Wednesday, August 31, 2011

ജീവനുകള്‍ക്ക് വിലപറയുമ്പോള്‍

കഫ്തീരിയയിലെ തിരക്കിനിടയിലും കാക്ക സ്വകാര്യമായി ആ രഹസ്യം പറഞ്ഞു ..ഇരുപത്തെട്ടു വര്‍ഷത്തെ  പ്രവാസജീവിതം അവസാനിപ്പിച്ചു മൂപ്പര്‍ നാട്ടിലേക്ക് പോകുന്നു ..
തിരിച്ചു പോകാന്‍ തീരുമാനിക്കുമ്പോള്‍ കയ്യില്‍  വിട്ടു മാറാത്ത ചുമയും പ്രമേഹവും ഒരുപിടി രോഗങ്ങളും മാത്രമായിരുന്നു കാക്ക എന്ന് ഞങ്ങള്‍ സ്നേഹത്തോടെ വിളിക്കുന്ന മുഹമ്മദിക്കയുടെ സമ്പാദ്യം ..
ജീവിതത്തിന്‍റെ നിലയില്ലാക്കയത്തില്‍ കിടന്ന്‍ കൈകാലിട്ടടിച്ചു തളര്‍ന്നു പോയ ഒരു പാവം ..ആണിയുള്ള കാലുകളിലെ വേദന കടിച്ചമര്‍ത്തി ഏതൊരു പ്രവാസിയെയുംപോലെ ജീവിതത്തിന്‍റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെട്ടിരുന്ന  ഞങ്ങളുടെ കാക്ക ..
മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് മകനെ പരിചയപ്പെടുത്തി ഇവനൊന്നു പിടിച്ചു നിന്ന് കിട്ടിയാല്‍ ഞാന്‍ നാട് പിടിക്കും കുട്ട്യേ എന്ന് പറഞ്ഞപ്പോള്‍ തമാശയായി മറുപടി പറഞ്ഞു ഉവ്വ ..നമ്മളൊക്കെ പോയാലും നിങ്ങളിവിടെ തന്നെ കാണും കാക്കാ എന്ന്..
ഹ്മം ..ഓരോരോ പ്രശ്നങ്ങള്‍ നമ്മളെ ഇവിടെ നിര്‍ത്തുന്നതല്ലേ എന്ന മറുപടിയോടൊപ്പം വന്ന രണ്ടു തുള്ളി കണ്ണുനീര്‍ ഞാന്‍ കാണാതെ തുടച്ചെടുക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ ആ കൈ പിടിച്ചമര്‍ത്തി ദയനീയമായി ആ മുഖത്തേക്ക് നോക്കാനേ കഴിഞ്ഞുള്ളൂ..
ഒരാളെ വേദനിപ്പിക്കാന്‍ എടുത്തു ചാടുന്ന വാക്കുകള്‍ അല്ലെങ്കിലും ആശ്വസിപ്പിക്കേണ്ട ഘട്ടം വരുമ്പോള്‍ ഒഴിഞ്ഞു മാറി നില്‍ക്കും ..
പക്ഷെ അന്ന് ആ കണ്ണുകളിലെ തിളക്കം ഞാന്‍ കണ്ടതാണ്..വിറയ്ക്കുന്ന കയ്യോടെ സുലൈമാനി കൊണ്ടുവന്നു തന്നു തൃശൂരും കാസര്‍ഗോഡും ഒരുപാട് ദൂരെയാണ് ..എങ്കിലും എന്നെങ്കിലും അതിലെ വരുന്നുണ്ടെങ്കില്‍ നമ്മടെ കുടീല് കയറണം കുട്ട്യേ എന്ന് പറഞ്ഞപ്പോഴും കാക്ക ചിരിക്കുന്നുണ്ടായിരുന്നു ..

മംഗലാപുരം അപകട വാര്‍ത്ത അറിഞ്ഞപ്പോഴും പ്രാര്‍ത്ഥിച്ചത് ഈ
മണലാരണ്യത്തില്‍ ജീവിത്തത്തിന്റെ സിംഹഭാഗവും ഉരുകിത്തീര്‍ത്ത ആ മനുഷ്യന്‍ രക്ഷപ്പെട്ടിരിക്കണേ എന്ന് മാത്രമാണ്..
എന്നിട്ടും ആ കരുണ മാത്രം ദൈവം കനിഞ്ഞില്ല ..
ഉമ്മറത്തെ കസേരയില്‍ ബീവിക്കും  പേരക്കുട്ടികള്‍ക്കും ഒപ്പം ആശ്വാസത്തിന്റെ ഒരു നിമിഷം പോലും കാലം അയാള്‍ക്കായി കാത്തു വച്ചില്ല

ഇപ്പോള്‍ കാലമിത്ര കഴിഞ്ഞിട്ടും എയര്‍ ഇന്ത്യ ആ ജീവനറ്റ്പോയ ആത്മാക്കളെ അപമാനിക്കുന്നത് കാണുമ്പോള്‍ തോന്നിപ്പോകുന്നു  ..
ആരുടേയും ഔദാര്യത്തിന് കാത്തു നിലക്കാത്ത ആ മനുഷ്യന്‍ ഇവരെ കാര്‍ക്കിച്ചു തുപ്പുന്നുണ്ടാവും..

സമ്പാദ്യവും വൈറ്റ്‌ കോളറും നോക്കി ജീവന് വിലപറയുന്ന നാട്ടില്‍ നിങ്ങള്‍ എത്താതിരുന്നത് നന്നായി കാക്ക ..
നിങ്ങളുടെ സ്നേഹത്തിന് , ജീവിതത്തില്‍ നിന്ന് പറിച്ചെടുത്ത് സമര്‍പ്പിച്ച ഇരുപത്തെട്ടു വര്‍ഷങ്ങള്‍ക്കു വിലയിടാന്‍ ആര്‍ക്കാവും ..
നിങ്ങള്‍ക്കുള്ള സ്ഥാനം അവിടെയാണ് പടച്ചവന്റെ അടുത്ത്..

