Tuesday, May 10, 2011

കാലം നമുക്കായി കാത്തു വച്ചിരിക്കുന്നത് ..

ടീച്ചിംഗ് എന്നത് ആ പ്രോഫഷനോടുള്ള ഇഷ്ടം കൊണ്ട് സ്വീകരിക്കുന്നവര്‍ വളരെ കുറവാണ് .അങ്ങനെ ഉള്ളവര്‍ ആണ് മാതൃകാ അദ്ധ്യാപകര്‍ ആയി മാറുന്നത്.ആ ജോലിയോട് ഉള്ള ആത്മാര്‍ഥത അവര്‍ ഇപ്പോഴും പ്രകടിപ്പിക്കുകയും വിദ്യാര്‍ത്ഥികളെ പക്ഷപാതിത്വം ഏതുമില്ലാതെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുകയും ചെയ്യും.

മറിച്ചു എളുപ്പം ലഭിക്കുന്ന ഒരു ജോലി എന്ന നിലയ്ക്ക് ഇതില്‍ കയറിപ്പറ്റുന്നവര്‍ എപ്പോഴും മിടുക്കരായ വിദ്യാര്‍ത്ഥികളോട് ഒരു പ്രത്യേക പക്ഷപാതിത്വം കാണിക്കുന്നവര്‍ ആയിരിക്കും.അവര്‍ ചെയ്യുന്ന കുറ്റങ്ങള്‍ ലഘൂകരിച്ചു കാണുകയും പഠിത്തത്തില്‍ സാമര്‍ത്ഥ്യം ഇല്ലാത്ത വിദ്യാര്‍ത്ഥികളെ പബ്ലിക്കായി അവഹേളിക്കുകയും ഇവരുടെ സ്ഥിരം സ്വഭാവ രീതികള്‍ ആണ് വിദ്യാര്‍ത്ഥികളുടെ ജീവിത സാഹചര്യങ്ങളിലേക്ക് തിരിഞ്ഞു നോക്കാന്‍ ഇവര്‍ ഒരിക്കലും മിനക്കെടാറില്ല .അതുകൊണ്ട് തന്നെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരം അദ്ധ്യാപകരോടും അവര്‍ പ്രമോട്ട് ചെയ്യുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളോടും ഒരു വെറുപ്പ്‌ വളരാന്‍ ഇത്തരം സാഹചര്യങ്ങള്‍  വഴി വയ്ക്കും.
എന്നെ എന്നും അസ്വസ്ഥമാക്കിയിരുന്ന ഒരു രീതിയായിരുന്നു ഇത്.ക്ലാസ്സിലെ മിടുക്കരായ വിദ്യാര്‍ത്ഥികളില്‍ ഒരുവനായത് കൊണ്ട് മാത്രം ഒറ്റപ്പെടുന്ന അവസ്ഥ ചെറിയ ക്ലാസ്സുകളില്‍ തന്നെ ഞാന്‍ മനസ്സിലാക്കിയിരുന്നു.പലരും കൂട്ടുകൂടാന്‍ മടിക്കുക , ഒറ്റിക്കൊടുക്കും എന്ന ഭീതികൊണ്ട് തുറന്നു സംസാരിക്കാതെ ഇരിക്കുക അങ്ങിനെ ഒരുപാട് മേഖലകളില്‍ നമ്മള്‍ ഒറ്റയ്ക്കാവും .
അത് കൊണ്ട് തന്നെ മുതിര്‍ന്ന ക്ലാസ്സുകളില്‍ ഒരു റിബല്‍ മനോഭാവം കാത്തു സൂക്ഷിച്ചിരുന്നു.മനപ്പൂര്‍വ്വം ഗൃഹപാഠം ചെയ്യാതെ വരിക , ടെക്സ്റ്റ് ബുക്കുകള്‍ കൊണ്ട് വരാതെ ഇരിക്കുക, അറിയാമെങ്കിലും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതിരിക്കുക തുടങ്ങിയ ചെറിയ ട്രിക്കുകള്‍. ആ ഉദ്യമത്തില്‍ ഒരു പരിധി വരെ ഞാന്‍ വിജയിക്കുകയും ചെയ്തു.പരീക്ഷകള്‍ക്ക് മാത്രം നന്നായി  എഴുതുകയും ക്ലാസ്സില്‍ ടീച്ചര്‍മാരുടെ പെറ്റ് ആയി മാറാതിരിക്കുകയും..അതായിരുന്നു തന്ത്രം.
എന്നിട്ടും പല കാലഘട്ടങ്ങളിലായി ഒരുപാട് സ്വാധീനിച്ച വിരലില്‍ എണ്ണാവുന്ന ചില അദ്ധ്യാപകരുണ്ട്.സ്നേഹം കൊണ്ടും പെരുമാറ്റം കൊണ്ടും നമ്മളെ കീഴടക്കിയവര്‍.

