Saturday, August 6, 2011

മായ്ക്കാനാകാത്ത ചില മുറിപ്പാടുകള്‍


പത്തു പതിനൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് സമൂഹം അന്നത്തെ തലമുറയ്ക്ക് സെറ്റില്‍ ആവാന്‍ അല്‍പ്പം കൂടി സമയപരിധി അനുവദിച്ചിരുന്നു എന്ന് തോന്നുന്നു .ഇന്നത്തെ പോലെ പഠനം കഴിഞ്ഞാല്‍ നേരെ ജോലിയിലേക്ക് എന്നൊന്നും ആയിരുന്നില്ല അന്ന്.പഠനം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ വിരലില്‍ എണ്ണാവുന്ന സുഹൃത്തുക്കളുമായി ഒരിക്കലും അകലാനാവാത്ത വിധം ആഴമേറിയ ഒരു ബന്ധം ഉടലെടുത്തിരുന്നുപലവഴി പിരിഞ്ഞുപോകുന്നതിനു മുന്‍പുള്ള കുറച്ചു സമയം എങ്കില്‍ കുറച്ചു സമയം ഒരുമിച്ചു ഉണ്ടാകുക എന്ന തീരുമാനത്തില്‍ നിന്നാണ് ഒരു താല്‍ക്കാലിക സ്ഥാപനം എന്ന ആശയം ഉടലെടുത്തത് .

സ്ഥാപനത്തിന്‍റെ വാടക കൊടുക്കുക  , വല്ലപ്പോഴും വരുന്ന പരീക്ഷകള്‍ക്ക് അപേക്ഷ അയക്കുക , അന്നന്നത്തെ ആഘോഷപരിപാടികള്‍ക്കും വേണ്ടത് സമ്പാദിക്കുക എന്നതില്‍ കവിഞ്ഞു പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലാത്ത സുവര്‍ണ്ണകാലം . ഇടയ്ക്ക് വാടകക്ക് ബുദ്ധിമുട്ട് വന്നപ്പോഴാണ് അദ്ധ്യാപനം എന്ന ആശയം വീണ്ടും പൊടി തട്ടി എടുക്കുന്നത് .
എന്നും സ്വപ്നങ്ങളില്‍ വന്നു വിരാജിച്ചിരുന്ന ഒരു പ്രവര്‍ത്തനമേഖല ആയിരുന്നു അത് .ജീവിതത്തിലെ പല നിര്‍ണ്ണായക ഘട്ടങ്ങളിലും വളരെയേറെ സ്വാധീനം ചെലുത്തിയ ചില അദ്ധ്യാപകരോടുള്ള സ്നേഹം വളര്‍ന്നു ഒരു കടമയുടെ രൂപം ധരിച്ചതാവാം.വടിയെടുക്കാതെയും കണ്ണുരുട്ടാതെയും നമ്മളിലോരാളായി ഇറങ്ങിവന്നു നമ്മളെ സ്നേഹിച്ചു പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ .ആ അപൂര്‍വ്വത ശരിക്കും അനുഭവിച്ചിട്ടുണ്ട് .പഠിക്കുന്ന  സമയത്ത് തന്നെ സ്വന്തം ആവശ്യങ്ങള്‍ക്ക് സ്ഥിരമായി വീട്ടുകാരുടെ മുന്നില്‍ കൈ നീട്ടാന്‍ മടിയായിരുന്നു .അത്തരം ആവശ്യത്തിലേക്കായി വീട്ടില്‍ തന്നെ  ചെറിയ കുട്ടികള്‍ക്ക്  ക്ലാസ് എടുത്തിരുന്നു.അതുകൊണ്ട് തന്നെ ഒരു ശ്രമം നടത്തി നോക്കാന്‍ തീരുമാനിച്ചു .


