Monday, May 30, 2011

മലനിരകളില്‍ മഞ്ഞു പെയ്യുമ്പോള്‍ - മൂന്ന്

ഒന്നാം ഭാഗം 


രണ്ടാം ഭാഗം 


മൂന്നാം ഭാഗം 


യു എന്‍ ക്യാമ്പിനു തൊട്ടടുത്തുള്ള അഫ്ഗാന്‍ ചെക്ക്‌പോസ്റ്റില്‍ വണ്ടി നിര്‍ത്തി .ഞാനും സഹായിയും അഭിഷേകും ഇറങ്ങി . ഞങ്ങളെ പരിശോധിക്കാന്‍  രണ്ട് അഫ്ഗാന്‍ പട്ടാളക്കാര്‍ വന്നു .സ്ഥിരം കാണുന്നത് കൊണ്ട് അഭിഷേകിനെ അവര്‍ക്ക് നല്ല പരിചയം .മുറി ഹിന്ദി ഒക്കെ പറയുന്നുണ്ട് .എന്‍റെ സഹായി സയീദിയോട്  ബോധം കെടരുത് എന്ന് അറിയാവുന്ന ഭാഷയില്‍ പറഞ്ഞും പടം വരച്ചും ഞാനും അഭിഷേകും മുന്നേ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു.ശരീരം മുഴുവന്‍ തപ്പിയപ്പോള്‍ ബാക്ക് പോക്കറ്റില്‍ നിന്ന് എന്‍റെ പഴ്സ് കിട്ടി .അതെടുത്ത് അവന്‍ തിരിച്ചും മറച്ചും നോക്കി .പിന്നെ എനിക്ക് പുറം തിരിഞ്ഞു നിന്ന് നിവര്‍ത്തി നോക്കി .എന്നിട്ട്  എന്നോട് ക്യാബിനിലേക്ക് വരാന്‍ പറഞ്ഞു  .പരമ ദരിദ്രമായ എന്‍റെ പേഴ്സില്‍ എന്ത് ഭീകരത ആണ് ഒളിച്ചിരിക്കുന്നത് എന്നോര്‍ത്ത് ഞാന്‍ അവന്‍റെ പിന്നാലെ ക്യാബിനിലേക്ക് പോയി .ഇനി അവന്‍ എങ്ങാന്‍ ..തോക്ക് ചൂണ്ടി ..ഛെ ..ഛെ ..അതൊന്നും ആവില്ല ..എന്നാലും ഒരു ഭയം ...അവന്‍ എന്‍റെ പേഴ്സ് എടുത്തു നിവര്‍ത്തി മേശപ്പുറത്തെക്ക് കുടഞ്ഞു ..പത്താം ക്ലാസ്സില്‍ റ്റാറ്റ പറഞ്ഞു പോയ സന്ധ്യ മുതല്‍ പല ഹെയര്‍ സ്റ്റയിലോടെയും  പല തരം പുഞ്ചിരിയോടും അത് വരെ പ്രേമിച്ച എല്ലാ ലലനാമണികളും പാസ്പോര്‍ട്ട് സൈസില്‍ മേശപ്പുറത്തേക്ക് ചാടി .ഛെ ഇവന്‍ എന്നെ തെറ്റിദ്ധരിച്ചു കാണുമോ .ഡേയ് ഇതൊക്കെ എന്‍റെ പഴയ കാമുകിമാര്‍ ആണെന്ന് പറയാന്‍ വന്നപ്പോഴേക്കും അവന്‍ അതിനുള്ളില്‍ നിന്ന് നാലായി മടക്കിയ ഒരു കടലാസ്എടുത്തു പറഞ്ഞു ഇതെനിക്ക് വേണം .ഞാന്‍ ആ കടലാസു വാങ്ങി നോക്കി .റാണി മുഖര്‍ജി ഇത്തിരിപ്പോന്ന ട്രൌസറും കുഞ്ഞ്യേ കുപ്പായവും  ഇട്ടു ഒരു വല്ലാത്ത ചിരിയുമായി നില്‍ക്കുന്നു.
അമ്പട ചുള്ളാ ഇതിനാണോ നീയെന്നെ ഇത്രേം ടെന്ഷനാക്കിയത്.എങ്കിലും  നാലായി മടക്കിയതിനുള്ളിലൂടെ നോക്കി ഇവന്‍ ഇത്  കണ്ടു പിടിച്ചല്ലോ എന്നോര്‍ത്തു നില്‍ക്കുമ്പോള്‍ പിടിച്ചതിലും വലുതാണ്‌ അളയില് എന്ന മട്ടില്‍  മേശ വലിപ്പ് തുറന്ന് ഗഡി മൂപ്പരുടെ കളക്ഷന്‍ എടുത്തു പുറത്തിട്ടു .കുറ്റം പറയരുതല്ലോ ഒരുമാതിരി അക്കാലത്ത്  ഉറക്കം കളഞ്ഞിരുന്ന എല്ലാ സിനുമാ നടികളും ടൂ പീസില്‍ ചുള്ളന്റെ കയ്യില്‍ ഉണ്ട് .ഹോ എന്‍റെ പേഴ്സില്‍ ഇരുന്നു ബോറടിക്കുന്നതിനെക്കാള്‍ റാണി മോളേ നീ ഇവന്‍റെ കളക്ഷനില്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും എന്ന് ആശംസിച്ചുകൊണ്ട് ഇനിയെനിക്ക് പോകാമല്ലോ എന്ന് ഞാന്‍ ചോദിച്ചു .നിനക്ക് തീര്‍ച്ചയായും പോകാം എന്ന് മറുപടി പറഞ്ഞു അവന്‍ കുര്‍ബ്ബാന കഴിഞ്ഞു കുരിശു മുത്തുന്നത് പോലെ റാണി മുഖര്‍ജിയെ ആഞ്ഞു മുത്തുന്നതും കണ്ടു ഞാന്‍ അവന്‍റെ രക്തം ഇനിയും ചൂട് പിടിക്കുന്നതിനു മുന്‍പ് ഓടി രക്ഷപ്പെട്ടു .

ക്യാമ്പ് ജൂലിയന്‍ 


അഫ്ഗാന്‍ പട്ടാളത്തിന്‍റെ ചെക്ക്‌ പോസ്റ്റില്‍ നിന്ന് നൂറു മീറ്റര്‍ നടന്നാല്‍ ക്യാമ്പ് ജൂലിയന്റെ ഗേറ്റില്‍ എത്താം .അവിടെ ആയിരുന്നു മെയിന്‍ ചെക്കിംഗ് .ഒരു നിമിഷം ഞാന്‍ നമ്മുടെ കേരളത്തിലെ പോലീസ്‌ ലോക്കപ്പിലാണോ എന്ന് ഓര്‍ത്ത്‌ പോയി .കാരണം ലോക്കപ്പിലെ യൂണിഫോമില്‍ നിര്‍ത്തിയായിരുന്നു ചെക്കിംഗ്.ചെക്കിംഗ് കഴിഞ്ഞു അകത്ത് കയറിയപ്പോള്‍ മുതല്‍ ഫുള്‍ യൂണിഫോമില്‍ ശരീരം നിറയെ ആയുധങ്ങളുമായി ഒരു സെന്റ്രി ഞങ്ങള്‍ക്ക് അകമ്പടി സേവിച്ചു തുടങ്ങി .ഭൂരിപക്ഷവും കനേഡിയന്‍സ് ആണ് പട്ടാളക്കാര്‍ .പിന്നെ അല്‍പ്പം അമേരിക്ക , ഫ്രെഞ്ച് , സ്വിസ്സ് , ബെല്‍ജിയം .നിരനിരയായി നിരത്തിയിട്ട ടാങ്കുകള്‍ , ഹെലിക്കോപ്റ്ററുകള്‍, ട്രക്കുകള്‍ .റിപ്പബ്ലിക്‌ പരേഡ്‌നു ടീവിയില്‍ കണ്ടിട്ടുള്ളതല്ലാതെ ഇതൊക്കെ ഇത്രയും അടുത്തു കാണുന്നത് ആദ്യമായാണ്‌ .തോമസ്‌ എന്ന് പരിചയപ്പെടുത്തിയ ക്യാമ്പിലെ എഞ്ചിനീയര്‍ നെ കാണാന്‍ ആണ് ആദ്യം പോയത് .അങ്ങേരും കൂടി ചെയ്യേണ്ട ജോലിയെപ്പറ്റി വിശദീകരിക്കാന്‍ ക്യാമ്പിനകത്തെ അടുക്കളയിലേക്കു നടന്നു .നിരനിരയായി നിരന്നു കിടക്കുന്ന പത്തു കിച്ചണ്‍ ഹുഡ്കള്‍ .ഓരോന്നിലും ആറു ഫര്‍ണസ് വീതം .അതിനകത്ത്‌ ഓട്ടോമാറ്റിക് തീകെടുത്തല്‍ സംവിധാനം സ്ഥാപിക്കണം എന്നതാണ് ജോലി .എല്ലാം കണ്ടപ്പോള്‍ എനിക്ക് രണ്ടു കാര്യം മനസ്സിലായി ഒന്ന് ഇവന്മാര്‍ക്ക് തീറ്റി ആണ് മെയിന്‍ പണി .രണ്ടാമത് പണി അറിയാവുന്ന വേറെ പണിക്കാരനെ കൊണ്ട് വന്നു സ്വന്തം ചെലവില്‍ എന്‍റെ കമ്പനി ഈ ജോലി തീര്‍ക്കേണ്ടി വരും .ഇത് എന്നെക്കൊണ്ട് കൂട്ടിയാല്‍ കൂടൂല്ല മൊതലാളീ  എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് കയ്യിലിരുന്ന പുസ്തകത്തില്‍ ഇല്ലാത്ത ജാഡയോടെ ഞാന്‍ ചുമ്മാ കുത്തിക്കുറിക്കാന്‍ തുടങ്ങി. മീറ്റര്‍ കൊണ്ട് ചുമ്മാ അളവെടുത്ത് വിരലുകള്‍ മടക്കിയും മൊബൈലില്‍ കാല്‍ക്കുലേറ്റര്‍ ഓണ്‍ ആക്കിയും  ചുമ്മാ തല ചൊറിഞ്ഞും എന്തൊക്കെയോ എഴുതി .ആദ്യ ദിവസം പണിയെടുക്കുന്നത് സ്റ്റാന്‍ഡേര്‍ഡ് പാര്‍ട്ടികള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല എന്ന് അറിയാവുന്നത് കൊണ്ട് സൈറ്റ്‌ വിസിറ്റ് എന്ന ഓമനപ്പേരില്‍ അവിടം മുഴുവന്‍ കറങ്ങി .അടുക്കളയില്‍ പണിക്ക് വന്നവന്‍ ജിമ്മിലും ബാറിലും എത്തി നോക്കുന്നത് എന്തിനെന്ന് കൂടെയുള്ള സെന്റ്രി ചോദിച്ചില്ല ഭാഗ്യം .

