Friday, April 29, 2011

പണി വരുന്ന ഓരോരോ വഴിയേ

തിങ്കളാഴ്ച രാത്രി ..ചുമ്മാ ബസ്സിക്കൊണ്ട് ഇരുന്ന ഞാനാ..
ഒരു രാത്രി കൂടി വിട വാങ്ങവേ ..മൊബയില്‍ പാടുന്നു ..
ഡാ ഫോണ്‍ അടിക്കുന്നു എന്ന് സുഹൃത്ത് ..
ഉവ്വ് ..നല്ല പാട്ട് അല്ലെ ..?
പിന്നേം ഒരു രാത്രി കൂടി വിട വാങ്ങവേ ...
ഒന്ന് എടുക്കടെയ്‌ പണ്ടാരം ...
അതെ ഒരു രാത്രി കൂടി വിട വാങ്ങുന്നു ..
രാത്രി പാതിരക്ക് അറിയാത്ത നമ്പര്‍ എന്‍റെ പട്ടി എടുക്കും ..അതും ലാന്‍ഡ്‌ ലൈന്‍ .
ഫോണ്‍ നിന്ന് ...
മെസ്സേജ് വന്നു..നോക്കിയെക്കാം ..മെസ്സേജു നമ്മള്‍ വായിച്ചോ എന്ന് അയച്ച ആള്‍ അറിയില്ലല്ലോ ..
മാനേജര്‍ ..അര്‍ജന്റ് ..കാള്‍ മി ബാക്ക്..
ശെടാ ..വിളിച്ചേക്കാം ..
ഹലോ അറബാബ് ഉറങ്ങിയോ എന്ന് ..
ഉവ്വ ഇത് കുറെ കേട്ടിട്ടുണ്ട് അറബീ .. കേട്ടിട്ടുണ്ട് ..അറബാബ് എന്നല്ല അച്ഛാ എന്ന് വരെ വിളിക്കും കാര്യം കാണാന്‍ ഇവന്മാര്‍ ..
ഹലോയിലെ മോഹന്‍ലാല്‍ നെ മനസ്സില്‍ ഓര്‍ത്ത്‌ പറഞ്ഞു ..ഉവ്വ് രണ്ടു പ്രാവശ്യം ഉറങ്ങി ..
ഓക്കെ സോറി ..നാളെ ഓഫീസില്‍ വരണ്ട ..
ഹായ്‌ ഹായ്‌ ഒന്ന് ഉറക്കത്തില്‍ നിന്ന് വിളിച്ചതിനു പകരം നാളെ ലീവോ ..നീ തങ്കപ്പന്‍ ആണ് മോനെ തങ്കപ്പന്‍ ..
നേരെ സുഫു സൈറ്റിലേക്ക് വിട്ടോ ..
ങേ ..സുഫുവോ ..അവിടെ അനൂപില്ലേ ..?
അനൂപ്‌ ഈസ്‌ നോ മോര്‍ ..
ങേ ഹെന്ത് ..ഇന്ന് കാലത്തും കണ്ടതാണല്ലോ ..ഇത്രയേ ഉള്ളൂ മനുഷ്യന്‍റെ കാര്യം അല്ലെ ..
ഹേയ് അതല്ല ..അയാള്‍ എമര്‍ജന്‍സി നാട്ടില്‍ പോയി ..മറ്റന്നാള്‍ സുഫു സൈറ്റ് ചാര്‍ജ്ജ് ചെയ്യണം എന്ന് അറിയാമല്ലോ ..നീ നാളെ കാലത്ത് നേരത്തെ പോക്കോ ..മറ്റന്നാള്‍ കഴിഞ്ഞിട്ട് വന്നാല്‍ മതി ..
പണ്ടാരം ഈ അറബീടെ ഒരു ഇന്ഗ്ലീഷ്‌ ...ങേ ഇപ്പൊ ഞാന്‍ ഏതാണ്ട് നോ മോര്‍ അവസ്ഥ ആയി ..