നമ്മുടെ രാജ്യം നമ്മളെയിങ്ങനെ ചവിട്ടിമെതിക്കുമ്പോള്‍ നമ്മളോര്‍ത്തു പോകുന്നു..നമ്മളെന്തു തെറ്റ് ചെയ്തുവെന്ന്..?


Monday, August 22, 2011

എളുപ്പവഴി

കട്ടിലിനു കീഴെയുള്ള വെള്ളം കുപ്പിക്കായി പരവേശത്തോടെ പരതുമ്പോള്‍ അരവിന്ദന്‍ ഓര്‍ത്തു..ഇന്നിത് മൂന്നാം തവണയാണ്..സുകു വിളിക്കുന്നത്‌ പോലെ തോന്നി താന്‍ ഉണരുന്നത്.നേരം വെളുക്കാന്‍ ഇനിയും സമയമെത്ര ബാക്കി..

സുകുവിന്റെ മകളുടെ വിവാഹത്തിനു സഹായിക്കാന്‍ വേണ്ടി മുതലാളിയോട് സാലറി അഡ്വാന്‍സ്‌ ചോദിക്കാന്‍ നില്‍ക്കുമ്പോഴാണ് ഷാര്‍ജയിലെ ക്ലിനിക്കില്‍ നിന്ന് സുകുമാരന്‍റെ സുഹൃത്തല്ലേ എന്ന് ചോദിച്ചു ഫോണ്‍ വന്നത്..തൊണ്ടയില്‍ വേദനക്ക് ഡോക്റ്ററെ കാണാന്‍ വന്നവനോട് സ്കാന്‍ ചെയ്തു റിപ്പോര്‍ട്ട് കൊണ്ടുവരാന്‍ പറഞ്ഞപ്പോഴേ തനിക്കെന്തോ സംശയം തോന്നിയതാണ് ..കാന്‍സര്‍ ആണെന്ന് തുറന്നു പറയാന്‍ ഡോക്ടര്‍ക്കും പേടി കാണും.തന്നോട് വിവരം പറഞ്ഞപ്പോള്‍ അവരുടെ ഭാഗം ക്ലിയര്‍ ആയി.

താനോ.. .തനിക്ക് പറയാതെ വയ്യായിരുന്നല്ലോ..

അവനും ഒന്നും പറഞ്ഞില്ല ..കരഞ്ഞില്ല ..എക്സ്ചേഞ്ചില്‍ പോയി പണം അയച്ചിട്ട് വന്നു..എനിക്കിഷ്ടപ്പെട്ട മീന്‍കറി  വച്ചു..ഞാന്‍ ഒരുപാട് വിലക്കിയിട്ടും പക്ഷെ ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ഒരു വഴി അവന്‍ കണ്ടു വച്ചിരിക്കും എന്ന് ഞാന്‍ ഓര്‍ത്തില്ല ..ആളൊഴിഞ്ഞു ആ ശരീരം ഒറ്റയ്ക്ക് കിട്ടിയാല്‍ ചെപ്പയ്ക്കടിച്ചു ചോദിക്കണം എന്ന് കരുതിയതാണ് ..കാത്തിരുന്ന മകളുടെ വിവാഹമെങ്കിലും കാണാന്‍ നില്‍ക്കാമായിരുന്നില്ലേ നിനക്ക് എന്ന് ..

വായില്‍ അപ്പോഴും കൊടംപുളിയിട്ടു പറ്റിച്ചു വച്ച മീന്‍കറിയുടെ രുചി പടരുന്നത് പോലെ..മനം പിരട്ടി ഒരു ഓക്കാനം വന്നു ..പുറത്താരോ ഉഴിഞ്ഞു തരുന്നുണ്ടോ ..അരവിന്ദേട്ടാ സുലൈമാനി എടുക്കട്ടെ എന്ന് ചോദിച്ചു ചുറ്റുപാടും അവനുണ്ടോ ..? വാതില്‍ പൂട്ടി അരവിന്ദന്‍ നഗരത്തിലെ തിരക്കിലേക്കിറങ്ങി..ഒരുമാസമായുള്ള പതിവ്‌ രാത്രികളുടെ തുടര്‍ച്ചയെന്നോണം..






Friday, August 19, 2011

വാടിപ്പോയ ചെമ്പകപ്പൂക്കള്‍

ഷോപ്പിംഗ്‌ മാളിലെ തിരക്കില്‍ കാലിടറി വീണുപോയ ആ  കുസൃതിക്കുടുക്കയെ വാരിയെടുത്തപ്പോള്‍ പിന്നില്‍ ആകുലതയാര്‍ന്ന മോളെ വിളിയുമായി
ഒരമ്മയെത്തി..
കാലം നീണ്ട പതിനെട്ടു വര്‍ഷത്തെ തിരശീലയിട്ടു ഞങ്ങളെ പരസ്പരം മറച്ചു പിടിച്ചിരുന്നു എങ്കിലും ഒരു വിദൂരക്കാഴ്ച മതിയായിരുന്നു പരസ്പരം മനസ്സിലാവാന്‍..

പെന്‍സില്‍ ബോസ്കിനകത്ത് അവള്‍ ദിവസവും സമ്മാനിച്ചിരുന്ന ചെമ്പകപ്പൂവിന്റെ മണമായിരുന്നു അവള്‍ക്കെന്നും..