ഉച്ചഭക്ഷണം അവിടെ നിന്നായിരുന്നു .ഹോ ഫൈവ്‌ സ്റ്റാര്‍ ത്രീ കോഴ്സ് ഫുഡ്‌.എല്ലാതരം ഇറച്ചികളും ഉള്‍പ്പെട്ട ഭക്ഷണം .പതിനഞ്ചോളം വ്യത്യസ്ത ഡസെര്ട്ടുകള്‍.എല്ലാം കണ്ടപ്പോള്‍ ഒന്ന് തീരുമാനിച്ചു , ഈ അടുക്കള ഞാന്‍ ഒരു വഴിക്ക് ആക്കിയെ പോകൂ .എന്‍റെ സഹായിക്കു വായില്‍ നാക്കും പല്ലും ഒക്കെയുണ്ടെന്നു എനിക്ക് ബോധ്യപ്പെട്ടത് ഒരു ആടിന്കാലുമായി അവന്‍ നടത്തുന്ന മല്ലയുദ്ധം കണ്ടപ്പോഴാണ് .ഭക്ഷണം കഴിഞ്ഞപ്പോള്‍ സ്വാഭാവികമായും ഒരു യുദ്ധം കഴിഞ്ഞാല്‍ എന്ന പോലെ നമ്മള്‍ ക്ഷീണിക്കുമല്ലോ .അതുകൊണ്ട് അന്ന് തിരിച്ചു പോയി നാളെ മുതല്‍ ജോലി തുടങ്ങാം എന്ന് തീരുമാനിച്ചു .പോരാത്തതിന് പണി ആയുധങ്ങള്‍ എടുത്തിട്ടും ഇല്ലായിരുന്നു .അത്യാവശ്യത്തിനു ടൂള്‍സ് സ്റ്റോറില്‍ നിന്ന് വാങ്ങി തരാം എന്ന അഭിഷേകിന്‍റെ സഹായ അഭ്യര്‍ഥന തള്ളുമ്പോള്‍ ആദ്യം എല്ലാം ഡ്രോയിംഗ് വരച്ചു പ്ലാന്‍ ചെയ്യണം എന്ന് ന്യായം പറഞ്ഞെങ്കിലും അവനെന്നെ നോക്കിയ നോട്ടം രൂപ എണ്ണി തരുന്നില്ലേ നാറീ പണി എടുത്തൂടെ എന്നാണെന്ന് എനിക്ക് മനസ്സിലായി .എല്ലാ ഒന്നാം തിയതിയും സാലറി സ്ലിപ് ഒപ്പിടുമ്പോള്‍ കമ്പനിയില്‍ വച്ച് മാനേജര്‍ നോക്കുന്നത് ഇതേ നോട്ടമായത് കൊണ്ട് നമുക്ക് അതൊക്കെ വെറും പുല്‍സ് ആയിരുന്നു .ഞങ്ങളെ തിരിച്ചു കൊണ്ട് പോകാനുള്ള വാഹനത്തിനു  വേണ്ടി വെയിറ്റ്‌ ചെയ്യുന്ന സമയം നമുക്ക് സ്റ്റോറില്‍ പോയി ഇരിക്കാം എന്ന് പറഞ്ഞു അഭിഷേക് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി .അപ്പോഴും ബോബനും മോളിയിലെയും പട്ടിയെപ്പോലെ സെന്റ്രി കൂടെയുണ്ട് .അവിടെ വച്ചാണ് സ്റ്റോര്‍ കീപ്പര്‍ ആയ ബ്രൂസിനെ പരിചയപ്പെടുന്നത് .ബ്രൂസ് വഴി മരിയയെയും .എന്‍റെ ജീവിതത്തില്‍ ഒരിക്കലും  മറക്കാന്‍ സാധിക്കാത്ത രണ്ടു മുഖങ്ങളായി  അവര്‍ മാറിയത് വളരെ പെട്ടെന്നാണ്  .പ്രത്യേകിച്ച് ഇന്ത്യയെ ഒരുപാട് ഇഷ്ടപ്പെടുന്ന , തന്‍റെ വെക്കേഷന് മുടങ്ങാതെ ഇന്ത്യയില്‍ എത്തുന്ന മരിയ .

(തുടരും .)

ഗൂഗിള്‍ ബസ്‌ കമന്‍റുകള്‍ ഇവിടെ 

Saturday, May 28, 2011

ചില തലവെയ്പ്പ് ചിന്തകള്‍




സമര്‍പ്പണം : തലവെയ്പ്പു എന്തെന്നറിയാതെ തന്നെ ഇതൊക്കെ ചെയ്തോണ്ടിരുന്ന  അഗ്രുക്കയ്ക്കും ചുമ്മാ വന്നു കല്യാണം ഉറപ്പിച്ച തലവെച്ചു തന്ന ഹരി നെടുങ്ങാടിക്കും !!! 

ഒരുത്തനെക്കൊണ്ട് ചെലവ് ചെയ്യിച്ചു അവന്‍റെ കളസം കീറുന്ന കലാരൂപത്തെ ആണ് തലയടി അഥവാ തലവെയ്പ്പ് എന്ന് പറയുന്നത് .


ഒരാളുടെ ജീവിത ചക്രത്തില്‍ അയാള്‍ പലവിധ തലവെയ്പ്പുകള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കും .സ്കൂള്‍ -കോളേജ്‌ പഠന കാലത്ത് തുടങ്ങുന്ന ഈ തലവെയ്പ്പ് മരിക്കുന്നത് വരെ ഒരാളെ പിന്തുടര്‍ന്നുകൊണ്ടിരിക്കും.


  ക്യാമ്പസ്

ഇവിടെ സ്ഥിരമായി തലവെയ്പ്പിനു ഇരയാവുന്നവര്‍ കാമുകന്മാര്‍ ആണ്

1. ഒരുത്തന് ഒരുത്തിയോടു പ്രണയം തോന്നിയാല്‍ അത് അവതരിപ്പിക്കാന്‍ ഉള്ള ഐഡിയ പ്ലാന്‍ ചെയ്യാന്‍ കൂട്ടുകാര്‍ ഒരുമിച്ചു കൂടി ആദ്യം അവന്‍റെ തല വയ്ക്കുന്നു .

2.കഷ്ടകാലത്തിന് അത് എങ്ങാനും സക്സസ് ആയാല്‍ ആ സന്തോഷത്തിനു  വേണ്ടി ഒരിക്കല്‍ കൂടി അവന്‍റെ തലവയ്ക്കും

3.ഇനി അവള്‍ക്കു വേറെ പ്രേമം ഉണ്ടെന്നു തുറന്നു പറഞ്ഞാല്‍ ആദ്യം അവന്‍റെ നിരാശ തീര്‍ക്കാന്‍ കൂട്ടം കൂടി ഒരു തലവെയ്പ്പ് .ശോക ഗാന സദസ്സ് .ഇതായിരിക്കും ഏറ്റവും കൂടുതല്‍ നടക്കുന്നതും ചിലവേറിയതും ആയ ഒരിനം .

4.പിന്നെ അവളുടെ നിലവിലെ പ്രേമം പൊളിച്ചു ആ സ്ഥാനത്ത്  അവനെ പ്രതിഷ്ടിക്കുന്നതിനായി ഒരു ഗൂഡാലോചന.അന്നും അവന്‍റെ തല വയ്ക്കും.

5.ഈ വിവരം അവളുടെ നിലവിലെ കാമുകന്‍ അറിഞ്ഞാല്‍ അവന്‍ വന്നു കൊപ്രമൈസ്‌ ചെയ്യാന്‍ വേണ്ടി ഒരു പാര്‍ട്ടി നടത്തും .അങ്ങനെ ആ തലയും നമുക്ക് .

6.ഇനി ഈ വിവരം ആ പെണ്‍കുട്ടി അറിഞ്ഞു സംഗതി കോമ്പ്രമൈസ് ആക്കിയതില്‍ നമ്മളോടുള്ള സ്നേഹം കൊണ്ട് അവളുടെ തലയും നമ്മക്ക് തരും

7.ഇനി നന്നായി മുന്നോട്ടു പോകുന്ന ഒരു പ്രേമത്തില്‍ എങ്ങാനും ഒരു തെറ്റിധാരണ ഉണ്ടായാല്‍ പെണ്‍കുട്ടിയെ സത്യം പറഞ്ഞു ബോധിപ്പിക്കാന്‍ വേണ്ടി നമ്മള്‍ കാമുകന്‍റെ തലവെയ്ക്കും

8. ഇനി ഒരു പ്രശനവും ഇല്ലാതെ സുഗമമായി പോകുന്ന പ്രണയം ആണെങ്കില്‍ ചിലപ്പോള്‍ കാമുകനോ കാമുകിക്കോ ഒഴിവാകണം എന്ന് തോന്നുന്നു എങ്കില്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ സംഗതി തീര്‍ത്ത്‌ കൊടുക്കുന്നതിനു രണ്ടു പേരില്‍ ആര്‍ക്കാണ് ആവശ്യകത എന്നതനുസരിച്ച് അവരുടെ തലവെയ്ക്കും .

9. അടുത്തുള്ള അമ്പലത്തില്‍ ഉത്സവം , പള്ളിപ്പെരുന്നാള്‍ , ആണ്ട് ജാറം നേര്ച്ച എന്നിവ വന്നാല്‍ ജാതി മത ഭേദമെന്യേ സകലരും കൂട്ടത്തോടെ വന്നു തലയടിച്ചു കുടുംബം മുടിപ്പിക്കും .

10.സഹോദരിയുടെയോ സഹോദരന്റെയോ വിവാഹം ഈ സമയത്ത് നടന്നാല്‍  തലവെയ്പ്പ് ഫണ്ടിലെക്കായി വന്‍ അഴിമതി നടത്തേണ്ടി വരും .

അക്കാദമിക്‌ തലവെയ്പ്പുകള്‍ 

മുകളില്‍ മറ്റുള്ളവരുടെ തലവച്ചുകൊണ്ടിരുന്ന സ്ഥിരം ടീമിനാണ് ഈ അവസരത്തില്‍ പണി കിട്ടുക
1. റെക്കോര്‍ഡും അസ്സൈന്മെന്റും എഴുതുന്നതിനു പകരമായി ജൂനിയെഴ്സും ക്ലാസിലെ  ഗേള്‍സും അവരുടെ തലയടിക്കും .

2. പ്രാക്ടിക്കല്‍  പരീക്ഷക്ക്‌ ചെറിയ ടിപ്സ് തന്നു സഹായിക്കാന്‍ വേണ്ടി ലാബ് അസിസ്റ്റന്റ് എന്ന വിഭാഗം അവരെ തലയടിക്കും .

3.പരീക്ഷാ സമയത്ത് എഴുതിക്കഴിഞ്ഞ തുണ്ടുകള്‍ പാസ്‌ ചെയ്യുന്ന കഴുവേറികള്‍ അതിന്‍റെ പേരില്‍ തലയടിക്കും .

4.സര്‍ക്കാര്‍ ധനസഹായം കിട്ടുന്ന അന്ന് കിട്ടുന്നവന്മാരുടെ തലവെയ്പ്പ്  കിട്ടുന്ന തുകയുടെ വലിപ്പച്ചെറുപ്പം അനുസരിച്ച് .

5. റിസല്‍റ്റ് വരുമ്പോള്‍ ജയിച്ചവര്‍ വക കൂട്ടത്തലവെയ്പ്പ് .

ജനറല്‍ തലവയ്പ്പ്

 ഒരുത്തന്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചാല്‍ അവന്‍റെ കഷ്ടകാലം തുടങ്ങി

1.ആദ്യം പെണ്ണ് കാണാന്‍ കൂട്ട് പോകുന്നവര്‍ അവന്‍റെ തലവയ്ക്കും

2.കഷ്ടകാലത്തിന് കല്യാണം ഉറച്ചാല്‍ അതിനു കൂട്ടുകാരും ബ്രോക്കറും വക  തലവെയ്പ്പ് .

3. പെണ്ണിനെ അമ്പലത്തില്‍ വച്ചോ ഇടവഴിയില്‍ വച്ചോ പിന്നീട് രഹസ്യമായി സന്ധിക്കുന്നതിനു ഒത്താശ ചെയ്തു കൊടുക്കുന്നതിനു ചെറുക്കന്റെ കൂട്ടുകാരനും പെണ്ണിന്‍റെ കൂട്ടുകാരിയും വക തലവെയ്പ്പ് .

4.കല്യാണ തലേന്നത്തെ തലവയ്പ്പാണ് ഏറ്റവും മാരക ശക്തിയുള്ളത് .പിറ്റേന്ന് കവറില്‍ അമ്പത്തോന്നു വയ്ക്കാന്‍ ഉദ്ദേശം ഉള്ളവന്‍ പോലും നാല് പെഗ്ഗും വയറു നിറച്ചു ഫുഡ്‌ഡും അടിച്ച് പറ്റിയാല്‍ ചെറുക്കന്റെ ബന്ധുക്കളെ ആരെയെങ്കിലും ചൊറിഞ്ഞു അലമ്പ് ഉണ്ടാക്കിയെ പോകൂ .

5. ദൈവസഹായം കൊണ്ട് പെണ്ണെങ്ങാനും ഗര്‍ഭിണിയായാല്‍ അതിന്‍റെ സന്തോഷം പങ്കു വയ്ക്കാന്‍ ഒരു പാര്‍ട്ടി നടത്തിച്ചു തലവെയ്പ്പ്

6.കുഞ്ഞു ജനിച്ചാല്‍ ആണാണെങ്കില്‍ വലിയ തലവെയ്പ്പും പെണ്ണാണെങ്കില്‍ ചെറിയ തലവെയ്പ്പും .

7.ആ കൊച്ചിന്റെ പേരിടല്‍ , ചോറൂണ് , ഒന്നാം പിറന്നാള്‍ തലവെയ്പ്പുകള്‍ പിന്നാലെ വരും .

8. പെണ്‍കൊച്ച് വയസ്സറിയിച്ചാല്‍ അതിന്‍റെ തലവെയ്പ്പ്

9.കൊച്ച് പരീക്ഷ പാസായാല്‍ അതിന്‍റെ തലവെയ്പ്പ് .

