Saturday, January 28, 2012

ശബ്ദങ്ങളില്ലാത്ത ലോകത്ത്‌

ഭാഷയറിയാത്ത  ഒരു ലോകത്ത്  ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ അത്യന്തം പ്രതിസന്ധികള്‍ നിറഞ്ഞതാണ് .അറബി മാത്രം സംസാരിക്കുന്ന ആളുകള്‍ ഉള്ള ഒരു ഓഫീസില്‍ ഒരു ഇന്ത്യക്കാരനെയോ ഒരു മലയാളിയെയോ കണ്ടു മുട്ടിയാല്‍ പിന്നെ സമാധാനമാണ് .മിക്ക അറബികള്‍ക്കും ഇംഗ്ലീഷ് അറിയാം എങ്കിലും നമ്മുടെ ലോകത്തേക്ക് ഇറങ്ങിവന്നു സംവദിക്കാന്‍ അവര്‍ക്കാകുമോ എന്ന ആശങ്ക  നമുക്ക് എപ്പോഴും ഉണ്ടായിരിക്കും .സാധാരണ ജനങ്ങളുടെ  ലോകത്ത് പെട്ടുപോകുന്ന മൂകരും ബധിരരും ഈ പ്രതിസന്ധികള്‍ നേരിടുന്നുണ്ട് .വളണ്ടിയര്‍ ഇന്‍ ദുബായ്‌ യുടെ പല പ്രോഗ്രാമുകളില്‍ ശബ്ദങ്ങളുടെ ലോകം തുറന്നു കിട്ടാത്ത ഇത്തരത്തില്‍ പെട്ട പലതരം ആളുകളുമായി സംവദിക്കേണ്ടി വരാറുണ്ട് .അന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് അവര്‍ പറയുന്നത് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് .അവര്‍ പരസ്പരം കണ്ടു മുട്ടുമ്പോള്‍ ഉള്ള സന്തോഷം കാണുമ്പോള്‍ അവരിലൊരാളായി അതില് കൂടിച്ചേരാന്‍  മനസ്സ് കൊതിച്ചിട്ടുണ്ട് .കൂടുതല്‍ വളണ്ടിയര്‍ മാര്‍ ഈ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴാണ്പ താല്‍പ്പര്യമുള്ളവര്‍ക്ക് വേണ്ടി  അവരുടെ ഭാഷ പഠിപ്പിക്കുന്ന ഒരു വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചത്
 സിനുമകളിലും മിമിക്രി ഷോ കളിലും നമ്മള് ഒരുപാട് കളിയാക്കിയിട്ടുള്ളത് ആണെങ്കിലും അവരുടെ ഭാഷാ ലോകത്ത് എത്തിപ്പെട്ടാല്‍ നമ്മള് അന്തം വിട്ടു പോകും .അവര്‍ക്ക് സ്വന്തമായി ആല്ഫബെറ്റ്സ് ഉണ്ട് .ഭാഷാ ശൈലിയും പദ പ്രയോഗങ്ങളും ഉണ്ട് .ആനന്ദിക്കാനും ദുഖിക്കാനും അഭിനന്ദിക്കാനും സഹതപിക്കാനും അവരുടെതായ രീതികളുണ്ട് .


വര്‍ക്ക്‌ഷോപ്പ് കണ്ടക്റ്റ്‌ ചെയ്ത നാലുപേരില്‍ രണ്ടുപേര്‍ ഇത്തരത്തില്‍ പെട്ട സ്പെഷല്‍ നീഡ് ആളുകള്‍ ആയിരുന്നു ..ഏഴു മണിക്കൂര്‍ നീണ്ട വര്‍ക്ക്‌ഷോപ്പ്‌ തീര്‍ന്നു പോയത് അറിഞ്ഞു പോലുമില്ല ..അത്രയും ആവേശമായിരുന്നു എല്ലാവര്‍ക്കും.അവരുമായി അവരുടെ ഭാഷയില്‍ സംസാരിച്ചപ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ .അവസാനം നടത്തിയ എലിജിബിലിറ്റി പരീക്ഷ കൂടെ പാസ്‌ ആയതോടെ ഞാന്‍ അവരുടെ ഗ്രൂപ്പിലെ ഒരു മെമ്പര്‍ ആയി .ഇനിയെനിക്ക് അവരുടെ ഭാഷയില്‍ സംസാരിക്കാം .അവരുടെ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കിക്കൊണ്ട് , അവരിലേക്ക് കൂടുതല്‍ ഇറങ്ങി ചെന്നുകൊണ്ട് .സങ്കോച്ചങ്ങള്‍ ഇല്ലാതെ തന്നെ .അവരുടെ സന്തോഷങ്ങളില്‍ , ജീവിതത്തില് ഒരുവനായിക്കൊണ്ട് .
Monday, January 16, 2012

സമൂഹം ചവിട്ടി താഴ്ത്തുന്നവര്‍

എന്‍റെ തറവാടിന്റെ തൊട്ടടുത്ത് ആയിരുന്നു അവളുടെ വീട്..
ബാല്യം മുതല്‍ ഒരു വഴിപിഴച്ചവളുടെ മകള്‍ എന്ന് വിളിപ്പേര് കേള്‍ക്കേണ്ടി വന്നവള്‍..

