Sunday, June 5, 2011

മലനിരകളില്‍ മഞ്ഞു പെയ്യുമ്പോള്‍ - അഞ്ച്

ഒന്നാം ഭാഗം 
രണ്ടാം ഭാഗം 
മൂന്നാം ഭാഗം അഞ്ചാം ഭാഗം 

അഫ്ഗാന്‍ മാര്‍ക്കറ്റില്‍ കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ സമയം നാല് മണി കഴിഞ്ഞിരുന്നു .അല്‍പ്പം കഴിഞ്ഞപ്പോള്‍ അത് വരെ തെളിഞ്ഞു നിന്നിരുന്ന സൂര്യന്‍ ഏതോ മലനിരകള്‍ക്കു പിന്നില്‍ മറഞ്ഞു .പെട്ടെന്ന് ഇരുട്ട് പരക്കാന്‍ തുടങ്ങി .നല്ല തണുപ്പും .നല്ല കട്ടിയുള്ള ജാക്കറ്റിന് ഉള്ളിലായിരുന്നിട്ടും തണുക്കാന്‍ തുടങ്ങി .പിന്നെ അധികനേരം അവിടെ നില്‍ക്കാതെ ഞങ്ങള്‍ മടങ്ങി .പോകുന്ന വഴി കുപ്പി വാങ്ങാന്‍ നിര്‍ത്തും എന്ന് ഞാന്‍ ആശിച്ചു എങ്കിലും എന്‍റെ മൊബൈലിലെ രിമൈന്‍ഡര്‍ ചുമ്മാ അടിച്ചതല്ലാതെ അവന്മാര്‍ക്ക് ഒരു കുലുക്കവും ഇല്ല .ശോ ഇന്നലെ അത്രേം ഡീസന്റ് ആയി അഭിനയിക്കെണ്ടിയിരുന്നില്ല.ഇനി പറഞ്ഞിട്ട് കാര്യമില്ല പോയ കിക്ക് വാള് വച്ചാല്‍ കിട്ടില്ലല്ലോ.വഴിക്ക് ഏതോ ഡ്രൈ ക്ലീനിംഗ് കടയില്‍ നിര്‍ത്തി അഭിഷേക് കൊട്ടും സൂട്ടും ഒക്കെ വാങ്ങി വരുന്നത് കണ്ടു .ഇവന്മാര്‍ എന്തിനുള്ള പുറപ്പാട് ആണെന്ന് മനസ്സിലായത്‌ വീട്ടില്‍ എത്തിയപ്പോള്‍ ആണ് .അന്ന് അയല്പക്കത്ത് ഒരു വിവാഹം ഉണ്ട് .അതിനു ഫുഡ്‌ അടിക്കാന്‍ പോകാനുള്ള പരിപാടിയാണ്