10 . എന്‍ട്രന്‍സ്‌ പരീക്ഷ കഴിഞ്ഞു അഡ്മിഷന്‍ കിട്ടിയാല്‍ അന്യായ തലവെയ്പ്പ് നാട്ടുകാരും കൂട്ടുകാരും പോരാതെ കോളേജ്‌ മാനേജ്മെന്റ് വകയും .

11.മകളുടെയോ മകന്റെയോ കല്യാണത്തിനു പഴയ കല്യാണത്തലയുടെ റീപ്ലേ .

12.ജോലിയില്‍ നിന്നുള്ള റിട്ടയര്‍മെന്റിന്റെ തലയടി .

13. കൊച്ചുമക്കള്‍ ഉണ്ടായാല്‍ മുത്തശ്ശന്‍ ആയതിന്റെ സന്തോഷ തലവെയ്പ്പ് .

14.അറുപതു വയസ്സ് ആയാല്‍ ഷഷ്ടിപൂര്‍ത്തി തലയടി .

15.കഷ്ടകാലത്തിന് പിന്നേം ജീവിചിരുന്നാല്‍ സപ്തതി . ശതാഭിഷേകം പിന്നെ നവതി അങ്ങനെ പോകും തലവെയ്പ്പുകള്‍ .

16. ഇനി ഇതിനിടയ്ക്ക് മരിച്ചു പോയാല്‍ അടിയന്തിരത്തലേന്നു മക്കളുടെ തലവെയ്ക്കും .

തലയടികളോംക്കാ സിന്ധഗി ജോ കഭി നഹി ഖതം ഹോ  ജാത്തി ഹെ !!!!!.


ഗൂഗിള്‍ ബസ്‌ കമന്‍റുകള്‍ ഇവിടെ 


Thursday, May 26, 2011

മലനിരകളില്‍ മഞ്ഞു പെയ്യുമ്പോള്‍ - രണ്ട്





ഭാഗം രണ്ട്


വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു യു എന്‍ ക്യാമ്പിലേക്ക് ഒരുപാട് ദൂരമുണ്ടോ .ഇടിഞ്ഞു പൊളിഞ്ഞ ഒരു കൊട്ടാരം കാണിച്ചു തന്നിട്ട് അഭിഷേക് എന്ന മെയിന്‍ കൊണ്ട്രക്ടര്‍ പ്രധിനിധി എന്നോട് പറഞ്ഞു ആ കൊട്ടാരത്തിന്റെ കോമ്പൌണ്ടില്‍ ആണ് യു എന്‍ ക്യാമ്പ് .പക്ഷെ നമ്മള്‍ താമസിക്കുന്നത് ദൂരെയാണ് .എന്‍റെ ഉള്ളില്‍ ബാക്കിയുണ്ടായിരുന്ന ഇത്തിരി ധൈര്യവും പോടാ പുല്ലേ എന്ന് പറഞ്ഞു സ്ഥലം വിട്ടു .പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുമ്പോള്‍ തീവ്രവാദി ആക്രമണം പേടിക്കാതെ സുഖമായി ഉറങ്ങാം എന്ന് സ്വപ്നം കണ്ട ഞാന്‍ എന്നെ പറഞ്ഞു വിശ്വസിപ്പിച്ച മാനേജരെ മനസ്സില്‍ വിളിക്കാന്‍ തക്ക കനമുള്ള തെറികള്‍ കിട്ടാതെ വീര്‍പ്പുമുട്ടി.

വാഹനം ഒരുപാട് ദൂരം ഓടി .ഞങ്ങളുടെ ഡ്രൈവര്‍ അഫ്ഗാനി ആയിരുന്നു .അവന്‍ യാതൊന്നും സംസാരിക്കുന്നത് കണ്ടില്ല .എന്‍റെ സഹായി മടക്കി വച്ച ഒരു കാലന്കുട പോലെ വണ്ടിയില്‍ ഇരുന്നു ഉറങ്ങുന്നു .ഇത്രയും ആത്മസന്ഘര്‍ഷത്തിനിടയിലും ഇങ്ങനെ ഉറങ്ങണമെങ്കില്‍ ഇവന് ജീവിതം തീര്‍ച്ചയായും മടുത്തിരിക്കും .അവന്‍റെ മൊട്ടത്തലയ്ക്ക് ഒരു കിഴുക്കു കിഴുക്കണം എന്ന് കരുതി എങ്കിലും അവന്‍റെ മസിലുകള്‍ കണ്ടു ഞാന്‍ പിന്‍വാങ്ങി .ഇടയ്ക്ക് വണ്ടി ഒരിടത്ത് നിന്നു.ഒരു സൂപ്പര്‍മാര്‍ക്കറ്റ്‌ പോലെ ഒരു സ്ഥലം .അകത്ത് കയറിയപ്പോള്‍ ഇംപോര്‍ട്ടഡായ സാധനങ്ങള്‍ വില്‍ക്കുന്ന ഒരു സ്ഥലം ആയിരുന്നു അത് .അഭിഷേക്‌ ആരെയോ ഫോണില്‍ വിളിച്ചു എന്തൊക്കെയോ അന്വേഷിച്ചു .പിന്നെ കുറെ സാധനങ്ങള്‍ ട്രോളിയിലേക്ക് എടുത്തിട്ടു .ചീസ്‌ , ചിക്കന്‍ , മുട്ട തുടങ്ങി ഒരുപാട് സാധങ്ങള്‍ .ഒരേയൊരു തര്‍ക്കം അവര്‍ തമ്മില്‍ ഫോണില്‍ നടത്തിയത് വാങ്ങേണ്ട മദ്യത്തിന്‍റെ ബ്രാന്‍ഡിനെപ്പറ്റി ആയിരുന്നു .കുറ്റം പറയരുതല്ലോ ബാക്കി എല്ലാ കാര്യത്തിലും അവര്‍ തമ്മില്‍ ഭയങ്കര യോജിപ്പായിരുന്നു .അഫ്ഗാനികള്‍ക്ക് അവിടെ നിന്നു മദ്യം വാങ്ങാന്‍ അനുവാദമില്ല .അതിനു വേണ്ടി നമ്മുടെ പാസ്പോര്‍ട്ട് കാണിക്കണം .എന്‍റെ പാസ്പോര്‍ട്ട് കാണിച്ചും വാങ്ങി ഒരു ഫുള്ള് .അത് കണ്ടപ്പോള്‍ മനസ്സില്‍ ലഡു പൊട്ടി .ഇത് എന്‍റെ പാസ്പോര്‍ട്ടില്‍ വാങ്ങിയതാ ഒഴിയടെ രണ്ടെണ്ണം എന്ന് അധികാരത്തോടെ പറയാമല്ലോ .രണ്ടെണ്ണം അടിക്കാതെ ഉറങ്ങാന്‍ സാധിക്കും എന്ന് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു .അത് നമ്മുടെ അഫ്ഗാനി ഡ്രൈവര്‍ക്ക് വേണ്ടി ആയിരുന്നു എന്ന് പിന്നീടാണ്  മനസ്സിലായത്‌ .അതോടെ നമ്മടെ ലഡുവില്‍ മീന്ചാര്‍ ഒഴിച്ചപോലെ ആയി .

മാല്‍ഗുഡി 


അതായിരുന്നു ആ വീടിന്‍റെ പേര് .ഇവര്‍ ആര്‍ കെ ലക്ഷമണ്‍ നെ വായിച്ചിട്ടുണ്ടോ എന്ന് ചോദിക്കണം എന്ന് കരുതി .പിന്നെ നമുക്ക് ഇത്തരം ദുശ്ശീലങ്ങള്‍ ഒക്കെ ഉണ്ടെന്നു എന്തിനാ അവരെ അറിയിക്കുന്നത് എന്നോര്‍ത്ത് മിണ്ടിയില്ല.വീടിന്‍റെ വാതില്‍ക്കല്‍ തന്നെ ഒരു വാച്ച്മാന്‍ റൂം ഉണ്ടായിരുന്നു .തോക്ക് പിടിച്ച ഒരു അഫ്ഗാനി ചുരിദാറും ഇട്ടു വന്നു ഗേറ്റ് തുറന്നു .നല്ല പൂന്തോട്ടം എല്ലാം ഉള്ള മനോഹരമായ ഒരു വീടായിരുന്നു അത് .രണ്ട് മുറികളും ഒരു ഓഫീസ്‌ മുറിയും ഉള്ള ഓടിട്ട മനോഹരമായ വീട് .അപ്പോള്‍ സമയം ഏതാണ്ട് വൈകിട്ട് അഞ്ചുമണി കഴിഞ്ഞിരുന്നു .ഇരുട്ട് പരന്നു തുടങ്ങി.തണുപ്പ് വീണ്ടും കൂടുന്നു .മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്ന ഒരു അടുപ്പ് വീടിന്‍റെ പുറത്തു ഉണ്ടായിരുന്നു .അതിന്‍റെ ചൂടുള്ള പുക ഇരുമ്പ് പൈപ്പുകള്‍ വഴി എല്ലാ മുറികളിലൂടെയും കടന്നു പോയി അവസാനം വീടിന്‍റെ മറ്റൊരു വശത്തു കൂടി പുറത്തു പോകും  .അങ്ങനെ ആയിരുന്നു മുറികള്‍ ചൂടാക്കി നിലനിര്‍ത്തിയിരുന്നത്.നല്ല കാപ്പിയും വെണ്ണയില്‍ മൊരിയിച്ച ബ്രെഡ്ഡും ഓംലെറ്റും കൊണ്ടുവന്നു അഫ്ഗാന്കാരന്‍ തന്നെ ആയ കുക്ക് .

മുറികളില്‍ നിന്നു ഓഫീസ്‌ മുറിയിലേക്ക് കടക്കുന്ന വരാന്തക്ക് വശങ്ങളില്‍ ചുമരില്ല .അത്രയും ദൂരം ഞാന്‍ കടന്നു പോയിരുന്നത് കണ്ണടച്ച് തുറക്കുന്ന സ്പീഡില്‍ ആയിരുന്നു .അത്രയും തണുപ്പ് .ഓഫീസ്‌ മുറിയോട് ചേര്‍ന്ന് തന്നെ ആയിരുന്നു അടുക്കള .എന്‍റെ സഹായി വാഹനത്തില്‍ ഇരുന്നു ചെയ്തിരുന്ന ഉറക്കം എന്ന ജോലി പൂര്‍വ്വാധികം ഭംഗിയായി നിര്വ്വഹിക്കുന്നുണ്ടായിരുന്നു .
എട്ടു മണി കഴിഞ്ഞതോടെ അഭിഷേകും സുഹൃത്തും കൂടി ബോട്ടില്‍ എടുത്തു മേശപ്പുറത്ത് വച്ച് അടി തുടങ്ങി .എന്നെ ക്ഷണിച്ചു എങ്കിലും ആദ്യ ദിവസം തന്നെ ഇവന്മാരുടെ കപ്പാസിറ്റി അറിയാതെ നമ്മളും കൂടി കുടിച്ചു അവസാനം ആര്‍ക്കും ഒന്നും ആവാത്ത അവസ്ഥ വേണ്ട എന്ന് കരുതി ശബരിമലയ്ക്ക് മാലയിട്ട പോലെ ഞാന്‍ മനസ്സില്‍ ശരണം വിളിച്ചു പ്രതിരോധിച്ചു .ഒരുമണിക്കൂര്‍ കൊണ്ട് അവന്മാര്‍ ആ കുപ്പി കാലിയാക്കി ദൂരെ കളയുന്നത് കണ്ടപ്പോള്‍ നാളെ ഒരു ഫുള്ള് കൂടുതല്‍ വാങ്ങണം എന്ന് അവന്മാരെ ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ കയ്യിലിരുന്ന മൊബൈലില്‍ സിമ്മില്ലേലും രിമൈന്‍ഡര്‍ വച്ചു.