ഒരു ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിച്ചിരുന്ന സുഹൃത്ത് ഉപരിപഠനത്തിനു പോയ ലീവ് വേക്കന്‍സിയില്‍ ആണ് അവിടെ ചെന്നെത്തുന്നത് .ഏതാനും വനിതാ അദ്ധ്യാപകര്‍ ചേര്‍ന്ന് നടത്തുന്ന ഒരു ചെറിയ സംരംഭം .പല ക്ലാസ്സുകളിലുള്ള വിദ്യാര്‍ത്ഥികള്‍ , പല വിഷയങ്ങള്‍ , മണിക്കൂറുകള്‍ നീണ്ട ക്ലാസുകള്‍ , തെറ്റില്ലാത്ത വരുമാനം ...ജീവിതം ഒരു പുതിയ വഴിയിലൂടെ ഒഴുകുകയായിരുന്നു എന്ന് പറയാം ..ഒരുവേള ആഗ്രഹിച്ച ഒരു പ്രൊഫഷനില്‍ തുടക്കം കുറിക്കാനായത്കൊണ്ടാവും ..

അധ്യാപികമാര്‍ പ്രത്യേക പരിഗണന കൊടുക്കുന്ന ഒരു കുട്ടിയെ അന്നേ ശ്രദ്ധിച്ചിരുന്നു .ആ സ്ഥാപനം സ്ഥിതി ചെയ്യുന്ന ബില്‍ഡിംഗ് ഉടമസ്ഥന്റെ മകള്‍ ആണത്രേ.പത്താംക്ലാസ് വരെ ഗള്‍ഫില്‍ വളര്‍ന്ന ഒരു കുട്ടിയാണ് എന്നു വിശ്വസിക്കാനായില്ല .നരച്ച നിറം മങ്ങിയ ചുരിദാറുകളുമിട്ട് നെറ്റിയില്‍ ഒരു പൊട്ടുപോലുമില്ലാതെ വന്നിരുന്ന അവളുടെ കണ്ണുകളില്‍ എന്നും ഒരു വിഷാദ ച്ഛായയായിരുന്നു.പരസ്പരം കാണുമ്പോള്‍ ഒന്ന് ചിരിക്കുമെങ്കിലും മനസ്സ് പോലും അറിയാതെ നടക്കുന്ന ഒരു റിഫ്ലക്സ് പ്രവര്‍ത്തനം പോലെയാണ് പലപ്പോഴും തോന്നിയത്.ഒരു ചിരിക്ക് ഇത്രയും വികാരശൂന്യമാകാന്‍ പറ്റുമോ എന്ന് ഞാന്‍ അത്ബുദപ്പെട്ടിരുന്നു.

പ്ലസ്‌ ടു വിനു പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് സി ബി എസ് സി നിലവാരത്തില്‍ ക്ലാസ്സുകള്‍ എടുക്കാന്‍ ഉള്ള അറിവൊന്നും അന്നും ഇന്നും കയ്യിലില്ല.എങ്കിലും അറിയാവുന്ന കാര്യങ്ങള്‍ പങ്കു വയ്ക്കുക മാത്രം ചെയ്യാം എന്ന കരാറിലാണ് വിഷയത്തില്‍ അവഗാഹമില്ല എന്ന് പല തവണ പറഞ്ഞു ഒഴിഞ്ഞിട്ടും വിടാതെ നിര്‍ബന്ധിച്ച അവിടത്തെ അധ്യാപികമാരോട് സമ്മതം മൂളിയത്.ഫിസിക്സ് എന്ന വിഷയമല്ല ,  ആ കുട്ടി അനുഭവിക്കുന്ന ഒറ്റപ്പെടലിനും പ്രതിസന്ധികള്‍ക്കും ഇടവേളയായി ഒരു സൌഹൃദാന്തരീക്ഷമാണ് അവരെല്ലാം ആഗ്രഹിച്ചത്‌ എന്ന് തിരിച്ചറിയാന്‍ വൈകി .അവിടെ ഒരു തുടക്കക്കാരന്‍ മാത്രമായ എന്നെയവര്‍ എങ്ങിനെ അത്തരത്തില്‍ വിലയിരുത്തി എന്നതുപോലും  ഇന്നും ഒരു അത്ബുദമാണ്.

