Saturday, July 17, 2010

പോളിടെക്നിക്കിലെ ടെക്നിക്കുകള്‍

ഇമ്മിണി പഴയ കഥയാണിത്‌....

നാഷനല്‍ ഹൈവേയുടെ ഇരുവശത്തുമുള്ള തട്ടുകടകള്‍ പോലെ എണ്‍ജിനീയറിംഗ്‌ കോളേജുകളും തോമസ്‌ മാഷിണ്റ്റെ എണ്റ്റ്രന്‍സ്‌ റ്റൂഷ്യന്‍ ഫീസ്‌ താങ്ങാന്‍ കുടുംബത്തിനു ശേഷിയും ഇല്ലാതിരുന്ന കാലം...

എന്തിനു മൊബൈല്‍ ഫോണ്‍ പോലും കേരള ജനത കണ്ടിട്ടില്ലാത്ത കാലഘട്ടം...

നാട്ടിക എസ്‌ എന്‍ കോളേജിലെ സംഭവബഹുലമായ പ്രീഡിഗ്രിക്കു ശേഷം എന്ത്‌ എന്ന ചോദ്യത്തിനു ജോലിയില്ലാതെ തെണ്ടിത്തിരിഞ്ഞു നടക്കുന്ന ഡിഗ്രിക്കാറ്‍ ഉത്തരം തന്നു...

പാവങ്ങളുടെ ( അല്‍പ്പം ഓര്‍മ്മശക്തി കുറഞ്ഞവരുടെയും) എണ്‍ജിനീയറിംഗ്‌ ആയ പോളിടെക്നിക്‌ ഡിപ്ളോമ.
ബുദ്ധിയല്ല ഓര്‍മ്മശക്തിയാണു എണ്റ്റ്രന്‍സ്‌ പരീക്ഷകളില്‍ അളക്കുന്നത്‌ എന്ന ഞങ്ങളുടെ വാദം മുട്ട വിരിഞ്ഞാണു കോഴി ഉണ്ടായത്‌ എന്ന വാദം പോലെ ഉറച്ചതാണു.
അല്ലെങ്കില്‍ ഞങ്ങളെന്നേ എണ്‍ജിനീയര്‍മാരായേനെ.

അസയ്ന്‍മെണ്റ്റും റെക്കോര്‍ഡും എഴുതിക്കാന്‍ ജൂനിയേഴ്സിനു പിന്നാലെയും സെക്ഷന്‍ മാര്‍ക്കിനു വേണ്ടി ടീച്ചര്‍മാരോടും ടിക്കറ്റിനായി നൂണ്‍ഷോ കാണാന്‍ വരുന്നവരോടും മല്ലടിച്ച മൂന്ന് വര്‍ഷങ്ങള്‍..
ഈ സമയത്തൊരിക്കലും പഠനം ഒരു തലവേദനയായി മാറാതിരിക്കാന്‍ ഞങ്ങള്‍ ആ ഭാഗത്തേക്കു തിരിഞ്ഞ്‌ നോക്കിയില്ല....

പുതിയ അഡ്മിഷനും ചാന്‍സ്‌ ഇണ്റ്റര്‍വ്യുവും നടക്കുന്നതിണ്റ്റെ തലേ ദിവസം മാത്രം ഞങ്ങള്‍ ലൈബ്രറിയിലേക്ക്‌ ഇരച്ച്‌ കയറും..കിട്ടാവുന്നതില്‍ ഏറ്റവും വലിയ രണ്ട്‌ പുസ്തകങ്ങള്‍ സംഘടിപ്പിക്കും.തണ്റ്റെ കുട്ടിക്ക്‌ അവസരം കിട്ടുമോ എന്ന് ആകാംഷയോടെ നില്‍ക്കുന്ന രക്ഷാകര്‍ത്താക്കളുടെയും സംഘര്‍ഷത്തോടെ നില്‍ക്കുന്ന കുട്ടികളുടെയും മുന്‍പിലൂടെ ആദ്യമായി ഫുള്‍ യൂണിഫോമില്‍ വന്ന് ഉലാത്തും... ഞങ്ങളെ ഉറ്റ്‌ നോക്കുന്ന അവരുടെ കണ്ണില്‍ ആദരവ്‌..... കൈകളിലെ പുസ്തകങ്ങള്‍ കണ്ട്‌ അമ്പരപ്പ്‌.. ഞങ്ങളെ കാണുന്ന ടീച്ചര്‍മാര്‍ ഞങ്ങളുടെ യൂണിഫോമിലേക്കും പുസ്തകത്തിലേക്കും നോക്കി സ്വയം നുള്ളി സംശയനിവാരണം നടത്തുന്നു....


