Monday, May 23, 2011

മലനിരകളില്‍ മഞ്ഞു പെയ്യുമ്പോള്‍

ഭാഗം ഒന്ന്


യാത്ര പലരും ആഗ്രഹിച്ചു ചെയ്യുന്നതാണ് ..വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തി ആസ്വദിച്ചു ചെയ്യുന്നവരുണ്ട് .ഒരു പ്ലാനിങ്ങും ഇല്ലാതെ വഴിയില്‍ കാത്തിരിക്കുന്ന അനിശ്ചിതത്വങ്ങള്‍ വെല്ലുവിളികളാക്കാന്‍ ഇഷ്ടപ്പെടുന്നവരുണ്ട് ..ചിലര്‍ നിവര്‍ത്തികേടുകൊണ്ടും യാത്രകളില്‍ പെട്ട് പോകാറുണ്ട് ....
അത് സ്വകാര്യമോ  ഔദ്യോഗികമോ ആവാം..
ചിലര്‍ക്ക് അത് വലിയ ഒരു അനുഭവമാണ് ..
പുതിയ ലോകം , ചുറ്റുപാടുകള്‍ , വ്യത്യസ്ഥരായ ജനങ്ങള്‍ , ജീവിത രീതികള്‍ , ഭക്ഷണം അങ്ങിനെ എന്നെന്നും ഓര്‍ത്ത്‌ വയ്ക്കാവുന്ന മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഒരു മുഹൂര്‍ത്തം ..
എന്നാല്‍ എന്‍റെ യാത്ര തികച്ചും വ്യത്യസ്ഥമായിരുന്നു ..

ഞാന്‍ ഒട്ടും ആഗ്രഹിക്കാതെ പോകേണ്ടി വന്ന ഒന്ന് ..

അതും യുദ്ധത്തിന്‍റെ പൊടി പടലങ്ങള്‍ അടങ്ങിയിട്ടില്ലാത്ത അഫ്ഗാനിലേക്ക് ..
അതാകട്ടെ എന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവ ബഹുലമായ ഒരു യാത്രയായിരുന്നു .ഇന്നും തുടരുന്ന ഒരുപാട് സൌഹൃദങ്ങള്‍ സമ്മാനിച്ച , ഇന്നും ദു:സ്വപ്നം പോലെ ഓര്‍ത്ത്‌ ഞെട്ടിയുണരുന്ന ഒരുപാട് അനുഭവങ്ങള്‍ സമ്മാനിച്ച യാത്ര.

എങ്കിലും ഞാന്‍ ആ യാത്രയെ ഒരുപാട് ഇഷ്ടപ്പെടുന്നു .അല്ലെങ്കില്‍ കാബൂളിവാലയുടെയും മിനിയുടെയും കഥയില്‍ മാത്രം കേട്ടറിവുള്ള കാബൂളിലെ ഫ്രൂട്ട് മാര്‍ക്കറ്റ്‌ ഞാന്‍ കാണുമായിരുന്നില്ല ..
ബിന്‍ ലാദന്‍ ഒളിച്ചിരുന്നു എന്ന് വിശ്വസിച്ചിരുന്ന പര്‍വ്വതങ്ങളും ഹിമപാതം അതിന്‍റെ തീവ്രതയോടെയും നോക്കിക്കാണുവാന്‍ ഇനിയൊരവസരം ഉണ്ടാകുമായിരുന്നില്ല ..
ആഭ്യന്തര യുദ്ധങ്ങള്‍ ഒരു രാജ്യത്തെ എങ്ങനെ തകര്‍ക്കും എന്ന് നേരിട്ട് കണ്ടറിയുവാന്‍ സാധിക്കുമായിരുന്നില്ല ..
എല്ലാത്തിനുമുപരിയായി അഭിഷേകും , ബ്രൂസും , മരിയയും,ബെത്ത്സും എന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത മുഖങ്ങളായി പരിണമിക്കുമായിരുന്നില്ല ..

കുരിശു വന്ന വഴി 

2004 ഡിസംബര്‍ മാസത്തിലാണ് അഫ്ഗാനിലെ കാബൂളിലുള്ള യുനൈറ്റഡ് നാഷന്‍സ് നടത്തുന്ന സംയുക്ത സൈനിക ക്യാമ്പില്‍ ചില കമ്മീഷനിംഗ് ആന്‍ഡ്‌ മെയിന്റനന്‍സ് ജോലികള്‍ക്ക് ആയി കോണ്ട്രാക്ട് കിട്ടിയ ഒരു കമ്പനി ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയെ സമീപിക്കുന്നത്.