അങ്ങനെ ഒരു ക്ലാസ്‌ മുറിയുടെ നാല് ചുമരുകള്‍ക്കകത്ത് ഞങ്ങളാദ്യം അധ്യാപകനും വിദ്യാര്‍ത്ഥിയുമായി തുടങ്ങി .പിന്നെ നല്ല സുഹൃത്തുക്കളായി .കുറച്ചു സമയം പഠനവും കൂടുതല്‍ നാട്ടു വര്ത്തമാനങ്ങളുമായി കടന്നുപോയിക്കൊണ്ടിരുന്നു .ഒരു മുന്നറിയിപ്പില്ലാതെ ഇടയ്ക്കിടയ്ക്ക് ക്ലാസില്‍ വരാതിരിക്കുക ഒരു പതിവായിരുന്നു.കാരണം ചോദിക്കുമ്പോള്‍ സുഖം ഇല്ലായിരുന്നു എന്ന് മറുപടി പറയുമെങ്കിലും പറയുന്നത് കള്ളമാണ് എന്ന് ദ്യോതിക്കുമാറ് കണ്ണുകളില്‍ അടരാന്‍ വെമ്പി കണ്ണുനീര്‍ത്തുള്ളികള്‍ നില്‍ക്കുമായിരുന്നു.സൌമ്യയുടെ അമ്മയ്ക്ക് നല്ല സുഖം ഇല്ലാത്തതുകൊണ്ടാണ് ഇടയ്ക്കിടയ്ക്ക് മുടങ്ങുന്നത് ,  കാരണം ചോദിച്ചു ആ കുട്ടിയെ വിഷമിപ്പിക്കണ്ട എന്ന്‍ അവിടത്തെ അധ്യാപികമാര്‍ പറയുകയും ചെയ്തു .

അന്ന് പതിവുപോലെ രണ്ടു ദിവസം മുടങ്ങിയതിന് ശേഷം ക്ലാസിലെത്തിയപ്പോള്‍ പതിവിലും ദുഖിതയായി കാണപ്പെട്ടു.പുസ്തകം എടുക്കുന്നതിനിടയില്‍ ഫുള്‍ സ്ലീവ് ചുരിദാര്‍ ആയിരുന്നിട്ടും ഞാന്‍ അത് കണ്ടു .കൈത്തണ്ടയില്‍ പൊള്ളിയടര്‍ന്നു കിടക്കുന്നു .ഇതെങ്ങിനെ പറ്റി എന്ന ചോദ്യത്തിന് കരച്ചിലിന്റെ ഒരു തിരുവാതിര ഞാറ്റുവേല ആയിരുന്നു മറുപടി .അത് വരെ മനസ്സില്‍ ഒളിപ്പിച്ചു വച്ചിരുന്നതെല്ലാം കൂലംകുത്തി ഒഴുകിയെത്തി.മാനസീകനില തെറ്റിയതാണ് എങ്കിലും ഒരമ്മയ്ക്ക് മകളോട് ഇത്ര ക്രൂരമായി പെരുമാറാന്‍ സാധിക്കുമോ ??.ഞാനറിഞ്ഞ , കണ്ടുവളര്‍ന്ന അമ്മമാരില്‍ അങ്ങനെ ഒരു അമ്മ ഇല്ലായിരുന്നു.എന്നെ ഞെട്ടിച്ചുകൊണ്ട് ആ പതിനെഴുവയസ്സുകാരി തന്‍റെ ചുരിദാറിന്റെ ടോപ്പ് പെറ്റികൊട്ടിനോടൊപ്പം മുകളിലേക്ക് ഉയര്‍ത്തി. അരക്കെട്ടിനു ചുറ്റും മുന്‍പ് ചട്ടുകം പഴുപ്പിച്ചു വച്ച പാടുകള്‍ .ഒരു നിമിഷത്തേക്ക് ഞാന്‍ തരിച്ചിരുന്നുപോയി ..ശരീരം തളര്‍ന്നു പോകുന്നതുപോലെ തോന്നി .

