Friday, June 3, 2011

മലനിരകളില്‍ മഞ്ഞു പെയ്യുമ്പോള്‍ - നാല്

ഒന്നാം ഭാഗം 


രണ്ടാം ഭാഗം 


മൂന്നാം ഭാഗം 


നാല് 


ക്യാമ്പ് ജൂലിയനിലെ സ്റ്റോര്‍ ഇന്‍ചാര്‍ജ് ആണ് ബ്രൂസ് .പട്ടാളത്തിന്റെ പരുക്കന്‍ യൂണിഫോമിനകത്തും നര്‍മ്മ ബോധം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുന്ന ചങ്ങാതി .ആ ചെമ്പന്‍ മുടിയും കണ്ണിറുക്കി ഉള്ള ചിരിയും ആരെയും ആകര്‍ഷിക്കും .ഇടതു കൈത്തണ്ടയില്‍ ഇണ ചേര്‍ന്ന് നില്‍ക്കുന്ന രണ്ടു കുഞ്ഞു നാഗങ്ങളെ പച്ച കുത്തിയിരിക്കുന്നു.ഈ സെക്സ് സിംബലാണ് എന്‍റെ ഉത്തേജനം എന്ന് ഇടയ്ക്കിടയ്ക്ക് പറയും .വലത്തേ കയ്യ് ഇലക്ഷന്‍ കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ കയ്യേറിയ മതില് പോലെയാണ് .നിറയെ പച്ച കുത്ത് .അങ്ങ് കമാന്‍ഡര്‍ മുതല്‍ സാധാ സെന്റ്രി വരെ എല്ലാവരെയും ഒരുപോലെ കളിയാക്കാനും സ്ത്രീകളായ പട്ടാളക്കാരികള്‍ ഉള്‍പ്പടെ സകലരോടും ദ്വയാര്‍ത്ഥം കലര്‍ന്ന തമാശകള്‍ പറയാനും അലിഖിതമായ ഒരു അധികാരം ബ്രൂസിനുണ്ടായിരുന്നു .ചാക്യാര്‍ കൂത്തിനിടയില്‍ സദസ്സില്‍ നിന്ന് എഴുന്നേറ്റ്‌ പോകുന്നവരേയും വന്നിരിക്കുന്നവരെയും കഥാ സന്ദര്‍ഭവുമായി ബന്ധിപ്പിച്ചു പരിഹസിക്കുന്ന ചാക്യാരെ ഓര്‍മ്മിപ്പിച്ചു പലപ്പോഴും ബ്രൂസിന്റെ രീതികള്‍ .ഒരു നിവര്‍ത്തി ഉണ്ടെങ്കില്‍ മരിയ ഒഴിച്ച് സ്ത്രീകള്‍ ആരും സ്റ്റോറിലേക്ക് വരികയോ അതിലൂടെ കടന്നു പോകുകയോ ചെയ്യില്ല എന്ന് പറഞ്ഞു പൊട്ടിച്ചിക്കുന്ന ബ്രൂസിനെ പോലും കൂസാത്ത മരിയ ആരെന്നു അറിയാനുള്ള ആഗ്രഹം അനുനിമിഷം വളര്‍ന്നു വന്നു .

ബ്രൂസ് ആരുമായോ പഞ്ചാര 


ആദ്യമായി സ്റ്റോറിലേക്ക് ചെന്നപ്പോള്‍ തന്നെ നീ കുത്തിരിക്ക് പുള്ളേ  എന്ന സ്റ്റയിലില്‍ ഒരു ട്രക്കിന്റെ ടയര്‍ എടുത്തു പുഷ്പം പോലെ എന്‍റെ നേര്‍ക്ക്‌ ഉരുട്ടി വിട്ടു .ഉരുള്‍ പൊട്ടലില്‍ പാറക്കല്ല് വരുന്നത് കണ്ട പോലെ ഞാന്‍ ഓടി മാറി .അല്ല പിന്നെ , അപകടം കണ്ടാല്‍ സ്കൂട്ട് ആവാനും പറ്റിയാല്‍ അത് കൂടെയുള്ളവന് നേര്‍ക്ക്‌ തിരിച്ചു വിടാനും നമ്മള്‍ മലയാളികളെ ആരെങ്കിലും പഠിപ്പിക്കണോ ..?
പിന്നാലെ വന്ന അസിസ്റ്റന്റ്‌ സയീദി ടയറുമായി ഒരു പ്രണയാലിംഗനം നടത്തി ഷക്കീലയോടൊപ്പം കെട്ടിമറിയുന്ന  കിന്നാരത്തുംബികളിലെ ഗോപുമോനെപ്പോലെ നിലത്തുകിടന്നുരുണ്ടു.രണ്ടുപേരും മാച്ചിംഗ് കളര്‍ ആയതുകൊണ്ട് ഓടിയെത്തിയ അഭിഷേക് ആദ്യം ടയറിനെ പിടിച്ചു എഴുന്നേല്‍പ്പിച്ചു .പിന്നെയാണ് സംഭവിച്ചത് എന്തെന്ന് മനസ്സിലാവാതെ അന്തം വിട്ടു കിടന്ന  സയീദിയെ പൊക്കിയെടുത്തത് .
ക്യാമ്പ് കുലുങ്ങിയ ബ്രൂസിന്റെ പൊട്ടിച്ചിരികള്‍ക്കിടയിലേക്ക് അവള്‍ കടന്നു വന്നു ..മരിയ ... 




