Monday, May 30, 2011

മലനിരകളില്‍ മഞ്ഞു പെയ്യുമ്പോള്‍ - മൂന്ന്

ഒന്നാം ഭാഗം 


രണ്ടാം ഭാഗം 


മൂന്നാം ഭാഗം 


യു എന്‍ ക്യാമ്പിനു തൊട്ടടുത്തുള്ള അഫ്ഗാന്‍ ചെക്ക്‌പോസ്റ്റില്‍ വണ്ടി നിര്‍ത്തി .ഞാനും സഹായിയും അഭിഷേകും ഇറങ്ങി . ഞങ്ങളെ പരിശോധിക്കാന്‍  രണ്ട് അഫ്ഗാന്‍ പട്ടാളക്കാര്‍ വന്നു .സ്ഥിരം കാണുന്നത് കൊണ്ട് അഭിഷേകിനെ അവര്‍ക്ക് നല്ല പരിചയം .മുറി ഹിന്ദി ഒക്കെ പറയുന്നുണ്ട് .എന്‍റെ സഹായി സയീദിയോട്  ബോധം കെടരുത് എന്ന് അറിയാവുന്ന ഭാഷയില്‍ പറഞ്ഞും പടം വരച്ചും ഞാനും അഭിഷേകും മുന്നേ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു.ശരീരം മുഴുവന്‍ തപ്പിയപ്പോള്‍ ബാക്ക് പോക്കറ്റില്‍ നിന്ന് എന്‍റെ പഴ്സ് കിട്ടി .അതെടുത്ത് അവന്‍ തിരിച്ചും മറച്ചും നോക്കി .പിന്നെ എനിക്ക് പുറം തിരിഞ്ഞു നിന്ന് നിവര്‍ത്തി നോക്കി .എന്നിട്ട്  എന്നോട് ക്യാബിനിലേക്ക് വരാന്‍ പറഞ്ഞു  .പരമ ദരിദ്രമായ എന്‍റെ പേഴ്സില്‍ എന്ത് ഭീകരത ആണ് ഒളിച്ചിരിക്കുന്നത് എന്നോര്‍ത്ത് ഞാന്‍ അവന്‍റെ പിന്നാലെ ക്യാബിനിലേക്ക് പോയി .ഇനി അവന്‍ എങ്ങാന്‍ ..തോക്ക് ചൂണ്ടി ..ഛെ ..ഛെ ..അതൊന്നും ആവില്ല ..എന്നാലും ഒരു ഭയം ...അവന്‍ എന്‍റെ പേഴ്സ് എടുത്തു നിവര്‍ത്തി മേശപ്പുറത്തെക്ക് കുടഞ്ഞു ..പത്താം ക്ലാസ്സില്‍ റ്റാറ്റ പറഞ്ഞു പോയ സന്ധ്യ മുതല്‍ പല ഹെയര്‍ സ്റ്റയിലോടെയും  പല തരം പുഞ്ചിരിയോടും അത് വരെ പ്രേമിച്ച എല്ലാ ലലനാമണികളും പാസ്പോര്‍ട്ട് സൈസില്‍ മേശപ്പുറത്തേക്ക് ചാടി .