അവര്‍ക്ക് ആ സിസ്റ്റങ്ങളില്‍ എക്സ്പര്‍ട്ട് ആയ ഒരാളെ വേണം ..മണിക്കൂറിനു വന്‍ തുക ആണ് മെയിന്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത് .

രണ്ടു വര്‍ഷത്തെ മനസ്സ് മുരടിപ്പിക്കുന്ന പ്രവാസത്തിനു ശേഷം  ഞാന്‍ നാട്ടില്‍ പോകാന്‍ ഇരിക്കുകയാണ് ..
അത് കൊണ്ട് ഈ വിവരങ്ങള്‍ അറിഞ്ഞിരുന്നു എങ്കിലും എന്നെ ബാധിക്കുന്ന വിഷയം അല്ല എന്ന നിലക്ക് ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നില്ല.

ഒരു ദിവസം മാനേജര്‍ കാബിനിലേക്ക് വിളിപ്പിക്കുന്നു ..

ജയാ ഇവിടെ അധികവും ഫാമിലിയോടൊപ്പം താമസിക്കുന്ന ആള്‍ക്കാര്‍ ആണെന്ന് അറിയാമല്ലോ ..പത്തു ദിവസം അവരെ ഒറ്റയ്ക്ക് ഇട്ടു ആര്‍ക്കും പോകാന്‍ പറ്റില്ല ..അത് കൊണ്ട് നീ പോകണം എന്ന് പറഞ്ഞു..

ഞാന്‍ ഞെട്ടി ..ഈ കുരിശ് എന്‍റെ തലയ്ക്കു വരില്ല എന്നായിരുന്നു വിശ്വാസം .

ഞാന്‍ ശക്തമായി വിസമ്മതിച്ചു ..ഞാന്‍ പോകില്ല എന്ന് തീര്‍ത്ത്‌ പറഞ്ഞു ..

എത്രയോ ആളുകള്‍ അവിടെ ജോലിക്ക് പോകുന്നു ..നീ നേരെ പോകുന്നത് യു എന്‍ ന്‍റെ ക്യാമ്പിലേക്ക് ആണ് ..തിരിച്ചു ജോലി തീരുമ്പോള്‍ അവര്‍ നിന്നെ എയര്‍പോര്‍ട്ടില്‍ കൊണ്ട് വിടും പിന്നെ എന്ത് പേടിക്കാന്‍ ആണ് ..?

ഞാന്‍ ഒന്ന് ചാഞ്ചാടി എങ്കിലും സമ്മതിച്ചില്ല ..

അപ്പോള്‍ മാനേജര്‍ അങ്ങേരുടെ തുരുപ്പ് ചീട്ട്‌ ഇറക്കി ..നിന്നെ നാട്ടില്‍ വിടണം എങ്കില്‍ മതി ...പോരെങ്കില്‍ ഈ പത്തു ദിവസത്തിനു നോര്‍മല്‍ ശമ്പളം പോരാതെ ഒരു മാസത്തെ ശമ്പളം എക്സ്ട്രാ തരാം എന്ന് പറഞ്ഞപ്പോള്‍ ഞാനങ്ങു സമ്മതിച്ചു ..നാട്ടില്‍ പോക്ക് നീളുന്നത് മാത്രമല്ല ആയിരത്തഞ്ഞൂറ് ദിര്‍ഹം മാസ ശമ്പളക്കാരന് ആ തുക വലുതായിരുന്നു ..

ആറുമാസത്തെ വിസയും അടിച്ചു ഞാന്‍ യാത്രയാവാന്‍ തയ്യാറായി ..ഭയങ്കര തണുപ്പ് ആണ് എന്ന് പറഞ്ഞു കേട്ടത് വഴി ജാക്കറ്റും ഒക്കെ വാങ്ങി ടൂള്‍സ് എല്ലാം ലഗേജില്‍ ഇട്ടു പാക്ക്‌ ചെയ്തു ഞാന്‍ ഷാര്‍ജ എയര്‍പോര്‍ട്ടിലേക്ക് ..