എന്നത്തെയും പോലെ ആ മുടിയിഴകള്‍ എടുത്തു മുഖത്തോട്  ചേര്‍ക്കാന്‍ മനസ്സ് തുടിച്ചുവോ ..?

ഉള്ളം കയ്യില്‍ ആരുമറിയാതെ പേരിന്‍റെ ആദ്യാക്ഷരങ്ങള്‍  മൈലാഞ്ചിയിട്ട , ആകാശം കാണാതെ മയില്‍പ്പീലികള്‍ സൂക്ഷിച്ച, അമ്പലത്തില്‍ വച്ച് ആ മുടിയില്‍ തുളസിക്കതിര്‍ വച്ചുകൊടുത്ത  കഥകള്‍ പറഞ്ഞു ഞങ്ങള്‍ ചിരിച്ചു ..

എന്നും അവള്‍ അങ്ങിനെയായിരുന്നു..

യാത്രപറഞ്ഞു പോകുന്ന ദിവസം എനിക്കായി മിട്ടയികള്‍ നീട്ടിയപ്പോഴാകണം ഞാനാ മിഴികള്‍ ആദ്യമായി നിറഞ്ഞു കണ്ടത് ..

പക്ഷെ അതിനു ശേഷം ഞാനെന്തേ അവളെ പാടെ വിസ്മരിച്ചു പോയി ..?

ഏഴാം ക്ലാസ്സുകാരുടെ ലോകത്ത് ഓര്‍മ്മകള്‍ക്ക് , പ്രണയത്തിന് ഒരു മിട്ടായിക്കടലാസിനെക്കാള്‍ മൂല്യമില്ലേ ..?

ഉണ്ടായിരുന്നെങ്കില്‍ ഈ പതിനെട്ടു വര്‍ഷങ്ങളില്‍ ഒരിക്കലെങ്കിലും ഞാനവളെ ഓര്‍ത്തെനെ ..

ചെമ്പകപ്പൂ കാണുമ്പോഴെങ്കിലും..





Friday, August 12, 2011

മലനിരകളില്‍ മഞ്ഞു പെയ്യുമ്പോള്‍ - ആറ്‌.



