Monday, August 22, 2011

എളുപ്പവഴി

കട്ടിലിനു കീഴെയുള്ള വെള്ളം കുപ്പിക്കായി പരവേശത്തോടെ പരതുമ്പോള്‍ അരവിന്ദന്‍ ഓര്‍ത്തു..ഇന്നിത് മൂന്നാം തവണയാണ്..സുകു വിളിക്കുന്നത്‌ പോലെ തോന്നി താന്‍ ഉണരുന്നത്.നേരം വെളുക്കാന്‍ ഇനിയും സമയമെത്ര ബാക്കി..

സുകുവിന്റെ മകളുടെ വിവാഹത്തിനു സഹായിക്കാന്‍ വേണ്ടി മുതലാളിയോട് സാലറി അഡ്വാന്‍സ്‌ ചോദിക്കാന്‍ നില്‍ക്കുമ്പോഴാണ് ഷാര്‍ജയിലെ ക്ലിനിക്കില്‍ നിന്ന് സുകുമാരന്‍റെ സുഹൃത്തല്ലേ എന്ന് ചോദിച്ചു ഫോണ്‍ വന്നത്..തൊണ്ടയില്‍ വേദനക്ക് ഡോക്റ്ററെ കാണാന്‍ വന്നവനോട് സ്കാന്‍ ചെയ്തു റിപ്പോര്‍ട്ട് കൊണ്ടുവരാന്‍ പറഞ്ഞപ്പോഴേ തനിക്കെന്തോ സംശയം തോന്നിയതാണ് ..കാന്‍സര്‍ ആണെന്ന് തുറന്നു പറയാന്‍ ഡോക്ടര്‍ക്കും പേടി കാണും.തന്നോട് വിവരം പറഞ്ഞപ്പോള്‍ അവരുടെ ഭാഗം ക്ലിയര്‍ ആയി.

താനോ.. .തനിക്ക് പറയാതെ വയ്യായിരുന്നല്ലോ..

അവനും ഒന്നും പറഞ്ഞില്ല ..കരഞ്ഞില്ല ..എക്സ്ചേഞ്ചില്‍ പോയി പണം അയച്ചിട്ട് വന്നു..എനിക്കിഷ്ടപ്പെട്ട മീന്‍കറി  വച്ചു..ഞാന്‍ ഒരുപാട് വിലക്കിയിട്ടും പക്ഷെ ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ഒരു വഴി അവന്‍ കണ്ടു വച്ചിരിക്കും എന്ന് ഞാന്‍ ഓര്‍ത്തില്ല ..ആളൊഴിഞ്ഞു ആ ശരീരം ഒറ്റയ്ക്ക് കിട്ടിയാല്‍ ചെപ്പയ്ക്കടിച്ചു ചോദിക്കണം എന്ന് കരുതിയതാണ് ..കാത്തിരുന്ന മകളുടെ വിവാഹമെങ്കിലും കാണാന്‍ നില്‍ക്കാമായിരുന്നില്ലേ നിനക്ക് എന്ന് ..

വായില്‍ അപ്പോഴും കൊടംപുളിയിട്ടു പറ്റിച്ചു വച്ച മീന്‍കറിയുടെ രുചി പടരുന്നത് പോലെ..മനം പിരട്ടി ഒരു ഓക്കാനം വന്നു ..പുറത്താരോ ഉഴിഞ്ഞു തരുന്നുണ്ടോ ..അരവിന്ദേട്ടാ സുലൈമാനി എടുക്കട്ടെ എന്ന് ചോദിച്ചു ചുറ്റുപാടും അവനുണ്ടോ ..? വാതില്‍ പൂട്ടി അരവിന്ദന്‍ നഗരത്തിലെ തിരക്കിലേക്കിറങ്ങി..ഒരുമാസമായുള്ള പതിവ്‌ രാത്രികളുടെ തുടര്‍ച്ചയെന്നോണം..






4 comments:

African Mallu said...

ചുരുങ്ങിയ വാക്കുകളില്‍ വളരെ നന്നായി പറഞ്ഞു ഫലിപ്പിച്ചു

Unknown said...

നന്ദി ആഫ്രിക്കന്‍ മല്ലു

ദൃശ്യ- INTIMATE STRANGER said...

കഥ ഇഷ്ടപ്പെട്ടു.. അയാളുടെ മനസിന്റെ ആകുലതകള്‍ നന്നായി തന്നെ പറഞ്ഞു.

Unknown said...

നന്ദി ഇന്ടിമെറ്റ്‌ സ്ട്ട്രെയ്ഞ്ചര്‍ ( ഹമ്മേ എന്തെരു പേര് ) :-))

Post a Comment