Friday, November 18, 2011

സദാചാരം കുട്ടികളിലേക്കും

ഫേസ്‌ ബുക്കില്‍ മൂവായിരത്തിലതികം ലൈക്ക്‌ കിട്ടുകയും രണ്ടായിരത്തോളം പേര്‍ റീഷെയര്‍ ചെയ്യുകയും ചെയ്ത അഗസ്റ്റിന്‍ ജോസഫ്‌ എഴുതിയ കുട്ടികളെ മാദക നര്‍ത്തകികള്‍ ആക്കരുത്  എന്ന പോസ്റ്റ്‌ കണ്ടപ്പോള്‍  ചില എതിര്‍പ്പുകള്‍ തോന്നി എങ്കിലും അതിലെ ചില കമന്റുകള്‍ കണ്ടപ്പോള് മലയാളിയുടെ സാമൂഹ്യ നിലവാരത്തെ ഓര്‍ത്ത്‌ സഹതാപം തോന്നി ..

 ഒരു  റിയാലിറ്റി ഷോയില്‍ പത്തു വയസ്സുള്ള കുട്ടി ധരിച്ചിരുന്ന വസ്ത്രം സദാചാരത്തിന് നിരക്കുന്നതല്ല എന്നും ലൈംഗിക ചേഷ്ടകള്‍ കാണിച്ചു കുട്ടി നൃത്തമാടി എന്നും അതിനെ ജഡ്ജ് ആയ നവ്യാ നായര്‍ അടക്കമുള്ളവര്‍ പ്രോത്സാഹിപ്പിക്കുന്നു എന്നുമാണ് അഗസ്റ്റിന്‍ ജോസഫ്‌ ഉന്നയിക്കുന്ന ആരോപണം ..കുട്ടികള്‍ ഇങ്ങനെ വസ്ത്രം ധരിക്കുന്നത് ശരിയല്ല എന്ന് പക്ഷെ മറ്റൊരു വേദിയില്‍  ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞുവത്രേ ..( ലക്ഷ്മി ഗോപാലസ്വാമി ആണല്ലോ നൃത്തത്തിന്റെയും സദാചാരത്തിന്റെയും അവസാന വാക്ക് ..യേത് )


അനുകൂലമായി ആഞ്ഞു ലൈക്കിയ ജനങ്ങള്‍ ആത്മരോഷം കൊണ്ട് നിറയ്ക്കുകയാണ് അവിടെ ..നവ്യാ നായരെപ്പറ്റി അവളോ വെടിയായി ഇനി പിള്ളേരെയും അങ്ങനെ ആക്കാന്‍ ആണ് ശ്രമം എന്ന് വരെ വിശേഷിപ്പിച്ച മഹാത്മാക്കള്‍ അവരിലുണ്ട്..ആരെങ്കിലും സിനുമയിലോ സീരിയലിലോ അഭിനയിച്ചാല്‍ ഓ അവള് പെഴയാണ് എന്ന് സദാചാരം വിസര്‍ജ്ജിക്കുന്ന മലയാളിയുടെ ഒരു പകര്‍പ്പ് മാത്രമാണ് അവിടെ കണ്ടത് ..

റിയാലിറ്റി ഷോ കളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ അറിയാതെയല്ല ..ആവരുടെ രീതികളോട് എതിര്‍പ്പുമുണ്ട്  എങ്കിലും ചിലതൊക്കെ കാണുമ്പോള്‍ ചിലത് പറയാതെ വയ്യ 