.ഞാനും ചെന്ന പാടെ തോര്‍ത്തുമുണ്ട് നനച്ചു ശരീരം മൊത്തം തുടച്ചു വൃത്തിയായി .രാവിലെ തന്നെ രണ്ടു കപ്പു വെള്ളമെങ്കില്‍ രണ്ടു കപ്പു ശരീരത്തില്‍ ഒഴിക്കുന്ന പാട് നമുക്കെ അറിയൂ .വൈകിട്ട് കൂടി അങ്ങനെ ഒരു പാതകം വയ്യ ..അങ്ങനെ ഞാന്‍ ഡ്രെസ് ഒക്കെ ചെയ്തു ഹോളില്‍ വന്നു ഇങ്ങനെ ഇരിക്കയാണ് .അഫ്ഗാനി പുലാവും ചിക്കന്‍ ടിക്കയും മട്ടന്‍ കബാബും കൂടി കഴിക്കുന്നത്‌ ആലോചിച്ച് ഒരേപടത്തില്‍ തന്നെ സിന്ധുവും മറിയയും രേഷ്മയും അഭിനയിക്കുന്നതു കാണുന്ന പോലെ മനസ്സ് നിറഞ്ഞ ഒരു ഫീലിംഗ് എന്‍റെയുള്ളില്‍ തികട്ടി വന്നു  .അവന്മാര്‍ രണ്ടും കൂടെ റൂമില്‍ ഒരുങ്ങുന്നു .എന്‍റെ അസിസ്റ്റന്റ് വന്നപാടെ ബെഡ്ഡിലേക്ക് ജമ്പ്‌ ചെയ്തതാണ് .ഇനി ഭക്ഷണത്തിനു വിളിക്കുംബോഴേ എണീക്കൂ..ഹോ പണി അറിയാത്ത ഒരു പണിക്കാരനും തീറ്റെം ഉറക്കോം മാത്രമുള്ള ഒരു അസിസ്റ്റന്റും .ഇതൊരു നടയ്ക്കു പോകൂല്ലാ .അവന്മാര്‍ ഒരുങ്ങി ഇറങ്ങി വന്നു .പൊങ്ങച്ചം എന്ന് പറഞ്ഞാല്‍ ഇങ്ങനുണ്ടോ ..? കോട്ടും സൂട്ടും പാതിരാത്രിക്കും കൂളിംഗ് ഗ്ലാസും ഒക്കെ വച്ച് .ദുബായ്‌ മീറ്റില് അഗ്രുക്കയെ കണ്ടപ്പോഴാ മലയാളികളിലും ഈ അസുഖം വ്യാപകമായി ഉണ്ടെന്നു മനസ്സിലായത്‌ .അവന്മാര്‍ എനിക്ക് ഷേക്ക്‌ ഹാന്‍ഡ്‌ തന്നിട്ട് പറഞ്ഞു ഓക്കെ ജയ്‌ (ലോ അതാണ്‌ എന്‍റെ ഓഫീസ് നെയിം .പണ്ടേതോ സായിപ്പ് ജയചന്ദ്രന്‍ എന്ന് പറഞ്ഞു നാവില്‍ കെട്ടു വീണതില്‍ പിന്നെ അങ്ങനാ വിളിപ്പേര് .നാട്ടീന്നു മാല കെട്ടുന്ന വാരസ്യാരെ വരുത്തിയാണ് അങ്ങേരുടെ നാവിന്‍റെ കെട്ടഴിച്ചത്  .) ഇവന്മാര്‍ എന്‍റെ കൈ പിടിച്ചു കുലുക്കി എന്നോട് പറഞ്ഞു ഞങ്ങള്‍ അപ്പോള്‍ പോയിട്ട് വരാം നീ റെസ്റ്റ് എടുക്കൂ എന്ന് .ഒരുമാതിരി ജയിച്ചു കിട്ടിയാല്‍ മന്ത്രിയാവാം എന്ന് കരുതിയ മുരളീധരനെപ്പോലെ ആയി ഞാന്‍ ...എങ്കിലും നമ്മള്‍ ശ്രമിക്കാതിരിക്കരുതല്ലോ...മുട്ടുന്നില്ലെങ്കിലും ചെന്നിരിക്കുക ..ചിലപ്പോള്‍ സംഗതി നടന്നേക്കും  എന്നാണല്ലോ മൂന്നാം ക്ലാസില്‍ ട്രൌസറില്‍ കാര്യം സാധിച്ച സാബുവിനോട് അന്തോണിമാഷ്‌ പറഞ്ഞത് ...ഞാന്‍ പറഞ്ഞു , ഞാന്‍ ഇത്രേം നേരം റസ്റ്റ്‌ എടുക്കുവാര്‍ന്നല്ലോ..ഭയങ്കര ബോറടി..
ലവന്മാര്‍ വിടുന്ന മട്ടില്ല..ഉടനെ ടീ വി ഓണ്‍ ചെയ്തു റിമോട്ട് എന്‍റെ കയ്യില്‍ തന്നിട്ട് പറഞ്ഞു എന്നാല്‍ ടീ വി കാണ്..നല്ല നല്ല പരിപാടികള്‍ ഉണ്ടെന്നു ..ഒന്ന് പോടാ കൂവേ നിന്‍റെ ഒരു ടീ വി എന്ന് പറയാന്‍ തോന്നിയതാ ..എങ്കിലും കലിപ്പ് ഉള്ളിലൊതുക്കി ഞാന്‍ ചോദിച്ചു ഇതില് മലയാളം ചാനലുകള്‍ ഉണ്ടോ ..? അപ്പോഴത്തെ അവന്‍റെ മുഖഭാവം കാണണം ...ഒരു പട്ടികക്കഷണം കിട്ടിയിരുന്നെങ്കില്‍ അവനെന്റെ തലയ്ക്കടിച്ചു കൊന്നേനെ എന്ന് എനിക്ക് തോന്നിയപ്പോള്‍ ഞാന്‍ വീണ്ടും ഡീസന്റ് ആയി ..അല്ല ആയ പോലെ അഭിനയിച്ചു ..ശരി ശരി അധികം വൈകരുത് ..എനിക്കിവിടെ ബോറടിക്കും എന്ന് പറഞ്ഞു ഞാന്‍ അകത്തേക്കും അവന്മാര്‍ പുറത്തേക്കും പോയി ..