ഷാര്‍ജ എയര്‍പോര്‍ട്ട്

ഷാര്‍ജ എയര്‍ പോര്‍ട്ടില്‍ വച്ച് മെയിന്‍ കൊണ്ട്രക്ടര്‍ എനിക്ക് കൂടെ വിട്ടു തന്ന സഹായിയെ കണ്ടു ..സയീദി എന്ന ടാന്സാനിയക്കാരന്‍ ..എനിക്കും അവനും ഇടയില്‍ ഉള്ള ആശയവിനിമയ സാധ്യതകള്‍ എന്തുമാത്രം ഉണ്ടെന്നു പരിചയപ്പെട്ടപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി ..കിലുക്കത്തിലെ ജഗതിയെപ്പോലെ വെല്‍ക്കം ടു ഊട്ടി , നൈസ് ടു മീറ്റ്‌ യു എന്ന് മാത്രം പറയാന്‍ അറിയാവുന്ന മിടുക്കന്‍ ..ജോലി ചെയ്യുന്നതിനേക്കാള്‍ ശ്രമകരമായിരിക്കും ഇവനുമായുള്ള ഡീലിംഗ് എന്ന് ആലോചിച്ചപ്പോഴേ ബോധം പോയി

ഫ്ലൈറ്റില്‍ യാത്രക്കാര്‍ മുഴുവനും അഫ്ഗാനികള്‍ .എന്‍റെ ലഗേജു മുഴുവന്‍ അഴിച്ചു പരിശോധിച്ചേ എയര്‍പോര്‍ട്ടില്‍ നിന്ന് വിട്ടുള്ളൂ .. മുഴുവന്‍ ടൂള്‍സ് അല്ലേ..കത്തി തൊട്ട് എല്ലാ മാരകായുധങ്ങളും ഉണ്ട് ..വിമാനം എങ്ങാനും റാഞ്ചാന്‍ വന്നവന്‍ ആണോ എന്ന സംശയം ആയിരുന്നു അവര്‍ക്ക് എന്ന് തോന്നി .

നാട്ടിലെ പഴയ കെ എസ് ആര്‍ ടി സി ബസ്‌ പോലെ ഉള്ള ഒരു ഫ്ലൈറ്റ്‌ ..
ടെക്ക് ഓഫ് സമയത്ത് മൊത്തം കുലുക്കം ..എന്തൊക്കെയോ പറിഞ്ഞു പോകുന്ന ശബ്ദം ..എല്ലാ ദൈവങ്ങളെയും വിളിച്ചു ..എന്തൊക്കെയോ ഭക്ഷണം കൊണ്ട് വന്നു .ബ്രെഡ്ഡും ബട്ടറും കഴിച്ചു ആശ്വസിച്ചു ..ടെന്‍ഷന്‍ ആയിരുന്നു ..ഇറാന്‍റെ മുകളിലൂടെ ആയിരുന്നു ഫ്ലൈറ്റ്‌ പോയിരുന്നത് ..കുറെ കഴിഞ്ഞു താഴേക്ക്‌ നോക്കിയപ്പോള്‍ തവിട്ടു നിറത്തില്‍ മലനിരകള്‍ കാണപ്പെട്ടു തുടങ്ങി ..എങ്ങും മലനിരകള്‍ ..പല വലുപ്പത്തില്‍ ..ഇതിലേതോ ഗുഹയിലാണല്ലോ ബിന്‍ ലാദന്‍ ഒളിച്ചിരിക്കുന്നത് എന്ന് പിന്നീട് അറിഞ്ഞപ്പോള്‍  ഗഡിയുടെ സാമര്‍ത്ഥ്യത്തില്‍ അതിശയം തോന്നി .