എന്ന് മുതലാണ്‌  നമ്മുടെ  കുട്ടികളൊക്കെ ഇങ്ങനെ മൂടിപ്പുതച്ചു നടന്നു തുടങ്ങിയത് ..? ഹൈസ്കൂള്‍ ക്ലാസ്സിലെ കുട്ടികളും പെറ്റി കോട്ട് മാത്രം ഇട്ടു നടന്നിരുന്ന ഒരു കാലഘട്ടം കടന്നു പോയിട്ട് അധികമായില്ലല്ലോ  ..അനാവശ്യമായ ഭീതി അവരിലേക്ക് തള്ളിക്കയറ്റി നമ്മളുണ്ടാക്കിയതല്ലേ ഇതൊക്കെ ..ആണ്‍കുട്ടിയും പെണ്‍കുട്ടിയും സംസാരിച്ചാല്‍ കുറ്റം ..ഒന്നാം ക്ലാസ്‌ മുതല്‍ അവരെ വേറെ ഇരുത്തി തമ്മില്‍ ഇടപഴകിയാല്‍ എന്തോ തെറ്റാണ് എന്ന് അവരറിയാതെ ഒരു ബോധം അവരുടെ ഉള്ളിലേക്ക് ഫീഡ് ചെയ്യുക ..ഒരു പത്തു വയസ്സുകാരിയുടെ വയറു കണ്ടാല്‍ അസ്വസ്ഥത ഉണ്ടാകുന്ന സമൂഹത്തിനല്ലേ ചികിത്സ വേണ്ടത് ..അത് ലൈംഗികമായ ഒന്നാണ് എന്ന് പ്രചരിപ്പിക്കുമ്പോള്‍  പെണ്‍കുട്ടികള്‍ മാത്രമല്ലല്ലോ ആണ്‍കുട്ടികള്‍ കൂടി ഉള്‍പ്പെട്ട ഒരു സമൂഹമല്ലേ ഇത് ഏറ്റെടുക്കുന്നത് ...അവരറിയാതെ തന്നെ ഇതൊരു ലൈംഗിക ഉദ്ദീപനമായി അവരിലേക്ക് പകര്‍ന്നു നല്‍കുന്നത് നമ്മളൊക്കെ തന്നെയല്ലേ ..?

കുട്ടികളെ കുട്ടികളായി കാണാന്‍ സാധിക്കാത്തവര് ചെയ്യുന്ന തെറ്റുകള്‍ക്ക് കുട്ടികള്‍ എന്ത് പിഴച്ചു ...നമ്മളൊക്കെ ആസ്വദിച്ച സൌഹൃദവും സ്വാതന്ത്ര്യവും നല്ല ബന്ധങ്ങളും നമ്മുടെ കുട്ടികളില്‍ നിന്ന് ഒളിച്ചു പിടിച്ചു അവരെ വളര്‍ത്തുന്ന ഒരു തരം സാഡിസ്റ്റ് ആളുകളാണ് നമ്മള്‍ ..ഒരുമിച്ചു ഉണ്ണി പ്പെര വച്ച് കളിച്ചു , ഒരുമിച്ചു പൂ നുള്ളാന്‍ പോയി ജീവിച്ച നമ്മള്‍ എത്ര പേര് കുട്ടികള്‍ക്ക് ആ സ്വാതന്ത്ര്യം നല്‍കുന്നുണ്ട് ..?സമൂഹത്തെ മാറ്റാതെ നമ്മുടെ കുട്ടികളെ ഒളിച്ചു പിടിച്ചു വളര്‍ത്താന്‍  തുടങ്ങുന്നത് അപകടകരമാണ് ..ഇനി അവരെ മുറിക്കുള്ളില്‍ മാത്രമിട്ട് വളര്‍ത്തുമോ ..?

