്ത്‌ സെണ്റ്റ്‌ മേരീസും മോഡല്‍ ഗേള്‍സും ഒക്കെ ഉള്ളത്‌ ഞങ്ങളുടെ കുറ്റമാണോ.????.


വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ നിരന്തരം സമരത്തിലായിരുന്നു.. ഇലക്ടിക്കലിലെ ചന്ദ്രണ്റ്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുക,വല്യാലക്കല്‍ ക്ഷേത്രത്തിലെ ഉത്സവം കാണുക , റിലീസായ ലാലേട്ടന്‍ സിനുമയുടെ ആദ്യ ഷോ ആദ്യ വരിയില്‍ ഇരുന്നു കണ്ടു കയ്യടിക്കുക , പ്രമാദമായ ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ്‌ മത്സരം കാണുക തുടങ്ങിയ ഞങ്ങളുടെ മൌലീകമായ അവകാശങ്ങള്‍ അംഗീകരിക്കാത്ത അധികാരികള്‍ക്കെതിരെ ഞങ്ങള്‍ സമരം ചെയ്ത്‌ പഠിപ്പുമുടക്കുകയും അവകാശങ്ങള്‍ നേടിയെടുക്കുകയും ഞങ്ങളുടെ അറ്റണ്റ്റന്‍സ്‌ നഷ്ടപ്പെട്ട്‌ പോകാതെ സംരക്ഷിക്കുകയും ചെയ്തു.


വര്‍ണ്ണവിവേചനത്തിനും വര്‍ഗ്ഗീയതയ്ക്കും എതിരായി മഹാത്മാഗാന്ധിക്കും ശ്രീനാരായണഗുരുവിനും ശേഷം ശക്തമായി രംഗത്ത്‌ വന്നത്‌ ഞങ്ങളാവും....ബുധനാഴ്ച തോറും ഞങ്ങള്‍ക്ക്‌ അനുവദിച്ചിരുന്ന കളറ്‍ ഡ്രസ്സ്‌ ഇടാനുള്ള അനുവാദം പിന്‍വലിച്ച അധികാര വര്‍ഗ്ഗത്തിനു നേരെ ഞങ്ങള്‍ പ്രതിഷേധാഗ്നിയായി ആളിപ്പടര്‍ന്നു. ഒാണത്തിനും വിഷുവിനും ഞങ്ങള്‍ എടുത്തിരിക്കുന്ന പുതിയ വസ്ത്രങ്ങള്‍ നാലാളെ കാണിക്കുന്നതു കൊണ്ട്‌ ആര്‍ക്കാണു വിരോധം.... ?സിവിലിലെ സൌമ്യയും കമ്പൂട്ടറിലെ കവിതയും ഇലക്ട്രോണിക്സിലെ അനിതയും ഇത്രയ്ക്ക്‌ സുന്ദരിമാരാണെന്ന് ഞങ്ങള്‍ക്ക്‌ മനസ്സിലായത്‌ ബുധനാഴ്ചകളിലാണു.പോളിടെക്നിക്‌ യൂണിഫോമിനുള്ളില്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും ഒരേ ഛായയാണെന്ന് ഇവരൊന്നും മനസ്സിലാക്കിയിട്ടില്ല. ഞങ്ങളുടെ സുഹ്രുത്ത്‌ രാജേഷിനെ നോക്കി സെണ്റ്റ്‌ മേരീസിലെ സ്മിത പുഞ്ചിരിച്ചത്‌ ബുധനാഴ്ച്ച അവനിട്ടിരുന്ന പുതിയ ജീന്‍സും ചെക്ക്‌ ഷര്‍ട്ടും കണ്ടിട്ടാണെന്നും അല്ലാതെ അവണ്റ്റെ മരമോന്ത കണ്ടിട്ടല്ലെന്നും ഞങ്ങള്‍ക്കുപോലും അറിവുള്ളതാണു.അങ്ങനെ കടുത്ത സമരത്തിലൂടെ ഞങ്ങള്‍ ഞങ്ങളുടെ പെണ്‍കുട്ടികളെ സുന്ദരികളായി നില നിര്‍ത്തി..

കൂടുതല്‍ എം ടി ഐ വിശേഷങ്ങള്‍ അടുത്ത ലക്കത്തില്‍.

Friday, July 16, 2010

ആരംഭം

ബ്ളോഗ്‌ ലോകം വാണരുളുന്ന തമ്പുരാക്കന്‍മാര്‍ക്കും അഭിനന്ദനങ്ങളുടെ പൂമാലയും വിമര്‍ശനങ്ങളൂടെ ചെരിപ്പുമാലയും വാരിയെറിയുന്ന വായനക്കാര്‍ക്കും ഈ കടലാസുപുലിയുെടെ നമസ്ക്കാരം.എല്ലാവരുടെയും സഹായസഹകരങ്ങള്‍ പ്രതീക്ഷിച്ച്കൊണ്ട്‌ ഞാന്‍ ആരംഭിക്കുന്നു.