ചിലപ്പോള്‍  മാത്രമേ അമ്മ എന്നെ ഉപദ്രവിക്കൂ മാഷേ ..ബാക്കിയുള്ള സമയത്തൊക്കെ എന്നെ വളരെ ഇഷ്ടമാ.ഉപദ്രവിച്ചതില്‍ വിഷമിച്ച് എന്നെ കെട്ടിപ്പിടിച്ചു കരയും .അതോര്‍ത്തു സ്വയം ചുമരില്‍ തലയിടിക്കും .അതും ഈ അടുത്തകാലത്ത് മാത്രം തുടങ്ങിയത് .അതിനു വേണ്ടി എന്‍റെ അമ്മയെ മെന്‍റല്‍ ഹോസ്പിറ്റലില്‍ അടയ്ക്കാന്‍ എനിക്ക് വയ്യ.എനിക്ക് അത്രയും ഇഷ്ടമാ അമ്മയെ.അവളതു പറഞ്ഞു തീര്‍ക്കുന്നത് വരെ കാത്തു നില്‍ക്കാനായില്ല .ഞാന്‍ ആ കുട്ടിയെ എന്‍റെ നെഞ്ചോട്‌ ചേര്‍ത്തു .ഒരുപക്ഷെ ഞാന്‍ അവളില്‍ നിന്ന് ആശ്വാസം കണ്ടെത്തുന്നതായിരുന്നു എന്ന് തോന്നി കാരണം മനസ്സിന്‍റെ നമകൊണ്ടും മാതൃസ്നേഹം കൊണ്ടും അവള്‍ എന്നേക്കാള്‍ ഒരുപാട് ധീരയായിരുന്നു.അവളുടെ കണ്ണീരു വീണു എന്‍റെ കുപ്പായം നനഞു കുതിര്‍ന്നു

.എന്‍റെ കുട്ടീ ഇത്രയും വേദനകള്‍ ഉള്ളിലോതുക്കിയാണോ നീയിവിടെ കളിച്ചു ചിരിച്ചിരുന്നത്..?ഇല്ല മാഷേ ഇവിടെ ഇരിക്കുമ്പോള്‍ ഞാന്‍ മറ്റൊന്നും ഓര്‍ക്കാറില്ല.ഈയടുത്ത കാലഘട്ടത്തില്‍ ഞാന്‍ ഏറ്റവും സന്തോഷിച്ച സന്ദര്‍ഭങ്ങള്‍ ഇവിടെയാണ്‌.എല്ലാം മറക്കുന്ന ഈ നിമിഷങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഓടിയെത്തുന്നത്.ഒരു സുഹൃത്ത് എന്നതില്‍ ഉപരിയായി അവള്‍ എന്‍റെ അനുജത്തിയായി മാറുകയായിരുന്നു .

അതായിരുന്നു ഞങ്ങളുടെ അവസാന കൂടിക്കാഴ്ച .അവളുടെ അച്ഛന്‍ നാട്ടിലെത്തി എന്നും അവളെ ഹോസ്റ്റലില്‍ ആക്കി എന്നും പിന്നീട് അറിഞ്ഞു.പക്ഷെ നോട്ടുപുസ്തകത്തിന്റെ വരയിട്ട പേജില്‍ ചെറിയ ചെറിയ എഴുത്തുകള്‍ അവള്‍ അനുജന്റെ കയ്യില്‍ കൊടുത്തയക്കുമായിരുന്നു.മറുപടികള്‍ ഞാനും .പിന്നെ ഈ മരുഭൂമിയുടെ തടവിലായപ്പോള്‍ നഷ്ടപ്പെട്ടുപോയ ബന്ധങ്ങളില്‍ ഒന്നായി വിസ്മൃതിയില്‍ ആണ്ടുപോയി അവളും .