നല്ല അഫ്ഗാനി പുലാവും കോഴിക്കറിയും സമൃദ്ധമായി കഴിച്ചു വൈക്കോല്‍ തുറുവിട്ട പോലെയുള്ള പുതപ്പിനടിയിലേക്ക് നൂണ്ടുകയറി ഉറങ്ങാന്‍ ഒരു വിഫല ശ്രമം തുടങ്ങി .അന്ന് രാത്രി കണ്ട സ്വപ്‌നങ്ങള്‍ അത്യന്തം ഭീകരങ്ങള്‍ ആയിരുന്നു .മണല്‍ അരിക്കുന്ന അരിപ്പ പോലെ തുള വീണ എന്‍റെ ബനിയനും കെട്ടിപ്പിടിച്ചു ആരൊക്കെയോ കരയുന്നതെല്ലാം ഞാന്‍ കണ്ടു .ക്ഷീണത്തില്‍ എപ്പോഴോ മയങ്ങിപ്പോയി .രാവിലെ കാപ്പിയും കൊണ്ട് കുക്ക് വന്നു വിളിച്ചപ്പോള്‍ ആണ് എഴുന്നേറ്റത് . കുളിക്കാന്‍ കുളിമുറിയില്‍ കയറിയപ്പോള്‍ ആയിരുന്നു രസം .ഹീറ്ററില്‍ നിന്നു വരുന്ന വെള്ളം ഷവറില്‍ നിന്നു നമ്മുടെ ശരീരത്തില്‍ എത്തുന്ന സമയം കൊണ്ട് തണുക്കുന്നു .വെള്ളം തുറന്നിട്ട്‌ ഞാന്‍ ആദ്യം ജല ധാരയെ നാല് പ്രദക്ഷിണം വച്ചു .പിന്നെ അറിയാത്ത പോലെ കൈ ഒന്ന് അതിനു നേരെ നീട്ടി .പിന്നെ രണ്ടും കല്‍പ്പിച്ചു കണ്ണുകള്‍ അടച്ചു തൃശൂര്‍ സ്വരാജ് റൌണ്ട് ക്രോസ് ചെയ്യുന്ന പശുക്കളെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും രണ്ട് റൌണ്ട് ഓടി.തൊട്ടുകുളി , തളിച്ചുകുളി , നനച്ചുകുളി , സങ്കല്പ്പക്കുളി അങ്ങനെ കുളി ജനറല്‍ ആയി നാല് തരമുണ്ടത്രേ ( ഇതില്‍ വരാനിടയുള്ള കുളികളെക്കുറിച്ചുള്ള സംശയങ്ങള്‍ ഞാന്‍ കാണുന്നുണ്ട് ).അതില്‍ ഏതാണ് നിര്‍വ്വഹിച്ചത് എന്ന് ഓര്‍മ്മയില്ല .കിഡ്നി ചേട്ടന്‍ പുറത്തേക്കു തള്ളിവിടുന്ന ജലം ബഹിര്‍ഗമിപ്പിക്കുന്ന കുഴലുപോലും തപ്പിയെടുക്കേണ്ട അത്ര തണുപ്പുള്ള അന്തരീക്ഷത്തില്‍ അത്രയും തന്നെ ധാരാളം .

പ്രാതലും കഴിച്ചു ജാക്കറ്റ്‌ എല്ലാം ധരിച്ചു യാത്രക്ക് തയ്യാറായി .തലേ ദിവസത്തെ ടെന്‍ഷനില്‍ സ്ഥലങ്ങള്‍ ഒന്നും ശ്രദ്ധിക്കാന്‍ സാധിച്ചിരുന്നില്ല .ഇരു വശങ്ങളിലെയും കാഴ്ചകള്‍ അപ്പോള്‍ ആണ് ശ്രദ്ധിച്ചത് .ആന്ധ്രയിലേയോ തമിള്‍ നാട്ടിലെയോ ഒരു ഗ്രാമത്തിലൂടെ കടന്നു പോകുന്ന ഒരു ഫീലിംഗ്.

 .
                                         ഒരു വ്യൂ ..ചിത്രത്തിനു കടപ്പാട് ഗൂഗിള്‍


ഇടയ്ക്ക് വണ്ടി പെട്രോള്‍ അടിക്കാന്‍ നിര്‍ത്തി .ഒരു ചാക്കില്‍ അഫ്ഗാന്‍ കറന്‍സി കുടഞ്ഞിട്ടിട്ടാണ് ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചത് .ആഭ്യന്തര യുദ്ധങ്ങള്‍ തകര്‍ത്ത ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കുറിച്ചുള്ള ആദ്യത്തെ സൂചന .
വാഹനം കുറെ ഓടി .വഴിയില്‍ യുദ്ധത്തിന്റെ മാരക രൂപം വെളിവാക്കുന്ന ആ കാഴ്ച കണ്ടു .വെടിയുണ്ടകള്‍ ഏറ്റു തകര്‍ന്നു തരിപ്പണമായ കൊട്ടാരം .


ഇത് പഴയ ഭരണാധികാരിയുടെ താമസ സ്ഥലം ആയിരുന്നത്രേ .ഇതുപോലെയുള്ള മറ്റൊരു കൊട്ടാരം ആയിരുന്നു അദ്ദേഹത്തിന്റെ ഭരണ കേന്ദ്രം .ആ ഭരണകെന്ദ്രത്തിന്റെ കോമ്പൌണ്ടില്‍ ആണ് യു എന്‍ ക്യാമ്പ്‌ സെറ്റ്‌ ചെയ്തിരിക്കുന്നത് .അവിടെ എത്തുന്നതിനു മുന്‍പ് അഫ്ഗാന്‍ പട്ടാളത്തിന്‍റെ ചെക്ക്‌ പോസ്റ്റ്‌ കടന്നു പോകേണ്ടതുണ്ട് .ദുരിതത്തിന്റെ ഒഴിയാബാധകള്‍ അവിടെ തുടങ്ങുകയായി .

(തുടരും )

ഗൂഗിള്‍ ബസ്‌ കമന്റ്സ് ഇവിടെ 

ആദ്യ പോസ്റ്റ്‌ ഇവിടെ ക്ലിക്കി വായിക്കാം





Monday, May 23, 2011

മലനിരകളില്‍ മഞ്ഞു പെയ്യുമ്പോള്‍

ഭാഗം ഒന്ന്


യാത്ര പലരും ആഗ്രഹിച്ചു ചെയ്യുന്നതാണ് ..വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തി ആസ്വദിച്ചു ചെയ്യുന്നവരുണ്ട് .ഒരു പ്ലാനിങ്ങും ഇല്ലാതെ വഴിയില്‍ കാത്തിരിക്കുന്ന അനിശ്ചിതത്വങ്ങള്‍ വെല്ലുവിളികളാക്കാന്‍ ഇഷ്ടപ്പെടുന്നവരുണ്ട് ..ചിലര്‍ നിവര്‍ത്തികേടുകൊണ്ടും യാത്രകളില്‍ പെട്ട് പോകാറുണ്ട് ....
അത് സ്വകാര്യമോ  ഔദ്യോഗികമോ ആവാം..
ചിലര്‍ക്ക് അത് വലിയ ഒരു അനുഭവമാണ് ..
പുതിയ ലോകം , ചുറ്റുപാടുകള്‍ , വ്യത്യസ്ഥരായ ജനങ്ങള്‍ , ജീവിത രീതികള്‍ , ഭക്ഷണം അങ്ങിനെ എന്നെന്നും ഓര്‍ത്ത്‌ വയ്ക്കാവുന്ന മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഒരു മുഹൂര്‍ത്തം ..
എന്നാല്‍ എന്‍റെ യാത്ര തികച്ചും വ്യത്യസ്ഥമായിരുന്നു ..

ഞാന്‍ ഒട്ടും ആഗ്രഹിക്കാതെ പോകേണ്ടി വന്ന ഒന്ന് ..

അതും യുദ്ധത്തിന്‍റെ പൊടി പടലങ്ങള്‍ അടങ്ങിയിട്ടില്ലാത്ത അഫ്ഗാനിലേക്ക് ..
അതാകട്ടെ എന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവ ബഹുലമായ ഒരു യാത്രയായിരുന്നു .ഇന്നും തുടരുന്ന ഒരുപാട് സൌഹൃദങ്ങള്‍ സമ്മാനിച്ച , ഇന്നും ദു:സ്വപ്നം പോലെ ഓര്‍ത്ത്‌ ഞെട്ടിയുണരുന്ന ഒരുപാട് അനുഭവങ്ങള്‍ സമ്മാനിച്ച യാത്ര.

എങ്കിലും ഞാന്‍ ആ യാത്രയെ ഒരുപാട് ഇഷ്ടപ്പെടുന്നു .അല്ലെങ്കില്‍ കാബൂളിവാലയുടെയും മിനിയുടെയും കഥയില്‍ മാത്രം കേട്ടറിവുള്ള കാബൂളിലെ ഫ്രൂട്ട് മാര്‍ക്കറ്റ്‌ ഞാന്‍ കാണുമായിരുന്നില്ല ..
ബിന്‍ ലാദന്‍ ഒളിച്ചിരുന്നു എന്ന് വിശ്വസിച്ചിരുന്ന പര്‍വ്വതങ്ങളും ഹിമപാതം അതിന്‍റെ തീവ്രതയോടെയും നോക്കിക്കാണുവാന്‍ ഇനിയൊരവസരം ഉണ്ടാകുമായിരുന്നില്ല ..
ആഭ്യന്തര യുദ്ധങ്ങള്‍ ഒരു രാജ്യത്തെ എങ്ങനെ തകര്‍ക്കും എന്ന് നേരിട്ട് കണ്ടറിയുവാന്‍ സാധിക്കുമായിരുന്നില്ല ..
എല്ലാത്തിനുമുപരിയായി അഭിഷേകും , ബ്രൂസും , മരിയയും,ബെത്ത്സും എന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത മുഖങ്ങളായി പരിണമിക്കുമായിരുന്നില്ല ..

കുരിശു വന്ന വഴി 

2004 ഡിസംബര്‍ മാസത്തിലാണ് അഫ്ഗാനിലെ കാബൂളിലുള്ള യുനൈറ്റഡ് നാഷന്‍സ് നടത്തുന്ന സംയുക്ത സൈനിക ക്യാമ്പില്‍ ചില കമ്മീഷനിംഗ് ആന്‍ഡ്‌ മെയിന്റനന്‍സ് ജോലികള്‍ക്ക് ആയി കോണ്ട്രാക്ട് കിട്ടിയ ഒരു കമ്പനി ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയെ സമീപിക്കുന്നത്.

അവര്‍ക്ക് ആ സിസ്റ്റങ്ങളില്‍ എക്സ്പര്‍ട്ട് ആയ ഒരാളെ വേണം ..മണിക്കൂറിനു വന്‍ തുക ആണ് മെയിന്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത് .

രണ്ടു വര്‍ഷത്തെ മനസ്സ് മുരടിപ്പിക്കുന്ന പ്രവാസത്തിനു ശേഷം  ഞാന്‍ നാട്ടില്‍ പോകാന്‍ ഇരിക്കുകയാണ് ..
അത് കൊണ്ട് ഈ വിവരങ്ങള്‍ അറിഞ്ഞിരുന്നു എങ്കിലും എന്നെ ബാധിക്കുന്ന വിഷയം അല്ല എന്ന നിലക്ക് ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നില്ല.

ഒരു ദിവസം മാനേജര്‍ കാബിനിലേക്ക് വിളിപ്പിക്കുന്നു ..

ജയാ ഇവിടെ അധികവും ഫാമിലിയോടൊപ്പം താമസിക്കുന്ന ആള്‍ക്കാര്‍ ആണെന്ന് അറിയാമല്ലോ ..പത്തു ദിവസം അവരെ ഒറ്റയ്ക്ക് ഇട്ടു ആര്‍ക്കും പോകാന്‍ പറ്റില്ല ..അത് കൊണ്ട് നീ പോകണം എന്ന് പറഞ്ഞു..

ഞാന്‍ ഞെട്ടി ..ഈ കുരിശ് എന്‍റെ തലയ്ക്കു വരില്ല എന്നായിരുന്നു വിശ്വാസം .

ഞാന്‍ ശക്തമായി വിസമ്മതിച്ചു ..ഞാന്‍ പോകില്ല എന്ന് തീര്‍ത്ത്‌ പറഞ്ഞു ..

എത്രയോ ആളുകള്‍ അവിടെ ജോലിക്ക് പോകുന്നു ..നീ നേരെ പോകുന്നത് യു എന്‍ ന്‍റെ ക്യാമ്പിലേക്ക് ആണ് ..തിരിച്ചു ജോലി തീരുമ്പോള്‍ അവര്‍ നിന്നെ എയര്‍പോര്‍ട്ടില്‍ കൊണ്ട് വിടും പിന്നെ എന്ത് പേടിക്കാന്‍ ആണ് ..?

ഞാന്‍ ഒന്ന് ചാഞ്ചാടി എങ്കിലും സമ്മതിച്ചില്ല ..