ഈ പ്രായത്തില്‍ ഇങ്ങനെ ചെയ്‌താല്‍ പതിനാറും പതിനേഴും വയസ്സില്‍ എന്താവും എന്ന ചിന്തയാണ് ചിലര്‍ പങ്കു വയ്ക്കുന്നത്  .വയറ് കാണിക്കുന്നത് അശ്ലീലമാണ് എന്ന് കുട്ടികള്‍ക്കറിയില്ല ..അവര്‍ക്ക് കയ്യും കാലും വെളിയില്‍ കാണുന്നത് പോലെയേ ഉള്ളു ..ആരാണ് ഇതില്‍ അശ്ലീലം കണ്ടെത്തുന്നവര് ..? അവര് വളര്‍ന്നു വരുമ്പോള്‍ തുണി അഴിച്ചു തുള്ളും എന്ന്  ആരാണ് തീരുമാനിക്കുന്നത്  ..? പണ്ട് കിടക്കപ്പായയില്‍ മുള്ളുന്നവര് ഇപ്പോഴും ചെയ്യുന്നുണ്ടോ ..? പ്രായത്തിനനുസരിച്ച് അല്ലെ തിരിച്ചറിവുകള്‍ വരുന്നത് ...? പെണ്ണുങ്ങളുടെ വസ്ത്രം അല്‍പ്പം ഇറങ്ങി കിടന്നാലും ആണുങ്ങളുടെ ജീന്‍സ്‌ അല്‍പ്പം താഴ്ന്നു കിടന്നാലും കേരളത്തില്‍ അശ്ലീലമായി ..എന്നിട്ട് ഇതൊക്കെ മൊബൈല്‍ ക്യാമറയില്‍ എടുത്തു ലോകം മുഴുവന്‍ എത്തിക്കും ..ഇത്തരം ചിന്തയുള്ള സമൂഹത്തിനു ചികിത്സ വേണമെന്ന് ആരും പറയുന്നില്ല ..അത്തരം സമൂഹത്തെ പേടിച്ചു നമ്മള്‍ ഒതുങ്ങി ജീവിക്കണം എന്നാണു ഭാഷ്യം ..പുറത്തു ഗോവിന്ദ ചാമിമാരുണ്ട് എന്ന് പേടിച്ചു പെണ്മക്കളെ പുറത്തിരക്കരുത് എന്ന വാദത്തെക്കാള് അവരെ നേരിടാന്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടത് ..ശക്തമായ പ്രതികരണങ്ങള്‍ ഉയര്‍ന്നു വരും എന്ന് പ്രതീക്ഷയുള്ള പുതിയ തലമുറയെ ഇങ്ങനെ പേടിപ്പിച്ചു വളര്‍ത്തരുത് എന്ന് ആരും പറയാത്തതെന്ത് ..?


മുണ്ടും ബ്ലൌസും ഇട്ടു സ്ത്രീകള്‍ ജോലിക്ക് സ്വന്തന്ത്രമായി നടന്നിരുന്ന നാട്ടില്‍ നിന്നും ഇന്ന് ഫുള്‍ കൈ ഷര്‍ട്ട് ഇട്ടു പണിക്ക് വരുന്ന അവസ്ഥയിലേക്ക് എത്തിച്ചതില് , പാടത്ത് പണിയും  കഴിഞ്ഞു പലചരക്ക് കടയില്‍ നിന്ന് സാധനങ്ങളും വാങ്ങി വൈദ്യുതി എത്താത്ത നാട്ടിന്‍പുറങ്ങളിലെ ഇടവഴികളിലൂടെ പോലും സ്വതന്ത്രമായി സ്ത്രീകള്‍ സഞ്ചരിച്ചിരുന്ന ഒരു അവസ്ഥയില്‍ നിന്നും മെട്രോ നഗരങ്ങളില്‍ പോലും വൈകുന്നേരമായാല്‍ സ്ത്രീകള്‍ പുറത്തു ഇറങ്ങാത്ത ഒരു രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് നമ്മള്‍ തന്നെയല്ലേ ....അടുത്ത സ്റ്റെപ് എന്താണ് ..?പര്‍ദ്ദ അല്ലെ ..?എന്നിട്ട് സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ കുറയുന്നുണ്ടോ ..? എന്തുകൊണ്ട് സമൂഹം മാറാന്‍ നമ്മള് ചെറു വിരല്‍ അനക്കുന്നില്ല ..? പിന്നെയും പിന്നെയും നമ്മുടെ സ്വകാര്യതകളിലേക്ക് കടന്നുകയറാന്‍ അന്യനു കൂടുതല്‍ സ്വാതന്ത്ര്യം കൊടുക്കുകയല്ലേ നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ..? വസ്ത്രധാരണത്തിലെ കുഴപ്പം കൊണ്ടാണോ കൃഷ്ണപ്രിയയും , അനഘയും , സൗമ്യയും പീഡിപ്പിക്കപ്പെട്ടത്‌ ..?