മീറ്റ്‌ ദി ഹോട്ടസ്റ്റ്‌ ഗേള്‍ ഇന്‍ ദി ടൌണ്‍ എന്ന ബ്രൂസിന്റെ പരിചയപ്പെടുത്തലിനു അഭിനന്ദനത്തിന് നന്ദി അമ്മാവാ എന്ന് മറുപടി പറഞ്ഞുകൊണ്ട് മരിയ വന്നു ചാടിക്കയറി മേശപ്പുറത്ത് ഇരുന്നു .ഇതാണോ ഇന്ത്യക്കാരന്‍ ആയ പുതിയ അതിഥി എന്ന് എന്നെ നോക്കി ചോദിച്ചുകൊണ്ട് കയ്യിലിരുന്ന സ്ട്രോബറി എടുത്ത് അഭിഷേകിനെ എറിഞ്ഞു .പിന്നെ ചാടിയിറങ്ങി വന്നു എന്‍റെ കൈ പിടിച്ചു കുലുക്കി നൈസ് ടു മീറ്റ്‌ യു മാന്‍ എന്ന് പറഞ്ഞപ്പോള്‍ ആ കൈക്കരുത്ത് എനിക്ക് ഫീല്‍ ചെയ്തു .പിന്നെ അങ്ങോട്ടും ഇങ്ങോട്ടും പൊരിഞ്ഞ വാക്ക് തര്‍ക്കങ്ങള്‍ ആയിരുന്നു ബ്രൂസുമായി .ഇടയ്ക്ക് ദേഷ്യം കൊണ്ട് കവിളുകള്‍ ചുവന്നു .കൈ പരത്തി മേശമേല്‍ ആഞ്ഞടിച്ചു .ഡ്രൈവറുടെ ഫോണ്‍ വന്നതുകൊണ്ട് ഞങ്ങള്‍ യാത്ര പറഞ്ഞു അവിടെ നിന്ന് ഇറങ്ങി.തുടരാനിരിക്കുന്ന ഒരു നല്ല സൌഹൃദത്തിന്‍റെ തുടക്കം മാത്രമായിരുന്നു അത് .

മരിയ - ജനസമ്പര്‍ക്ക പരിപാടിക്കിടെ 







തിരിച്ചു പോകുന്ന വഴി ഞങ്ങള്‍ കാബൂള്‍ മാര്‍ക്കറ്റില്‍ ഇറങ്ങി .മാര്‍ക്കറ്റിന്റെ ചില ചിത്രങ്ങള്‍ .ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍ ഇമേജസ് .













മാര്‍ക്കറ്റില്‍ ഒളിച്ചും പാത്തും അല്ലാതെയും  കറുപ്പ് വില്‍ക്കുന്നവരെ കണ്ടു  .അഫ്ഗാനിസ്ഥാനിലെ ഒരു പ്രധാന വിളയാണ് കറുപ്പ് അഥവാ ഒപിയം .ചില ചിത്രങ്ങള്‍ താഴെ കാണാം .ചിത്രങ്ങള്‍ക്ക് ഗൂഗിള്‍ ഇമെജസിനോട് കടപ്പാട് .