കാബൂള്‍  എയര്‍പോര്‍ട്ട് 


വിമാനം ലാന്‍ഡ്‌ ചെയ്യാറായി എന്ന അറിയിപ്പ് വന്നു ..സീറ്റ്‌ ബെല്‍റ്റ്‌ മുറുക്കി ആശങ്കയോടെ ഇരിക്കുകയാണ് ..പെട്ടെന്ന് എന്തൊക്കെയോ തട്ടി തകരുന്ന ശബ്ദത്തോടെ വിമാനം റണ്‍വേയില്‍ തൊട്ടു , വലിയ കുലുക്കത്തോടെ കുറെ ഓടി നിന്നു.പെട്ടെന്ന് പുറത്തേക്ക് നോക്കിയ ഞാന്‍ ആ കാഴ്ച കണ്ടു . എങ്ങും മഞ്ഞു പെയ്യുന്നു .സിനുമകളില്‍ മാത്രം കണ്ടിട്ടുള്ള ആ രംഗം മതി വരുവോളം നോക്കി നിന്നു..വിമാനത്തിന്‍റെ വാതിലുകള്‍ തുറന്നതോടെ തണുപ്പ് അകത്തേക്ക് ഇരച്ചു കയറി .എന്‍റെ ഒപ്പം ഉണ്ടായിരുന്ന അഫ്ഗാനികള്‍ കയ്യിലിരുന്ന ബാഗില്‍ നിന്നു ജാക്കറ്റ്‌ എടുത്ത് ധരിച്ചു തുടങ്ങി .അപ്പോഴാണ്‌ ഞാന്‍ എന്‍റെ ജാക്കറ്റ്‌ എവിടെയാണ് എന്ന് ഓര്‍ത്തത്.ഹോ ബുദ്ധിമാനായ ഞാന്‍ അത് ലഗ്ഗെജില്‍ പാക്ക് ചെയ്തിരുന്നു .എന്‍റെ കൂടെ ഉണ്ടായിരുന്ന സയീദി എന്ന അസിസ്റ്റന്റ്‌ അവന്‍റെ കയ്യില്‍ ഉണ്ടായിരുന്ന ജാക്കറ്റ്‌ എടുത്ത് ധരിച്ചു .പുച്ഛത്തോടെ എന്നെ നോക്കി ..ഇവന്‍ എവിടന്നു വരുന്നെടെയ്‌ എന്ന രീതിയില്‍ ...ഹാഫ് സ്ലീവ് ഷര്‍ട്ടും ധരിച്ചു ഇന്‍സൈഡ്‌ ചെയ്തു മൈനസ് ഏഴു ഡിഗ്രിയിലേക്ക് ഇറങ്ങി ചെന്ന എന്നെ എല്ലാവരും അത്ഭുതത്തോടെ  നോക്കുന്നു .പുറത്തേക്ക് ഇറങ്ങിയ ഞാന്‍ ഞെട്ടിപ്പോയി ..ഇതാണോ മരണത്തിന്റെ തണുപ്പ് .? എയര്‍ കണ്ടീഷണര്‍ പുറപ്പെടുവിക്കുന്ന പതിനെട്ടു ഡിഗ്രിയില്‍ പോലും രണ്ടു ബ്ലാങ്കറ്റ് കൊണ്ട് മൂടി പുതയ്ക്കുന്ന ഞാന്‍ മൈനസ് ഏഴു ഡിഗ്രിയില്‍ ഒരു മൃതശരീരം പോലെ നിന്നു .കാലുകള്‍ അനങ്ങുന്നില്ല .കൈ വിരലുകള്‍ നിവര്‍ത്താന്‍ വയ്യ ..തലമുടി എല്ലാം എഴുന്നേറ്റ്‌ അറ്റന്‍ഷന്‍ ആയി നില്‍ക്കുന്നു ..ശ്വാസം വിടുമ്പോള്‍ ഓട്ടുകമ്പനിയില്‍ നിന്നെന്ന പോലെ പുക വരുന്നു .ഒറ്റ മിനിറ്റുകൊണ്ട് ഞാന്‍ സെവെന്‍ അപ്പിന്റെ ലോഗോയിലെ മുള്ളന്‍ തലയനെപ്പോലെ ആയിമാറി .ഒരു നിലയ്ക്ക് ഓടിയും നടന്നും എയര്‍പോര്‍ട്ടിന്റെ അകത്ത് കയറിപ്പറ്റി .