ഛെ ഇവന്‍ എന്നെ തെറ്റിദ്ധരിച്ചു കാണുമോ .ഡേയ് ഇതൊക്കെ എന്‍റെ പഴയ കാമുകിമാര്‍ ആണെന്ന് പറയാന്‍ വന്നപ്പോഴേക്കും അവന്‍ അതിനുള്ളില്‍ നിന്ന് നാലായി മടക്കിയ ഒരു കടലാസ്എടുത്തു പറഞ്ഞു ഇതെനിക്ക് വേണം .ഞാന്‍ ആ കടലാസു വാങ്ങി നോക്കി .റാണി മുഖര്‍ജി ഇത്തിരിപ്പോന്ന ട്രൌസറും കുഞ്ഞ്യേ കുപ്പായവും  ഇട്ടു ഒരു വല്ലാത്ത ചിരിയുമായി നില്‍ക്കുന്നു.
അമ്പട ചുള്ളാ ഇതിനാണോ നീയെന്നെ ഇത്രേം ടെന്ഷനാക്കിയത്.എങ്കിലും  നാലായി മടക്കിയതിനുള്ളിലൂടെ നോക്കി ഇവന്‍ ഇത്  കണ്ടു പിടിച്ചല്ലോ എന്നോര്‍ത്തു നില്‍ക്കുമ്പോള്‍ പിടിച്ചതിലും വലുതാണ്‌ അളയില് എന്ന മട്ടില്‍  മേശ വലിപ്പ് തുറന്ന് ഗഡി മൂപ്പരുടെ കളക്ഷന്‍ എടുത്തു പുറത്തിട്ടു .കുറ്റം പറയരുതല്ലോ ഒരുമാതിരി അക്കാലത്ത്  ഉറക്കം കളഞ്ഞിരുന്ന എല്ലാ സിനുമാ നടികളും ടൂ പീസില്‍ ചുള്ളന്റെ കയ്യില്‍ ഉണ്ട് .ഹോ എന്‍റെ പേഴ്സില്‍ ഇരുന്നു ബോറടിക്കുന്നതിനെക്കാള്‍ റാണി മോളേ നീ ഇവന്‍റെ കളക്ഷനില്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും എന്ന് ആശംസിച്ചുകൊണ്ട് ഇനിയെനിക്ക് പോകാമല്ലോ എന്ന് ഞാന്‍ ചോദിച്ചു .നിനക്ക് തീര്‍ച്ചയായും പോകാം എന്ന് മറുപടി പറഞ്ഞു അവന്‍ കുര്‍ബ്ബാന കഴിഞ്ഞു കുരിശു മുത്തുന്നത് പോലെ റാണി മുഖര്‍ജിയെ ആഞ്ഞു മുത്തുന്നതും കണ്ടു ഞാന്‍ അവന്‍റെ രക്തം ഇനിയും ചൂട് പിടിക്കുന്നതിനു മുന്‍പ് ഓടി രക്ഷപ്പെട്ടു .

