Monday, August 2, 2010

ആണുങ്ങളായ ഞങ്ങള്‍

ഞങ്ങള്‍ മൂന്നുപേര്‍ നാട്ടിലെ കൊച്ചുതെമ്മാടികളായി മാറിക്കൊണ്ടിരിക്കുന്ന സമയം ....

ഞാനും കുട്ടപ്പായിയും മണിയനും.....

കുട്ടപ്പായി ഒരു ഷെയര്‍ മാര്ക്കറ്റ്‌ ബ്രോക്കര്‍ ആവേണ്ട ആളാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്....

പ്രേമം എന്ന ഷെയര്‍ മാര്ക്ക്റ്റില്‍ പ്രൈമറിതലം മുതല്‍ മെമ്പര്ഷി്പ്പ്‌ ഉള്ള ആളാണ് കുട്ടപ്പായി.....

പ്രായം കൂടും തോറും അവന്റെ ഷെയറുകള്‍ കൂടിക്കൂടി വന്നു........

വാല്യു കുറഞ്ഞ പല ഷെയറുകളും അവന്‍ വര്ഷം തോറും വില്ക്കുകയും പലതും പുതിയതായി വാങ്ങുകയും ചെയ്തു.....

ഞാനാണെങ്കില്‍ ഒരുപാടു കഷ്ടപ്പെട്ട് ഒരു ലൈന്‍ വലിച്ചുകിട്ടി നിക്കണ സമയം...

മണിയന്‍ ഞങ്ങളുടെ ശിഷ്യനാണ്....

ഞങ്ങളുടെ കുരുത്തക്കെടുകള്ക്ക് ‌ ശിഷ്യപ്പെട്ടു ഞങ്ങളെപ്പോലെ ഒരു വലിയ കുരുത്തംകെട്ടവന്‍ എന്ന പേര് ഉണ്ടാക്കിയെടുക്കാന്‍ കഷ്ടപ്പെടുന്ന ഒരു അത്യുല്സാഹി എന്ന് അവനെപ്പറ്റി പറയാം......

അങ്ങനെ അന്നും ഒരു ഗോള്‌്ഫ്ലയ്ക്‌ വാങ്ങി മൂന്നായി ഷെയര്‍ ചെയ്തു വലിച്ചു കിക്കായി തോട്ടുവക്കത്ത് മലര്ന്നു കിടക്കുന്ന സമയം....

പെട്ടെന്ന് കുട്ടപ്പായി ഒരു ചങ്കില്‍ കൊള്ളുന്ന പ്രസ്താവന നടത്തി....

നാളെ നമ്മള്ക്ക് തല മൊട്ടയടിക്കണം....

ങേ...ഞാന്‍ ഞെട്ടി.......

നീ ഞങ്ങളറിയാതെ പഫ് കൂടുതലെടുത്തല്ലേ...അതാ കിക്ക്‌ ആയി പിച്ചും പേയും പറയുന്നത്...മണിയന്‍ രോഷാകുലനായി......

കുട്ടപ്പായി ഒന്നുകൂടി സീരിയസ് ആയി...മൊട്ടയടിച്ച് നടക്കുന്നതാ ഇപ്പൊ ഫാഷന്‍...ലോകത്ത്‌ ഉണ്ടാകണ ഫാഷന്സ് നമ്മള് വേണം ഈ നാട്ടില്‍ ആദ്യം ഫോളോ ചെയ്യാന്‍....

അതില് എനിക്കും എതിരഭിപ്രായം ഉണ്ടായില്ല...

തലങ്ങും വിലങ്ങും സ്റ്റിചിന്റെ പാടുകളുമായി ഷൊര്ണൂകര്‍ ജങ്ക്ഷന്‍ സ്റ്റേഷന്‍ പോലെയുള്ള എന്റെ തലവരയുടെ മനോഹാരിതയോര്തപ്പോള്‍ എന്റെയുള്ളിലൂടെ ഒരു പരശുറാം നിര്ത്താതെ കടന്നു പോയി....

ഇതോടെ ഒരു നേത്രാവതിയും ഇനിയെന്നെ തിരിഞ്ഞു നോക്കില്ല...

കുട്ടപ്പായീടെ കാര്യം അങ്ങനല്ല...

ക്ലാസ്സിലെ ആണ്കുട്ടികള്‍ പറയുന്നത് പോലെ ആ ഗഡീടെ മേത്ത് ദൈവം പെണ്ണുങ്ങളെ ആകര്ഷിക്കണ എന്തോ സൂത്രം ഫിറ്റ്‌ ചെയ്തിട്ടുണ്ട്....