ഒന്നാം ഭാഗം 
രണ്ടാം ഭാഗം 
മൂന്നാം ഭാഗം 



കഴിഞ്ഞ ദിവസം തരികിട കളിച്ചു രക്ഷപ്പെട്ടു എങ്കിലും പിറ്റേന്ന് നേരം വെളുത്തപ്പോള്‍ മുതല്‍ മുടിഞ്ഞ ടെന്‍ഷന്‍  ആയിരുന്നു ..ഇന്ന് മുതല്‍ ജോലി തുടങ്ങിയേ പറ്റൂ ..പതിവ് സെക്യൂരിറ്റി ചെക്കിങ്ങുകള്‍ എല്ലാം കഴിഞ്ഞു ക്യാമ്പ്‌ ജൂലിയനില്‍ എത്തിയപ്പോള്‍ ഒരു അതിശയം എന്നെ കാത്തിരിപ്പുണ്ടായിരുന്നു ..ഇന്ന് ഞങ്ങളെ നിരീക്ഷിക്കുന്ന സെന്റ്രി ഓണ്‍ ഡ്യൂട്ടി മരിയ ആണ്..അവളെ കണ്ടപ്പോള്‍ മനസ്സില്‍ മൂന്നു നാല് ലഡു പൊട്ടി .. എങ്കിലും പണി അറിയാതെ ഞാന്‍ കിടന്നു തപ്പുന്നത് അവള്‍ കണ്ടു നിന്നാല്‍ മൊത്തം ഇന്ത്യക്കാരേക്കുറിച്ചും അവള്‍ക്കുള്ള ബഹുമാനം  കപ്പല് കേറിപ്പോകും എന്ന് ഓര്‍ത്തപ്പോള്‍  ലഡു ഷേപ്പ് മാറി ഗ്രനേഡ്‌ ആയി ..ഞാന്‍  ട്രയല്‍ ആന്‍ഡ്‌ എറര്‍ വഴി സംഗതി ശരിയാക്കാന്‍ പറ്റുമോ എന്ന് നോക്കിക്കൊണ്ടിരിക്കുകയാണ് ..ബോക്സ് അഴിച്ചപ്പോള്‍ എല്ലാം കൂടി ചടപടെന്നു താഴെ..ചതിച്ചോ ഫഗവാനെ ..എങ്ങനെ മുറുക്കിയിട്ടും കുറെ പാര്‍ട്സ് ബാക്കി വരുന്നു ..അതിനിടയ്ക്ക് നമ്മുടെ അസിസ്റ്റന്റ് താഴെ വീണ ഒരു പാര്‍ട്ട് എടുത്തു ഇതാണോ സാറേ ഇതിന്‍റെ പരിപ്പ് എന്ന ഭാവത്തില്‍ എന്‍റെ കയ്യില്‍ തന്നു ...ആ തണുത്ത കാലാവസ്ഥയിലും ഞാന്‍ വിയര്‍ത്തു തുടങ്ങി .. ..ഏതൊക്കെ എവിടെയായിരുന്നു എന്ന് ഒരു പിടീം ഇല്ല ...എനിക്ക് മുന്‍പേ ഇത് ഇങ്ങനെ ഒട്ടിച്ചു വച്ച് സ്ഥലംവിട്ട ദുഷ്ടനെ ഞാന്‍ കുടുംബത്തോടെ ശപിച്ചു ..
എന്ത് പറ്റി ..? എന്തിനാ നീ വിയര്‍ക്കുന്നത് ..? പിന്നില്‍ നിന്ന് അവളാണ് ..
എന്‍റെ കൊച്ചെ  ചുമ്മാ കൂടുതല്‍ ടെന്‍ഷന്‍ അടിപ്പിക്കാതെ  ഞാന്‍ ഇതൊന്നു പഠിച്ചോട്ടെ ..
അപ്പോള്‍ ഇതൊന്നും അറിയാതെയാണോ നേരെയാക്കാന്‍ വന്നത് ..?
അങ്ങനെ പറയരുത്..ഇത് ചെറുത്‌ ..ദുബായില്‍ നമ്മള് ബെല്യെ സാധനങ്ങള്‍ ആണ് ശെരിയാക്കാറ്‌..ഡാ അസിസ്റ്റന്റ് ചെക്കാ ആ കുഞ്ഞ്യേ സ്പാന്നര്‍ ഇങ്ങെടുത്തേ ..ദിപ്പോ ശരിയാക്കി തരാം ..
ഭാഗ്യം അവള് വെള്ളാനകളുടെ നാട് കണ്ടിട്ടില്ല..
ഇതിനിടയ്ക്ക് ക്യാമ്പ് ബോസ് വന്നു പുരോഗതി വിലയിരുത്തി..അകത്ത് മൊത്തം പ്രശ്നമാണ് ..കംബ്ലീറ്റ്‌ ചെക്ക് ചെയ്യണം ..ഗൌരവത്തില്‍  ഞാന്‍ പറഞ്ഞു ..ഓക്കേ ..ട്ടെയ്ക്ക് യുവര്‍ ഓണ്‍ ടൈം ..പിന്നെ എന്‍റെ സമയം അല്ലാതെ തന്‍റെ സമയം എനിക്ക് കിട്ടുമോ സായിപ്പേ ..എന്‍റെ ടൈം  നല്ല ബെസ്റ്റ്‌ ടൈമാ..കാശ് ലാഭം നോക്കി ചാടിയിറങ്ങിയ നിമിഷത്തെ പ്രാകിക്കൊണ്ട് പിന്നേം ജോലി തുടര്‍ന്ന് ..
സമയം ഉച്ചയായി ..ഇതുവരെ ഒരു സിസ്റ്റം പോലും നേരെയാക്കാന്‍ ആയില്ല ..ഓരോ തവണ അഴിച്ചു മുറുക്കുമ്പോഴും ബാക്കി വരുന്ന സാധനങ്ങളുടെ എണ്ണം കൂടി കൂടി വന്നു ..
ടെന്‍ഷന്‍ ആയതുകൊണ്ട് ആണെന്ന് തോന്നുന്നു മുടിഞ്ഞ വിശപ്പ്‌ ആയിരുന്നു .
ഫുഡ്‌ അടിക്കുന്ന സമയത്തും ലവളുടെ മേല്‍നോട്ടം ..ഈ ശുഷ്ക്കാന്തി ജോലിയില്‍ ഇല്ലല്ലോടെയ്‌ എന്നാണു മനസ്സിലിരുപ്പ് എന്ന് ആ മുഖത്ത് നിന്ന് വായിച്ചറിയാം ..
ഭക്ഷണം കഴിഞ്ഞു ഞാന്‍ റസ്റ്റ്‌ എടുക്കാതെ ഓവര്‍ ആത്മാര്‍ഥത കാട്ടി വീണ്ടും ജോലി തുടര്‍ന്ന് ..തുപ്പലോട്ടിച്ചു നിര്‍ത്തിയിട്ടാണേലും അവിടെ നിന്ന് രക്ഷപ്പെടണ്ടേ ..എന്‍റെ അസിസ്റ്റന്റ്‌ ചുമരില്‍ ചാരിയിരുന്നു കൂര്‍ക്കം വലിക്കുന്നു ...അവന്റെയോന്നും കണ്ണില്‍ ചോരയല്ല ചെല്‍പ്പാര്‍ക്കിന്റെ ചോന്ന മഷിയാണെന്നു തോന്നുന്നു ..അങ്ങനെയിരിക്കെ ഒരു ഐഡിയ തോന്നി ..വേഗം പോയി അടുത്ത സിസ്റ്റം അഴിച്ചു നോക്കി ..ഭാഗ്യം എന്നെപ്പോലെ പണി അറിയാത്ത ഒരുത്തനും അതില്‍ കൈവച്ചിട്ടില്ല എന്ന് തോന്നുന്നു ..അത് മര്യാദക്ക് ഇരിപ്പുണ്ട് ...അത് നോക്കി ഇവിടേം ട്രൈ ചെയ്തു ..പെട്ടെന്ന് ആ  മഹാത്ബുദം സംഭവിച്ചു ..എങ്ങനോ ഒരെണ്ണം ശരിയായി ..എനിക്ക് എന്നെ തന്നെ വിശ്വാസം വരാതെ അതില്‍ തന്നെ പിന്നേം പിന്നേം ട്രൈ ചെയ്തു ..ഹോ സംഗതി ഒത്ത്..ഇപ്പൊ ടെക്നിക്‌ പിടികിട്ടി ..ഇനി ബാക്കിയുള്ളത് ശരിയാക്കാന്‍ പറ്റും എന്ന് ആത്മവിശ്വാസം വന്നു ..ഉടനെ അത്രേം നേരം താണ് വണങ്ങി നിന്നിരുന്ന ഞാന്‍ അഹങ്കാരിയായി മാറി പണി നിര്‍ത്തി . ഇന്ന് ഇത്രേം മതി എന്ന് പ്രഖ്യാപിച്ചു ..പിന്നെ ബാക്കി സമയം അവളോട്‌ പഞ്ചാരയടിക്കാന്‍ വേണ്ടി സമര്‍പ്പിക്കാന്‍ തീരുമാനിച്ചു ..
ഇന്ത്യയെക്കുറിച്ച് ഇത്രയും വാചാലയാവുന്ന ഒരു ഇന്ത്യക്കാരിയെപ്പോലും ഞാന്‍ കണ്ടിട്ടില്ല .മരിയ വളരെ ഫ്രീ ആയാണ് സംസാരിച്ചത്..എല്ലാ വര്‍ഷവും അവള്‍ ഇന്ത്യയില്‍ വരാറുണ്ട് എന്ന് പറഞ്ഞു ..മാത്രമല്ല ക്യാനഡയില്‍ നിന്ന് ആളുകളെ ഇന്ത്യയില്‍ വരാന്‍ അവള്‍ പ്രോത്സാഹിപ്പിക്കാറുണ്ട് ..പോണ്ടിച്ചേരിയില്‍ അവള്‍ക്കു ഒരു ഓഫീസ്‌ ഉണ്ടത്രേ ..എന്നിട്ട് ഒരു വിസിറ്റിംഗ് കാര്‍ഡ്‌ എടുത്തു തന്നു ..പോണ്ടിച്ചേരി ഓഫീസ്‌ നോക്കുന്ന ആളുടെ ..ഹമ്മേ മലയാളി ..ക്യാനഡയില്‍ നിന്ന് വന്ന അവളേം പറ്റിക്കാന്‍ പോണ്ടിച്ചേരിയില്‍ ഒരു മലയാളി തന്നെ അവതരിച്ചു എന്നതില്‍ എനിക്ക് ഒട്ടും അതിശയം തോന്നിയില്ല ..അതാണല്ലോ അതിന്‍റെ ഒരു കാവ്യനീതി ..ചുമ്മാ ഒരു ജാഡക്ക് പോണ്ടിച്ചെരീം ഗോവേം ഒക്കെ എന്ത് ..കേരളമല്ലേ കാണേണ്ടത് എന്ന് അലക്കി വിട്ടു ..ഒത്താല്‍ നമ്മള്‍ക്കും ഒരു ഓഫീസ്‌ തുറന്നു തന്നാലോ ..വെറുതെ കിട്ടുന്ന ബിരിയാണി കളയണ്ടല്ലോ ..കേരളത്തില്‍ അവള്‍ വന്നിട്ടില്ല എങ്കിലും ഒരുപാട് വായിച്ചറിഞ്ഞിട്ടുണ്ട് ..എനിക്കറിയാത്ത കാര്യങ്ങള്‍ ഒക്കെ അവള്‍ ചോദിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ പതുക്കെ വിഷയം മാറ്റി ..തൃശൂര് വിട്ടാല്‍ വയനാടും കൊച്ചിയും പോയിട്ടുല്ലതല്ലാതെ കേരളം ഇന്നും നമ്മള്‍ക്ക് ഒരു പ്രഹേളികയാണ് ..മെല്ലെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി ..ക്യാമ്പ് മുഴുവന്‍ കറങ്ങി നടന്നു കണ്ടു ..  സാധാരണ പ്രവേശനാനുമതി ഇല്ലാത്ത സ്ഥലങ്ങളില്‍ പോലും കടന്നു ചെന്ന് കാണാന്‍ അതുകൊണ്ട് സഹായകമായി .അങ്ങനെ കണ്ട ചില കാഴ്ചകള്‍ താഴെ