അപ്പോള്‍ ബാക്കപ്പ് ശ്രീനിവാസന്‍ സാര്‍ എവിടെ ..?
ശ്രീനി ജര്‍മനിയില്‍ നിന്ന് തിരിച്ചു വന്നിട്ടില്ല ..രണ്ടു ദിവസം കൂടെ പിടിക്കും ..
അല്ല അപ്പൊ ചാര്ജ്ജിംഗ് രണ്ടു ദിവസം മാറ്റി വച്ചൂടെ..?
നോ നോ ഇത് മാറ്റാന്‍ പറ്റില്ല ..നീ തന്നെ ചെയ്യണം ..
അല്ല ഞാന്‍ ഇത് വരെ ഒറ്റയ്ക്ക് ചെയ്തിട്ടില്ല ..
അത് സാരമില്ല ഇങ്ങനെ അല്ലെ പഠിക്കുക ..
ഹും ഒരു ലക്ഷത്തി മുപ്പത്തി രണ്ടായിരം വോള്‍ട്ടില്‍ തന്നെ പഠിക്കണം ..ദുഷ്ടാ ..

ഫോണ്‍ വെച്ച്... മനസ്സമാധാനം പോയി ..
ലൂപ്പില്‍ വരുന്ന വേറെ രണ്ടു സ്റ്റേഷനുകള്‍ ഏതാ എന്ന് നോക്കി ..
കൊള്ളാം ദുബായ്‌ ഇന്റര്‍നെറ്റ്‌ സിറ്റി യും ഷേയ്ക്ക്മാര്‍ തിങ്ങി പാര്‍ക്കുന്ന ബര്‍ഷ ഏരിയയും..
പണ്ട് ഏതോ ഷെയ്ക്ക് ഏരിയയില്‍ ട്രിപ്പ്‌ ആക്കിയ ഒരുത്തനെ നേരെ ലൈഫ്‌ ടൈം ബാന്‍ അടിച്ചു എയര്‍ പോര്‍ട്ടില്‍ ആണ് കൊണ്ട് വിട്ടത് എന്ന കഥ ഓര്‍ത്ത്‌ ..
ഹമ്മേ ഞാന്‍ ഇവിടെ ഫ്യൂസ് കുത്തിയാല്‍ അങ്ങ് ഇടുക്കീലെ കറന്‍റ് വരെ പോകും എന്ന് പറഞ്ഞ കൊച്ചിന്‍ ഹനീഫയെപ്പോലെ , ദുബായ്‌ മൊത്തം ഇരുട്ടില്‍ ആക്കുന്ന എന്നെ കുറിച്ച് ആലോചിച്ചു ഞാന്‍ ആനന്ദ നിര്‍വൃതി കൊണ്ടു..

പെട്ടി പാക്ക് ചെയ്തു വച്ചേക്കാം ..റൂം മേറ്റ്സ് കാര്‍ഗോ അയക്കുമായിരിക്കും ..

പെണ്ണിനെ വിളിച്ചു ..പണി പോയാലും ജീവിക്കണ്ടേ ...

എടിയേ നിങ്ങള്‍ വച്ച റബ്ബറു ടാപ്പിംഗ് തുടങ്ങാറായോ ..

ങേ നിങ്ങള്‍ ഉറങ്ങിയില്ലേ മനുഷ്യാ ..അതിനു ഇനി മൂന്ന് വര്ഷം കഴിയണം .
അല്ല എന്‍റെ അക്കൌണ്ടില്‍ പൈസ അയച്ചോ ..

പ്ഫാ ഓട്രീ ..മനുഷ്യന്‍ പ്രാന്ത് ആയി നില്‍ക്കുമ്പോള്‍ ആണോ നിനക്ക് പൈസ ..
വച്ചേക്കാം എന്തിനാ വെറുതെ ഉള്ള സമാധാനക്കുറവ് കൂട്ടുന്നത്‌ ..

തിരിഞ്ഞും മറഞ്ഞും കിടന്നു നേരം വെളുപ്പിച്ചു ..