ചോദ്യങ്ങള്‍ അനവധിയാണ് ..നമ്മള്‍ ഹിന്ദി ചാനലില്‍ ഇതൊക്കെ കണ്ടു കയ്യടിക്കുകയും തലയില്‍ മുണ്ടിട്ടു ഷക്കീല പടത്തിനു കയറുകയും ചെയ്യും ..എന്നിട്ട് പുറത്തു വന്നു ഷക്കീലക്കില്ലാത്ത അപരാദവും അപവാദവും പറയും ..ഒരാള് അപകടത്തില്‍ പെട്ട് മരിയ്ക്കാന്‍ കിടന്നാല്‍ പോലും സഹായിക്കാന്‍ നില്‍ക്കാതെ മൊബൈലില്‍ ഷൂട്ട്‌ ചെയ്യും ..എന്നിട്ട് ഇറോം ശര്മ്മിലയുടെ ദുരിതത്തെ പറ്റി ഘോരഘോരം പ്രസംഗിക്കും ..ഹിപ്പോക്രസിയുടെയും ഇരട്ടത്താപ്പിന്റെയും ഒരു കടന്നല്‍ കൂടായി മലയാളി സമൂഹം മാറിയിരിക്കുന്നു ...

വരും തലമുറ എങ്കിലും ഈ മുഖംമൂടികള്‍ പൊളിച്ചെറിഞ്ഞു മനുഷ്യരായി ജീവിക്കും എന്ന് സ്വപ്നം കാണാം..അതിനീ ചങ്ങലകളുമായി നടക്കുന്ന മാതാപിതാക്കള്‍ അനുവദിച്ചാല്‍ ..






11 comments:

saju john said...

ജയാ........നീ ആളു കൊള്ളാലോ........

കൊടുകൈ.....

ഒരു വിയോജിപ്പുമാത്രം...... സ്ത്രീകള്‍ ഇന്ന് ഫുള്‍കൈ ഇട്ട് ജോലിക്കിറങ്ങുന്നതിന്റെ ഒരു കാരണം കഠിനമായ ചൂട് തടയുക, സ്കിന്‍ സംരക്ഷിക്കുക എന്നതാണ് മെയിന്‍ ഉദ്ദേശം..

പക്ഷെ അവലോകനം.....ഉഗ്രന്‍....ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം ഇടപെടലുകള്‍.

Unknown said...

നട്ടെ ..മെയിന്‍ കാരണം അതാണ്‌ എന്ന് തോന്നുന്നു ..ചൂണ്ടിക്കാണിച്ചതിനു നന്ദി ..എങ്കിലും പഴയ പോലെ മുണ്ടും ബ്ലൌസും ധരിച്ചു അകത്ത് പോലും ഇന്ന് സ്ത്രീകള്‍ പണിയെടുക്കുന്നില്ലല്ലോ എന്ന ഒരു ചിന്തയില്‍ നിന്നും എഴുതിയതാണ് ..

ടി. കെ. ഉണ്ണി said...