ചെറിയ ക്ലാസ്സുകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുമ്പോള്‍ പിള്ളേര്‍ സിനുമ ഒക്കെ കണ്ടു വളരണം എന്ന് പറഞ്ഞു സമ്മാനമായി തിയേറ്ററില്‍ സിനുമ കാണാന്‍ കൊണ്ട് പോയിരുന്ന വര്‍ഗ്ഗീസ്‌ മാഷ്‌ , പറയുന്നത് നുണയാണ് എന്ന് അറിഞ്ഞിട്ടും ദൂരക്കൂടുതല്‍ ഉള്ള വീട്ടിലേക്കു പോകാന്‍ വേറെ ബസ്‌ ഇല്ല എന്ന എന്‍റെ വാദം അംഗീകരിച്ചു  രണ്ടു വര്‍ഷത്തോളം തുടര്‍ച്ചയായി ഒരു മണിക്കൂര്‍ നേരത്തെ വീട്ടില്‍ പോകാന്‍ അനുവദിച്ചിരുന്ന ഹെഡ്‌മാസ്റ്റര്‍ ശങ്കരന്‍ സാര്‍ , ഡിപ്ലോമയ്ക്ക് പഠിക്കുമ്പോള്‍ അടികൊണ്ടു പൊളിഞ്ഞ തലയുമായി രക്തവും ഒലിപ്പിച്ചു കയ്യില്‍ കിട്ടിയതുമായി സഹപാഠിയുടെ നേരെ പാഞ്ഞ എന്നെ ഇടയില്‍ ചാടി വീണ് കരണത്ത് ഒന്ന് പൊട്ടിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന അജിത ടീച്ചര്‍ ..അങ്ങിനെ പലരും.
എങ്കിലും അവരിലെ രത്നമായി ആനി ടീച്ചര്‍ നില്‍ക്കുന്നു ..പുതിയ സ്കൂളിലേക്ക് മാറി വന്നപ്പോള്‍ ഒരേ ബസ്സില്‍ ആയിരുന്നു ഞങ്ങള്‍ വന്നുകൊണ്ടിരുന്നത് . സ്കൂളിലേക്ക് നടക്കുമ്പോള്‍ സംസാരിച്ചു നടന്നു കൊണ്ട് ടീച്ചര്‍ ഒരുപാട് കാര്യങ്ങള്‍  പറയും.ഒരു മകനെപ്പോലെ .കൊണ്ടുവന്ന പ്രാതലില്‍ നിന്ന് എനിക്കായി എന്നും എന്തെങ്കിലും നല്‍കും.ഒരിക്കലും പഠനത്തെ പറ്റി ഞങ്ങള്‍ സംസാരിച്ചില്ല .ടീച്ചറോട് ഉള്ള ഇഷ്ടം കൊണ്ടാവും കെമിസ്ട്രി എന്നും ഇഷ്ട വിഷയമായിരുന്നു..
.സ്വന്തം വീട് പോലെ എനിക്ക് കയറിച്ചെല്ലാന്‍ എന്നും സ്വാതന്ത്ര്യം ഉണ്ടായിരുന്ന ടീച്ചറുടെ വീട് ..ഒരു സുഹൃത്ത് പോലെ മാത്രം പെരുമാറിയിരുന്ന ടീച്ചറുടെ ഭര്‍ത്താവ് പോളേട്ടന്‍..അന്നും ഇന്നും ആത്മാര്‍ത്ഥ സുഹൃത്തുക്കളില്‍ ഒരാളായ ടീച്ചറുടെ മകള്‍ നീന ..ഭൂതകാലത്തിലെ നിറമുള്ള ഓര്‍മ്മകളില്‍ അവരെല്ലാം എന്നും ജ്വലിച്ചു നില്‍ക്കുന്നു.