സൈറ്റില്‍ ചെന്ന് ഇറങ്ങിയപ്പോള്‍ ആല്ബിയെ കാത്തു നിന്നവര്‍ ശ്രീനിവാസനെ കണ്ട ചന്ദ്ര ലേഖ സിനുമയിലെ പോലെ കോണ്ട്രാക്ടര്‍ സുരേഷ് അണ്ണന്‍ ങേ സാര്‍ നീന്ഗളാ എന്ന് ..
നമ്മള്‍ ക്ലൈന്റും അവര്‍ കോണ്ട്രാക്ടരും ആയത് കൊണ്ടുള്ള ഗതികേട് ..
ഏതു ചെമ്മാനെയും ചെരുപ്പുകുത്തിയെയും സാര്‍ എന്നെ വിളിക്കാന്‍ പറ്റൂ ..

എന്താ സുരേഷ് അണ്ണാ പിടിച്ചില്ലേ ..വേറെ നിവര്‍ത്തി ഇല്ലാത്തത് കൊണ്ടു വന്നതാ ..ഉപദ്രവിക്കരുത് ..

അതല്ല സാര്‍ നീന്ഗളെ ഇത് വരെ സ്റ്റേഷന്‍ ചാര്‍ജു ചെയ്യാന്‍ കണ്ടിട്ടില്ല ..അത് കൊണ്ടാ ..

ഇനി കാണാനും പോകുന്നില്ല ..ആത്മഗതം ..

ദുബായ്‌ ഇന്റെര്‍നെറ്റ് സിറ്റി മുന്നില്‍ കാണുന്നു ..ഹ ഹ ..നാളെ ഇത് മുഴുവന്‍ ഷട്ട് ഡൌണ്‍ ..സ്റ്റോക്ക് മൊത്തം ഞാന്‍ ഇടിക്കും ..ഞാന്‍ ആരാ മോന്‍ ..

അപ്പൊ തുടങ്ങാം സുരേഷ് അണ്ണാ ..എത്ര ടെസ്റ്റ്‌ ബാക്കി ഉണ്ട് ..

ഒരേ ഒരെണ്ണം സാര്‍ ..

ങ്ഹാ അത്രേ ഉള്ളൂ ..അപ്പൊ തുടങ്ങാം ..

അതല്ല സാര്‍ പിഡി ഉണ്ട് ..

ങേ പി ഡി യോ അങ്ങേരെക്കൊണ്ട് ഇവിടേം ഉണ്ടോ ശല്യം ..?

അതല്ല സാര്‍ കേബിളില്‍ പാര്‍ഷ്യല്‍ ഡിസ്ചാര്‍ജ്ജ്‌ ..

ങേ എത്ര ..?

ആറു കൂളംബ് ..?

ങേ കൊളമ്പോ..?

കൊളംബല്ല കൂളംബ് കൂളംബ് ..

ഓക്കെ ..ഐ ഇ സി എത്ര പറയുന്നു ..?

എട്ടു വരെ പോകാം സാര്‍ ...പക്ഷെ നീന്ഗ നാലിന് മേലെ ഒത്തുക്കമാട്ടെ..

ശെടാ ..ഇനിയിപ്പോ എന്തോ ചെയ്യും ..?

നോക്കുന്നുണ്ട് സാര്‍ ശരിയാക്കാം എങ്ങിനെ എങ്കിലും ..

രാത്രി മുഴുവന്‍ ഇരുന്നിട്ടാണ് പി ഡി യെ ഒതുക്കിയത് ..

കാലത്ത് സ്വിച്ചിംഗ് ഓപ്പറേഷന്‍ തുടങ്ങി ..

ഹലോ കണ്ട്രോള്‍ സെന്‍റര്‍..ഞാന്‍ ജയന്‍ ..

ഏതു ജയന്‍ ..? അനൂപില്ലേ ...?

ഇല്ല സാര്‍

ശ്രീനി .?

ഇല്ല സാര്‍ ..

നിനക്ക് ഇതൊക്കെ അറിയാമോടെയ്‌ ..?

ശ്രമിക്കാം സാര്‍ ..

ങേ ശ്രമിക്കാം എന്നോ ..?

അല്ല ..അറിയാം സാര്‍ ..

എന്നാല്‍ തുടങ്ങാം ..

കേബിള്‍ ചാര്‍ജു ചെയ്തോളൂ സാര്‍ ..