ബങ്കറുകള്‍ ..പശ്ചാത്തലത്തില്‍ പഴയ കൊട്ടാരം 

ജിം മുതല്‍ ബാര്‍ വരെ ഈ ബങ്കറുകളില്‍ സജ്ജീകരിച്ചിരിക്കുന്നു .



രൂട്ടീന്‍ ഇന്‍സ്പെക്ഷന്‍ നു തയ്യാറെടുക്കുന്ന പട്ടാളക്കാര്‍ .
എപ്പോഴും ആകാശത്തു  രണ്ടോ മൂന്നോ ഹെലിക്കൊപ്ട്ടരുകള്‍ പറന്നുകൊണ്ടിരിക്കും .എങ്ങാനും ബിന്‍ ലാദന്‍ ചായകുടിക്കാന്‍ പുറത്തു ഇറങ്ങിയാല്‍ കണ്ടുപിടിക്കണ്ടേ 


ഒരു ടാങ്ക് ഇത്രേം അടുത്തു കണ്ടത് ആദ്യമായും അവസാനമായും അന്നാണ് 





ചിന്ന റോബോട്ട് ടാങ്ക്.
അയാള്‍ അത് റിപ്പയര്‍ ചെയ്യുകയാണ് .വല്ലതും അറിയാമോ ആവോ ..? അതോ എന്നെപ്പോലെ എല്ലാം ഒരു പരീക്ഷണം ആണോ ..അങ്ങോട്ട്‌ വെടി വയ്ക്കുമ്പോള്‍ ഉണ്ട ഇങ്ങോട്ട് വരുന്ന സീന്‍ ആവും നമ്മളൊക്കെ ഇത് റിപ്പയര്‍ ചെയ്‌താല്‍ ..