എമിഗ്രേഷന്‍ ചെക്കിംഗ് സമയത്ത് ഞങ്ങളെ മാറ്റി നിര്‍ത്തി ഏറ്റവും അവസാനം ആണ് വിട്ടത് .എല്ലാം കഴിഞ്ഞു ലഗ്ഗേജ് എടുക്കുന്നിടത്തെക്ക് ചെന്നു.ഞങ്ങളുടെ ലഗേജ്‌ അവിടെ അനാഥമായി കിടപ്പുണ്ട് .ഞാന്‍ ചെന്ന് എന്‍റെ ലഗേജില്‍ കൈ വച്ചതും എവിടെ നിന്നോ ഉച്ചത്തില്‍ വിസില്‍ മുഴങ്ങി .ഓടി വരുന്ന ബൂട്ടുകളുടെ ശബ്ദം .എവിടെ നിന്നു എന്ന് അറിയാതെ ഒരു കൂട്ടം പട്ടാളക്കാര്‍ ഞങ്ങളെ വളഞ്ഞു .തോക്ക് ചൂണ്ടി എന്തൊക്കെയോ പറയുന്നുണ്ട്.
തോക്ക് കണ്ടപ്പോഴേ നമ്മള്‍ വേഗം കൈ രണ്ടും ഉയര്‍ത്തിപ്പിടിച്ചു നിന്നു .ദേശീയ പതാകയില്‍ പൊതിഞ്ഞ ശരീരം മൂക്കില്‍ പഞ്ഞിയും വച്ച് ഐസ് പെട്ടിയില്‍ കിടക്കുന്നത് എന്‍റെ മനസ്സിലൂടെ ഒരു മിന്നല്‍ പോലെ കടന്നുപോയി .പൊത്തോം എന്ന് ഒരു ശബ്ദം കേട്ട് നോക്കുമ്പോള്‍ എന്‍റെ സഹായി ദേ കിടക്കുന്നു വീണിതല്ലോ ധരണിയില്‍  ബോധശൂന്യനായി.കുറ്റം പറയരുതല്ലോ എന്തൊരു ശാന്തതയാണ് ആ മുഖത്ത് അപ്പോഴും  കളിയാടിയിരുന്നത് .എങ്കിലും എന്നെ ഈ ദുരവസ്ഥയില്‍ ഒറ്റക്കായി ബോധംകെട്ട അവനോടു എനിക്ക് എന്തെന്നില്ലാത്ത കലിപ്പും ആ സമയത്ത് എനിക്ക് വരാതെ പോയ ബോധക്കേടിനെ ഓര്‍ത്ത്‌ എന്തെന്നില്ലാത്ത നിരാശയും തോന്നി ...ആരൊക്കെയോ ഓടി വന്ന് അവനെ എടുത്ത് കൊണ്ട് പോയി .അപ്പോഴേക്കും ഞങ്ങളുടെ മെയിന്‍ കോണ്ട്രാക്ടര്‍ രേപ്രേസേന്റെട്ടിവ്‌ എന്തൊക്കെയോ രേഖകളുമായി വന്നു.ഞങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഉള്ള യു എന്‍ ന്‍റെ എന്തൊക്കെയോ കടലാസുകള്‍ ആയിരുന്നു അവ.പിന്നേ അവര്‍ അല്‍പ്പം മയത്തിലായി .എന്നിട്ടും പെട്ടി എല്ലാം അഴിച്ചു വിശദമായി പരിശോദിച്ച ശേഷമേ അവര്‍ ഞങ്ങളെ പുറത്തു വിട്ടുള്ളൂ .എന്‍റെ ലഗേജിലെ ആയുധങ്ങള്‍ കണ്ടു തീവ്രവാദി ആണെന്ന് തെറ്റിദ്ധരിച്ച് ആണത്രേ അവര്‍ ഞങ്ങളെ വളഞ്ഞത് .പകുതി ബോധത്തോടെ എന്‍റെ സഹായിയും ഏതു നിമിഷവും നഷ്ടപ്പെട്ടെക്കാവുന്ന ബോധവുമായി ഞങ്ങള്‍ വാഹനത്തില്‍ കയറി താമസസ്ഥലത്തേക്ക് യാത്രയായി .


(തുടരും )

ഗൂഗിള്‍ ബസ്‌ കമന്‍റുകള്‍ ഇവിടെ

4 comments:

Unknown said...

ബിന്‍ ലാദന്‍ ഇല്ലാത്ത പുതിയ അഫ്ഗാനിസ്ഥാനെക്കുറിച്ചല്ല.ലാദന്‍ ഉണ്ടായിരുന്ന പഴയ അഫ്ഗാനിസ്ഥാനെപ്പറ്റി ..

ഭായി said...

ജയാ ചിരിച്ച് പണ്ടാരമടങി..:)) പല സ്ഥലത്തും ചിരിച്ച് കണ്ട്രൊൾ പോയി.:) നന്ദി..!!
ശരിക്കും ജയൻ അഫ്ഗാനിൽ പോയിട്ടുണ്ടോ.?!!

Unknown said...

ങേ ..പോയിട്ടുണ്ട് ഫായീ ..അടുത്ത ലക്കങ്ങളില്‍ മനസ്സിലാവും ..പോയ്‌ പോയ്‌ സത്യം പറഞ്ഞാലും ആരും വിശ്വസിക്കാതെ ആയല്ലോ ദേവ്യേ :-))

ajith said...

ഭാഗ്യവാന്‍, അഫ്ഗാനിലൊക്കെ പോയിട്ടുണ്ട് അല്ലേ..?

Post a Comment