കണ്ണടച്ച് ചെവി പൊത്തി ഒരു മിനിറ്റു നിന്ന് ..കുഴപ്പമില്ല ..പുറത്തേക്ക് ഓടി ഇന്റര്‍നെറ്റ്‌ സിറ്റി നോക്കി ..അവിടെ തന്നെ ഉണ്ട് ...ഹോ ഒരു കടമ്പ കഴിഞ്ഞു .

ബ്രേക്കര്‍ ഓണ്‍ ചെയ്യാം അല്ലെ സാര്‍ ..സുരേഷ് അണ്ണന്‍ ..

അണ്ണാ എല്ലാ ദൈവങ്ങളെയും വിളിച്ചു ചെയ് അണ്ണാ ..

അത് ഞാന്‍ സാറിനെ കണ്ടപ്പോഴേ വിളിച്ചു സാര്‍ എന്ന് അങ്ങേര്‍..ഹും ..

ഡിം..എന്തോ ശബ്ദം ..ഹൃദയം പൊട്ടി വയറ്റില്‍ വീണു ..

എന്തെരണ്ണാ..ഏയ്‌ ഇത് പതിവുള്ളതാ ..നോ പ്രോബ്ലം ..

കറന്‍റ് ഓക്കെ ..വോള്‍ട്ടേജ് ഓക്കെ ..ഇനി ട്രാന്‍സ്ഫോര്‍മര്‍ ചാര്‍ജ്‌ ചെയ്താട്ടെ..

അതും ചെയ്തു ..ഒരു മണിക്കൂര്‍ ടെസ്റ്റ്‌ റണ്‍ ..

കുഴപ്പം ഇല്ല ..പുറത്തു വണ്ടി വന്നു നിന്ന് ..ശ്രീനി സാര്‍ .

സാറേ ..ഒരുമാതിരി ചതി ആയിപ്പോയി ..

പോടെയ്‌ ഞാന്‍ എയര്‍ പോര്‍ട്ടില്‍ നിന്ന് നേരെ വരുന്ന വരവാ ..എല്ലാം ഓക്കെ അല്ലെ ..?

സൊ ഫാര്‍ സൊ ഗുഡ്‌ ..എന്നാല്‍ ഈ വണ്ടിയില്‍ തന്നെ വിട്ടോ ഓഫീസില്‍ സീനിയര്‍ മാനേജര്‍ കാത്തിരിപ്പുണ്ട്..

ങേ അങ്ങേര്‍ എന്തിനു ..?സ്വതവേ അങ്ങേരുടെ മോളെ ലൈന്‍ അടിക്കാന്‍ വന്നവനെ നോക്കുന്ന പോലെ ആണ് എന്നെ ഓഫീസില്‍ വച്ച് നോക്കുന്നത് ..വല്ല കുഴപ്പവും സംഭവിച്ചോ ..എന്നാല്‍ ഇനി ഭാര്യയുടെ ജാരനോട് പെരുമാറുന്ന പോലെ ആവും പെരുമാറ്റം ..

നീ ചെല്ലടാ ..ഇവിടെ കുഴപ്പം ഒന്നും ഇല്ലല്ലോ..പിന്നെ എന്ത് പേടിക്കാന്‍ ..?

ഓഫീസില്‍ ചെന്നപ്പോള്‍ മാനേജര്‍ എന്നേം വിളിച്ചു നേരെ സീനിയര്‍ മാനേജരുടെ കാബിനില്‍ ചെന്ന് ..അങ്ങേര്‍ എന്തിലോ ഒപ്പിടുന്നു ..

അതെ ടെര്‍മിനേഷന്‍ ലെറ്റര്‍ തന്നെ ..എന്‍റെ നാടേ ഞാന്‍ ദാ വരുന്നേ ...

പക്ഷെ അങ്ങേര്‍ അടുത്തു വന്നു കൈ പിടിച്ചു കുലുക്കി ..പഹയാ നീ സുലൈമാന്‍ അല്ല ഹനുമാന്‍ ആണ് ഹനുമാന്‍ എന്ന് ..അപ്പൊ തന്നെ നമ്മക്ക് സ്വീകരണം തന്നു ..

ഇതൊക്കെ അടുത്ത പ്രമോഷനില്‍ കാണുമോ ആവോ ..?



0 comments:

Post a Comment