റോബോട്ട് ടാങ്കിന്റെ പ്രവര്‍ത്തനം ടെസ്റ്റ്‌ ചെയ്യുന്നു 


വണ്ടി തള്ളുന്നത് ഒന്നുമല്ല ..ജസ്റ്റ്‌ ഫോര്‍ ടൈം പാസ്‌ .
അന്യായ ഫുഡ്‌ എടുക്കുന്നതല്ലേ ..ദഹിക്കണ്ടേ







Saturday, August 6, 2011

മായ്ക്കാനാകാത്ത ചില മുറിപ്പാടുകള്‍


പത്തു പതിനൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് സമൂഹം അന്നത്തെ തലമുറയ്ക്ക് സെറ്റില്‍ ആവാന്‍ അല്‍പ്പം കൂടി സമയപരിധി അനുവദിച്ചിരുന്നു എന്ന് തോന്നുന്നു .ഇന്നത്തെ പോലെ പഠനം കഴിഞ്ഞാല്‍ നേരെ ജോലിയിലേക്ക് എന്നൊന്നും ആയിരുന്നില്ല അന്ന്.പഠനം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ വിരലില്‍ എണ്ണാവുന്ന സുഹൃത്തുക്കളുമായി ഒരിക്കലും അകലാനാവാത്ത വിധം ആഴമേറിയ ഒരു ബന്ധം ഉടലെടുത്തിരുന്നുപലവഴി പിരിഞ്ഞുപോകുന്നതിനു മുന്‍പുള്ള കുറച്ചു സമയം എങ്കില്‍ കുറച്ചു സമയം ഒരുമിച്ചു ഉണ്ടാകുക എന്ന തീരുമാനത്തില്‍ നിന്നാണ് ഒരു താല്‍ക്കാലിക സ്ഥാപനം എന്ന ആശയം ഉടലെടുത്തത് .

സ്ഥാപനത്തിന്‍റെ വാടക കൊടുക്കുക  , വല്ലപ്പോഴും വരുന്ന പരീക്ഷകള്‍ക്ക് അപേക്ഷ അയക്കുക , അന്നന്നത്തെ ആഘോഷപരിപാടികള്‍ക്കും വേണ്ടത് സമ്പാദിക്കുക എന്നതില്‍ കവിഞ്ഞു പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലാത്ത സുവര്‍ണ്ണകാലം . ഇടയ്ക്ക് വാടകക്ക് ബുദ്ധിമുട്ട് വന്നപ്പോഴാണ് അദ്ധ്യാപനം എന്ന ആശയം വീണ്ടും പൊടി തട്ടി എടുക്കുന്നത് .
എന്നും സ്വപ്നങ്ങളില്‍ വന്നു വിരാജിച്ചിരുന്ന ഒരു പ്രവര്‍ത്തനമേഖല ആയിരുന്നു അത് .ജീവിതത്തിലെ പല നിര്‍ണ്ണായക ഘട്ടങ്ങളിലും വളരെയേറെ സ്വാധീനം ചെലുത്തിയ ചില അദ്ധ്യാപകരോടുള്ള സ്നേഹം വളര്‍ന്നു ഒരു കടമയുടെ രൂപം ധരിച്ചതാവാം.വടിയെടുക്കാതെയും കണ്ണുരുട്ടാതെയും നമ്മളിലോരാളായി ഇറങ്ങിവന്നു നമ്മളെ സ്നേഹിച്ചു പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ .ആ അപൂര്‍വ്വത ശരിക്കും അനുഭവിച്ചിട്ടുണ്ട് .പഠിക്കുന്ന  സമയത്ത് തന്നെ സ്വന്തം ആവശ്യങ്ങള്‍ക്ക് സ്ഥിരമായി വീട്ടുകാരുടെ മുന്നില്‍ കൈ നീട്ടാന്‍ മടിയായിരുന്നു .അത്തരം ആവശ്യത്തിലേക്കായി വീട്ടില്‍ തന്നെ  ചെറിയ കുട്ടികള്‍ക്ക്  ക്ലാസ് എടുത്തിരുന്നു.അതുകൊണ്ട് തന്നെ ഒരു ശ്രമം നടത്തി നോക്കാന്‍ തീരുമാനിച്ചു .


ഒരു ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിച്ചിരുന്ന സുഹൃത്ത് ഉപരിപഠനത്തിനു പോയ ലീവ് വേക്കന്‍സിയില്‍ ആണ് അവിടെ ചെന്നെത്തുന്നത് .ഏതാനും വനിതാ അദ്ധ്യാപകര്‍ ചേര്‍ന്ന് നടത്തുന്ന ഒരു ചെറിയ സംരംഭം .പല ക്ലാസ്സുകളിലുള്ള വിദ്യാര്‍ത്ഥികള്‍ , പല വിഷയങ്ങള്‍ , മണിക്കൂറുകള്‍ നീണ്ട ക്ലാസുകള്‍ , തെറ്റില്ലാത്ത വരുമാനം ...ജീവിതം ഒരു പുതിയ വഴിയിലൂടെ ഒഴുകുകയായിരുന്നു എന്ന് പറയാം ..ഒരുവേള ആഗ്രഹിച്ച ഒരു പ്രൊഫഷനില്‍ തുടക്കം കുറിക്കാനായത്കൊണ്ടാവും ..

അധ്യാപികമാര്‍ പ്രത്യേക പരിഗണന കൊടുക്കുന്ന ഒരു കുട്ടിയെ അന്നേ ശ്രദ്ധിച്ചിരുന്നു .ആ സ്ഥാപനം സ്ഥിതി ചെയ്യുന്ന ബില്‍ഡിംഗ് ഉടമസ്ഥന്റെ മകള്‍ ആണത്രേ.പത്താംക്ലാസ് വരെ ഗള്‍ഫില്‍ വളര്‍ന്ന ഒരു കുട്ടിയാണ് എന്നു വിശ്വസിക്കാനായില്ല .നരച്ച നിറം മങ്ങിയ ചുരിദാറുകളുമിട്ട് നെറ്റിയില്‍ ഒരു പൊട്ടുപോലുമില്ലാതെ വന്നിരുന്ന അവളുടെ കണ്ണുകളില്‍ എന്നും ഒരു വിഷാദ ച്ഛായയായിരുന്നു.പരസ്പരം കാണുമ്പോള്‍ ഒന്ന് ചിരിക്കുമെങ്കിലും മനസ്സ് പോലും അറിയാതെ നടക്കുന്ന ഒരു റിഫ്ലക്സ് പ്രവര്‍ത്തനം പോലെയാണ് പലപ്പോഴും തോന്നിയത്.ഒരു ചിരിക്ക് ഇത്രയും വികാരശൂന്യമാകാന്‍ പറ്റുമോ എന്ന് ഞാന്‍ അത്ബുദപ്പെട്ടിരുന്നു.