സുഹ്രുത്തെ..
താങ്കളുടെ പ്രതിഷേധം നന്നായിരിക്കുന്നു..
ഇവിടെയുള്ള യുവതലമുറക്ക് കാര്യമായ പ്രശ്നങ്ങളുണ്ട്...
സമൂഹത്തിന്റെ അപചയത്തിൽ നിന്നു മുതലെടുക്കുന്ന മത, ജാതി, ഗ്രൂപ്പുകളും ചുടുചോറുമാന്തിക്കുന്ന രാഷ്ട്രീയക്കാരും കുത്തഴിഞ്ഞ വിദ്യാഭ്യാസക്കച്ചവടക്കാരും മനുഷ്യദൈവങ്ങളും ചേർന്ന് തീർത്തും നരകമാക്കിക്കൊണ്ടിരിക്കുന്നു ഈ നാടിനെ..

Achuttayi said...

കൊച്ചു കുട്ടികള്‍ക്ക് പോലും പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് നമ്മുടെ നാട്ടില്‍ കാര്യങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു.. സംസ്കാര സംപന്നനായ മലയാളിയുടെ കാപട്യം!!

African Mallu said...

റിയാലിറ്റി ഷോ ഒരു തല്ലി പൊളി ഏര്പാട് തന്നെയാണ് പക്ഷെ ഈ സദാചാര പോലീസ് കളി ഒരു രോഗമാണ് .നമ്മള്‍ മല്ലൂസിനു കാര്യമായ എന്തോ തകരാറുണ്ട് .

SARATH said...

ആ പോസ്റ്റ്‌ ഞാനും വായിച്ചിരുന്നു .അതിലെ കമന്റ്സ് താങ്കള്‍ പറഞ്ഞത് പോലെ വളരെ അരോചകമായി തോന്നി ......എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ പോലും....അവരുടെ ആകാര വടിവുകളെ നോക്കി തരം താഴ്ത്തുന്നു ....ആ കുട്ടികളുടെ കഴിവുകളെ കാണാതെ അവരുടെ ശരീരം നോക്കുന്ന സദാചാരം എനിക്ക് മനസിലാകുന്നില്ല .......ഈ പോസ്റ്റ്‌ എനിക്ക് വല്ലാതെ ഭോധിച്ചു.ഇതില്‍ എന്റെ ശബ്ദം ഞാന്‍ കാണുന്നു........

ഷബീര്‍ - തിരിച്ചിലാന്‍ said...

ആ പറഞ്ഞ ലേഖനം വായിക്കാന്‍ കഴിഞ്ഞില്ല. ഈ ലേഖനം നന്നായിട്ടുണ്ട്

Lipi Ranju said...

ആ പോസ്റ്റ്‌ ഇപ്പോഴാണ് കണ്ടത്! പ്രതികരണം നന്നായി... കടലാസുപുലി പറഞ്ഞപോലെ വരും തലമുറയെങ്കിലും ഈ മുഖംമൂടികള്‍ പൊളിച്ചെറിഞ്ഞു മനുഷ്യരായി ജീവിക്കും എന്ന് സ്വപ്നം കാണാം..

Unknown said...

Daaa jayaaaa 1000 like.... 100kku 100 mark

Unknown said...

Daaa jayaaaa 1000 like.... 100kku 100 mark

അപ്പു said...

വായിക്കാന്‍ താമസിച്ചു പോയോ? നന്നായി പറഞ്ഞു.ആണ്‍ കുട്ടികളെയും പെന്കുട്ടികളയും ഇട കലര്‍ത്തി ഇരുത്തി പഠിപ്പിക്കുന്ന ഒരു സ്കൂളിലാണ് ഞാന്‍ നാലാം ക്ലാസ് വരെ പഠിച്ചത്. അന്നത്തെ ഏറ്റവും അടുത്ത ചെങ്ങാതി ഒരു പെണ്‍കുട്ടി ആയിരുന്നു.ഇപ്പൊ അങ്ങനെയൊന്നു നടപ്പാക്കാന്‍ എത്ര സ്കൂളുകള്‍ തയ്യാറാകും? അത്രക്കുണ്ട് ആണ്‍ പെണ്‍ വേര്തിരുവും പേടിപ്പികലും.

Post a Comment