Friday, April 29, 2011

പിന്തുടരുന്ന നിലവിളികള്‍.

നഗരത്തിലെ പൊളിടെക്നിക്കില്‍ പണ്ട് ഡിപ്ലോമക്ക് പഠിക്കുമ്പോള്‍ കൃത്യമായ ഇടവേളകളില്‍ രക്ത ദാനം നടത്തുമായിരുന്നു.

എന്‍ സി സി , എന്‍ എസ് എസ് തുടങ്ങിയ സംഘടനകളില്‍ പ്രവര്ത്തിടക്കുകയും അത്യാവശ്യം രാഷ്ട്രീയത്തിന്റെ അസ്കിത ഉണ്ടായിരുന്നതിനാലും ഒരുപാട് പേര് സമീപിക്കുമായിരുന്നു..

അത്ര റെയറോ എന്നാല്‍ കോമണോ അല്ലാത്ത എ പോസിറ്റീവ് ആയിരുന്നു എന്റെ ഗ്രൂപ്പ്.

ചെമ്പുക്കാവില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക്
ആവശ്യക്കാര്‍ ഓട്ടോറിക്ഷ വിളിച്ചു കൊണ്ട് പോകും.ചിലര്‍ ഭക്ഷണം വാങ്ങിത്തരും എന്നിട്ട് തിരിച്ചു കൊണ്ട് വിടും..

ഞാന്‍ ഭക്ഷണം വാങ്ങി കഴിക്കാറില്ല എങ്കിലും ഓട്ടോയില്‍ തിരിച്ചു കൊണ്ട് വിടാന്‍ നിര്ബന്ധിക്കാറുണ്ട്..രണ്ടു കിലോമീറ്റര്‍ നടക്കാന്‍ വയ്യ എന്നായിരുന്നു പോളിസി ..

അന്ന് ഒരച്ഛന്‍ രക്ത ദാനം കഴിഞ്ഞിട്ട് മകനെ കാണുന്നുണ്ടോ എന്ന് ചോദിച്ചു...
പലപ്പോഴും പല രോഗികളെയും കാണാറുണ്ട്..പക്ഷെ ആദ്യമായാണ്‌ ഒരാള്‍ ഇങ്ങനെ ആവശ്യപ്പെടുന്നത്..

കാന്‍സര്‍ രോഗം കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്ന ഒരു പത്തു വയസ്സുകാരന്‍ ജീവച്ഛവം പോലെ കട്ടിലില്‍ കിടക്കുന്നു ..

മകനുവേണ്ടി ഒരു ജീവിതായുസ്സിലെ കണ്ണീരു മുഴുവന്‍ ഒഴുക്കി , ജീവിതത്തോട് പോരാടി തളര്‍ന്നു പോയ പോയ, ജീവിക്കുന്നു എന്ന തോന്നലുകള്‍ മാത്രം ഉണ്ടാക്കുന്ന, ഒരമ്മ ...

ഇതാണ് രക്തം തന്ന ആ മോന്‍ എന്ന് ആ അച്ഛന്‍ പറഞ്ഞപ്പോള്‍ വിറയ്ക്കുന്ന വിരലുകള്‍ അവര്‍ എന്‍റെ നേരെ കൂപ്പി ...

കട്ടിലിനു താഴെ വിരിച്ചിട്ട പഴംപായില്‍ ചേട്ടന്റെ മുഖത്തേക്ക് ഉറ്റു നോക്കി ഇരിക്കുന്ന ദൈന്യതയുടെ ആള്‍രൂപങ്ങളായ രണ്ടു കൊച്ചനുജത്തികള്‍..

അവരൊന്നു കളിച്ചിട്ട് , മനസ്സറിഞ്ഞു പൊട്ടിച്ചിരിച്ചിട്ടു എത്ര ദിവസങ്ങള്‍ ആയിട്ടുണ്ടാകും ..??

ഭക്ഷണം കഴിച്ചിട്ട് പോകാം എന്നും ഓട്ടോ പിടിക്കാം എന്നും പറഞ്ഞ ആ അച്ഛന്‍റെ കൈ പിടിച്ചമര്‍ത്തി ഒന്നും പറയാതെ ഇറങ്ങി നടന്നു..

ഇത്ര നാളും നമ്മുടെ രക്തത്തിന് നമ്മള്‍ പ്രതിഫലം പറ്റിയിരുന്ന പോലെ ഒരു മാനസികാവസ്ഥ.....

ഒരു നിലവിളി എന്നെ പിന്തുടരുന്നത് പോലെ തോന്നി...

അതിനുശേഷം ഒരു രോഗിയെയും കാണാന്‍ നിക്കാറില്ല...
രക്തദാനത്തിന് ശേഷം നേരെ സ്ഥലംവിടും..

പ്രവാസജീവിതം ആരംഭിച്ചു ഇത്ര വര്ഷം കഴിഞ്ഞിട്ടും രക്തദാനമെന്ന പതിവ് ഇവിടെയും തുടരുന്നത് നമുക്ക് ചെയ്യാനാവുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ മറ്റുള്ളവര്ക്ക് വേണ്ടി ചെയ്യുക എന്ന ആഗ്രഹത്തോടെ മാത്രം...

കഴിഞ്ഞ ആഴ്ച ഓഫീസില്‍ സേഫ്റ്റി വീക്കിനോട് അനുബന്ധിച്ച് നടത്തിയ രക്തദാനത്തിനു ശേഷം അവര്‍ തന്ന സാന്‍ഡവിച്ചും ജൂസും നിരസിച്ചു ആശുപത്രിക്കാരുടെ മൊബയില്‍ ലാബില്‍ നിന്നും ഇറങ്ങി നടക്കുമ്പോഴും

ആ നിലവിളി എന്നെ പിന്തുടരുന്നത് പോലെ തോന്നി..

നീണ്ട പത്തു വര്‍ഷത്തിനു ശേഷവും ...2 comments:

സുല്‍ |Sul said...

നന്നായെഴുതി.

Neema Rajan said...

ജയാ!! വായിച്ചെത്തിയപ്പോ ആ നിലവിളി ഇവിടെയും മുഴങ്ങിയത് പോലെ..

Post a Comment