അവളോടൊപ്പം കളിക്കുന്നതിന് പോലും ഞങ്ങള്‍ കുട്ടികള്‍ക്ക് വിലക്കുണ്ടായിരുന്നു..ഒറ്റയ്ക്ക് ദൂരെ മാറിയിരുന്നു കളിക്കുന്ന 
അവളോട്‌ തോന്നിയ സഹതാപമാവം എന്നെ അവളുടെ സുഹൃത്ത് ആക്കിയത്..
തെക്കേപ്പുറത്തെ തൂണില്‍ കെട്ടിയിട്ടു മുത്തശ്ശന്‍ പുളി വാറല് കൊണ്ട് തല്ലിയിട്ടും
അവള്‍ എന്ത് തെറ്റ് ചെയ്തു എന്ന് ചോദിക്കാതിരിക്കാന്‍ എന്‍റെ കുഞ്ഞി മനസ്സിന് ആയില്ല..എന്നെ അനുകൂലിച്ച അമ്മയ്ക്കും കിട്ടി ശകാരങ്ങള്‍.. അമ്മമ്മ വക , അമ്മാവന്‍ വക, അച്ഛന്‍ വക ...

പഠിച്ച സ്കൂളിലും പിന്നീട് കോളേജിലും ഈ ദുഷ്പേര് അവളെ പിന്തുടര്‍ന്നപ്പോള്‍ എന്‍റെ അനുജത്തി ആയിരുന്നു അവള്‍ക്കു ആശ്രയം..

തൂണില്‍ കിടന്നു ഞാന്‍ തല്ലു കൊള്ളുമ്പോള്‍ കാരണമറിയാതെ കരഞ്ഞ എന്‍റെ പെങ്ങള്‍ എന്നെ മനസ്സിലാക്കി

മറ്റാരുടെയോ കുറ്റങ്ങളുടെ പേരില്‍ അവളെ ഒറ്റപ്പെടുത്തുന്ന സമൂഹത്തോട് അന്നെ വെറുപ്പായിരുന്നു .അമ്മയ്ക്കും മകള്‍ക്കും റേറ്റ്‌ ചോദിച്ച അവളുടെ സഹപാഠിയെ മൂക്കിടിച്ചു പരത്താന്‍ എന്നെ ഉപദേശിച്ചത് എന്‍റെ അനുജത്തി ആണെന്നുള്ളത് എന്നെ സന്തോഷിപ്പിച്ചു..

പിന്നെ വീട് മാറി പോയതിനു ശേഷം അവളെ കാണുന്നത് വിരളമായിരുന്നു ..

വര്‍ഷങ്ങള്‍ക്കു ശേഷം നഗരത്തിലെ ഒരു ഭക്ഷണ ശാലയില്‍ രണ്ടു പുരുഷന്മാരോടൊപ്പം അവളെ കണ്ടു ..

സീരിയലില്‍ അഭിനയിക്കുകയാണ് ഇപ്പോള്‍ എന്ന് പറഞ്ഞു ..

അച്ഛനോടൊപ്പം മദ്യവും പേറി വരുന്ന കസ്റ്റമേഴ്സ് അമ്മയെ പ്രാപിക്കുമ്പോള്‍ ഒളിച്ചിരിക്കാന്‍ പറ്റാത്ത രീതിയില്‍ അവള്‍ വളരുകയും ഏതു നിമിഷവും തന്‍റെയും മടിക്കുത്തഴിക്കപെടും എന്ന് അറിഞ്ഞപ്പോള്‍ അവള്‍ തിരഞ്ഞെടുത്ത വഴിയായിരുന്നു സീരിയല്‍..

എന്നിട്ട്.. എന്ന എന്‍റെ ചോദ്യത്തിന് അവളൊരു ചിരി ചിരിച്ചു ..

എന്‍റെ വിധി ഞാന്‍ ജനിക്കുമ്പോഴേ തീരുമാനിക്കപ്പെട്ടിരിക്കുന്നു ..ഒരു വിധത്തില്‍ അല്ലെങ്കില്‍ വേറെ വിധത്തില്‍ ഞാന്‍ അവിടെ തന്നെ എത്തി എന്ന് പറഞ്ഞു കൊണ്ട് അക്ഷമയോടെ അവളെ കാത്തിരിക്കുന്ന ആളുകളുടെ അടുത്തേക്ക്‌ നടന്നു പോയി .
സമൂഹം അല്‍പ്പം സഹിഷ്ണുത കാണിച്ചിരുന്നെങ്കില്‍ അവള്‍ ഈ ലോകത്ത് ജീവിച്ചു പോയേനെ..എന്തെങ്കിലും ചെറിയ ജോലി എങ്കിലും ചെയ്ത്, ആരെയും ആശ്രയിക്കാതെ..അതിനെങ്ങിനെ വഴിപിഴച്ച അമ്മയുടെ മകള് അമ്മയെപ്പോലെ തന്നെ ആവണം എന്ന് സമൂഹത്തിനു നല്ല നിര്‍ബന്ധം ആണല്ലോ ..ഈ ലോകത്തെ തന്നെ വെറുത്തു പോയ അവസരമായിരുന്നു അത്..

