Sunday, December 18, 2011

വിലമതിക്കാനാവാത്ത സമ്മാനങ്ങള്‍

 ദുബായ്‌ ജുമൈരയിലെ സെന്സക്സ് റെസിഡന്‍ഷ്യല്‍ കെയര്‍ എന്ന സ്ഥാപനം ഡിഫരന്റ്ലി ഏബിളഡ് ആയ കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ് ..വളണ്ടിയര്‍ ഇന്‍ ദുബായ്‌ ടെ ഭാഗമായി ഇടയ്ക്കിടയ്ക്ക് അവിടെ പോകാറുണ്ട് ..അവിടത്തെ ജോലിക്കാര്‍ അലക്കി വച്ചിരിക്കുന്ന അവരുടെ ഒരാഴ്ചക്ക് വേണ്ട വസ്ത്രങ്ങള്‍  ശനിയാഴ്ചകളില്‍ അയേണ്‍ ചെയ്തു കൊടുക്കുന്നത് ഞങ്ങളാണ് ..ഞായറാഴ്ചകളില്‍  അവരെ പുറത്തു കൊണ്ടുപോകും ..അവര്‍ക്ക് ചെയ്യാന്‍ പറ്റില്ല എന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ ..സിനുമ കാണാന്‍ , വാട്ടര്‍ തീം പാര്‍ക്കുകളില്‍ , ഡോള്‍ഫിനെറിയത്തില്‍ ..സിറ്റി ടൂര്‍ ബസ്സില്‍ ദുബായ്‌ കാണാന്‍ ..അങ്ങനെ അങ്ങനെ ..

താഴെ നമ്മുടെ പ്രവര്‍ത്തനങ്ങളുടെ ചില ചിത്രങ്ങള്‍ ..
















കണ്ടില്ലേ സ്വന്തം കുടുംബാംഗങ്ങളെപ്പോലും പലരും ഉപേക്ഷിച്ചു കളയുമ്പോള്‍ സ്വന്തം സഹോദരങ്ങളെപ്പോലെയാണ് വളണ്ടിയര്‍ ഇന്‍ ദുബായ്‌ ളെ ആളുകള്‍ അവരെ സ്നേഹിക്കുന്നത് .ഞങ്ങള്‍ക്കിത് ഒരു അസുലഭ നിമിഷമാണ് ..ഞങ്ങളുടെ അനിയന്മാരെയും അനിയത്തിമാരെയും സന്തോഷവാന്മാരായി കാണുന്ന സന്ദര്‍ഭം ..

കഴിഞ്ഞ ശനിയാഴ്ച ഞാന്‍ അവിടെ നേരത്തെ ചെന്ന് വാതില്‍ തുറന്നപ്പോള്‍ തന്നെ അവര്‍ എന്നെ നോക്കി ചിരിച്ചു ..കള്ളങ്ങള്‍ ഏതുമില്ലാത്ത നിഷ്ക്കളങ്കമായ ചിരി ..എന്നിട്ട് അലക്കി ബോക്സുകളില്‍ വച്ചിരിക്കുന്ന വസ്ത്രങ്ങളുടെ കൂട്ടത്തിലേക്ക് കൈ ചൂണ്ടി കാണിച്ചു ..അവര്‍ക്കെന്നെ അറിയാം ..ഞാന്‍ എന്തിനാണ് വന്നത് എന്നും ...

ഈ ആഴ്ച അവര്‍ക്ക് ക്രിസ്തുമസ് പാര്‍ട്ടി എല്ലാം ഉള്ളതുകൊണ്ട് ഒരുപാട് വസ്ത്രങ്ങള്‍ ഉണ്ടായിരുന്നു..ഞങ്ങള്‍ ഏഴെട്ടുപേര് തച്ചിനു നിന്ന് തേയ്ക്കുമ്പോള്‍ ആരോ എന്‍റെ പിന്നില് തോണ്ടി ..
തിരിഞ്ഞു നോക്കുമ്പോള്‍ മുഹമ്മദ്‌ എന്ന പത്തു ഏഴു വയസ്സുകാരനാണ് ..ആയ അവനെ വീല്‍ ചെയറില്‍ തള്ളിക്കൊണ്ട് വന്നത് പോലും ഞാന്‍ അറിഞ്ഞില്ല ..അവനെന്നോട് അടുത്തു വരാന്‍ ആംഗ്യം കാട്ടി ..കുനിഞ്ഞ എന്‍റെ കഴുത്തില്‍ കെട്ടിപ്പിടിച്ചു കവിളില്‍ ഉമ്മവച്ചു ..

അവന്‍റെ പ്രായത്തിന് അനുസരിച്ച തിരിച്ചറിവ് അവനില്ല ..എന്നിട്ടും..
ഞാനവനെ സഹായിക്കുകയാണ് എന്ന് അവനു മനസ്സിലായി ..ഒരുനിമിഷം എനിക്കൊരു  ചെറിയ  കുട്ടിയായി മാറണമെന്ന് തോന്നി ..ആ അനിയന്‍റെ കുഞ്ഞു ശരീരം കെട്ടിപ്പിടിച്ചു  വാവിട്ടൊന്നു കരയാന്‍ വേണ്ടി ..

പലപ്പോഴും അങ്ങനെയാണ് ...ഉള്ളിലെ ഭാരമിറങ്ങിപ്പോകാന്‍ മാത്രം ആഞ്ഞൊന്നു കരയാന്‍ സാധിക്കാത്തതുകൊണ്ടാണ് നമ്മളില്‍ പലരും നമ്മളിലെ കൊച്ചു കൊച്ചു നന്മകളുള്ള മനുഷ്യനെ തിരിച്ചറിയാതെ പോകുന്നത് ..ദുരിതങ്ങളില്‍ ഒറ്റപ്പെട്ടു പോകാതെ, അശരണര്‍ക്ക് തണലായി ആരെങ്കിലും എപ്പോഴും മുന്നോട്ട് വരും എന്ന പ്രത്യാശയോടെ ....