പ്ലസ്‌ ടു വിനു പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് സി ബി എസ് സി നിലവാരത്തില്‍ ക്ലാസ്സുകള്‍ എടുക്കാന്‍ ഉള്ള അറിവൊന്നും അന്നും ഇന്നും കയ്യിലില്ല.എങ്കിലും അറിയാവുന്ന കാര്യങ്ങള്‍ പങ്കു വയ്ക്കുക മാത്രം ചെയ്യാം എന്ന കരാറിലാണ് വിഷയത്തില്‍ അവഗാഹമില്ല എന്ന് പല തവണ പറഞ്ഞു ഒഴിഞ്ഞിട്ടും വിടാതെ നിര്‍ബന്ധിച്ച അവിടത്തെ അധ്യാപികമാരോട് സമ്മതം മൂളിയത്.ഫിസിക്സ് എന്ന വിഷയമല്ല ,  ആ കുട്ടി അനുഭവിക്കുന്ന ഒറ്റപ്പെടലിനും പ്രതിസന്ധികള്‍ക്കും ഇടവേളയായി ഒരു സൌഹൃദാന്തരീക്ഷമാണ് അവരെല്ലാം ആഗ്രഹിച്ചത്‌ എന്ന് തിരിച്ചറിയാന്‍ വൈകി .അവിടെ ഒരു തുടക്കക്കാരന്‍ മാത്രമായ എന്നെയവര്‍ എങ്ങിനെ അത്തരത്തില്‍ വിലയിരുത്തി എന്നതുപോലും  ഇന്നും ഒരു അത്ബുദമാണ്.

അങ്ങനെ ഒരു ക്ലാസ്‌ മുറിയുടെ നാല് ചുമരുകള്‍ക്കകത്ത് ഞങ്ങളാദ്യം അധ്യാപകനും വിദ്യാര്‍ത്ഥിയുമായി തുടങ്ങി .പിന്നെ നല്ല സുഹൃത്തുക്കളായി .കുറച്ചു സമയം പഠനവും കൂടുതല്‍ നാട്ടു വര്ത്തമാനങ്ങളുമായി കടന്നുപോയിക്കൊണ്ടിരുന്നു .ഒരു മുന്നറിയിപ്പില്ലാതെ ഇടയ്ക്കിടയ്ക്ക് ക്ലാസില്‍ വരാതിരിക്കുക ഒരു പതിവായിരുന്നു.കാരണം ചോദിക്കുമ്പോള്‍ സുഖം ഇല്ലായിരുന്നു എന്ന് മറുപടി പറയുമെങ്കിലും പറയുന്നത് കള്ളമാണ് എന്ന് ദ്യോതിക്കുമാറ് കണ്ണുകളില്‍ അടരാന്‍ വെമ്പി കണ്ണുനീര്‍ത്തുള്ളികള്‍ നില്‍ക്കുമായിരുന്നു.സൌമ്യയുടെ അമ്മയ്ക്ക് നല്ല സുഖം ഇല്ലാത്തതുകൊണ്ടാണ് ഇടയ്ക്കിടയ്ക്ക് മുടങ്ങുന്നത് ,  കാരണം ചോദിച്ചു ആ കുട്ടിയെ വിഷമിപ്പിക്കണ്ട എന്ന്‍ അവിടത്തെ അധ്യാപികമാര്‍ പറയുകയും ചെയ്തു .

അന്ന് പതിവുപോലെ രണ്ടു ദിവസം മുടങ്ങിയതിന് ശേഷം ക്ലാസിലെത്തിയപ്പോള്‍ പതിവിലും ദുഖിതയായി കാണപ്പെട്ടു.പുസ്തകം എടുക്കുന്നതിനിടയില്‍ ഫുള്‍ സ്ലീവ് ചുരിദാര്‍ ആയിരുന്നിട്ടും ഞാന്‍ അത് കണ്ടു .കൈത്തണ്ടയില്‍ പൊള്ളിയടര്‍ന്നു കിടക്കുന്നു .ഇതെങ്ങിനെ പറ്റി എന്ന ചോദ്യത്തിന് കരച്ചിലിന്റെ ഒരു തിരുവാതിര ഞാറ്റുവേല ആയിരുന്നു മറുപടി .അത് വരെ മനസ്സില്‍ ഒളിപ്പിച്ചു വച്ചിരുന്നതെല്ലാം കൂലംകുത്തി ഒഴുകിയെത്തി.മാനസീകനില തെറ്റിയതാണ് എങ്കിലും ഒരമ്മയ്ക്ക് മകളോട് ഇത്ര ക്രൂരമായി പെരുമാറാന്‍ സാധിക്കുമോ ??.ഞാനറിഞ്ഞ , കണ്ടുവളര്‍ന്ന അമ്മമാരില്‍ അങ്ങനെ ഒരു അമ്മ ഇല്ലായിരുന്നു.എന്നെ ഞെട്ടിച്ചുകൊണ്ട് ആ പതിനെഴുവയസ്സുകാരി തന്‍റെ ചുരിദാറിന്റെ ടോപ്പ് പെറ്റികൊട്ടിനോടൊപ്പം മുകളിലേക്ക് ഉയര്‍ത്തി. അരക്കെട്ടിനു ചുറ്റും മുന്‍പ് ചട്ടുകം പഴുപ്പിച്ചു വച്ച പാടുകള്‍ .ഒരു നിമിഷത്തേക്ക് ഞാന്‍ തരിച്ചിരുന്നുപോയി ..ശരീരം തളര്‍ന്നു പോകുന്നതുപോലെ തോന്നി .