അപ്പോള്‍ മാനേജര്‍ അങ്ങേരുടെ തുരുപ്പ് ചീട്ട്‌ ഇറക്കി ..നിന്നെ നാട്ടില്‍ വിടണം എങ്കില്‍ മതി ...പോരെങ്കില്‍ ഈ പത്തു ദിവസത്തിനു നോര്‍മല്‍ ശമ്പളം പോരാതെ ഒരു മാസത്തെ ശമ്പളം എക്സ്ട്രാ തരാം എന്ന് പറഞ്ഞപ്പോള്‍ ഞാനങ്ങു സമ്മതിച്ചു ..നാട്ടില്‍ പോക്ക് നീളുന്നത് മാത്രമല്ല ആയിരത്തഞ്ഞൂറ് ദിര്‍ഹം മാസ ശമ്പളക്കാരന് ആ തുക വലുതായിരുന്നു ..

ആറുമാസത്തെ വിസയും അടിച്ചു ഞാന്‍ യാത്രയാവാന്‍ തയ്യാറായി ..ഭയങ്കര തണുപ്പ് ആണ് എന്ന് പറഞ്ഞു കേട്ടത് വഴി ജാക്കറ്റും ഒക്കെ വാങ്ങി ടൂള്‍സ് എല്ലാം ലഗേജില്‍ ഇട്ടു പാക്ക്‌ ചെയ്തു ഞാന്‍ ഷാര്‍ജ എയര്‍പോര്‍ട്ടിലേക്ക് ..


ഷാര്‍ജ എയര്‍പോര്‍ട്ട്

ഷാര്‍ജ എയര്‍ പോര്‍ട്ടില്‍ വച്ച് മെയിന്‍ കൊണ്ട്രക്ടര്‍ എനിക്ക് കൂടെ വിട്ടു തന്ന സഹായിയെ കണ്ടു ..സയീദി എന്ന ടാന്സാനിയക്കാരന്‍ ..എനിക്കും അവനും ഇടയില്‍ ഉള്ള ആശയവിനിമയ സാധ്യതകള്‍ എന്തുമാത്രം ഉണ്ടെന്നു പരിചയപ്പെട്ടപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി ..കിലുക്കത്തിലെ ജഗതിയെപ്പോലെ വെല്‍ക്കം ടു ഊട്ടി , നൈസ് ടു മീറ്റ്‌ യു എന്ന് മാത്രം പറയാന്‍ അറിയാവുന്ന മിടുക്കന്‍ ..ജോലി ചെയ്യുന്നതിനേക്കാള്‍ ശ്രമകരമായിരിക്കും ഇവനുമായുള്ള ഡീലിംഗ് എന്ന് ആലോചിച്ചപ്പോഴേ ബോധം പോയി

ഫ്ലൈറ്റില്‍ യാത്രക്കാര്‍ മുഴുവനും അഫ്ഗാനികള്‍ .എന്‍റെ ലഗേജു മുഴുവന്‍ അഴിച്ചു പരിശോധിച്ചേ എയര്‍പോര്‍ട്ടില്‍ നിന്ന് വിട്ടുള്ളൂ .. മുഴുവന്‍ ടൂള്‍സ് അല്ലേ..കത്തി തൊട്ട് എല്ലാ മാരകായുധങ്ങളും ഉണ്ട് ..വിമാനം എങ്ങാനും റാഞ്ചാന്‍ വന്നവന്‍ ആണോ എന്ന സംശയം ആയിരുന്നു അവര്‍ക്ക് എന്ന് തോന്നി .

നാട്ടിലെ പഴയ കെ എസ് ആര്‍ ടി സി ബസ്‌ പോലെ ഉള്ള ഒരു ഫ്ലൈറ്റ്‌ ..
ടെക്ക് ഓഫ് സമയത്ത് മൊത്തം കുലുക്കം ..എന്തൊക്കെയോ പറിഞ്ഞു പോകുന്ന ശബ്ദം ..എല്ലാ ദൈവങ്ങളെയും വിളിച്ചു ..എന്തൊക്കെയോ ഭക്ഷണം കൊണ്ട് വന്നു .ബ്രെഡ്ഡും ബട്ടറും കഴിച്ചു ആശ്വസിച്ചു ..ടെന്‍ഷന്‍ ആയിരുന്നു ..ഇറാന്‍റെ മുകളിലൂടെ ആയിരുന്നു ഫ്ലൈറ്റ്‌ പോയിരുന്നത് ..കുറെ കഴിഞ്ഞു താഴേക്ക്‌ നോക്കിയപ്പോള്‍ തവിട്ടു നിറത്തില്‍ മലനിരകള്‍ കാണപ്പെട്ടു തുടങ്ങി ..എങ്ങും മലനിരകള്‍ ..പല വലുപ്പത്തില്‍ ..ഇതിലേതോ ഗുഹയിലാണല്ലോ ബിന്‍ ലാദന്‍ ഒളിച്ചിരിക്കുന്നത് എന്ന് പിന്നീട് അറിഞ്ഞപ്പോള്‍  ഗഡിയുടെ സാമര്‍ത്ഥ്യത്തില്‍ അതിശയം തോന്നി .

കാബൂള്‍  എയര്‍പോര്‍ട്ട് 


വിമാനം ലാന്‍ഡ്‌ ചെയ്യാറായി എന്ന അറിയിപ്പ് വന്നു ..സീറ്റ്‌ ബെല്‍റ്റ്‌ മുറുക്കി ആശങ്കയോടെ ഇരിക്കുകയാണ് ..പെട്ടെന്ന് എന്തൊക്കെയോ തട്ടി തകരുന്ന ശബ്ദത്തോടെ വിമാനം റണ്‍വേയില്‍ തൊട്ടു , വലിയ കുലുക്കത്തോടെ കുറെ ഓടി നിന്നു.പെട്ടെന്ന് പുറത്തേക്ക് നോക്കിയ ഞാന്‍ ആ കാഴ്ച കണ്ടു . എങ്ങും മഞ്ഞു പെയ്യുന്നു .സിനുമകളില്‍ മാത്രം കണ്ടിട്ടുള്ള ആ രംഗം മതി വരുവോളം നോക്കി നിന്നു..വിമാനത്തിന്‍റെ വാതിലുകള്‍ തുറന്നതോടെ തണുപ്പ് അകത്തേക്ക് ഇരച്ചു കയറി .എന്‍റെ ഒപ്പം ഉണ്ടായിരുന്ന അഫ്ഗാനികള്‍ കയ്യിലിരുന്ന ബാഗില്‍ നിന്നു ജാക്കറ്റ്‌ എടുത്ത് ധരിച്ചു തുടങ്ങി .അപ്പോഴാണ്‌ ഞാന്‍ എന്‍റെ ജാക്കറ്റ്‌ എവിടെയാണ് എന്ന് ഓര്‍ത്തത്.ഹോ ബുദ്ധിമാനായ ഞാന്‍ അത് ലഗ്ഗെജില്‍ പാക്ക് ചെയ്തിരുന്നു .എന്‍റെ കൂടെ ഉണ്ടായിരുന്ന സയീദി എന്ന അസിസ്റ്റന്റ്‌ അവന്‍റെ കയ്യില്‍ ഉണ്ടായിരുന്ന ജാക്കറ്റ്‌ എടുത്ത് ധരിച്ചു .പുച്ഛത്തോടെ എന്നെ നോക്കി ..ഇവന്‍ എവിടന്നു വരുന്നെടെയ്‌ എന്ന രീതിയില്‍ ...ഹാഫ് സ്ലീവ് ഷര്‍ട്ടും ധരിച്ചു ഇന്‍സൈഡ്‌ ചെയ്തു മൈനസ് ഏഴു ഡിഗ്രിയിലേക്ക് ഇറങ്ങി ചെന്ന എന്നെ എല്ലാവരും അത്ഭുതത്തോടെ  നോക്കുന്നു .പുറത്തേക്ക് ഇറങ്ങിയ ഞാന്‍ ഞെട്ടിപ്പോയി ..ഇതാണോ മരണത്തിന്റെ തണുപ്പ് .? എയര്‍ കണ്ടീഷണര്‍ പുറപ്പെടുവിക്കുന്ന പതിനെട്ടു ഡിഗ്രിയില്‍ പോലും രണ്ടു ബ്ലാങ്കറ്റ് കൊണ്ട് മൂടി പുതയ്ക്കുന്ന ഞാന്‍ മൈനസ് ഏഴു ഡിഗ്രിയില്‍ ഒരു മൃതശരീരം പോലെ നിന്നു .കാലുകള്‍ അനങ്ങുന്നില്ല .കൈ വിരലുകള്‍ നിവര്‍ത്താന്‍ വയ്യ ..തലമുടി എല്ലാം എഴുന്നേറ്റ്‌ അറ്റന്‍ഷന്‍ ആയി നില്‍ക്കുന്നു ..ശ്വാസം വിടുമ്പോള്‍ ഓട്ടുകമ്പനിയില്‍ നിന്നെന്ന പോലെ പുക വരുന്നു .ഒറ്റ മിനിറ്റുകൊണ്ട് ഞാന്‍ സെവെന്‍ അപ്പിന്റെ ലോഗോയിലെ മുള്ളന്‍ തലയനെപ്പോലെ ആയിമാറി .ഒരു നിലയ്ക്ക് ഓടിയും നടന്നും എയര്‍പോര്‍ട്ടിന്റെ അകത്ത് കയറിപ്പറ്റി .

എമിഗ്രേഷന്‍ ചെക്കിംഗ് സമയത്ത് ഞങ്ങളെ മാറ്റി നിര്‍ത്തി ഏറ്റവും അവസാനം ആണ് വിട്ടത് .എല്ലാം കഴിഞ്ഞു ലഗ്ഗേജ് എടുക്കുന്നിടത്തെക്ക് ചെന്നു.ഞങ്ങളുടെ ലഗേജ്‌ അവിടെ അനാഥമായി കിടപ്പുണ്ട് .ഞാന്‍ ചെന്ന് എന്‍റെ ലഗേജില്‍ കൈ വച്ചതും എവിടെ നിന്നോ ഉച്ചത്തില്‍ വിസില്‍ മുഴങ്ങി .ഓടി വരുന്ന ബൂട്ടുകളുടെ ശബ്ദം .എവിടെ നിന്നു എന്ന് അറിയാതെ ഒരു കൂട്ടം പട്ടാളക്കാര്‍ ഞങ്ങളെ വളഞ്ഞു .തോക്ക് ചൂണ്ടി എന്തൊക്കെയോ പറയുന്നുണ്ട്.
തോക്ക് കണ്ടപ്പോഴേ നമ്മള്‍ വേഗം കൈ രണ്ടും ഉയര്‍ത്തിപ്പിടിച്ചു നിന്നു .ദേശീയ പതാകയില്‍ പൊതിഞ്ഞ ശരീരം മൂക്കില്‍ പഞ്ഞിയും വച്ച് ഐസ് പെട്ടിയില്‍ കിടക്കുന്നത് എന്‍റെ മനസ്സിലൂടെ ഒരു മിന്നല്‍ പോലെ കടന്നുപോയി .പൊത്തോം എന്ന് ഒരു ശബ്ദം കേട്ട് നോക്കുമ്പോള്‍ എന്‍റെ സഹായി ദേ കിടക്കുന്നു വീണിതല്ലോ ധരണിയില്‍  ബോധശൂന്യനായി.കുറ്റം പറയരുതല്ലോ എന്തൊരു ശാന്തതയാണ് ആ മുഖത്ത് അപ്പോഴും  കളിയാടിയിരുന്നത് .എങ്കിലും എന്നെ ഈ ദുരവസ്ഥയില്‍ ഒറ്റക്കായി ബോധംകെട്ട അവനോടു എനിക്ക് എന്തെന്നില്ലാത്ത കലിപ്പും ആ സമയത്ത് എനിക്ക് വരാതെ പോയ ബോധക്കേടിനെ ഓര്‍ത്ത്‌ എന്തെന്നില്ലാത്ത നിരാശയും തോന്നി ...ആരൊക്കെയോ ഓടി വന്ന് അവനെ എടുത്ത് കൊണ്ട് പോയി .അപ്പോഴേക്കും ഞങ്ങളുടെ മെയിന്‍ കോണ്ട്രാക്ടര്‍ രേപ്രേസേന്റെട്ടിവ്‌ എന്തൊക്കെയോ രേഖകളുമായി വന്നു.ഞങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഉള്ള യു എന്‍ ന്‍റെ എന്തൊക്കെയോ കടലാസുകള്‍ ആയിരുന്നു അവ.പിന്നേ അവര്‍ അല്‍പ്പം മയത്തിലായി .എന്നിട്ടും പെട്ടി എല്ലാം അഴിച്ചു വിശദമായി പരിശോദിച്ച ശേഷമേ അവര്‍ ഞങ്ങളെ പുറത്തു വിട്ടുള്ളൂ .എന്‍റെ ലഗേജിലെ ആയുധങ്ങള്‍ കണ്ടു തീവ്രവാദി ആണെന്ന് തെറ്റിദ്ധരിച്ച് ആണത്രേ അവര്‍ ഞങ്ങളെ വളഞ്ഞത് .പകുതി ബോധത്തോടെ എന്‍റെ സഹായിയും ഏതു നിമിഷവും നഷ്ടപ്പെട്ടെക്കാവുന്ന ബോധവുമായി ഞങ്ങള്‍ വാഹനത്തില്‍ കയറി താമസസ്ഥലത്തേക്ക് യാത്രയായി .