ക്യാമ്പ് ജൂലിയന്‍ 


അഫ്ഗാന്‍ പട്ടാളത്തിന്‍റെ ചെക്ക്‌ പോസ്റ്റില്‍ നിന്ന് നൂറു മീറ്റര്‍ നടന്നാല്‍ ക്യാമ്പ് ജൂലിയന്റെ ഗേറ്റില്‍ എത്താം .അവിടെ ആയിരുന്നു മെയിന്‍ ചെക്കിംഗ് .ഒരു നിമിഷം ഞാന്‍ നമ്മുടെ കേരളത്തിലെ പോലീസ്‌ ലോക്കപ്പിലാണോ എന്ന് ഓര്‍ത്ത്‌ പോയി .കാരണം ലോക്കപ്പിലെ യൂണിഫോമില്‍ നിര്‍ത്തിയായിരുന്നു ചെക്കിംഗ്.ചെക്കിംഗ് കഴിഞ്ഞു അകത്ത് കയറിയപ്പോള്‍ മുതല്‍ ഫുള്‍ യൂണിഫോമില്‍ ശരീരം നിറയെ ആയുധങ്ങളുമായി ഒരു സെന്റ്രി ഞങ്ങള്‍ക്ക് അകമ്പടി സേവിച്ചു തുടങ്ങി .ഭൂരിപക്ഷവും കനേഡിയന്‍സ് ആണ് പട്ടാളക്കാര്‍ .പിന്നെ അല്‍പ്പം അമേരിക്ക , ഫ്രെഞ്ച് , സ്വിസ്സ് , ബെല്‍ജിയം .നിരനിരയായി നിരത്തിയിട്ട ടാങ്കുകള്‍ , ഹെലിക്കോപ്റ്ററുകള്‍, ട്രക്കുകള്‍ .റിപ്പബ്ലിക്‌ പരേഡ്‌നു ടീവിയില്‍ കണ്ടിട്ടുള്ളതല്ലാതെ ഇതൊക്കെ ഇത്രയും അടുത്തു കാണുന്നത് ആദ്യമായാണ്‌ .തോമസ്‌ എന്ന് പരിചയപ്പെടുത്തിയ ക്യാമ്പിലെ എഞ്ചിനീയര്‍ നെ കാണാന്‍ ആണ് ആദ്യം പോയത് .അങ്ങേരും കൂടി ചെയ്യേണ്ട ജോലിയെപ്പറ്റി വിശദീകരിക്കാന്‍ ക്യാമ്പിനകത്തെ അടുക്കളയിലേക്കു നടന്നു .നിരനിരയായി നിരന്നു കിടക്കുന്ന പത്തു കിച്ചണ്‍ ഹുഡ്കള്‍ .ഓരോന്നിലും ആറു ഫര്‍ണസ് വീതം .അതിനകത്ത്‌ ഓട്ടോമാറ്റിക് തീകെടുത്തല്‍ സംവിധാനം സ്ഥാപിക്കണം എന്നതാണ് ജോലി .എല്ലാം കണ്ടപ്പോള്‍ എനിക്ക് രണ്ടു കാര്യം മനസ്സിലായി ഒന്ന് ഇവന്മാര്‍ക്ക് തീറ്റി ആണ് മെയിന്‍ പണി .രണ്ടാമത് പണി അറിയാവുന്ന വേറെ പണിക്കാരനെ കൊണ്ട് വന്നു സ്വന്തം ചെലവില്‍ എന്‍റെ കമ്പനി ഈ ജോലി തീര്‍ക്കേണ്ടി വരും .ഇത് എന്നെക്കൊണ്ട് കൂട്ടിയാല്‍ കൂടൂല്ല മൊതലാളീ  എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് കയ്യിലിരുന്ന പുസ്തകത്തില്‍ ഇല്ലാത്ത ജാഡയോടെ ഞാന്‍ ചുമ്മാ കുത്തിക്കുറിക്കാന്‍ തുടങ്ങി. മീറ്റര്‍ കൊണ്ട് ചുമ്മാ അളവെടുത്ത് വിരലുകള്‍ മടക്കിയും മൊബൈലില്‍ കാല്‍ക്കുലേറ്റര്‍ ഓണ്‍ ആക്കിയും  ചുമ്മാ തല ചൊറിഞ്ഞും എന്തൊക്കെയോ എഴുതി .ആദ്യ ദിവസം പണിയെടുക്കുന്നത് സ്റ്റാന്‍ഡേര്‍ഡ് പാര്‍ട്ടികള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല എന്ന് അറിയാവുന്നത് കൊണ്ട് സൈറ്റ്‌ വിസിറ്റ് എന്ന ഓമനപ്പേരില്‍ അവിടം മുഴുവന്‍ കറങ്ങി .അടുക്കളയില്‍ പണിക്ക് വന്നവന്‍ ജിമ്മിലും ബാറിലും എത്തി നോക്കുന്നത് എന്തിനെന്ന് കൂടെയുള്ള സെന്റ്രി ചോദിച്ചില്ല ഭാഗ്യം .