ചിലപ്പോള്‍  മാത്രമേ അമ്മ എന്നെ ഉപദ്രവിക്കൂ മാഷേ ..ബാക്കിയുള്ള സമയത്തൊക്കെ എന്നെ വളരെ ഇഷ്ടമാ.ഉപദ്രവിച്ചതില്‍ വിഷമിച്ച് എന്നെ കെട്ടിപ്പിടിച്ചു കരയും .അതോര്‍ത്തു സ്വയം ചുമരില്‍ തലയിടിക്കും .അതും ഈ അടുത്തകാലത്ത് മാത്രം തുടങ്ങിയത് .അതിനു വേണ്ടി എന്‍റെ അമ്മയെ മെന്‍റല്‍ ഹോസ്പിറ്റലില്‍ അടയ്ക്കാന്‍ എനിക്ക് വയ്യ.എനിക്ക് അത്രയും ഇഷ്ടമാ അമ്മയെ.അവളതു പറഞ്ഞു തീര്‍ക്കുന്നത് വരെ കാത്തു നില്‍ക്കാനായില്ല .ഞാന്‍ ആ കുട്ടിയെ എന്‍റെ നെഞ്ചോട്‌ ചേര്‍ത്തു .ഒരുപക്ഷെ ഞാന്‍ അവളില്‍ നിന്ന് ആശ്വാസം കണ്ടെത്തുന്നതായിരുന്നു എന്ന് തോന്നി കാരണം മനസ്സിന്‍റെ നമകൊണ്ടും മാതൃസ്നേഹം കൊണ്ടും അവള്‍ എന്നേക്കാള്‍ ഒരുപാട് ധീരയായിരുന്നു.അവളുടെ കണ്ണീരു വീണു എന്‍റെ കുപ്പായം നനഞു കുതിര്‍ന്നു

.എന്‍റെ കുട്ടീ ഇത്രയും വേദനകള്‍ ഉള്ളിലോതുക്കിയാണോ നീയിവിടെ കളിച്ചു ചിരിച്ചിരുന്നത്..?ഇല്ല മാഷേ ഇവിടെ ഇരിക്കുമ്പോള്‍ ഞാന്‍ മറ്റൊന്നും ഓര്‍ക്കാറില്ല.ഈയടുത്ത കാലഘട്ടത്തില്‍ ഞാന്‍ ഏറ്റവും സന്തോഷിച്ച സന്ദര്‍ഭങ്ങള്‍ ഇവിടെയാണ്‌.എല്ലാം മറക്കുന്ന ഈ നിമിഷങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഓടിയെത്തുന്നത്.ഒരു സുഹൃത്ത് എന്നതില്‍ ഉപരിയായി അവള്‍ എന്‍റെ അനുജത്തിയായി മാറുകയായിരുന്നു .

അതായിരുന്നു ഞങ്ങളുടെ അവസാന കൂടിക്കാഴ്ച .അവളുടെ അച്ഛന്‍ നാട്ടിലെത്തി എന്നും അവളെ ഹോസ്റ്റലില്‍ ആക്കി എന്നും പിന്നീട് അറിഞ്ഞു.പക്ഷെ നോട്ടുപുസ്തകത്തിന്റെ വരയിട്ട പേജില്‍ ചെറിയ ചെറിയ എഴുത്തുകള്‍ അവള്‍ അനുജന്റെ കയ്യില്‍ കൊടുത്തയക്കുമായിരുന്നു.മറുപടികള്‍ ഞാനും .പിന്നെ ഈ മരുഭൂമിയുടെ തടവിലായപ്പോള്‍ നഷ്ടപ്പെട്ടുപോയ ബന്ധങ്ങളില്‍ ഒന്നായി വിസ്മൃതിയില്‍ ആണ്ടുപോയി അവളും .

ഇന്നലെ റോഡില്‍ വച്ച് അവളുടെ അനിയനെ കണ്ടു.തന്‍റെ മുന്‍പില്‍ വച്ച് ഒരമ്മ സ്വയം കത്തിയമരുന്നത് കണ്ട ഭീകരത അവന്‍റെ കണ്ണില്‍ നിന്ന് ഇനിയും മാഞ്ഞിട്ടില്ല എന്ന് തോന്നി.ഒരു വര്‍ഷക്കാലം എനിക്ക് എന്‍റെ ചേച്ചിയെയും നഷ്ടപ്പെട്ടു എന്ന് ഞാന്‍ പേടിച്ചു മാഷേ.പക്ഷെ ദൈവം ഞങ്ങള്‍ക്ക് അവളെ തിരികെ തന്നു .വിവാഹം കഴിഞ്ഞു .രണ്ടു കുട്ടികള്‍ ഉണ്ട് .സുഖമായിരിക്കുന്നു .

ഒരമ്മയോടുള്ള സ്നേഹം കൊണ്ട് സമനിലയില്ലാത്ത ആ മനസ്സിന് മാപ്പ് കൊടുത്ത് പീഡനങ്ങള്‍ മുഴുവന്‍ ഏറ്റുവാങ്ങിയ അവളോട്‌ ദൈവത്തിനു എങ്ങിനെ പുറംതിരിഞ്ഞു നില്‍ക്കാനാവും ..? അവള്‍ നല്‍കിയ സ്നേഹം അവള്‍ക്കു വാരിക്കോരി തിരികെ ലഭിക്കുമാറാകട്ടെ.