അതാ പെണ്ണങള്‍ ചുള്ളനു ചുറ്റും ഇങ്ങനെ കറങ്ങണെ.....

ആ നിര്ണ്ണായക തീരുമാനമെടുക്കാന്‍ ദൈര്യം കിട്ടാന്‍ വീണ്ടും ഒരു ഗോള്ഡ് ഫ്ലേക്ക് വാങ്ങി...

ഇത്തവണ ഞാന്‍ രണ്ട് പഫ് കൂടുതല്‍ എടുത്തു...

സംഘര്ഷം എനിക്കാണല്ലോ കൂടുതല്‍...

ഞാന്‍ ഒരു നിര്ദ്ദേശം വച്ചു....

തല മൊട്ടയടിക്കാം..പക്ഷെ ഞാന്‍ തൊപ്പി വയ്ക്കും...

കുട്ടപ്പായിക്ക് കലിയിളകി ..അതിലും ഭേദം നീ നിന്റെ പെരുചാഴിക്കു ദേഷ്യം വന്ന പോലത്തെ മുടിയും വച്ചു നടക്കാ.....

തൊപ്പി വയ്ക്കാനായി മൊട്ടയടിക്കണ്ട.....

ഞാനും മണിയനും ഒറ്റക്കെട്ടായിനിന്ന് എതിര്ത്തപ്പോള്‍ കുട്ടപ്പായി വഴങ്ങി.....

അങ്ങനെ പിറ്റേന്ന് ആ കര്മ്മം നടത്താന്‍ തീരുമാനമായി...

പക്ഷെ തൊപ്പി വാങ്ങണ്ടേ..മണിയന് സന്ദേഹം....

നമ്മക്ക് തൃശ്ശൂര്‍ന്ന്‍ വാങ്ങാം...ഇപ്പൊ ബസ്സുണ്ട്...വേഗം പൂവാം..കുട്ടപ്പായി ചാടി എണീറ്റു.....

ഞാന്‍ പിന്നേം ഞെട്ടി...

ഡാ ഇപ്പോള്‍ സമയം ആറു കഴിഞ്ഞു...തിരിച്ചുവരാന്‍ എട്ടേകാലിന്റെ. ബസ്സ്‌ കിട്ടോ....?

ഒമ്പത് മണിക്ക് ലാസ്റ്റ്‌ ബസ്സുണ്ട്...അതില് വരാം.....കുട്ടപ്പായിക്ക് സംശയമില്ല...

എന്നാലും നാളെ പോരേ..മണിയന് ധൈര്യം പോരാ....

ഡാ എന്തൂട്ടാ ഇത്ര പേടിക്കാന്‍...? ഒന്നുല്ലേങ്കില്‍ നമ്മള് ആണുങ്ങളല്ലേ..

ധൈര്യല്ലെങ്കില്‍ വരണ്ട....

തൃശൂര്ക്കാ് വേണെങ്കില്‍ കൊച്ചിക്കോ പോകാം ധൈര്യം ഇല്ലാന്ന് മാത്രം പറയരുത്.....മണിയന് അഭിമാനക്ഷതം....

എങ്ക്ടാ ടീംസ് ഈ നേരത്ത്...കണ്ട്രാവി സുരേഷിന്റെ ചോദ്യം...

തൃശൂര് പോയിട്ട് ഒരു അത്യാവശ്യം ഉണ്ട്...

അല്ലാ ഈ നേരത്ത് ആയോണ്ട് ചോതിച്ചതാ.....

സ്വരാജ് റൌണ്ടില്‍ ഇറങ്ങി ആഞ്ഞു നടന്നു...തൊപ്പി തപ്പി തപ്പി സമയം പോയി ...

എട്ടേകാലിന്റെ ഗോള്‌്ലൈന്‍ ഞങ്ങടെ മുന്പിലൂടെ കടന്നുപോയി....

കുട്ടപ്പായിക്ക് ഒരു കുലുക്കവും ഇല്ല....

എട്ടേമുക്കാലായപ്പോള്‍ ബസ്‌സ്റ്റാന്ഡി.ല്‍ എത്തി....

ങേ ശരണമയ്യപ്പ കാണാനില്ലാല്ലോ.....

ചേട്ടാ ശരണമയ്യപ്പ പോയോ....

അത് കഴിഞ്ഞ ചാല് കൊഴിഞ്ഞു.....മൊനയം ഷാപ്പിന്റെ അവടെ കെടക്കാ....ആലപ്പാട്ടക്ക് ഇനി ബസ്സില്ലല്ലോ ചുള്ളാ....