താന്‍പാതി ദൈവം പാതി എന്ന ചൊല്ലില്‍ ഞങ്ങള്‍ക്ക്‌ അങ്ങേയറ്റം വിശ്വാസമുണ്ടായിരുന്നു.അതുകൊണ്ട്‌ തന്നെ എന്നും രാവിലെ നവഗ്രഹ ക്ഷേത്രത്തിലെത്തി മനമുരുകി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.ഞങ്ങള്‍ കോപ്പറേറ്റിവിലെയും വിമലയിലെയും പെണ്ണുങ്ങളെ വായില്‍ നോക്കാന്‍ നില്‍ക്കുകയായിരുന്നു എന്ന് അസൂയാലുക്കള്‍ പറഞ്ഞേക്കാം.പാറമേക്കാവ്‌ ക്ഷേത്രത്തില്‍ പോകുന്നതിനെപ്പറ്റിയും സ്വപ്ന ബസ്സ്റ്റോപ്പില്‍ വെറുതെ ഉപ്പുസോഡ കുടിക്കാന്‍ നില്‍ക്കുന്നതിനെപ്പറ്റിയും അപവാദ കഥകളുണ്ടാക്കുന്നത്‌ ഈ അസൂയാലുക്കളാണു.ഇതിനെല്ലാമടുത്ത്‌ സെണ്റ്റ്‌ മേരീസും മോഡല്‍ ഗേള്‍സും ഒക്കെ ഉള്ളത്‌ ഞങ്ങളുടെ കുറ്റമാണോ.????.


വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ നിരന്തരം സമരത്തിലായിരുന്നു.. ഇലക്ടിക്കലിലെ ചന്ദ്രണ്റ്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുക,വല്യാലക്കല്‍ ക്ഷേത്രത്തിലെ ഉത്സവം കാണുക , റിലീസായ ലാലേട്ടന്‍ സിനുമയുടെ ആദ്യ ഷോ ആദ്യ വരിയില്‍ ഇരുന്നു കണ്ടു കയ്യടിക്കുക , പ്രമാദമായ ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ്‌ മത്സരം കാണുക തുടങ്ങിയ ഞങ്ങളുടെ മൌലീകമായ അവകാശങ്ങള്‍ അംഗീകരിക്കാത്ത അധികാരികള്‍ക്കെതിരെ ഞങ്ങള്‍ സമരം ചെയ്ത്‌ പഠിപ്പുമുടക്കുകയും അവകാശങ്ങള്‍ നേടിയെടുക്കുകയും ഞങ്ങളുടെ അറ്റണ്റ്റന്‍സ്‌ നഷ്ടപ്പെട്ട്‌ പോകാതെ സംരക്ഷിക്കുകയും ചെയ്തു.


വര്‍ണ്ണവിവേചനത്തിനും വര്‍ഗ്ഗീയതയ്ക്കും എതിരായി മഹാത്മാഗാന്ധിക്കും ശ്രീനാരായണഗുരുവിനും ശേഷം ശക്തമായി രംഗത്ത്‌ വന്നത്‌ ഞങ്ങളാവും....ബുധനാഴ്ച തോറും ഞങ്ങള്‍ക്ക്‌ അനുവദിച്ചിരുന്ന കളറ്‍ ഡ്രസ്സ്‌ ഇടാനുള്ള അനുവാദം പിന്‍വലിച്ച അധികാര വര്‍ഗ്ഗത്തിനു നേരെ ഞങ്ങള്‍ പ്രതിഷേധാഗ്നിയായി ആളിപ്പടര്‍ന്നു. ഒാണത്തിനും വിഷുവിനും ഞങ്ങള്‍ എടുത്തിരിക്കുന്ന പുതിയ വസ്ത്രങ്ങള്‍ നാലാളെ കാണിക്കുന്നതു കൊണ്ട്‌ ആര്‍ക്കാണു വിരോധം.... ?സിവിലിലെ സൌമ്യയും കമ്പൂട്ടറിലെ കവിതയും ഇലക്ട്രോണിക്സിലെ അനിതയും ഇത്രയ്ക്ക്‌ സുന്ദരിമാരാണെന്ന് ഞങ്ങള്‍ക്ക്‌ മനസ്സിലായത്‌ ബുധനാഴ്ചകളിലാണു.പോളിടെക്നിക്‌ യൂണിഫോമിനുള്ളില്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും ഒരേ ഛായയാണെന്ന് ഇവരൊന്നും മനസ്സിലാക്കിയിട്ടില്ല. ഞങ്ങളുടെ സുഹ്രുത്ത്‌ രാജേഷിനെ നോക്കി സെണ്റ്റ്‌ മേരീസിലെ സ്മിത പുഞ്ചിരിച്ചത്‌ ബുധനാഴ്ച്ച അവനിട്ടിരുന്ന പുതിയ ജീന്‍സും ചെക്ക്‌ ഷര്‍ട്ടും കണ്ടിട്ടാണെന്നും അല്ലാതെ അവണ്റ്റെ മരമോന്ത കണ്ടിട്ടല്ലെന്നും ഞങ്ങള്‍ക്കുപോലും അറിവുള്ളതാണു.അങ്ങനെ കടുത്ത സമരത്തിലൂടെ ഞങ്ങള്‍ ഞങ്ങളുടെ പെണ്‍കുട്ടികളെ സുന്ദരികളായി നില നിര്‍ത്തി..

കൂടുതല്‍ എം ടി ഐ വിശേഷങ്ങള്‍ അടുത്ത ലക്കത്തില്‍.

5 comments:

Subin said...

aaha... angane neeyum... adipoli...

sapna said...
This comment has been removed by the author.
sapna said...

Has a very nostalgic feel to it, in a humourous way........takes us all back to those days ...waiting for the next edition !!!

Visala Manaskan said...

വായിച്ചു. കൊള്ളാം കേട്ട.. വായിക്കാന്‍ രസമുണ്ട്. തുടര് തുടര്... :)

Unknown said...

വിശാലേട്ടാ ..ആയിരം നന്ദി :-))

Post a Comment