കറുപ്പ് തോട്ടം 


കറ എടുക്കാന്‍ വരഞ്ഞു നിര്‍ത്തിയിരിക്കുന്ന ഒപിയം 


കറ ശേഖരിച്ചിരിക്കുന്നു 


തോട്ടം 


പ്രോസസ് ചെയ്യാത്ത ഒപിയം 






കറുപ്പ് ദെയരയിലെ ഇരുളടഞ്ഞ ഗലികളിലെ ഇന്‍സ്റ്റന്റ് മുറുക്കാന്‍ കടകളില്‍ ഒരുപാട് കണ്ടിട്ടുണ്ട് .
ഒരിക്കല്‍ ചാര്‍ സൌ ബീസ് കറുപ്പും മിക്സ് ചെയ്തു അടിച്ചു ഒരു വെള്ളിയാഴ്ച മൊത്തം ജീവിതത്തില്‍ നിന്ന് ബ്ലാങ്ക് ഔട്ട്‌ ആയ അനുഭവം ഉണ്ട് .ഒരു വ്യാഴാഴ്ച  തകര്‍ത്ത ഒരു ബാച്ചിലര്‍ പാര്‍ട്ടിയും കഴിഞ്ഞ്  രാത്രി രണ്ടും മിക്സ് ചെയ്തു  അടിച്ചു കയറ്റി ഒരുവിധം ഇഴഞ്ഞ് രണ്ടു  പേര്‍ മാത്രം താമസിക്കുന്ന സുഹൃത്തിന്റെ ബാച്ചി റൂമിലെത്തി .തലയും ഉടലും രണ്ടു ദിശകളിലേക്ക് റോളര്‍  കോസ്റ്റിങ്ങ് നടത്തുന്നു .സുഹൃത്തിന്‍റെ റൂം മേയ്റ്റ്‌ സ്ഥലത്തില്ല .അവന്‍ എപ്പോള്‍ വരും എന്ന് അറിയാത്തത് കൊണ്ട് രണ്ടുപേരും കൂടി സുഹൃത്തിന്റെ കട്ടിലിലേക്ക് തന്നെ വീണു ..എണ്‍പത്തഞ്ചും തൊണ്ണൂറും ഒരുമിച്ചു വന്നപ്പോള്‍ കട്ടില്‍ താങ്ങിയില്ല .ഒടിഞ്ഞ ശബ്ദം കേട്ടെങ്കിലും താഴെ എത്തിയ ഫീലിംഗ് ഉണ്ടായെങ്കിലും അനങ്ങാന്‍ സാധിക്കാത്തതുകൊണ്ട് അവിടെത്തന്നെ കിടന്നു .നിര്‍ത്താതെ ആരോ വാതിലില്‍ തട്ടുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്.നോക്കുമ്പോള്‍ ഞങ്ങള്‍ വെള്ളത്തില്‍ ഒഴുകി നടക്കുന്നു .ങേ ഞങ്ങള്‍ കടപ്പുറത്താണോ കിടക്കുന്നത്എന്ന് സംശയം ഉണര്‍ന്നു .കതകില്‍ നിന്ന് പിന്നെയും ആരോ തല്ലിപ്പൊളിക്കുന്ന ശബ്ദം.കടപ്പുറത്ത് എവിടെ കതക്..??  മുട്ടോളം വെള്ളത്തില്‍ നീന്തി ചെന്ന് കതകു തുറന്നപ്പോള്‍ വാച്ച്മാന്‍ കലിപ്പില്‍ നില്‍ക്കുന്നു.ഫ്ലോര്‍ നിറച്ചും ഞങ്ങളുടെ റൂമില്‍ നിന്ന് പുറത്തേക്ക് ഒഴുകി വരുന്ന വെള്ളം .സമയം നോക്കിയപ്പോള്‍ അഞ്ചുമണി ആയതേ ഉള്ളൂ.ങേ മൂന്ന് മണി കഴിഞ്ഞപ്പോള്‍ ആണല്ലോ വന്നു കിടന്നത് .രണ്ടു മണിക്കൂര്‍ കൊണ്ട് ഇങ്ങനെ വെള്ളം പൊന്താന്‍ എന്ത് സംഭവിച്ചു ..? റൂമില്‍ തിരിച്ചു ചെന്ന് നോക്കിയപ്പോള്‍ വാഷിംഗ് മെഷീനിലേക്ക് വെള്ളം വരുന്ന പൈപ്പ് ചെറുതായി പൊട്ടി കുറേശെയായി വെള്ളം വരുന്നു .ഇന്നലത്തെ പരാക്രമത്തിനിടയ്ക്കു കാലു തട്ടിയതാവും .എങ്കിലും രണ്ടു മണിക്കൂര്‍ കൊണ്ട് ഇത്രേം വെള്ളം നിറയാന്‍ ഒരു സാധ്യതയും ഇല്ല.മൊബൈല്‍ എടുത്തു നോക്കി ഒന്ന് കൂടി സമയം ഉറപ്പു വരുത്താം എന്ന് കരുതി നോക്കിയപ്പോള്‍ ആണ് ഞെട്ടിക്കുന്ന ആ സത്യം മനസ്സിലായത്‌ ..കിടന്നത് വ്യാഴാഴ്ച ആണെങ്കിലും ഉണര്‍ന്നത് ശനിയാഴ്ചയാണ്.വിട്ടുമാറാത്ത തലവേദന ആയിരുന്നു രണ്ടു ദിവസത്തോളം .റൂം ക്ലീനിംഗ് . ഫ്ലോര്‍ ക്ലീനിംഗ് , പുതിയ കട്ടില്‍ തുടങ്ങിയ ചിലവുകള്‍ വേറെയും .എന്തായാലും അതിനുശേഷം ജീവിതത്തില്‍ ഇന്ന് വരെ മുറുക്കാന്‍ മുറുക്കിയിട്ടില്ല.


(തുടരും )


ഗൂഗിള്‍ ബസ്‌ കമന്‍റുകള്‍ ഇവിടെ 

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

കറുപ്പിന്റെ വീര്യം കണ്ട് കോരിത്തരിക്കുന്നു...

ajith said...

രസകരവും വൈജ്ഞാനികവും ആയിരിക്കുന്നു.

Post a Comment