(തുടരും )

ഗൂഗിള്‍ ബസ്‌ കമന്‍റുകള്‍ ഇവിടെ

Tuesday, May 10, 2011

കാലം നമുക്കായി കാത്തു വച്ചിരിക്കുന്നത് ..

ടീച്ചിംഗ് എന്നത് ആ പ്രോഫഷനോടുള്ള ഇഷ്ടം കൊണ്ട് സ്വീകരിക്കുന്നവര്‍ വളരെ കുറവാണ് .അങ്ങനെ ഉള്ളവര്‍ ആണ് മാതൃകാ അദ്ധ്യാപകര്‍ ആയി മാറുന്നത്.ആ ജോലിയോട് ഉള്ള ആത്മാര്‍ഥത അവര്‍ ഇപ്പോഴും പ്രകടിപ്പിക്കുകയും വിദ്യാര്‍ത്ഥികളെ പക്ഷപാതിത്വം ഏതുമില്ലാതെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുകയും ചെയ്യും.

മറിച്ചു എളുപ്പം ലഭിക്കുന്ന ഒരു ജോലി എന്ന നിലയ്ക്ക് ഇതില്‍ കയറിപ്പറ്റുന്നവര്‍ എപ്പോഴും മിടുക്കരായ വിദ്യാര്‍ത്ഥികളോട് ഒരു പ്രത്യേക പക്ഷപാതിത്വം കാണിക്കുന്നവര്‍ ആയിരിക്കും.അവര്‍ ചെയ്യുന്ന കുറ്റങ്ങള്‍ ലഘൂകരിച്ചു കാണുകയും പഠിത്തത്തില്‍ സാമര്‍ത്ഥ്യം ഇല്ലാത്ത വിദ്യാര്‍ത്ഥികളെ പബ്ലിക്കായി അവഹേളിക്കുകയും ഇവരുടെ സ്ഥിരം സ്വഭാവ രീതികള്‍ ആണ് വിദ്യാര്‍ത്ഥികളുടെ ജീവിത സാഹചര്യങ്ങളിലേക്ക് തിരിഞ്ഞു നോക്കാന്‍ ഇവര്‍ ഒരിക്കലും മിനക്കെടാറില്ല .അതുകൊണ്ട് തന്നെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരം അദ്ധ്യാപകരോടും അവര്‍ പ്രമോട്ട് ചെയ്യുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളോടും ഒരു വെറുപ്പ്‌ വളരാന്‍ ഇത്തരം സാഹചര്യങ്ങള്‍  വഴി വയ്ക്കും.
എന്നെ എന്നും അസ്വസ്ഥമാക്കിയിരുന്ന ഒരു രീതിയായിരുന്നു ഇത്.ക്ലാസ്സിലെ മിടുക്കരായ വിദ്യാര്‍ത്ഥികളില്‍ ഒരുവനായത് കൊണ്ട് മാത്രം ഒറ്റപ്പെടുന്ന അവസ്ഥ ചെറിയ ക്ലാസ്സുകളില്‍ തന്നെ ഞാന്‍ മനസ്സിലാക്കിയിരുന്നു.പലരും കൂട്ടുകൂടാന്‍ മടിക്കുക , ഒറ്റിക്കൊടുക്കും എന്ന ഭീതികൊണ്ട് തുറന്നു സംസാരിക്കാതെ ഇരിക്കുക അങ്ങിനെ ഒരുപാട് മേഖലകളില്‍ നമ്മള്‍ ഒറ്റയ്ക്കാവും .
അത് കൊണ്ട് തന്നെ മുതിര്‍ന്ന ക്ലാസ്സുകളില്‍ ഒരു റിബല്‍ മനോഭാവം കാത്തു സൂക്ഷിച്ചിരുന്നു.മനപ്പൂര്‍വ്വം ഗൃഹപാഠം ചെയ്യാതെ വരിക , ടെക്സ്റ്റ് ബുക്കുകള്‍ കൊണ്ട് വരാതെ ഇരിക്കുക, അറിയാമെങ്കിലും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതിരിക്കുക തുടങ്ങിയ ചെറിയ ട്രിക്കുകള്‍. ആ ഉദ്യമത്തില്‍ ഒരു പരിധി വരെ ഞാന്‍ വിജയിക്കുകയും ചെയ്തു.പരീക്ഷകള്‍ക്ക് മാത്രം നന്നായി  എഴുതുകയും ക്ലാസ്സില്‍ ടീച്ചര്‍മാരുടെ പെറ്റ് ആയി മാറാതിരിക്കുകയും..അതായിരുന്നു തന്ത്രം.
എന്നിട്ടും പല കാലഘട്ടങ്ങളിലായി ഒരുപാട് സ്വാധീനിച്ച വിരലില്‍ എണ്ണാവുന്ന ചില അദ്ധ്യാപകരുണ്ട്.സ്നേഹം കൊണ്ടും പെരുമാറ്റം കൊണ്ടും നമ്മളെ കീഴടക്കിയവര്‍.

ചെറിയ ക്ലാസ്സുകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുമ്പോള്‍ പിള്ളേര്‍ സിനുമ ഒക്കെ കണ്ടു വളരണം എന്ന് പറഞ്ഞു സമ്മാനമായി തിയേറ്ററില്‍ സിനുമ കാണാന്‍ കൊണ്ട് പോയിരുന്ന വര്‍ഗ്ഗീസ്‌ മാഷ്‌ , പറയുന്നത് നുണയാണ് എന്ന് അറിഞ്ഞിട്ടും ദൂരക്കൂടുതല്‍ ഉള്ള വീട്ടിലേക്കു പോകാന്‍ വേറെ ബസ്‌ ഇല്ല എന്ന എന്‍റെ വാദം അംഗീകരിച്ചു  രണ്ടു വര്‍ഷത്തോളം തുടര്‍ച്ചയായി ഒരു മണിക്കൂര്‍ നേരത്തെ വീട്ടില്‍ പോകാന്‍ അനുവദിച്ചിരുന്ന ഹെഡ്‌മാസ്റ്റര്‍ ശങ്കരന്‍ സാര്‍ , ഡിപ്ലോമയ്ക്ക് പഠിക്കുമ്പോള്‍ അടികൊണ്ടു പൊളിഞ്ഞ തലയുമായി രക്തവും ഒലിപ്പിച്ചു കയ്യില്‍ കിട്ടിയതുമായി സഹപാഠിയുടെ നേരെ പാഞ്ഞ എന്നെ ഇടയില്‍ ചാടി വീണ് കരണത്ത് ഒന്ന് പൊട്ടിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന അജിത ടീച്ചര്‍ ..അങ്ങിനെ പലരും.
എങ്കിലും അവരിലെ രത്നമായി ആനി ടീച്ചര്‍ നില്‍ക്കുന്നു ..പുതിയ സ്കൂളിലേക്ക് മാറി വന്നപ്പോള്‍ ഒരേ ബസ്സില്‍ ആയിരുന്നു ഞങ്ങള്‍ വന്നുകൊണ്ടിരുന്നത് . സ്കൂളിലേക്ക് നടക്കുമ്പോള്‍ സംസാരിച്ചു നടന്നു കൊണ്ട് ടീച്ചര്‍ ഒരുപാട് കാര്യങ്ങള്‍  പറയും.ഒരു മകനെപ്പോലെ .കൊണ്ടുവന്ന പ്രാതലില്‍ നിന്ന് എനിക്കായി എന്നും എന്തെങ്കിലും നല്‍കും.ഒരിക്കലും പഠനത്തെ പറ്റി ഞങ്ങള്‍ സംസാരിച്ചില്ല .ടീച്ചറോട് ഉള്ള ഇഷ്ടം കൊണ്ടാവും കെമിസ്ട്രി എന്നും ഇഷ്ട വിഷയമായിരുന്നു..
.സ്വന്തം വീട് പോലെ എനിക്ക് കയറിച്ചെല്ലാന്‍ എന്നും സ്വാതന്ത്ര്യം ഉണ്ടായിരുന്ന ടീച്ചറുടെ വീട് ..ഒരു സുഹൃത്ത് പോലെ മാത്രം പെരുമാറിയിരുന്ന ടീച്ചറുടെ ഭര്‍ത്താവ് പോളേട്ടന്‍..അന്നും ഇന്നും ആത്മാര്‍ത്ഥ സുഹൃത്തുക്കളില്‍ ഒരാളായ ടീച്ചറുടെ മകള്‍ നീന ..ഭൂതകാലത്തിലെ നിറമുള്ള ഓര്‍മ്മകളില്‍ അവരെല്ലാം എന്നും ജ്വലിച്ചു നില്‍ക്കുന്നു.
കഴിഞ്ഞ ലീവിന് നാട്ടില്‍ പോയപ്പോഴും ആ വീട്ടില്‍ പോയിരുന്നു..പോളേട്ടന്‍ തമാശകള്‍ പറഞ്ഞു പൊട്ടിചിരിക്കാത്ത ആ വീട്ടില്‍ ടീച്ചറും മകന്‍ ലിയോ യും മാത്രമായിരുന്നു.ചുവരിലെ ചിത്രത്തില്‍ ഇരുന്നു പോളേട്ടന്‍ എന്നെ നോക്കി ചിരിക്കുന്നത് പോലെ തോന്നി.
നീനയെ കുറിച്ചും നീനയുടെ മകളെക്കുറിച്ചും സംസാരിക്കുമ്പോള്‍ ഞങ്ങള്‍ വീണ്ടും ബസ്സിറങ്ങി സ്കൂളിലേക്ക് നടക്കുകയാണ് എന്ന് തോന്നി..വര്‍ഷങ്ങളായി പറയാന്‍ ബാക്കി വച്ചത് മുഴുവന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ക്കുകയായിരുന്നു ടീച്ചര്‍ .ഫേസ്ബുക്കില്‍ നിന്‍റെ ഫോട്ടോസ് ഉണ്ടെന്നു നീന പറഞ്ഞു , ഞാനും ഒരു അക്കൗണ്ട്‌ ഉണ്ടാക്കുന്നുണ്ട്.ഇടയ്ക്ക് നിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാമല്ലോ.വയസ്സന്മാരെ ഒക്കെ അവര്‍ സമ്മതിക്കുമോടാ എന്നെല്ലാം പറഞ്ഞു ഒരുപാട് ചിരിച്ചു . 
ഇന്ന് നീന വിളിച്ചിരുന്നു.ഞാന്‍ എന്നാണ് നാട്ടില്‍ വരുന്നത് എന്ന് ഇടയ്ക്കിടക്ക് അമ്മയെ വിളിച്ചു നോക്കാനും എനിക്കായി  വീഞ്ഞും വട്ടെപ്പവും തയ്യാറാക്കി ഒരുക്കി വയ്ക്കാനും സാധിക്കാത്ത ഒരു ലോകത്തേക്ക് ടീച്ചര്‍ നടന്നു പോയി എന്ന് പറയാന്‍..എന്‍റെ ഫേസ്ബുക്ക്‌ പ്രൊഫൈലില്‍ ഒരു കമന്റ് പോലും ഇടാതെ........
പോളേട്ടന്‍ ഇപ്പോള്‍ ചിരിക്കുന്നുണ്ടാകും ..തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിക്കാന്‍ വീണ്ടും ടീച്ചര്‍ അടുത്തു എത്തിയ സന്തോഷത്തില്‍..



Saturday, May 7, 2011

ബ്ലോഗ്‌ മീറ്റ്‌ 2011

ആദ്യ ബ്ലോഗ്‌ മീറ്റ്‌ ..


ബ്ലോഗ്‌ മീറ്റ്‌ എന്ന് കേട്ടപ്പോള്‍ തന്നെ നമ്മള് കുപ്പായം തയ്പ്പിച്ചു റെഡി ആയതാണ് ..പൂച്ച പെറ്റ് കിടക്കുന്ന ബ്ലോഗ്‌ ആണെങ്കിലും നമ്മളും പേരില്‍ ലോ ലത് തന്നെ ..ഏതു..ബ്ലോഗര്‍ ..വെള്ളിയാഴ്ച ആയതുകൊണ്ട് ശരീരം ഏഴുമണി കണ്ടിട്ടും എഴുന്നെല്‍ക്കുന്നുണ്ടായിരുന്നില്ല .സഹ മുറിയനും ദേ ഈ  ഫോട്ടോ ബ്ലോഗ്‌ ഉടമസ്ഥനും ആയ നൌഷാദ്  പിന്നെ വാതില്‍ ചവിട്ടി പൊളിക്കും എന്ന് തോന്നിയപ്പോള്‍ എഴുന്നേറ്റു ...