ഇന്നലെ റോഡില്‍ വച്ച് അവളുടെ അനിയനെ കണ്ടു.തന്‍റെ മുന്‍പില്‍ വച്ച് ഒരമ്മ സ്വയം കത്തിയമരുന്നത് കണ്ട ഭീകരത അവന്‍റെ കണ്ണില്‍ നിന്ന് ഇനിയും മാഞ്ഞിട്ടില്ല എന്ന് തോന്നി.ഒരു വര്‍ഷക്കാലം എനിക്ക് എന്‍റെ ചേച്ചിയെയും നഷ്ടപ്പെട്ടു എന്ന് ഞാന്‍ പേടിച്ചു മാഷേ.പക്ഷെ ദൈവം ഞങ്ങള്‍ക്ക് അവളെ തിരികെ തന്നു .വിവാഹം കഴിഞ്ഞു .രണ്ടു കുട്ടികള്‍ ഉണ്ട് .സുഖമായിരിക്കുന്നു .

ഒരമ്മയോടുള്ള സ്നേഹം കൊണ്ട് സമനിലയില്ലാത്ത ആ മനസ്സിന് മാപ്പ് കൊടുത്ത് പീഡനങ്ങള്‍ മുഴുവന്‍ ഏറ്റുവാങ്ങിയ അവളോട്‌ ദൈവത്തിനു എങ്ങിനെ പുറംതിരിഞ്ഞു നില്‍ക്കാനാവും ..? അവള്‍ നല്‍കിയ സ്നേഹം അവള്‍ക്കു വാരിക്കോരി തിരികെ ലഭിക്കുമാറാകട്ടെ.


6 comments:

കടലാസുപുലി said...

ഒരമ്മയോടുള്ള സ്നേഹം കൊണ്ട് സമനിലയില്ലാത്ത ആ മനസ്സിന് മാപ്പ് കൊടുത്ത് പീഡനങ്ങള്‍ മുഴുവന്‍ ഏറ്റുവാങ്ങിയ അവളോട്‌ ദൈവത്തിനു എങ്ങിനെ പുറംതിരിഞ്ഞു നില്‍ക്കാനാവും ..? അവള്‍ നല്‍കിയ സ്നേഹം അവള്‍ക്കു വാരിക്കോരി തിരികെ ലഭിക്കുമാറാകട്ടെ.

AFRICAN MALLU said...

വളരെ ഹൃദ്യമായ രചന രീതി ശരിക്കും മനസ്സിനെ സ്പര്‍ശിക്കുന്നത്

ajith said...

കടലാസുപുലി സ്നേഹമുള്ള പുലിയായിട്ട് എഴുതിയ ഈ സ്മരണ ഏറെ നന്നായി. എനിക്ക് അദ്ധ്യാപകരോട് വലിയ ബഹുമാനവും സ്നേഹവുമാണ്. http://yours-ajith.blogspot.com/2011/01/blog-post_20.html എന്റെ അധ്യാപകര്‍ക്ക് വേണ്ടി എഴുതിയ ഒരു പോസ്റ്റ്

പുള്ളിപ്പുലി said...

നന്നായി എഴുതിയിറ്റ്ണ്ട്. ഹൃദയത്തിൽ തൊട്ടു നന്ദിട്ടാ.

കടലാസുപുലി said...

ആഫ്രിക്കന്‍ മല്ലു , അജിത്‌ ഭായി , പുള്ളിപ്പുലി വന്നതിലും അഭിപ്രായം പറഞ്ഞതിലും ഒരുപാട് നന്ദി

പ്രിയ രാജേഷ് said...

ഒരമ്മയോടുള്ള സ്നേഹം കൊണ്ട് സമനിലയില്ലാത്ത ആ മനസ്സിന് മാപ്പ് കൊടുത്ത് പീഡനങ്ങള്‍ മുഴുവന്‍ ഏറ്റുവാങ്ങിയ അവളോട്‌ ദൈവത്തിനു എങ്ങിനെ പുറംതിരിഞ്ഞു നില്‍ക്കാനാവും ..

സത്യം . ദൈവം അവളോടൊപ്പം ഉണ്ടാവും .

Post a Comment