ചുമ്മാ ഇരുന്നപ്പോള്‍ ആരെയെങ്കിലും ഉപദ്രവിക്കാം എന്ന് കരുതി..സയീദിയെ ഉണര്‍ത്തുന്നതിലും ഭേദം ഇന്ത്യാ വെസ്റ്റ്‌ ഇന്‍ഡീസ്‌ മാച്ചില്‍ രാഹുല്‍ ദ്രാവിഡ്‌ന്റെ ബാറ്റിങ്ങ് കാണുന്നതാണ് ..എന്‍റെ ചോദ്യങ്ങള്‍ മിക്കതും അവന്‍ ലീവ് ചെയ്യുകയോ മറുപടി പറയുന്നവ അവന്‍റെ വായാകുന്ന ക്രീസില്‍ നിന്ന് പുറത്തു വരികയോ ഇല്ല ...നോക്കിയപ്പോള്‍ നമ്മുടെ കുക്ക് ചിരിച്ചു കൊണ്ട് നില്‍ക്കുന്നു ..അപ്പോഴാണ്‌ ഞാനിതുവരെ അടുക്കള സന്ദര്ശിച്ചില്ല എന്ന് ഓര്‍മ്മ വന്നത് ..സാധാരണ ഏതു കുടുംബത്ത് പോയാലും എന്നെ കാണാതെ ആവുകയും അന്വേഷണത്തിന് ഒടുവില്‍ അടുക്കളയിലോ സ്റ്റോര്‍ റൂമിലോ വച്ച് കണ്ടു പിടിക്കപ്പെടുകയും നിത്യ സംഭവം ആയിരുന്നു. കുക്കിന് അല്‍പ്പസ്വല്‍പ്പം ഹിന്ദി ഒക്കെ അറിയാമായിരുന്നു .അല്ല ഇന്നൊന്നും വച്ചില്ലേ എന്ന് ചോദിച്ചപ്പോള്‍ അപ്പുറത്ത് കല്യാണമല്ലേ എന്തെങ്കിലും കൊണ്ടുവരുമോ എന്ന് നോക്കട്ടെ എന്ന് മറുപടി.അഞ്ചാമത് നുമ്മക്ക് ഒരു മന്ത്രി ഉണ്ടെങ്കില്‍ അത് നിങ്ങ തന്നെ എന്ന് കേട്ട മഞ്ഞളാംകുന്നു അലിയെപ്പോലെ എന്‍റെ മനസ്സില്‍ പിന്നേം മോഹങ്ങള്‍ പൂത്തു .ഞാന്‍ ഉഷാറായി ഉലാത്താന്‍ തുടങ്ങി .വിശപ്പ്‌ കൂട്ടണ്ടേ .ആരോ വാതിലില്‍ തട്ടുന്ന ശബ്ദം കേട്ട് ഞാന്‍ ഓടിച്ചെന്നു വാതില്‍ തുറന്നു .മുടിഞ്ഞ വാച്ച്മാന്‍ ലൈറ്റര്‍ വാങ്ങാന്‍ വന്നതാണ് .നീയൊക്കെ വലിച്ചു കുരച്ചു തീരത്തേ ഉള്ലെടെയ് എന്ന് മനസ്സില്‍ പറഞ്ഞു പിന്നേം അക്ഷമയോടെ പുറത്തേക്ക് എത്തി നോക്കി .കയ്യില്‍ ഒന്ന് രണ്ടു ചരുവങ്ങളും കൊണ്ട് രണ്ടു മൂന്നു പേര്‍ കടന്നു വന്നു .അവന്മാര്‍ കുക്കുമായി സംസാരിക്കുമ്പോള്‍ കയ്യിലിരിക്കുന്ന ഭക്ഷണത്തിന്‍റെ മണം കാരണം എനിക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി .അവന്മാര്‍ കെട്ടിപ്പിടിച്ചു ഊഴമിട്ട് ഉമ്മവച്ചു ഉപചാരം പറഞ്ഞു കളിക്കുന്നു .ഇത് ചെറുക്കന്റെ വല്ല അളിയന്മാര്‍ ആവും വല്ല പണിയും പറഞ്ഞപ്പോള്‍ ഇതുമെടുത്തു അവിടെ നിന്ന് സ്കൂട്ട് ആയതാവും .അല്ലേല്‍ ഇത്രേം തിരക്കുള്ള കല്യാണദിവസം ഇവിടെ വന്നു ഇങ്ങനെ ചുമ്മാ വര്‍ത്താനിച്ചു നില്‍ക്കുമോ ..?