കുറച്ചു കഴിഞ്ഞപ്പോള്‍  തന്നെ നമ്മുടെ രവീഷ് എന്ന രണ്ടുണ്ട വിളിച്ചു ..ഞാന്‍ ദേ എത്തി  എന്ന് പറഞ്ഞു ..ങേ ഐ ടി ക്കാരന്‍ ആയ ഒരു മലയാളി എട്ടേകാല്‍ എന്ന് പറഞ്ഞാല്‍ അഞ്ചു മിനിട്ട് മുന്‍പ് എട്ടേ പത്തിന് എത്തും എന്ന് ഞാന്‍ കരുതിയില്ല ഉണ്ണീ ..സത്യായിട്ടും ..
ഞാന്‍ നമ്മുടെ പഞ്ചായത്ത് റോഡ്‌ പോലെയുള്ള മുഖത്ത് ടാറിങ്ങ് തുടങ്ങിയതെ ഉള്ളാര്‍ന്നു ..പിന്നെ അത് ഇലക്ഷന്‍ കാലത്തെ റോഡു നന്നാക്കല്‍ പോലെ പെട്ടെന്ന് തീര്‍ത്ത്‌ ഒരുങ്ങി ഇറങ്ങി ..
സമയം എട്ടേമുക്കാല്‍ ആയി..ഒന്‍പതു മണിക്ക് തന്നെ അവിടെ എത്തണം എന്ന അപ്പുവേട്ടന്റെ നിര്‍ദേശം അനുസരിക്കാന്‍ നൌഷു നു ഉള്ള ഉത്സാഹം കാരണം നുമ്മ വേഗം വണ്ടി വിട്ടു ..(പാവം എല്ലാ മീറ്റിനും അതിനെ ഇതുപോലെ ആരേലും പറ്റിക്കും..എന്നാലും പഠിക്കില്ല ).

ആസ് യൂഷ്വല്‍ നമ്മള് ഗേറ്റ് തെറ്റി അകത്ത് കയറി...വഴി അന്വേഷിച്ചു തെണ്ടി നടക്കുമ്പോള്‍  ദേ നിക്കുന്നു കൈപ്പിള്ളി ..ഏതോ കിളികളുടെ ലീലകള്‍ നോക്കി എന്തൊക്കെയോ പറയുന്നുണ്ട് ..ഞങ്ങളോടും പറഞ്ഞു ..അരയില്‍ ഇടേണ്ട വെളുത്ത ബെല്‍റ്റ്‌ ഈ കിളി കഴുത്തില്‍ ആണ് ഇട്ടിരിക്കുന്നത് ..ഇത് യു എ യിലെ മാത്രം പ്രത്യേകത ആണ് എന്നൊക്കെ ..ബ്ലഡി കിളീസ്..അതെ ഞങ്ങളും ഏറ്റു പറഞ്ഞു ..ബ്ലഡി കിളീസ് ..അങ്ങനെ ഗേറ്റ് നമ്പര്‍ ഒന്ന് കണ്ടു പിടിച്ച് നമ്മള്‍ സ്ഥലത്ത് എത്തി ..
സി  പി അനില്‍കുമാര്‍ ഉം ഷബീറും സുള്‍ഫിയും വേറെ ചില ഗഡികളും നില്‍പ്പുണ്ട് അവിടെ ..
കൂടെ നമ്മുടെ വാഴെക്കൊടനും ..വാഴയ്ക്ക് മറ്റേ സര്‍പ്രൈസ്‌ പ്രാന്ത് കയറി നില്‍കാ ..ഒരു രക്ഷേം ഇല്ല ..ആരെ കണ്ടാലും തിരിച്ചറിയാത്ത ഭാഗങ്ങളുടെ ഫോട്ടോ എടുക്കട്ടെ , സര്‍പ്രൈസ്‌ ആയി വീട്ടില്‍ വരട്ടെ എന്നൊക്കെയാണ് ചോദ്യം ..എങ്ങാനും ബിരിയാണി കിട്ടിയാലോ എന്നാണെന്ന് തോന്നുന്നു ചിന്ത ..

നമ്മടെ ഐറിസ്‌ അബുദാബിയില്‍ നിന്ന് കുറ്റീം പറച്ചു വന്നു നില്‍പ്പുണ്ടായിരുന്നു ..ബാനറിലെ ഫ്ലക്സ് വിരിച്ചു കൊച്ചിനെ എണ്ണതേച്ചു കുളിപ്പിക്കുന്നത് പ്ലാന്‍ ചെയ്തതാണെന്ന് തോന്നുന്നു അതിന്‍റെ വീതിയും നീളവും എടുക്കുന്നുണ്ടായിരുന്നു ..

ഇത്രെമായിട്ടും സംഘാടകരില്‍ അഞ്ചാമതായി എന്‍റെ പേര് എഴുതി ചേര്‍ത്തോ എന്ന് പ്രഖ്യാപിച്ച അഗ്രുക്കയെ ആ പരിസരത്തു കാണാത്തത് കൊണ്ട് ഞാന്‍ വിളിച്ചു നോക്കി ..അങ്ങേരുടെ പൊണ്ടാട്ടി ആണ് ഫോണ്‍ എടുത്തത് .ഓര് ബാത്ത്റൂമില്‍ ആണെന്ന് പറഞു ..ഹോ ബാത്ത് റൂമില്‍ ഇരുന്നു പോലും ഒരു ബ്ലോഗ്‌ മീറ്റ്‌ സംഗടിപ്പിക്കുന്ന നമ്മുടെ മൂത്താപ്പയുടെ ആ പാടവം ഓര്‍ത്ത്‌ ഞാന്‍ കോള്‍മയിര്‍ കൊണ്ടു..ബാക്കി കോള്‍മയിര്‍ അങ്ങേര് വരുമ്പോള്‍ നേരിട്ട് കൊടുക്കാം എന്ന് തീരുമാനിച്ചു ..

ഫോട്ടോ ബ്ലോഗേര്‍സ് ആയ പുള്ളിപ്പുലിയും  പിന്നെ  ഈ പുട്ടുകുറ്റികളുടെ ഒരു ചാക്ക് കെട്ടുമായി സലീമും അവിടെ ഹാജരായി ..

ബ്ലോഗര്‍ ചന്ദ്രകാന്തം  തിരൂര്‍ മീറ്റിന്‍റെ മാഗസിന്‍ ആരെയൊക്കെയോ കുത്തിനു പിടിച്ചു എല്പ്പിക്കുന്നുന്ടായിരുന്നു..കാശ് ഇവിടെ കൊടുത്താല്‍ സാധനം നാട്ടില്‍ കൊടുക്കാം എന്ന വാഗ്ദാനം ഫ്ലാറ്റിനു കാശ് കൊടുത്തിട്ട് വര്‍ഷം മൂന്നായാലും ആക്സസ് റോഡ്‌ ശരി ആയിട്ടില്ല എന്ന് പറയുന്ന ദുബായ്‌ റിയല്‍ എസ്റ്റേറ്റ്‌ കാരുടെ വാഗ്ദാനം പോലെ ആവുമോ എന്ന് പേടിച്ചു ആണെന്ന് തോന്നുന്നു ആളുകള്‍ ഒന്ന് പിന്‍വലിഞ്ഞതും ചന്ദ്രകാന്തത്തിന്   കത്തി എടുക്കേണ്ടി വന്നതും ..

ഇതിനിടയ്ക്ക് വന്ന ചായയും ഹലുവയും ചിപ്സും അലക്കുമ്പോള്‍ നല്ല എരുവുള്ള  മീന്‍ ചാര്‍  ഇല്ലാത്തതിന്റെ ദുഃഖം ഞാന്‍ അനുഭവിച്ചു ..ഹലുവ മുക്കി തിന്നാന്‍ അല്ല ...ആ വാഴക്കോടന്റെ കണ്ണില്‍ തേയ്ക്കാന്‍ ആയിരുന്നു ..തിന്നുമ്പോഴും സ്വൈര്യം തരണ്ടേ ..

നമ്മടെ കാട്ടിപ്പരുത്തി മുല്ലാ താടിയുമായി കക്ഷത്ത്‌ ഖുറാനും വച്ച് വരും എന്നാ ഞാന്‍ സംകല്‍പ്പിച്ചിരുന്നത് അപ്പോളതാ ടീഷര്‍ട്ടും ജീന്‍സും ഒക്കെ ഇട്ടു ചുള്ളന്‍ ..ഗഡി ഞെട്ടിച്ചു ..

കുറച്ചു കഴിഞ്ഞപ്പോള്‍ കിച്ചു താത്ത വന്നു ...പാമ്പ് കടിച്ചവനെ ഇടി വെട്ടേറ്റു എന്ന് പറഞ്ഞപോലെ കൂടെ കുറുമാനും ..പിന്നെ അവിടെ ആ മൈക്ക്‌ മോചനത്തിനായി കേഴുന്ന കാഴ്ച മാത്രമായി ..പാവം കുറുമാന്‍ കാലില്‍ സ്റ്റീല്‍ ഇട്ടു അയേണ്‍ മാന്‍ ആയത് കൊണ്ടു ഇരിക്കാന്‍ ബുദ്ധിമുട്ട് ആണ് ..ചരിഞ്ഞു കിടക്കുന്ന  അങ്ങേരെ കണ്ടാല്‍ ങേ ഇങ്ങേരു ഇന്നും പാമ്പ് ആണോ എന്നെ ആള്‍ക്കാര്‍ ചോദിക്കൂ ..വളര്‍ത്തു ദോഷം ..ആരുടെ ..ചോദിക്കുന്നവരുടെ ..

വല്യമ്മായിയും തറവാടിയും വന്നു ചേര്‍ന്ന്..വല്യമ്മായീടെ പാലട റെസിപ്പി നശിപ്പിച്ചു കൊളമാക്കിയതിനു കല്ലെടുത്ത് വീക്കും എന്ന് പേടിയുണ്ടായിരുന്നു ..പക്ഷെ ദയ തോന്നി വെറുതെ വിട്ടു ..ഇതിനിടയ്ക്ക് ആര്‍ക്കോ അബദ്ധം പറ്റി അച്ചടിച്ച്‌ കൊടുത്ത സ്വന്തം കവിതാ പുസ്തകങ്ങള്‍ ഉമ്പാച്ചി എടുത്തു വീശുന്നുണ്ടായിരുന്നു ..

കണ്ണട വച്ചാല്‍ ഗ്ലാമര്‍ കൂടും എന്ന് ആരോ പറഞ്ഞു പറ്റിച്ചത് അനുസരിച്ച് സുല്ലിക്കയും അഗ്രുക്കയും വഴീലെ പെട്രോള്‍ പമ്പില്‍ നിന്ന് ഓരോ കണ്ണാട വാങ്ങി ഫിറ്റ്‌ ചെയ്തിട്ടുണ്ടായിരുന്നു ..കടന്നു വരുമ്പോള്‍ തങ്ങള്‍ക്കു ലഭിക്കുന്ന ഉപചാര വാക്കുകള്‍ കേട്ട് കുടുംബങ്ങളുടെ മനം കുളിരാതെ ഇരിക്കാന്‍ രണ്ടു പേരും വീട്ടുകാരെ ബഹുദൂരം പിന്നിലാക്കി ആദ്യം ഓടി വന്നു ..

ഇലക്ഷന് മാത്രം മണ്ഡലത്തില്‍ കാലു കുത്തുന്ന എം എല്‍ എ യെപ്പോലെ അഗ്രുക്കാ എല്ലാവരെയും ഓടി നടന്നു പരിചയപ്പെടുന്നു ..അറിയില്ലേ സംഘാടകരില്‍ ആ അഞ്ചാമത്തെ ആള്‍ ...അത് നമ്മളാ എന്ന് ഡയലോഗും.
പ്ഫാ എന്നിട്ട് ഇപ്പോള്‍ ആണോടോ വരുന്നത് എന്ന് ആരെങ്കിലും ചോദിക്കും എന്ന് ഞാന്‍ വ്യാമോഹിച്ചു ..എബടെ ..ഇവര്‍ എഴുതുന്നത്‌ ഒക്കെ വായിച്ചു വായിച്ചു മലയാളം ബ്ലോഗര്‍മാര്‍ക്ക് ഭയങ്കര ക്ഷമയാ ..