പിന്നെ വര്‍ഷങ്ങളോളം അവളുടെ വിവരങ്ങള്‍ ഒന്നും ഇല്ലായിരുന്നു..അവളുടെ അമ്മയും അച്ഛനും മരിച്ചു എന്നും വീട് ബാങ്ക് ജപ്തി ചെയ്തു എന്നും പിന്നീട് അറിഞ്ഞു ..

കഴിഞ്ഞ ലീവിന് ദുബായിലേക്ക് വിളിക്കാന്‍ ഒരു ടെലഫോണ്‍ ബൂത്തില്‍ പോയപ്പോഴാണ് വീണ്ടും അവളെ കണ്ടത് ..

ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം..മുട്ടോളം എത്തുന്ന മുടിയില്‍ ചെമ്പകപ്പൂവില്ലാതെ വിഷാദച്ഛായ മാത്രം പ്രതിഫലിപ്പിക്കുന്ന ഒരു മുഖത്തോടെ ..

അപ്പോഴും എന്തും നേരിടാനുള്ള ആത്മധൈര്യം അവളില്‍ സ്ഫുരിക്കുന്നുണ്ടായിരുന്നു..

ഞാന്‍ എന്തെങ്കിലും സഹായം എന്ന ചോദ്യത്തിന്..

"ഒന്നും വേണ്ട ..എന്‍റെ ചെറിയ ജീവിതത്തില്‍ ഞാന്‍ ഇപ്പോള്‍ സംതൃപ്തയാണ്.

ശല്യപ്പെടുത്തുന്നവര്‍ ധാരാളം ഉണ്ടെടാ ഇപ്പോഴും .

ഇവിടെ ആള്ത്തിരക്കില്ലെങ്കില് വന്നു വില പറയുന്നവര്‍ ..

വൈകിട്ട് ബസ്‌ സ്റ്റോപ്പ്‌ മുതല്‍ വീട് വരെയുള്ള യാത്രയില്‍ നോട്ടം കൊണ്ടും വാക്കുകള്‍ കൊണ്ടും പിച്ചി ചീന്തുന്നവര്‍ ..

പക്ഷെ അവരുടെ മുഖത്ത്നോക്കി പ്ഫാ എന്ന് ആട്ടാന്‍ എന്‍റെ ജീവിതം എന്നെ പ്രാപ്തയാക്കി .."

ഒന്നും പറയാനില്ലാതെ ആ കൈ പിടിച്ച് അമര്‍ത്തി തിരികെ ഇറങ്ങിപ്പോന്നു ..എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കില്‍ വിളിക്കാന്‍ മൊബൈല്‍ നമ്പറും കൊടുത്തു..

അവള്‍ക്ക് വീട് വയ്ക്കാനും മറ്റും ലോണ്‍ കിട്ടാനും സഹായിക്കാന്‍ പഞ്ചായത്ത് മെമ്പര്‍ ആയ അമ്മാവനെ നിരബന്ധിച്ചും ഓര്‍മ്മിപ്പിക്കാന്‍ അമ്മയെ ഏര്‍പ്പാടാക്കിയും ആണ് മടങ്ങിയത്..

ഇന്നലെ വീട് പണി തുടങ്ങി എന്ന് അമ്മ വിളിച്ചപ്പോള്‍ പറഞ്ഞു..

സഹായിക്കണം, അവള്‍ നിരസിക്കും എന്ന് അറിയാമെങ്കിലും എന്നെ കൊണ്ട് പറ്റുന്ന വിധത്തില്‍ ..

ഇനിയും സമൂഹം അവളെ പിന്തുടരാതെ ഇരുന്നു എങ്കില്‍ ...

കൂടെ ജീവിക്കാന്‍ മറ്റാരും ഇല്ലെങ്കിലും ഈ ലോകത്ത് അവള്‍ അവള്‍ക്കു വേണ്ടി എങ്കിലും ജീവിച്ചോട്ടെ ...എഡിറ്റ്‌ : ഇത് ഡ്രാഫ്റ്റില്‍ കിടന്നിരുന്ന പഴയ പോസ്റ്റ്‌ ആണ് .ഇന്നത്തെ സന്തോഷം അവളുടെ എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടു അവളെ വിവാഹം കഴിക്കാന്‍ ഒരാള്‍ തയ്യാറായി എന്നതാണ് ..ഈ ലോകത്ത് നന്മയുടെ കിരണങ്ങള്‍ കൂമ്പടഞ്ഞു പോയിട്ടില്ല എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് അവള്‍ ഇന്നെന്നെ വിളിച്ചു ..ഒരിക്കലും തിരികെ കിട്ടില്ല എന്ന് കരുതിയ ജീവിതം അവള് തിരികെ പിടിക്കുകയാണ് .ജീവിതത്തോട് പോരാടിക്കൊണ്ട് തന്നെ..