ഉറങ്ങുന്ന സയീദിയെ വിളിക്കാനൊന്നും മിനക്കെടാതെ ഞാന്‍ ഫുഡ്‌ അടിക്കാന്‍ തുടങ്ങി .കുക്ക് അവനെ വിളിച്ചു കൊണ്ട് വന്നപ്പോഴേക്കും സേവിംഗ് പ്രൈവറ്റ്‌ റയാന്‍ സിനുമാ ഷൂട്ടിംഗ് നടന്ന ലൊക്കേഷന്‍ പോലെ ആയിരുന്നു മേശ മുഴുവന്‍ .പ്രതീഷിച്ച പോലെ പുലാവും ടിക്കയും കബാബും തന്നെ ആയിരുന്നു ഭക്ഷണം ..കൂടെ രൈത്തയും..ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ രുചി മനസ്സില്‍ നിന്ന് മാറാത്തത്കൊണ്ടാണ് റോളയിലെ അഫ്ഗാനി റെസ്റ്റോറന്റ്കളില്‍ ഇടയ്ക്കിടയ്ക്ക് ഞാന്‍ സന്ദര്‍ശനം നടത്തുന്നത്.

ചില അഫ്ഗാനി വിഭവങ്ങള്‍ താഴെ....പടങ്ങള്‍ മൊത്തം ഗൂഗിളില്‍ നിന്നാണ് ..


ഫുഡ്‌ അടിച്ചു കഴിഞ്ഞതോടെ ഇനി അവന്മാര്‍ വന്നാല്‍ എന്ത് വന്നില്ലേല്‍ എന്ത് എന്ന ചിന്തയുമായി ഞാന്‍ ഉറങ്ങാന്‍ തീരുമാനിച്ചു .എന്നാല്‍ വിരലിട്ടു ശര്ദ്ധിക്കാന്‍ സ്ഥലം ഉണ്ടായിരുന്നേല്‍ ഞാന്‍ ഒരു പഴം കൂടി തിന്നെനെ രാമാ എന്ന് പറഞ്ഞ നമ്പൂതിരിയെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും തിരിയാന്‍ വയ്യാത്ത അവസ്ഥയില്‍ ആയിരുന്നു ഞാന്‍ .അതുകൊണ്ട് തന്നെ സയീദിയെ ഒന്ന് ഉപദേശിക്കാന്‍ ഞാന്‍ തീരുമാനിച്ചു .നാളെ മുതല്‍ ജോലി തുടങ്ങുകയാണല്ലോ.ലവനെ ഒന്ന് ഇന്‍റര്‍വ്യൂ ചെയ്തു കളയാം എന്ന് കരുതി ചോദിച്ചു നീ ഈ കമ്പനിയില്‍ എന്ത് ജോലിയാണ് ചെയ്യുന്നത് എന്ന് .ലവന്‍ നല്ല ഒന്നാന്തരം ആശാരി ആണത്രേ.ഒരു ചുമരൊക്കെ ഒറ്റ ദിവസം കൊണ്ട് പുഷ്പം പോലെ തേച്ചു തീര്‍ക്കും എന്ന് ..നീ ഇലട്രിക്കല്‍ ജോലികള്‍ വല്ലതും ചെയ്തിട്ടുണ്ടോ എന്നതിന് പിന്നെ ഇല്ലേ അറബാബിന്റെ വീട്ടിലെ ബള്‍ബ്‌ പോയാല്‍ മാറ്റി ഇടുന്നത് ഞാനാണ് എന്ന മറുപടി കൂടി കേട്ടപ്പോള്‍ എനിക്ക് സമാധാനം ആയി .ഞാന്‍ ഇവിടെക്കിടന്നു മരിച്ചാലും ഇവനെനിക്ക് ഒരു സ്മാരക മണ്ഡപം പണിത് അതില്‍ ഒരു ബള്‍ബ്‌ എങ്കിലും കത്തിച്ചു വയ്ക്കുമായിരിക്കും .അത്രേം കരുണ എന്നോട് കാത്തുവച്ച ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ പോയി ഉറങ്ങാന്‍ കിടന്നു .

(തുടരും )

3 comments:

ഞാന്‍:ഗന്ധര്‍വന്‍ said...

വിവരണം കലക്കുന്നുണ്ട് ടെ !!!
ആശംസകള്‍!

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

വായിച്ചു...

ajith said...

ജയാ, സൂപ്പര്‍. യാത്രാവിവരണത്തെയും തൊഴിലനുഭവത്തെയും ഇത്രമേല്‍ രസകരമായി വായിക്കുന്നത് ഇതാദ്യമാണ്.

Post a Comment