പരിചയപ്പെടുത്തലുകള്‍ മുറയ്ക്ക് നടക്കുന്നുണ്ടായിരുന്നു ..

ഇടയ്ക്ക് വാഴയുടെ ആക്രമണവും കുറുമാന്റെ പ്രത്യാക്രമണവും ഏറ്റു വിശപ്പ്‌ കൂടി ..

ഇടയ്ക്ക് ബിരിയാണി ചെമ്പ് സ്ഥലത്ത് കൊണ്ടു വന്നു വച്ചതോടെ കൊടും വെയിലിനെ അവഗണിച്ചു ആളുകള്‍ ചെമ്പിന് ചുറ്റും നിന്നായി സംസാരം ..
പള്ളിയില്‍ പോകേണ്ടവര്‍ പോകാന്‍ തുടങ്ങി ..കല്യാണം കഴിഞ്ഞു ആദ്യമായി ഗള്‍ഫിലേക്ക് പോരുമ്പോള്‍ ഭാര്യമാരോട് യാത്ര പറയുന്ന മുഖഭാവത്തോടെ അഗ്രുക്കയും സുല്ലും ഐറിസും ഒക്കെ ബിരിയാണി ചെമ്പിനെ മാറി മാറി നോക്കുന്നുണ്ടായിരുന്നു ..ഐറിസ്‌ എന്ന് പറഞ്ഞത് മുഴുവനും കേള്‍ക്കാതെ റിസ് എന്ന് മാത്രം കേട്ടപ്പോള്‍ ഒരു ബ്ലോഗര്‍ ങ്ഹാ നിന്നെ ഞാന്‍ കാണാന്‍ ഇരിക്കുകയായിരുന്നു മോനെ എന്ന് പറഞ്ഞു അവനു കൊടുത്തത് കവിളത്ത് അപ്പോഴും കിടപ്പുണ്ടായിരുന്നു ..കുറ്റം പറയരുതല്ലോ നല്ല കല്ല് വച്ച മോതിരം ആയിരുന്നു അങ്ങേരുടെ കയ്യില്‍..

ഇടയ്ക്ക് കുറുമാനും തമന്നുവും മിസ്സ്‌ ആയതും പിന്നെ സിദ്ധാര്‍ത്ഥനോടൊപ്പം പ്രത്യക്ഷപ്പെട്ടതും ആരും അധികം ശ്രദ്ധിക്കാതിരുന്നത് കുറുമാന്‍ പോയ പോലെ  തന്നെ തിരിച്ചു വന്നത് കൊണ്ടാണ് ..ഛെ ..പലതും പ്രതീക്ഷിച്ചു ..

ഇതിനിടയ്ക്ക് വിശാലേട്ടന്‍ പ്രത്യക്ഷപ്പെട്ടത് ..കീറിയ ജീന്‍സും ധരിച്ചു സോമാലിയയിലെ ബ്ലോഗറെ പ്പോലെ വന്നത് ..കള്ളുകംബനിക്കാര്‍ ഫ്രീ കൊടുത്ത ടീഷര്‍ട്ട് ഇട്ടിട്ടുണ്ടെങ്കിലും കയ്യില്‍ ഒരു ബിയര്‍ പോലും കൊണ്ടുവന്നില്ല ദുഷ്ടന്‍ ..

നമാസ് കഴിഞ്ഞു എല്ലാവരും  വന്നതോടെ ഭക്ഷണം കഴിച്ചു തുടങ്ങി ..

പ്ലേറ്റിലെ ബിരിയാണി മല ഇടിഞ്ഞപ്പോള്‍ ആണ് അപ്പുറത്ത് ഇരിക്കുന്ന അഗ്രുക്കയെ ദര്‍ശിക്കാന്‍ സാധിച്ചത് ..പിന്നീടും രണ്ടു തവണ ഇരിക്കുന്ന സ്ഥലത്ത് നിന്ന് ബിരിയാണി ചെമ്പ് വരെയുള്ള ദൂരം അദ്ദേഹം നടന്നു അളന്നത് ചെമ്പില്‍ എല്ലാവര്ക്കും കഴിക്കാന്‍ ഉള്ള ബിരിയാണി ബാക്കി ഉണ്ടോ എന്ന് അവലോകനം നടത്താന്‍ ഒന്നുമല്ലല്ലോ ..

ഇരുന്നാല്‍ അപ്പോള്‍ തന്നെ റീഫില്‍ ചെയ്യാന്‍ എഴുന്നേല്‍ക്കാന്‍ വയ്യാത്തത് കൊണ്ടാവും സുല്ലിക്ക ചെമ്പില്‍ നിന്നും ഒരു വിളിപ്പാടകലെ നിന്നും നടന്നും ആയിരുന്നു ഭക്ഷണം ..

കോഴി ഒരു വെജിറ്റേറിയന്‍ ജീവി അല്ലെ ..അതോണ്ട് ചിക്കന്‍ കഴിക്കാം അല്ലെ എന്ന് പ്ലേറ്റില്‍ പാം ഐലന്‍ഡ് ന്റെ സ്ട്രക്ചര്‍ പോലെ കിടക്കുന്ന ചിക്കന്‍ പീസുകളിലേക്ക് നോക്കി നമ്മുടെ പട്ടേരി ആത്മഗതം പുറപ്പെടുവിക്കുന്നുണ്ടായിരുന്നു..

ഇതിനിടയ്ക്ക് ഞങ്ങള്‍ക്ക് കൊഴിക്കാലുകള്‍ മാത്രം വിതരണം ചെയ്ത വാഴയുടെ സേവനത്തെകുറിച്ച് ഗഗ്ദകണ്ട്ടനായി ഞാനിവിടെ പരാമര്‍ശിക്കുന്നു ..

ഞാനും കിച്ചുത്താത്തയും രണ്ടുണ്ടയും ഭക്ഷണം കഴിച്ച സ്ഥലത്ത് കല്യാണ വീട്ടില്‍ പന്തല്‍ പൊളിച്ച പോലെ ആയിരുന്നു എല്ലിന്‍ കഷണങ്ങള്‍ എന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട് ..അതെല്ലാം അസൂയാലുക്കളുടെ ജല്‍പ്പനങ്ങള്‍ ആയെ ഞങ്ങള്‍ കണക്കാക്കുന്നുള്ളൂ ..

പായസം കുടിച്ചു തളര്‍ന്നു പോയ രണ്ടുണ്ട ഒരു മരത്തില്‍ മലമ്പാമ്പ് ചുറ്റി കിടക്കുന്നത് പോലെ കിടക്കുന്നുണ്ടായിരുന്നു ..ഫുഡ്‌ അടി കഴിഞ്ഞതോടെ ഇനി സ്കൂട്ട് ആവാം എന്ന് പറഞ്ഞു വിശാല്‍ ഗഡി വലിഞ്ഞു ..

ഭക്ഷണത്തിനു ശേഷം ചെറിയ ചോദ്യോത്തര പരിപാടിയും വൈകി വന്നവരെ പരിചയപ്പെടലും കൈപ്പിള്ളിടെ ബ്ലോഗ്‌ എങ്ങനെ ആളുകളെക്കൊണ്ട് വായിപ്പിക്കാം എന്ന ക്ലാസും   നൌഷു അപ്പുമാഷ്‌ എന്നിവരുടെ ഫോട്ടോഗ്രാഫി ടിപ്സും പരിപാടി കൊഴുപ്പിച്ചു ..

റൂള്‍ ഓഫ് തേര്‍ഡ് ഉം ഷട്ടര്‍ സ്പീഡും അപ്പെര്ച്ചരും നോക്കി പടം എടുക്കുന്ന അപ്പുമാഷ്ടെ ഒരു റൂളും ഹൈ സ്പീഡ്‌ ഉള്ള മാഷുടെ ബാറ്ററിടെ അടുത്തു നടക്കുന്നുണ്ടായിരുന്നില്ല ..മിടുക്കന്റെ പേര് എന്താണാവോ ..?

ഇറാക്കില്‍ നിന്ന് നാട്ടില്‍ പോകുന്ന വഴി ബിമാനത്തില്‍ നിന്ന് ബ്ലോഗ്‌ മീറ്റ്‌ കണ്ടു ചാടിയ ഒരു പാവപ്പെട്ടവന്‍ കൈപ്പിള്ളിക്കും കുറുമാനും ഇടയില്‍ പെട്ട് ഭേദം ഇറാക്കിലെ വെടിയുണ്ട ആണെന്നു ആത്മഗതം നടത്തുന്നുണ്ടായിരുന്നു ..

ഇതിനിടയ്ക്ക് നല്ല ചായ വന്നു ..അതും കുടിച്ചു പിന്നേം പരദൂഷണം ..

ഒടുവില്‍ ഒട്ടേറെ പുതിയ ആള്‍ക്കാരെയും പഴയ പുലികളെയും പരിചയപ്പെട്ട് ആ മീറ്റിനു കൊടിയിറങ്ങി ..വി എമ്മിനേം ദില്‍ബനേം ഒക്കെ നന്നായി മിസ്‌ ചെയ്തു ..എന്നാണാവോ വിവിധ സ്ഥലങ്ങളില്‍  നിന്നും ബസ്സിലും ബ്ലോഗിലും ഇടപഴകുന്ന എല്ലാവര്ക്കും കൂടി പങ്കെടുക്കുന്ന ഒരു മീറ്റ്‌ നടത്താന്‍ സാധിക്കുക ..?

പടങ്ങള്‍ 



എല്ലാരും ഗ്രൂപ്പ്


ഗ്രൂപ്പ് 

ബാനര്‍ അടിച്ചു മാറ്റാന്‍ പ്ലാന്‍ ചെയ്യുന്ന ഐറിസ്‌ 

അനില്‍കുമാര്‍ സി  പി 

അപ്പുമാഷ്‌ 

ഷബീര്‍ ( തിരിച്ചിലാന്‍ )

സുല്ലിക്ക 

അഗ്രുക്ക

അനില്‍ @ബ്ലോഗ്‌ 

ഇത്തിരിവെട്ടം 

കുറുമാന്‍ 

ചന്ദ്രകാന്തം 

സമീഹ ..ഒട്ടും തടിയില്ല പാവം 


തമന്നു 

ജയനും രവീഷും 

സുനില്‍ വാര്യര്‍ 

സിദ്ധാര്‍ത്ഥന്‍ 

കുറുമാനും പാര്‍ത്ഥനും 

ഫൈസല്‍ ബാബു 

ഏറനാടന്‍ 

സലിം 

പാര്‍ത്ഥന്‍ 

ഐറിസ്‌ 

പകല്‍കിനാവന്‍

വാഴക്കോടന്‍ 

അഗ്രുക്ക ..ദി സ്റ്റാര്‍

ഖൈരുധീന്‍ വല്ലപ്പുഴ 

അന്‍സില്‍ സുല്‍ത്താന്‍ 

വല്യമ്മായി 

കിച്ചു താത്ത

അജന സുല്‍ത്താന 

വിന്‍സന്റ്

ഈ പാവം ആണ് ഇറാക്കില്‍ നിന്ന് വന്നത്... ഇംത്യാസ് ആചാര്യന്‍ 

കുറുമാന്‍ - പെര്‍ഫോര്‍മന്‍സ്‌ 

ആളവന്താന്‍ 

വരവൂരാന്‍ 

കൈപ്പിള്ളി 

സഹവാസി 



കാശ് തരാത്തവര്‍ ഉണ്ടോ ..? ചന്ദ്രകാന്തം 

ശ്രീജിത്ത്‌ വാര്യര്‍ ആന്‍ഡ്‌ ബാറ്ററി 

ഷംസുക്ക

കുറ്റ്യാടിക്കാരന്‍ 

ഉമ്പാച്ചി 


ഖാന്‍ പോത്തന്‍കോട് 


രവീഷ് 

ഷിഹാബ് മൊഗ്രാല്‍ 

പുള്ളിപ്പുലി 

ജിമ്മി 

ആലിയു ( തറവാടി )

ഹരീഷ് തച്ചോടി 

കാട്ടിപ്പരുത്തി 

വിനീത് ( ഒരു യാത്രികന്‍ )

മുസ്തഫാ വളപ്പില്‍ 

രവീഷ് 

പകലന്‍ 

രഹീക്ക 



ആച്ചിമോള്‍

ആച്ചി എഗെയിന്‍ 

സദസ്സ് 

ബിരിയാണി ചെമ്പിന് ചുറ്റുമുള്ള അടി 



വല്ലോം നടക്കോ 


നൌഷു