ഉച്ചഭക്ഷണം അവിടെ നിന്നായിരുന്നു .ഹോ ഫൈവ്‌ സ്റ്റാര്‍ ത്രീ കോഴ്സ് ഫുഡ്‌.എല്ലാതരം ഇറച്ചികളും ഉള്‍പ്പെട്ട ഭക്ഷണം .പതിനഞ്ചോളം വ്യത്യസ്ത ഡസെര്ട്ടുകള്‍.എല്ലാം കണ്ടപ്പോള്‍ ഒന്ന് തീരുമാനിച്ചു , ഈ അടുക്കള ഞാന്‍ ഒരു വഴിക്ക് ആക്കിയെ പോകൂ .എന്‍റെ സഹായിക്കു വായില്‍ നാക്കും പല്ലും ഒക്കെയുണ്ടെന്നു എനിക്ക് ബോധ്യപ്പെട്ടത് ഒരു ആടിന്കാലുമായി അവന്‍ നടത്തുന്ന മല്ലയുദ്ധം കണ്ടപ്പോഴാണ് .ഭക്ഷണം കഴിഞ്ഞപ്പോള്‍ സ്വാഭാവികമായും ഒരു യുദ്ധം കഴിഞ്ഞാല്‍ എന്ന പോലെ നമ്മള്‍ ക്ഷീണിക്കുമല്ലോ .അതുകൊണ്ട് അന്ന് തിരിച്ചു പോയി നാളെ മുതല്‍ ജോലി തുടങ്ങാം എന്ന് തീരുമാനിച്ചു .പോരാത്തതിന് പണി ആയുധങ്ങള്‍ എടുത്തിട്ടും ഇല്ലായിരുന്നു .അത്യാവശ്യത്തിനു ടൂള്‍സ് സ്റ്റോറില്‍ നിന്ന് വാങ്ങി തരാം എന്ന അഭിഷേകിന്‍റെ സഹായ അഭ്യര്‍ഥന തള്ളുമ്പോള്‍ ആദ്യം എല്ലാം ഡ്രോയിംഗ് വരച്ചു പ്ലാന്‍ ചെയ്യണം എന്ന് ന്യായം പറഞ്ഞെങ്കിലും അവനെന്നെ നോക്കിയ നോട്ടം രൂപ എണ്ണി തരുന്നില്ലേ നാറീ പണി എടുത്തൂടെ എന്നാണെന്ന് എനിക്ക് മനസ്സിലായി .എല്ലാ ഒന്നാം തിയതിയും സാലറി സ്ലിപ് ഒപ്പിടുമ്പോള്‍ കമ്പനിയില്‍ വച്ച് മാനേജര്‍ നോക്കുന്നത് ഇതേ നോട്ടമായത് കൊണ്ട് നമുക്ക് അതൊക്കെ വെറും പുല്‍സ് ആയിരുന്നു .ഞങ്ങളെ തിരിച്ചു കൊണ്ട് പോകാനുള്ള വാഹനത്തിനു  വേണ്ടി വെയിറ്റ്‌ ചെയ്യുന്ന സമയം നമുക്ക് സ്റ്റോറില്‍ പോയി ഇരിക്കാം എന്ന് പറഞ്ഞു അഭിഷേക് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി .അപ്പോഴും ബോബനും മോളിയിലെയും പട്ടിയെപ്പോലെ സെന്റ്രി കൂടെയുണ്ട് .അവിടെ വച്ചാണ് സ്റ്റോര്‍ കീപ്പര്‍ ആയ ബ്രൂസിനെ പരിചയപ്പെടുന്നത് .ബ്രൂസ് വഴി മരിയയെയും .എന്‍റെ ജീവിതത്തില്‍ ഒരിക്കലും  മറക്കാന്‍ സാധിക്കാത്ത രണ്ടു മുഖങ്ങളായി  അവര്‍ മാറിയത് വളരെ പെട്ടെന്നാണ്  .പ്രത്യേകിച്ച് ഇന്ത്യയെ ഒരുപാട് ഇഷ്ടപ്പെടുന്ന , തന്‍റെ വെക്കേഷന് മുടങ്ങാതെ ഇന്ത്യയില്‍ എത്തുന്ന മരിയ .

(തുടരും .)

ഗൂഗിള്‍ ബസ്‌ കമന്‍റുകള്‍ ഇവിടെ 

5 comments:

സുല്‍ |Sul said...

തുടരാനാ ഭാവം?
തുടരൂ... നന്നായി എഴുതുന്നുണ്ട് കേട്ടൊ. :)

ഭായി said...

###ഇനി അവന്‍ എങ്ങാന്‍ ..തോക്ക് ചൂണ്ടി ..ഛെ ..ഛെ ..അതൊന്നും ആവില്ല ..എന്നാലും ഒരു ഭയം ...###
ഹ ഹ ഹ!

റാണിമുഖർജി കലക്കി :))

കൊള്ളാം ജയൻ, രസിച്ചു!

Unknown said...

നന്ദി ഫായീ ...ഈ ബ്ലോഗില്‍ കമന്റു ഇടുന്നതിനു പ്രത്യേകിച്ചും :-))

Unknown said...

ങേ എന്താ സുല്ലിക്കാ നിര്‍ത്തണമെങ്കില്‍ ഒരു വാക്ക് പറഞ്ഞാല്‍ മതി :-))

ajith said...

തുടര്‍ന്ന് വായിക്കട്ടെ

Post a Comment