ദൈവമേ ലാസ്റ്റ്‌ ബസ്സ് ഫസ്റ്റ് പോയീന്നു കേട്ടിട്ടേ ഉള്ളൂ.....

എന്‍റെ ഹൃദയത്തിനുള്ളില്‍ രണ്ട് ഗുഡ്സുകള്‍ ഒരേ ട്രാക്കില്‍ വന്നു കൂട്ടിയിടിച്ചു......

കുട്ടപ്പായിക്ക് മാത്രം കുലുക്കമില്ല...

ഞാനും മണിയനും കുലംകുഷമായ ചര്ച്ച യിലാണ്.....

ഇനിപ്പോ എന്താ ചെയ്യാ...?

ഡാ നമ്മടെ അളിയന്റെ വീടുണ്ട്...ഇവിടെ അടുത്താ..അങ്ങോട്ടുപോകാം....

ഏയ് അത് ശരിയാവില്ല...കുട്ടപ്പായി മൊഴിഞ്ഞു...

നമ്മക്ക് സെക്കന്റ്‌ ഷോക്ക് കേറാം...അത് കഴിഞ്ഞ് ട്രാന്സ്പോ്ര്ട്ട് സ്റ്റാന്ഡിറല്‍ പോയിരുന്ന്‌ അഞ്ചുമണിയുടെ ഫസ്റ്റ് ബസ്സിനു പോകാം....

കുട്ടപ്പായി എന്നെ തല്ലിയില്ല എന്നേ ഉള്ളൂ....

എന്നാപ്പിന്നെ നീ ഒരു വഴി പറ...

ഞാനും മണിയനും കീഴടങ്ങി....

കുട്ടപ്പായി വിദൂരത്തിലേക്ക് നോക്കി നാടകീയമായി പറഞ്ഞു...

എനിക്ക് ഇപ്പോള്‍ തന്നെ അമ്മേനെ കാണണം....നമ്മക്ക് ഓട്ടോ പിടിച്ച് വീട്ടില് പോകാം....

ഇപ്പോള്‍ ബോധം കെട്ടത് ഞാനും മണിയനും ആണ്...

നാല്പ്പ്ത് ഉറുപ്പികയുടെ തൊപ്പി വാങ്ങാന്‍ മുന്നൂറ്റമ്പത് രൂപ ഓട്ടോക്കൂലി....

പിറ്റേന്ന്.....അതേ തോട്ടിന്‍കര......

ഞങ്ങള്‍ മൂന്ന് മൊട്ടകളും കണ്ടുമുട്ടി....

മണിയന്‍ പറഞ്ഞു..നിന്റെ എടുത്തുചാട്ടം കാരണം കുടുംബക്കാരുടെ മോത്ത് നോക്കാന്‍ പറ്റാന്ടായി ഗഡീ....

ഇനി തലേല് മുടി വരണ വരെ മുന്നൂറ്റമ്പത് രൂപേടെ കാര്യം പറഞ്ഞ്

അവര് നമ്മളെ പീഡിപ്പിക്കും....

തത്വജ്ഞാനിയെപ്പോലെ കുട്ടപ്പായി പറഞ്ഞു...

ഡാ ലൈഫില് അങ്ങനെ പല പ്രോബ്ലോം വരും....

നമ്മള് അതൊക്കെ ഫേസ് ചെയ്യണം...

ഒന്നുല്ലേങ്കില്‍ നമ്മള് ആണുങ്ങ.................................

ബാക്കി കേള്ക്കാന്‍ നിക്കാതെ ചത്താലും കുഴപ്പമില്ലാന്നു കരുതി

ഒട്ടും നീന്തല്‍ അറിയാത്ത ഞാനും എന്നേക്കാള്‍ കുറവ് നീന്തല്‍ അറിയുന്ന മണിയനും

തോട്ടിലേക്ക് എടുത്തുചാടി.....

അല്ല പിന്നെ....

3 comments:

Unknown said...

നന്നായിട്ടുണ്ട്. ആദ്യമായിട്ടാണ് ഇവിടെ. ആശംസകള്‍!!

എഴുത്തച്ചന്‍ said...

മച്ചു കലക്കിയിടുണ്ട്...... ഇപ്പോഴാ കണ്ടത്.

Unknown said...

നന്ദി ഗന്ധര്‍വ്വന്‍ ആന്‍ഡ്‌ എഴുത്തച്ചന്‍

Post a Comment