കഴിഞ്ഞ ലീവിന് നാട്ടില്‍ പോയപ്പോഴും ആ വീട്ടില്‍ പോയിരുന്നു..പോളേട്ടന്‍ തമാശകള്‍ പറഞ്ഞു പൊട്ടിചിരിക്കാത്ത ആ വീട്ടില്‍ ടീച്ചറും മകന്‍ ലിയോ യും മാത്രമായിരുന്നു.ചുവരിലെ ചിത്രത്തില്‍ ഇരുന്നു പോളേട്ടന്‍ എന്നെ നോക്കി ചിരിക്കുന്നത് പോലെ തോന്നി.
നീനയെ കുറിച്ചും നീനയുടെ മകളെക്കുറിച്ചും സംസാരിക്കുമ്പോള്‍ ഞങ്ങള്‍ വീണ്ടും ബസ്സിറങ്ങി സ്കൂളിലേക്ക് നടക്കുകയാണ് എന്ന് തോന്നി..വര്‍ഷങ്ങളായി പറയാന്‍ ബാക്കി വച്ചത് മുഴുവന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ക്കുകയായിരുന്നു ടീച്ചര്‍ .ഫേസ്ബുക്കില്‍ നിന്‍റെ ഫോട്ടോസ് ഉണ്ടെന്നു നീന പറഞ്ഞു , ഞാനും ഒരു അക്കൗണ്ട്‌ ഉണ്ടാക്കുന്നുണ്ട്.ഇടയ്ക്ക് നിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാമല്ലോ.വയസ്സന്മാരെ ഒക്കെ അവര്‍ സമ്മതിക്കുമോടാ എന്നെല്ലാം പറഞ്ഞു ഒരുപാട് ചിരിച്ചു . 
ഇന്ന് നീന വിളിച്ചിരുന്നു.ഞാന്‍ എന്നാണ് നാട്ടില്‍ വരുന്നത് എന്ന് ഇടയ്ക്കിടക്ക് അമ്മയെ വിളിച്ചു നോക്കാനും എനിക്കായി  വീഞ്ഞും വട്ടെപ്പവും തയ്യാറാക്കി ഒരുക്കി വയ്ക്കാനും സാധിക്കാത്ത ഒരു ലോകത്തേക്ക് ടീച്ചര്‍ നടന്നു പോയി എന്ന് പറയാന്‍..എന്‍റെ ഫേസ്ബുക്ക്‌ പ്രൊഫൈലില്‍ ഒരു കമന്റ് പോലും ഇടാതെ........
പോളേട്ടന്‍ ഇപ്പോള്‍ ചിരിക്കുന്നുണ്ടാകും ..തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിക്കാന്‍ വീണ്ടും ടീച്ചര്‍ അടുത്തു എത്തിയ സന്തോഷത്തില്‍..



5 comments:

Unknown said...

മദേഴ്സ് ഡേയില്‍ ഓര്‍മ്മ വന്നത് അമ്മയെപ്പോലെ സ്നേഹിച്ച ആനി ടീച്ചറെ ..

കാട്ടിപ്പരുത്തി said...

നല്ല ഓർമകൾക്ക്

ഭായി said...

നല്ലവരായ പഴയ അദ്ധ്യാപകരെ ഒരിക്കൽക്കൂടി ഓർക്കുവാൻ ഈ പോസ്റ്റ് സഹായിച്ചു.
എല്ലാം കച്ചവടക്കണ്ണിലൂടെ കാണുന്ന ഇന്നത്തെ കാലത്ത് നല്ല അദ്ധ്യാപകരെ കണ്ടുകിട്ടാൻ തന്നെയില്ല!

കാസിം തങ്ങള്‍ said...

ശരിക്കും സങ്കടായി വായിച്ച് തീര്‍ന്നപ്പോള്‍.

Unknown said...

ആനി ടീച്ചറെ പോലെ ഒരു ടീച്ചരാവാൻ കഴിഞ്ഞെങ്കിൽ ..

Post a Comment